Sunday
20 Oct 2019

പരിസ്ഥിതി സംരക്ഷണം- മാനവരാശിയുടെ നിലനില്‍പ്പിന്

By: Web Desk | Wednesday 5 June 2019 8:30 AM IST


കെ രാജു

വീണ്ടുമൊരു പരിസ്ഥിതിദിനം കൂടി വന്നെത്തിയിരിക്കുന്നു. ഇത്തവണത്തെ പ്രമേയം അന്തരീക്ഷ മലിനീകരണമാണ്. വായുവും ജലവും മണ്ണും എന്തിന് ബഹിരാകാശം പോലും മലിനമാക്കപ്പെട്ടിരിക്കുന്ന ഒരു സാഹചര്യത്തിലാണ് നാം ജീവിക്കുന്നത്. വായുമലിനീകരണം കൊണ്ട് നിരവധിയായ രോഗങ്ങളും അതുമൂലം പ്രതിവര്‍ഷം 70 ലക്ഷത്തിലധികം ജനങ്ങള്‍ മരിക്കുന്ന സാഹചര്യവും കാരണമാണ് ഇത്തവണ അന്തരീക്ഷ മലിനീകരണം മുഖ്യ വിഷയമാക്കിയിട്ടുള്ളത്. അടിസ്ഥാന ആവശ്യങ്ങള്‍ നിവര്‍ത്തിക്കുക എന്ന സ്ഥിതിയില്‍നിന്നും ആര്‍ഭാടങ്ങളിലേക്ക് മാറിപ്പോയപ്പോഴുണ്ടായ ഉപഭോഗാസക്തിയാണ് പ്രകൃതിയെ കൂടുതലായി ചൂഷണം ചെയ്യാനും പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഉടലെടുക്കാനും കാരണമായത്.

ഇന്ന് ലോകത്തില്‍ 92 ശതമാനം ജനങ്ങളും മലിനവായുവാണ് ശ്വസിക്കുന്നത്. അതായത് ലോകത്തെ 10 ല്‍ ഒമ്പത് പേര്‍ക്കും ശുദ്ധവായു ലഭിക്കുന്നില്ല. ഏഴ് ദശലക്ഷം അകാലപ്പിറവിയിലൂടെയുള്ള മരണം വായു മലിനീകരണം മൂലം സംഭവിക്കുന്നതില്‍ നാല് ദശലക്ഷവും സംഭവിക്കുന്നത് ഏഷ്യ-പസഫിക് മേഖലയിലാണ്. ഈ വര്‍ദ്ധിച്ച മലിനീകരണം വരുത്തുന്ന രോഗങ്ങളുടെ ചികിത്സയ്ക്കായി ഓരോ രാജ്യത്തിനും കോടിക്കണക്കിന് തുകയാണ് ചെലവഴിക്കേണ്ടി വരുന്നത്. മലിനീകരണം ഒഴിവാക്കിയാല്‍ അതുമൂലമുണ്ടാകുന്ന രോഗങ്ങളും താനേ മാറും. കാലാവസ്ഥാ വ്യതിയാനം, ആഗോളതാപനം, അമ്ലമഴ, വനനശീകരണം തുടങ്ങി പരിസ്ഥിതി സന്തുലനം തകര്‍ക്കുന്ന പ്രതിഭാസങ്ങള്‍ നിരവധിയാണ് ദിനംപ്രതി സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഹരിതാഭമായ പുല്‍മേടുകളും കുടിനീരിന്റെ നിറസാന്നിധ്യമായിരുന്ന പുഴകളും തണ്ണീര്‍ത്തടങ്ങളും കുളങ്ങളും കിട്ടുന്ന വര്‍ഷപാതത്തിനെ വര്‍ഷം മുഴുവന്‍ നെഞ്ചേറ്റി വച്ച് നിത്യവും പാലരുവികളിലൂടെ നമുക്ക് നല്‍കിക്കൊണ്ടിരുന്ന കാടുകളും മേടുകളും കാവുകളും കയ്യേറി നശിപ്പിച്ച് അതാണ് പുരോഗതിയെന്ന് ഊറ്റം കൊള്ളുന്ന ഒരു ജനതയാണ് ഈ നാശത്തിന്റെ കാരണക്കാര്‍. ഇന്നത്തെ പ്രകൃതി ദുരന്തങ്ങള്‍ക്കെല്ലാം പ്രത്യക്ഷമായോ പരോക്ഷമായോ മനുഷ്യന്‍ മാത്രമാണ് കാരണക്കാര്‍. ഭൂമിയിലെ മറ്റൊരു ജന്തുവിഭാഗവും ഭൂമിയുടെ സ്വാഭാവിക രീതികളെ മാറ്റിമറിക്കുന്ന ഒന്നും ചെയ്യുന്നില്ല. അവ പ്രകൃതിക്കിണങ്ങി പ്രകൃതിയോട് ചേര്‍ന്ന് ജീവിക്കുന്നു. മനുഷ്യന്‍ മാത്രം പ്രകൃതിയെ തനിക്ക് അനുരൂപമായ വിധത്തില്‍, ഒരിക്കലും മതിയാവാത്ത തന്റെ ത്വരകളെ തൃപ്തിപ്പെടുത്തുന്നതിന് വേണ്ടി അതിനെ രൂപഭേദം വരുത്താന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു. അതിന്റെ സ്വാഭാവിക പ്രതികരണങ്ങളാണ് ഇന്ന് നാം നേരിടുന്ന പ്രകൃതി ദുരന്തങ്ങള്‍.

ഇടിച്ചു നിരത്തപ്പെടുന്ന കുന്നുകള്‍, നിരന്തരമായ വനശോഷണം, കാടുകത്തിക്കല്‍, അന്തരീക്ഷ മലിനീകരണം, പ്ലാസ്റ്റിക് കത്തിക്കല്‍, ശുദ്ധജല ഉറവകളെയും തടാകങ്ങളെയും മലിനമാക്കല്‍ ഇതൊക്കെ എന്തൊക്കെ നിയമങ്ങളും നിയന്ത്രണങ്ങളും ഉണ്ടെങ്കിലും അവയൊക്കെ അട്ടിമറിച്ചു കൊണ്ട് സംഭവിക്കുന്നുണ്ട്. ആര്‍ത്തിപൂണ്ട മനുഷ്യന്‍ ചെയ്യുന്ന ഇത്തരം പാതകങ്ങളിലൂടെ അന്തരീക്ഷ താപനില വല്ലാതെ വര്‍ദ്ധിക്കുന്നു. നദികളും മറ്റ് ജലസ്രോതസുകളും വറ്റിവരളുന്നു. ഭൂഗര്‍ഭജലം പോലും യാതൊരു നിയന്ത്രണവും പാലിക്കാതെ കൊള്ളയടിച്ച് വില്‍പ്പന നടത്തുന്നു. കേവലം നിയമങ്ങള്‍ കൊണ്ട് മാത്രം പരിഹരിക്കാവുന്ന ഒരു പ്രശ്‌നമല്ല ഇത്. പരിസ്ഥിതിയെക്കുറിച്ചും വനസംരക്ഷണത്തെക്കുറിച്ചും ബോധവാന്‍മാരായ ഒരു തലമുറ ഇവിടെ വളര്‍ന്നുവന്നാല്‍ മാത്രമേ ഈ ദുഷ്‌ചെയ്തികള്‍ക്ക് പ്രായശ്ചിത്തം ചെയ്യാനാകൂ. അപ്പോഴേക്കും പരിരക്ഷിക്കാന്‍ എന്തെങ്കിലും അവശേഷിക്കുമോ എന്നറിയില്ല.
വൈദ്യുതിക്കും ഗതാഗതത്തിനും വാര്‍ത്താവിനിമയത്തിനും മറ്റ് ജീവിതാവശ്യങ്ങള്‍ക്കും പരിമിതമായ തോതില്‍ വനനശീകരണവും കുന്നിടിക്കലും മറ്റും വേണ്ടി വരുന്നുണ്ട്. പരിമിതമായ തോതിലുള്ള അത്തരം പ്രവര്‍ത്തനങ്ങള്‍ പുരോഗതിയുടെ ഭാഗമായി നമുക്ക് ഒഴിവാക്കാനാവില്ല. എന്നാല്‍ സ്വാര്‍ഥ ലാഭത്തിന് കച്ചവടമനസ്ഥിതിയോടെ മാത്രം ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നവരാണ് യഥാര്‍ഥ രാജ്യദ്രോഹികള്‍.

2015 ലെ കണക്കനുസരിച്ച് ലോകത്താകമാനം കണക്കാക്കുമ്പോള്‍ ഒരു വ്യക്തിക്ക് 422 മരങ്ങള്‍ എന്ന നിലയിലുണ്ടെങ്കിലും ഇന്ത്യയില്‍ ഒരാള്‍ക്ക് വെറും 28 മരം എന്ന നിലയിലാണ് ഉള്ളത്. അതു തന്നെ വേഗത്തില്‍ കുറയുന്നുമുണ്ട്. ചൈനയില്‍ പോലും അത് 130 ആണ്. അമേരിക്കയില്‍ 699 ഉം റഷ്യയില്‍ 4856 ഉം ഉണ്ട്. നമ്മുടെ വര്‍ദ്ധിച്ച ജനസംഖ്യയാണ് കുറഞ്ഞ മരങ്ങളുടെ സംഖ്യക്ക് കാരണമായിട്ടുള്ളത്. അതുകൊണ്ടുതന്നെ ലോകത്ത് ഏറ്റവും മലിനമായ അന്തരീക്ഷമുള്ള ആദ്യത്തെ 30 നഗരങ്ങളില്‍ 22 ഉം ഇന്ത്യയിലാണ് എന്ന് വരുന്നത്. ലോകത്തിലെ രാജ്യതലസ്ഥാനങ്ങളില്‍ ഏറ്റവും മലിനമായത് ഡല്‍ഹിയാണ് എന്നത് മറ്റൊരു ഞെട്ടിക്കുന്ന വസ്തുതയാണ്. ഭാഗ്യവശാല്‍ നമ്മുടെ സംസ്ഥാനത്ത് ഒരു നഗരവും ആ പട്ടികയില്‍ വരുന്നില്ലെന്ന് മാത്രമല്ല 29.1 ശതമാനം വനമായി നമ്മള്‍ സംരക്ഷിക്കുകയും രാജ്യത്ത് വനാവരണ തോത് വര്‍ദ്ധിച്ച സംസ്ഥാനമായി കേരളം മാറിയിരിക്കുകയും ചെയ്യുന്നു.

മാമലകളും പുല്‍മേടുകളും വനനിരകളും കണ്ടല്‍ക്കാടുകളുമൊക്കെയായി ജൈവവൈവിധ്യം നഷ്ടപ്പെടാതെ നിലനിര്‍ത്താന്‍ ഒരു പരിധിവരെ നമുക്ക് കഴിയുന്നത് കൊണ്ടാണ് മലിനീകരണത്തിന്റെ ഭീഷണി ഇവിടെ താരതമ്യേന കുറഞ്ഞിരിക്കുന്നത്. പക്ഷേ മലിനീകരണതോത് ദിനംപ്രതി വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ നമുക്ക് വലിയ ആശങ്കകളാണ് അത് ഉണ്ടാക്കുന്നത്. വനവും പരിസ്ഥിതിയും ജൈവ വൈവിധ്യവും സംരക്ഷിക്കുന്നത് ഇനിയും നീട്ടിവയ്ക്കാന്‍ കഴിയില്ല. വനം വകുപ്പ് ഇത്തവണ 64 ലക്ഷം വൃക്ഷതൈകള്‍ വിതരണത്തിനായി തയ്യാറാക്കിയിട്ടുണ്ട്. അവ ഈ പരിസ്ഥിതിദിനത്തില്‍ സ്‌കൂളുകള്‍, കോളജുകള്‍, വിവിധ സന്നദ്ധ സംഘടനകള്‍, മാധ്യമ സ്ഥാപനങ്ങള്‍, തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് സൗജന്യമായാണ് വിതരണം ചെയ്യുന്നത്. കോടിക്കണക്കിന് രൂപ ചെലവഴിച്ച് തയ്യാറാക്കുന്ന ഈ തൈകള്‍ സൗജന്യമായി വാങ്ങി കൊണ്ട് പോകുന്ന ഓരോരുത്തരും അത് നട്ടു വയ്ക്കുന്നതോടെ തങ്ങളുടെ ഉത്തരവാദിത്തം കഴിഞ്ഞു എന്ന രീതിയില്‍ ചിന്തിക്കാതെ അതിനെ പരിപാലിച്ച് വളര്‍ത്താനും ശ്രമിക്കണം. മരം ഒരു ജീവിതകാലവും മരണാനന്തരം അവകാശികള്‍ക്കും ഫലം നല്‍കുന്ന ഒരു ഇന്‍ഷുറന്‍സ് പദ്ധതിയാണെന്ന് നാം മനസിലാക്കണം. കാലിത്തീറ്റയായും പോഷകാഹാരമായും വരുമാന മാര്‍ഗമായും തടിയായും മണ്ണിനെയും ജലത്തിനെയും വായുവിനെയും സംരക്ഷിക്കുന്ന കവചമായും ഒക്കെ ജീവിതം മുഴുവന്‍ ലാഭം തരുന്ന ഒരു മണിബാക്ക് പോളിസിയാണ്.

വ്യക്തിക്ക് നല്‍കുന്ന പരിരക്ഷയ്ക്ക് അപ്പുറം അത് സമൂഹത്തിനും പരിസ്ഥിതിക്കും നല്‍കുന്ന ഗുണങ്ങള്‍ പറഞ്ഞറിയിക്കാനാവാത്തതാണ്. ശുദ്ധവായു നല്‍കുന്നതിനും മഴ പെയ്യിക്കുന്നതിനും ജലസംഭരണത്തിനും മണ്ണൊലിപ്പ് തടയുന്നതിനും തുടങ്ങി ഒരു മരം നല്‍കുന്ന വരങ്ങള്‍ നിരവധിയാണ്. കടുത്ത ജനസാന്ദ്രതയുള്ള നമ്മുടെ സംസ്ഥാനത്ത് ഇനിയും വനവിസ്തൃതി വര്‍ദ്ധിപ്പിക്കാന്‍ കഴിയില്ല. കയ്യേറ്റമായും കാട്ടുതീയായും മറ്റ് പലവിധ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളിലൂടെയും വനനശീകരണം ഉണ്ടാവാതിരിക്കാന്‍ വനം വകുപ്പ് കൂടുതല്‍ ശ്രദ്ധിക്കുന്നുണ്ട്. അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങളുടെ സഹകരണം അനിവാര്യമാണ്. ഒപ്പം തന്നെ തുറസായ ഇടങ്ങളിലെല്ലാം കഴിയുന്നത്ര മരംനട്ട് പിടിപ്പിച്ച് ഹരിതാഭമാക്കാന്‍ തയ്യാറായാല്‍ പരിസ്ഥിതിയെയും ജൈവവൈവിധ്യത്തെയും സംരക്ഷിക്കാന്‍ കഴിയും. അതുവഴി മാനവരാശിയുടെ നിലനില്‍പ്പിനും അത് സഹായകരമാകും. അതിലേയ്ക്കുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഈ പരിസ്ഥിതി ദിനാചരണം പ്രചോദനമാകട്ടെ.