പാരിസ്ഥിതിക അഭയാര്‍ത്ഥികളും പ്രളയാനന്തര കേരളവും

ജിപ്സണ്‍ വി പോള്‍
2018 ഓഗസ്റ്റ് മാസത്തില്‍ കേരളത്തില്‍ ഉണ്ടായ അതിരൂക്ഷമായ വെള്ളപ്പൊക്കവും മഴക്കെടുതികളും, കേരളത്തില്‍ കേട്ടുകേള്‍വി മാത്രമായിരുന്ന 99 ലെ വെള്ളപ്പൊക്കത്തെ ചരിത്രമാക്കി മാറ്റി. 99 ലെ അഥവാ 1924 ലെ വെള്ളപ്പൊക്കത്തെക്കാളും ഭീകരവും നാശനഷ്ടക്കണക്കില്‍ വളരെയേറെയുമാണ് ഇത്. കേരളത്തിലെ കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ ആയിരക്കണക്കിന് വീടുകള്‍ പൂര്‍ണമായും, പതിനായിരക്കണക്കിന് വീടുകള്‍ ഭാഗികമായും നശിച്ചു. പതിനായിരങ്ങളുടെ ജീവിതമാര്‍ഗ്ഗമായ കൃഷിയും, കന്നുകാലികളും, ആടുകള്‍, കോഴികള്‍, തൊഴില്‍ശാലകള്‍ അടക്കം പൂര്‍ണമായും വെള്ളക്കെടുതിയില്‍ ഇല്ലാതായിരിക്കുന്നു. ഇടുക്കിയില്‍ മാത്രം 1200 വീടുകള്‍ പൂര്‍ണമായും 2226 വീടുകള്‍ ഭാഗികമായും, 10961 വീടുകള്‍ അപകടഭീഷണിയിലുമായി. കുട്ടനാടിനെ സംബന്ധിച്ചിടത്തോളം മാസങ്ങളായി വെള്ളം കയറി നിന്ന വീടുകളില്‍ പലതും വാസയോഗ്യമല്ലാതായി തീര്‍ന്നിരിക്കുന്നു.വീട് എന്നത് ജീവിതാഭിലാഷമായി കാണുന്ന മലയാളിയെ സംബന്ധിച്ചിടത്തോളം താങ്ങാനാവാത്തതാണ് ഈ പ്രതിഭാസം.
പ്രപഞ്ചത്തെയും അതിന്റെ നിലനില്‍പ്പിനെയും കുറിച്ചുള്ള ആധിവ്യാധികള്‍ ഇന്ന് ലോകമെങ്ങും ചര്‍ച്ചചെയ്യപ്പെടുന്ന ഒന്നാണ്. ഈ കാലഘട്ടത്തില്‍ പാരിസ്ഥിതിക അഭയാര്‍ത്ഥി പ്രശ്നങ്ങളും അതിന്റെ മുഖ്യധാരയിലേക്ക് എത്തിനില്‍ക്കുകയാണ്. എണ്‍വയോണ്‍മെന്റല്‍ റെഫ്യൂജീസ് അഥവാ പാരിസ്ഥിതിക അഭയാര്‍ത്ഥികള്‍ എന്ന പദം വലിയ തോതില്‍ പ്രാധാന്യം നേടി വരുന്നു. വികസനം, പുരോഗതി തുടങ്ങിയ മുദ്രാവാക്യങ്ങള്‍, അതിജീവനം, സ്ഥായിയായ വികസനം, മനുഷ്യനിലനില്‍പ്പ് പ്രകൃതിസംരക്ഷണം തുടങ്ങിയ വാചാഘടനയ്ക്ക് വഴിമാറികൊടുക്കുന്ന കാഴ്ചയാണ് ഇന്ന് കാണുന്നത്. ശാസ്ത്ര-സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ ജീവിതശൈലി പാരിസ്ഥിതിക മലിനീകരണത്തിനും തകര്‍ച്ചയ്ക്കും കാരണമാകുന്നു. ഇതിന്റെ ഫലമായി ഉണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങള്‍ മനുഷ്യനെയും മറ്റു ജീവജാലങ്ങളെയും അന്യവല്‍കരിക്കുകയും ചെയ്യുന്നു.
പാരിസ്ഥിതിക അഭയാര്‍ത്ഥികള്‍ എന്ന വാക്കിന്റെ അര്‍ഥം അഥവാ വ്യാഖ്യാനം ഇങ്ങനെ സംഗ്രഹിക്കാം: മനുഷ്യര്‍ അവരുടെ ആവാസവ്യസ്ഥയില്‍ നിന്ന് (അധിവസിക്കുന്ന പ്രദേശത്തുനിന്ന്) പ്രകൃതിക്ഷോഭങ്ങളുടെ ഫലമായി നിര്‍ബന്ധിതമായി, താത്കാലികമായിട്ടോ, എന്നന്നേക്കുമായോ കുടിയൊഴിപ്പിക്കപ്പെട്ട് അഭയാര്‍ത്ഥികളായി മാറുന്നതിനെയാണ്. പാരിസ്ഥിതിക അഭയാര്‍ത്ഥികള്‍ എന്നത് നിയമപരമായി വ്യാഖ്യാനിക്കപ്പെടുകയോ അടയാളപ്പെടുത്തുകയോ ചെയ്തിട്ടില്ലാത്ത ഒന്നാണ്. ‘ദി ഇന്റര്‍നാഷണല്‍ ഓര്ഗനൈസേഷന് ഫോര്‍ മൈഗ്രേഷന്‍, പാരിസ്ഥിതിക അഭയാര്‍ത്ഥികളെ മൂന്നായി തരം തിരിച്ചിരിക്കുന്നു. ഒന്നാമതായി പെട്ടെന്നുണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങളുടെ ഫലമായി താത്കാലികമായോ സ്ഥിരമായോ മാറ്റപ്പെടുന്നവര്‍. ഉദാഹരണത്തിന് സുനാമി, ഭൂകമ്പം, വെള്ളപ്പൊക്കം മുതലായ കാരണങ്ങളാല്‍ മാറ്റപ്പെടുന്നവര്‍.
രണ്ടാമത്തെ കൂട്ടര് മനുഷ്യന്റെ പ്രകൃതിനശീകരണത്തിന്റെ ഭാഗമായി പാരിസ്ഥിതിക അധഃപതനത്തില്‍ അഭയാര്‍ത്ഥികളായി മാറ്റപ്പെടുന്നവര്‍. മൂന്നാമത്തെ വിഭാഗത്തില്‍പ്പെടുന്നവര്‍ പ്രകൃതിയിലുണ്ടാകുന്ന വ്യതിയാനത്തെപ്പറ്റി മനസ്സിലാക്കി ഭാവിയില്‍ വരാനിടയുള്ള പ്രകൃതിക്ഷോഭങ്ങളില്‍ നിന്ന് രക്ഷപ്പെടുന്നതിനുവേണ്ടി കാലേക്കൂട്ടി താമസം മാറ്റുന്നവര്‍. ഏതുതരത്തിലുള്ള പലായനം ആണെങ്കിലും അതിന് ആക്കം കൂട്ടുന്നത് പ്രകൃതിയില്‍ മനുഷ്യര്‍ ചെലുത്തുന്ന തെറ്റായ പ്രവണതകള്‍, പ്രവൃത്തികള്‍ ആണെന്ന കാര്യത്തില്‍ സംശയമേ ഇല്ല.
ഐക്യരാഷ്ട്ര സംഘടനയുടെ കണക്കനുസരിച്ച് 2025 ആകുമ്പോഴേക്കും 25 കോടിയോളം ആളുകള്‍ പ്രകൃതിക്ഷോഭങ്ങള്‍ കാരണം അഭയാര്‍ത്ഥികളായി മാറും എന്നതാണ്. ഇതില്‍ 90 ശതമാനത്തിനും കാരണം വരള്‍ച്ചയും വെള്ളപ്പൊക്കവും ആയിരിക്കും. ഇങ്ങനെയുള്ള ദുരന്തങ്ങള്‍ അടിക്കടി ആവര്‍ത്തിക്കപ്പെടും എന്നതാണ് ഈ കാലഘട്ടത്തെ എളുപ്പത്തില്‍ പരുക്കേല്പിക്കുന്നതായി മാറ്റുന്നത്. ബ്രിട്ടീഷ് പരിസ്ഥിതി ശാസ്ത്രജ്ഞനായ നോര്‍മന്‍ മേയേഴ്സിന്റെ അഭിപ്രായത്തില്‍ ഈ അഭയാര്‍ത്ഥികളില്‍ സിംഹഭാഗവും ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നും ആയിരിക്കും.
സര്‍ക്കാരുകള്‍ക്കും, നയരൂപീകരണ തന്ത്രജ്ഞര്‍ക്കും പ്രകൃതിക്ഷോഭങ്ങളുടെ വ്യാപ്തി മുന്‍കൂട്ടി കാണുന്നതിനോ, അതിനനുസരിച്ചുള്ള പദ്ധതികള്‍ ആവിഷ്കരിക്കാനോ പൂര്‍ണമായി സാധ്യമല്ല. ഉദാഹരണത്തിന് ബംഗ്ലാദേശ് പോലെയുള്ള രാജ്യങ്ങളില്‍ വെള്ളപ്പൊക്ക ഭീതിയാണെങ്കില്‍, ആഫ്രിക്കയിലെ സുഡാന് പോലെയുള്ള രാജ്യങ്ങള്‍ വരള്‍ച്ചയെയാണ് നേരിടുന്നത്. അമേരിക്കയിലാകട്ടെ കൊടുങ്കാറ്റുകളാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. പ്രളയാനന്തര കേരളം നേരിടാന്‍ പോകുന്നത് വരള്‍ച്ചയെ ആയിരിക്കും എന്ന് ശാസ്ത്രലോകം നല്കുന്ന മുന്നറിയിപ്പ് ശ്രദ്ധിക്കപ്പെടേണ്ടതാണ്. സര്‍ക്കാരുകളെ സംബന്ധിച്ചിടത്തോളം ഇത്തരം പ്രകൃതിക്ഷോഭങ്ങളെ നേരിടണമെങ്കില്‍ വലിയ തോതിലുള്ള വിഭവസമാഹരണം ആവശ്യമായി വരുന്നു. യഥാര്‍ത്ഥത്തില്‍ ഇതിന്റെ തിക്തഫലങ്ങള്‍ അനുഭവിക്കുന്ന മൂന്നാം ലോകരാജ്യങ്ങളെ സംബന്ധിച്ചിടത്തോളം ഇത് സാധ്യമായ കാര്യവുമല്ല.
കേരളത്തെ സംബന്ധിച്ചിടത്തോളം, പാരിസ്ഥിതിക അഭയാര്‍ത്ഥികളെ സൃഷ്ടിക്കുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്നത് കാലാവസ്ഥ വ്യതിയാനം തന്നെയാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ കടല്‍ക്ഷോഭങ്ങളുടെ ഫലമായി കിടപ്പാടം നഷ്ടപ്പെട്ട ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളെ നമുക്ക് കാണുവാന്‍ കഴിയും. ഈ ഓഗസ്റ്റിലെ പ്രളയകാലത്ത് പുഴ വഴിമാറി ഒഴുകിയതിന്റെ ഫലമായി ആയിരകണക്കിന് ഏക്കര്‍ വാസയോഗ്യവും കൃഷിക്ക് ഉപയുക്തമായ ഭൂമി കുത്തിയൊലിച്ചു മലവെള്ളപ്പാച്ചിലില്‍ ഇല്ലാതെയായി. പുഴയോരങ്ങളിലുള്ള നൂറു കണക്കിന് വീടുകള്‍ പൂര്‍ണ്ണമായി തകരുകയോ വാസയോഗ്യം അല്ലാതായി തീരുകയോ ചെയ്തു. ഇവരുടെയെല്ലാം പുനരധിവാസം കേരളസമൂഹത്തിന്റെ മുന്നില്‍ ഒരു ചോദ്യചിഹ്നം തന്നെയാണ്.
മഴക്കെടുതിയില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച മലയോരപ്രദേശങ്ങളായ വയനാട്ടിലും, ഇടുക്കിയിലും, കണ്ണൂരിലെ ചില ഭാഗങ്ങളിലും ഭൂമി നിരങ്ങി നീങ്ങിയതിന്റെയും, വിണ്ടു കീറിയതിന്റെയും ഉരുള്പ്പൊട്ടിയതിന്റെയും ഫലമായി 10-30 ശതമാനം വരെ ഭൂമി വാസയോഗ്യമല്ലാതായി തീര്‍ന്നിരിക്കുന്നു. ആദിവാസി വിഭാഗത്തില്‍പ്പെട്ട ആയിരക്കണക്കിന് ആളുകള്‍ അധിവസിക്കുന്ന വയനാട്ടിലെ പല കോളനികളും വാസയോഗ്യമല്ലാതായിരിക്കുന്നു. ഇടുക്കിയും, വയനാടും പാരിസ്ഥിതിക പ്രാധാന്യമേറിയ പശ്ചിമഘട്ട മലനിരകളുടെ ഭാഗമാണ്. അനിയന്ത്രിതമായ ക്വാറികളുടെ പ്രവര്‍ത്തനവും, കുന്നുകള്‍ ഇടിച്ചു നിരത്തിയുള്ള നിര്‍മ്മാണ പ്രവൃത്തികളും, തണ്ണീര്‍ത്തടങ്ങളുടെ വ്യാപകമായ നികത്തലും, മണല്‍ഖനനവും ഈ ഭൂഭാഗങ്ങളെ വാസയോഗ്യമല്ലാതാക്കി തീര്‍ക്കാന്‍ വലിയ കാലവിളംബം ഇല്ല.
ഇനിയും പ്രകൃതി സംരക്ഷണത്തില്‍ വേണ്ടത്ര ശ്രദ്ധ പുലര്‍ത്തിയില്ലെങ്കില്‍ വയനാടും, ഇടുക്കിയും ഉള്‍പ്പെടെയുള്ള ഭൂപ്രദേശങ്ങളും കേരളത്തിന്റെ തീരമേഖലയും വാസയോഗ്യം അല്ലാതായി തീരുകയും ലക്ഷക്കണക്കിനാളുകള്‍ അഭയാര്‍ത്ഥികളായി മാറുകയും ചെയ്യും. ഇതുകൊണ്ട് തന്നെ ആകണം എംഗല്‍സ് ഇങ്ങനെ എഴുതിയത് ”കോളനികളെ കീഴ്പ്പെടുത്തുന്ന ആക്രമണകാരികളെപ്പോലെ നമുക്ക് പ്രകൃതിയെ കീഴടക്കിഭരിക്കാന് ആവില്ല.”
(സുല്‍ത്താന്‍ബത്തേരി സെന്റ് മേരീസ് കോളജില്‍ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ആണ് ലേഖകന്‍)