സ്വന്തം ലേഖകൻ

ന്യൂഡല്‍ഹി:

January 29, 2021, 10:06 pm

ഇപിഎഫ് പെന്‍ഷന്‍: കേരള ഹൈക്കോടതി ഉത്തരവ് ശരിവച്ച സുപ്രീം കോടതി മുന്‍ ഉത്തരവു പിന്‍വലിച്ചു

Janayugom Online

പെന്‍ഷന്‍ ഉയര്‍ത്തിക്കൊണ്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവു ശരിവച്ച സുപ്രീം കോടതി വിധിക്കെതിരെ കേന്ദ്രം സമര്‍പ്പിച്ച ഹര്‍ജിയില്‍ മുന്‍ ഉത്തരവു പിന്‍വലിച്ചു. കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിനു കീഴിലുള്ള എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ സമര്‍പ്പിച്ച പുനപരിശോധനാ ഹര്‍ജിയിലാണ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.

എന്നാൽ കേന്ദ്ര സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി വിധിക്ക് സ്‌റ്റേ അനുവദിക്കാന്‍ സുപ്രീം കോടതി തയ്യാറായില്ല. അപ്പീലുകളില്‍ കോടതി വീണ്ടും വാദം കേള്‍ക്കും. ശമ്പളത്തിന് ആനുപാതികമായി പെന്‍ഷന്‍ ഉയര്‍ത്തി കൊണ്ടുള്ള ഉത്തരവാണ് 2018ല്‍ ഹൈക്കോടതി പുറപ്പെടുവിച്ചത്. ഈ വിധി സ്റ്റേ ചെയ്യണമെന്ന് കേന്ദ്ര സര്‍ക്കാരിനുവേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ കെ കെ വേണുഗോപാല്‍ ബെഞ്ചിനോട് ആവശ്യപ്പെട്ടു. അപ്പീലുകളില്‍ പ്രാഥമിക വാദം കേള്‍ക്കാം. വിധി സ്റ്റേ ചെയ്യാന്‍ കഴിയില്ല. അല്ലെങ്കില്‍ പുനപരിശോധനാ ഹര്‍ജികളില്‍ നോട്ടീസാകാമെന്നും ബെഞ്ച് വ്യക്തമാക്കി.

ഉയര്‍ന്ന പെന്‍ഷന്‍ ശരിവച്ച ഹൈക്കോടതി വിധി വന്‍ സാമ്പത്തിക ബാധ്യതയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇത് താങ്ങാവുന്ന പരിധികള്‍ക്ക് അപ്പുറം എന്നാണ് കേന്ദ്ര സര്‍ക്കാര്‍ വാദിച്ചത്. അപ്പീലുകളില്‍ വരുന്ന മാസം 25 ന് പ്രാഥമിക വാദം ആരംഭിക്കാനാണ് സുപ്രീം കോടതി തീരുമാനം.

2018 ഒക്ടോബര്‍ 12‑നാണ് ശമ്പളത്തിന് ആനുപാതികമായി പെന്‍ഷന്‍ ഉറപ്പുവരുത്തുന്ന വിധി കേരള ഹൈക്കോടതിയില്‍ നിന്നുണ്ടായത്. ഇപിഎസ്സിലേക്കുള്ള തൊഴിലാളിയുടെ വിഹിതം കണക്കാക്കാന്‍ 15,000 രൂപയുടെ ശമ്പള പരിധിയുണ്ടായിരുന്നത് എടുത്തുകളയുകയാണ് ഹൈക്കോടതി ചെയ്തത്. ഇതോടെ മുഴുവന്‍ ശമ്പളത്തിനും ആനുപാതികമായി ഉയര്‍ന്ന പെന്‍ഷന്‍ സാധ്യമാക്കുന്നതായിരുന്നു വിധി. 2019 ഏപ്രില്‍ ഒന്നിന് സുപ്രീംകോടതി ഈ വിധി ശരിവയ്ക്കുകയും ചെയ്തു. അന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവാണ് ഇപ്പോള്‍ പിന്‍വലിക്കപ്പെട്ടത്.

ഉയര്‍ന്ന പെന്‍ഷന് വഴിവച്ച കേരള ഹൈക്കോടതിയുടെ വിധി ഏകപക്ഷീയമായി സ്റ്റേ ചെയ്യണമെന്നായിരുന്നു കേന്ദ്രത്തിന്റെ ആവശ്യം. ഉയര്‍ന്ന പെന്‍ഷന്‍ ഒരിക്കലും പ്രായോഗികമല്ലെന്നും തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.

കോടതി വിധി കാരണം 50 മടങ്ങ് വരേയാണ് പെന്‍ഷന്‍ വര്‍ധിച്ചത്. അസാധാരണമായി വര്‍ധിക്കുന്ന ഈ തുക ഒരാളുടെ സൂപ്പറാന്വേഷന്റെ കാലയളവില്‍ തിരിച്ചുപിടിക്കുക സാധ്യമല്ലെന്നും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു.

ഹൈക്കോടതി വിധി ശരിവയ്ക്കുന്ന സുപ്രീംകോടതിയുടെ ഉത്തരവ് പിന്‍വലിച്ചുകൊണ്ട് തുടക്കം മുതല്‍ വാദംകേള്‍ക്കാന്‍ നിശ്ചയിച്ചത് ലക്ഷക്കണക്കിന് വരുന്ന ഇപിഎഫ് പെന്‍ഷന്‍കാര്‍ക്ക് നിരാശയുണ്ടാക്കും. അതേസമയം ഹൈക്കോടതി വിധിക്ക് ഇപ്പോഴും സ്റ്റേ ഇല്ല എന്നത് ആശ്വാസവുമാണ്.

ENGLISH SUMMARY: EPF pen­sion: The Supreme Court upheld the Ker­ala High Court order and with­drew the pre­vi­ous order

YOU MAY ALSO LIKE THIS VIDEO