Janayugom Online
sun

വേനല്‍ കടുക്കുന്നു: രോഗങ്ങളും

Web Desk
Posted on February 09, 2018, 7:31 pm

കോട്ടയം: വേനല്‍ കടുത്തതതോടെ രോഗങ്ങളും വ്യാപകമാവുന്നു. ജോലി ചെയ്യാന്‍ പോലും സാധിക്കാത്ത തരത്തില്‍ പകല്‍ച്ചൂട് വര്‍ധിച്ചിരിക്കുകയാണ്. ചൂടു കൂടിയതോടെ പല മേഖലകളിലും വരള്‍ച്ചയും അനുഭവപ്പെട്ടു തുടങ്ങി. പൊടി ശല്യവും വര്‍ധിച്ചു. ഇതിനിടെ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കുന്നതും ആശങ്കയ്ക്കിടയാക്കുന്നു.32 മുതല്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നിട്ടുണ്ട്.
പകല്‍ച്ചൂട് ഉയര്‍ന്നതു വിവിധ മേഖലകളില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്കും ദുരിതമായി. നിര്‍മ്മാണ മേഖലയില്‍ ജോലി ചെയ്യുന്നവരെയാണു ഇതു കൂടുതലായി ബാധിച്ചിരിക്കുന്നത്. ഇതിനിടെ വിവിധ മേഖലകളില്‍ കുടിവെള്ളക്ഷാമം രൂക്ഷമായി. പകര്‍ച്ചവ്യാധി പിടിപെട്ട്
ആശുപത്രികളില്‍ എത്തുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചിട്ടുണ്ട്.
പകര്‍ച്ചപ്പനി, ചെങ്കണ്ണ്, ചിക്കന്‍പോക്‌സ്, ത്വക്ക് രോഗങ്ങള്‍ തുടങ്ങിയവയാണു കൂടുതലായി പിടിപെടുന്നത്. ഇന്ന് മാത്രം പനി ബാധിച്ച് വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയത് 202 പേരാണ്. ഈ ആഴ്ചയില്‍ മാത്രം ആയിരത്തിലേറെ പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. ഇന്ന് മാത്രംഏഴിലേറെ പേര്‍ക്ക് ചിക്കന്‍പോക്‌സ് ബാധിച്ചിട്ടുണ്ട്. കല്ലറ, ടി വി പുരം, കുറിച്ചി, പുതുപ്പള്ളി, കിടങ്ങൂര്‍ എന്നിവിടങ്ങളിലാണ് ചിക്കന്‍പോക്‌സ് സ്ഥിരീകരിച്ചത്.