Web Desk

January 29, 2021, 3:03 pm

ഇ പി എസ് ; ഉയര്‍ന്ന പെന്‍ഷന്‍ ശരിവെച്ച ഉത്തരവ് സുപ്രീംകോടതി പിന്‍വലിച്ചു

Janayugom Online

ഉയര്‍ന്ന പെന്‍ഷന് വഴിവെച്ച കേരള ഹൈക്കോടതിയുടെ വിധി ശരിവെച്ച സുപ്രീംകോടതിയുടെ ഉത്തരവ് പിന്‍വലിച്ചു. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ (ഇ.പി.എഫ്.ഒ.) പുനഃപരിശോധനാ ഹര്‍ജിയിലാണ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ നടപടി. അതേസമയം, ഉയര്‍ന്ന പെന്‍ഷന്‍ ശരിവെച്ച കേരള ഹൈക്കോടതിയുടെ വിധിക്ക് സ്റ്റേ ഇല്ല. ഇതിനെതിരേ കേന്ദ്ര തൊഴില്‍ മന്ത്രാലയവും ഇ.പി.എഫ്.ഒ.യും നല്‍കിയ അപ്പീലുകളില്‍ ഫെബ്രുവരി 25‑ന് പ്രാഥമിക വാദം നടക്കും. ഹൈക്കോടതി വിധി ശരിവെക്കുന്ന സുപ്രീംകോടതിയുടെ ഉത്തരവ് പിന്‍വലിച്ചുകൊണ്ട് തുടക്കം മുതല്‍ വാദംകേള്‍ക്കാന്‍ നിശ്ചയിച്ചത് ലക്ഷക്കണക്കിന് വരുന്ന ഇ.പി.എഫ്. പെന്‍ഷന്‍കാര്‍ക്ക് നിരാശയുണ്ടാക്കും. അതേസമയം, ഹൈക്കോടതി വിധിക്ക് ഇപ്പോഴും സ്റ്റേ ഇല്ല എന്നത് ആശ്വാസവുമാണ്. 

2018 ഒക്ടോബര്‍ 12‑നാണ് ശമ്പളത്തിന് ആനുപാതികമായി പെന്‍ഷന്‍ ഉറപ്പുവരുത്തുന്ന വിധി കേരള ഹൈക്കോടതിയില്‍ നിന്നുണ്ടായത്. ഈ വിധി സ്റ്റേ ചെയ്യണമെന്ന് കേന്ദ്രത്തിന് വേണ്ടി അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ വെള്ളിയാഴ്ച സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍, അപ്പീലുകള്‍ പ്രാഥമിക വാദത്തിനായി മാറ്റുകയാണ് ചെയ്തതെന്നും പ്രസ്തുത വിധി സ്റ്റേ ചെയ്യാനാവില്ലെന്നും ജസ്റ്റിസ് ലളിത് വ്യക്തമാക്കി.അല്ലാത്തപക്ഷം പുനഃപരിശോധനാ ഹര്‍ജിയില്‍ നോട്ടീസയക്കേണ്ടിവരുമെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. ഇ.പി.എസ്സിലേക്കുള്ള തൊഴിലാളിയുടെ വിഹിതം കണക്കാക്കാന്‍ 15,000 രൂപയുടെ ശമ്പള പരിധിയുണ്ടായിരുന്നത് എടുത്തുകളയുകയാണ് ഹൈക്കോടതി ചെയ്തത്. ഇതോടെ മുഴുവന്‍ ശമ്പളത്തിനും ആനുപാതികമായി ഉയര്‍ന്ന പെന്‍ഷന്‍ സാധ്യമാക്കുന്നതായിരുന്നു വിധി. 

2019 ഏപ്രില്‍ ഒന്നിന് സുപ്രീംകോടതി ഈ വിധി ശരിവെക്കുകയും ചെയ്തു. അന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവാണ് ഇപ്പോള്‍ പിന്‍വലിക്കപ്പെട്ടത്. ഉയര്‍ന്ന പെന്‍ഷന് വഴിവെച്ച കേരള ഹൈക്കോടതിയുടെ വിധി ഏകപക്ഷീയമായി സ്റ്റേ ചെയ്യണമെന്നായിരുന്നു കേന്ദ്രത്തിന്റെ ആവശ്യം. ഉയര്‍ന്ന പെന്‍ഷന്‍ ഒരിക്കലും പ്രായോഗികമല്ലെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്നവരെ ലക്ഷ്യമിട്ടാണ് 15,000 രൂപയുടെ പരിധി നിശ്ചയിച്ചത്. ഈ പരിധി എടുത്തുകളയുന്ന വിധി നടപ്പാക്കിയാല്‍ ഇ.പി.എസ്സിന് 15,28,519.47 കോടി രൂപയുടെ കമ്മിയുണ്ടാകും. ഹൈക്കോടതിയുടെ വിധി വന്നശേഷം 839.76 കോടി രൂപ ഇ.പി.എഫ്.ഒ.യ്ക്ക് നല്‍കേണ്ടിവന്നു. തൊഴില്‍ മന്ത്രാലയത്തിന്റെ അപ്പീല്‍ സുപ്രീംകോടതി ശരിവെച്ചാല്‍, വര്‍ധിച്ച പെന്‍ഷന്‍ തിരിച്ചുപിടിക്കല്‍ സാധ്യമാവില്ല. വിധി കാരണം 50 മടങ്ങ് വരേയാണ് പെന്‍ഷന്‍ വര്‍ധിച്ചത്. അസാധാരണമായി വര്‍ധിക്കുന്ന ഈ തുക ഒരാളുടെ സൂപ്പറാന്വേഷന്റെ കാലയളവില്‍ തിരിച്ചുപിടിക്കുക സാധ്യമല്ലെന്നും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു.
eng­lish sum­ma­ry; EPS; The Supreme Court has with­drawn the order uphold­ing the high­er pension
you may also like this video;