മുഴുവന്‍ തൊഴില്‍ മേഖലകളിലും തുല്യ ജോലിക്ക് തുല്യ വേതനവും തുല്യ നീതിയും ലഭ്യമാക്കണം എ ഐ ടി യു സി

Web Desk
Posted on February 24, 2019, 10:52 pm

കോഴിക്കോട്: സംസ്ഥാനത്തെ മുഴുവന്‍ തൊഴില്‍ മേഖലകളിലും തുല്യ ജോലിക്ക് തുല്യ വേതനവും തുല്യ നീതിയും ലഭ്യമാക്കണമെന്ന നിയമം സ്‌പെഷ്യല്‍ സ്‌കൂള്‍ മേഖലയിലും നടപ്പിലാക്കണമെന്ന് എ ഐ ടി യു സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ ആവശ്യപ്പെട്ടു. ഇതിനായി സ്‌പെഷ്യല്‍ സ്‌കൂള്‍ എംപ്ലോയീസ് യൂണിയന്‍ (എസ് എസ് ഇ യു) നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങളിലും എ ഐ ടി യു സി കൂടെയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവരുടെ വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാരുടെ സംസ്ഥാന തല സംഘടനയായ സ്‌പെഷ്യല്‍ സ്‌കൂള്‍ എംപ്ലോയീസ് യൂണിയന്‍ (എസ് എസ് ഇ യു) സംസ്ഥാന കണ്‍വെന്‍ഷനും എ ഐ ടി യു സി ലയന സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട് പുതിയറ ബി ഇ എം സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സ്‌പെഷ്യല്‍ സ്‌കൂള്‍ എംപ്ലോയീസ് യൂണിയന്‍ (എസ് എസ് ഇ യു) സംസ്ഥാന പ്രസിഡന്റ് പി തങ്കമണി ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ഡോ. എം കെ ജയരാജ് മുഖ്യ പ്രഭാഷണം നടത്തി. എ ഐ ടി യു സി സംസ്ഥാന വൈസ് പ്രസിഡന്റ് കെ ജി പങ്കജാക്ഷന്‍, എ ഐ ടി യു സി ജില്ലാ സെക്രട്ടറി പി കെ നാസര്‍, പി രാജലക്ഷ്മി (പാലക്കാട്), രതീഷ് കെ ആര്‍ (പത്തനംതിട്ട), ഷൈനി അഷ്‌റഫ് (കോട്ടയം), ജോസ് സി (തിരുവനന്തപുരം), ഉമ്മര്‍ കെ എം (കോഴിക്കോട്), ശോഭ ടീച്ചര്‍ (കണ്ണൂര്‍), സാദിഖ് സി പി (മലപ്പുറം), സവിത (കാസര്‍ക്കോട്) എന്നിവര്‍ ആശംസാ പ്രസംഗം നടത്തി.
സംഘടനയെ എ ഐ ടി യു സിയുമായി അഫിലിയേറ്റ് ചെയ്യുന്ന പ്രമേയം തങ്കമണി ടീച്ചറും മേഖലയില്‍ നിലനില്‍ക്കുന്ന ആശങ്കകള്‍ അകറ്റണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം കെ എം ഉമ്മറും അവതരിപ്പിച്ചു. എസ് എസ് ഇ യു സംസ്ഥാന സെക്രട്ടറി ടി പ്രഭാകരന്‍ സ്വാഗതവും കോഴിക്കോട് ജില്ലാ സെക്രട്ടറി അജ്‌നാസ് കോളിക്കല്‍ നന്ദിയും പറഞ്ഞു.
ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്നവരുടെ വിദ്യാഭ്യാസ തൊഴില്‍ പരിശീലന‑പുനരധിവാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ജീവനക്കാര്‍ക്കും ക്ഷേമ നിധിയും പെന്‍ഷനും പി എഫും ഇ എസ് ഐ ആനുകൂല്യങ്ങളും നടപ്പിലാക്കണമെന്ന് കണ്‍വെന്‍ഷന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പാക്കേജ് നടപ്പിലാക്കുമ്പോള്‍ നിലവില്‍ സ്ഥാപനങ്ങളില്‍ ജോലിചെയ്തുകൊണ്ടിരിക്കുന്നവരില്‍ ആരെയും പുറംതള്ളരുത്. എല്ലാ ജീവനക്കാര്‍ക്കും സംരക്ഷണം നല്‍കുകയും തുല്യജോലിക്ക് തുല്യ വേതനവും തുല്യ നീതിയും ഉറപ്പുവരുത്തുകയും വേണം. നല്‍കുന്ന വേതനം ജീവനക്കാരുടെ അക്കൗണ്ടിലൂടെ നല്‍കണം. സര്‍ക്കാര്‍ പ്രഖ്യാപിച്ച എയ്ഡഡ് സ്റ്റാറ്റസില്‍ നിന്നും പിന്നോക്കം പോകരുതെന്നും കണ്‍വെന്‍ഷന്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

സ്‌പെഷ്യല്‍ സ്‌കൂള്‍ എംപ്ലോയീസ് യൂണിയന്‍ (എസ് എസ് ഇ യു) സംസ്ഥാന കണ്‍വെന്‍ഷനും എ ഐ ടി യു സി ലയന സമ്മേളനവും എ ഐ ടി യു സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു