Web Desk

തിരുവനന്തപുരം

February 10, 2020, 10:10 pm

കേന്ദ്രം കേരളത്തോടു കാണിക്കുന്ന അവഗണനയും അനീതിയും അവസാനിപ്പിക്കണം: സിപിഐ

Janayugom Online

കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ളത് ജന്മി അടിയാൻ ബന്ധമല്ല എന്നിരിക്കെ രാഷ്ട്രീയ അഭിപ്രായ വ്യത്യാസത്തിന്റെ പേരിൽ കേരളത്തോടുകാട്ടുന്ന അവഗണന എല്ലാ സീമകളും ലംഘിക്കുന്നതും അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് സിപിഐ സംസ്ഥാന കൗൺസിൽ അഭിപ്രായപ്പെട്ടു. മഹാ പ്രളയങ്ങളും ദുരന്തങ്ങളും ഏൽപ്പിച്ച കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് തീവ്രശ്രമത്തിലേർപ്പെട്ടു നിൽക്കുന്ന കേരളത്തോട് ക്രൂരമായ അവഗണനയാണ് കേന്ദ്രസർക്കാർ തുടരുന്നത്. 2019 ലെ വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനായി ഏഴ് സംസ്ഥാനങ്ങൾക്ക് 5908.54 കോടി രൂപ അനുവദിക്കാൻ അമിത് ഷായുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചപ്പോൾ ഒരു രൂപ പോലും കേരളത്തിന് നൽകാൻ തയ്യാറായില്ല. ദേശീയ ദുരിതാശ്വാസനിധി സംസ്ഥാനങ്ങൾക്കുള്ള ഔദാര്യമാണെന്നാണ് ബിജെപി സർക്കാർ ധരിച്ചിരിക്കുന്നത്. ന്യായമായ വിഹിതം എന്നത് ഔദാര്യമല്ല, സംസ്ഥാനങ്ങളുടെ അവകാശമാണ് കേരളത്തിലെ ദുരന്ത ബാധിതരോട് കടുത്ത ക്രൂരതയാണ് മോഡിസർക്കാർ കാട്ടിയിരിക്കുന്നത്.

സംസ്ഥാന വരുമാനത്തിന്റെ 30 ശതമാനം കേന്ദ്ര ഗ്രാന്റോ വായ്പയോആണ്.സംസ്ഥാന വരുമാനത്തിന്റെ മൂന്ന് ശതമാനമാണ് വായ്പയായി അനുവദിക്കുക. ഇത് വെട്ടിക്കുറച്ചിരിക്കുന്നു. കേന്ദ്രത്തിൽ നിന്നുള്ള ഗ്രാന്റുകളും വെട്ടിക്കുറച്ചു. ജിഎസ് ടി നഷ്ടപരിഹാരമായി കേരളത്തിനു ലഭിക്കേണ്ട കുടിശ്ശിക 3000 കോടിരൂപ ആയിരിക്കുന്നു. ഇതും നൽകുന്നില്ല. ഇതുകൂടാതെ ലഭിക്കേണ്ട കേന്ദ്ര നികുതിവിഹിതത്തിൽ മുൻ വർഷം ലഭിച്ചതിന്റെ 35 ശതമാനം പോലും ലഭിക്കുകയില്ല എന്നും വ്യക്തമായിക്കഴിഞ്ഞു. മുൻകാല കേന്ദ്ര സർക്കാരുകളൊന്നും കാട്ടാത്ത അനീതിയാണിത്. കേന്ദ്രപദ്ധതികൾ നടപ്പിലാക്കുന്നതിന്റെ വിഹിതം അനുവദിക്കുന്ന കാര്യത്തിലും ഈ സമീപനം തന്നെയാണുള്ളത്. തൊഴിലുറപ്പിന്റെ കുടിശ്ശിക നൽകാൻ കാട്ടുന്ന അലംഭാവം മൂലം കേരളത്തിന്റെ ഗ്രാമീണ ജനത കൂടുതൽ ബുദ്ധിമുട്ടിലാവുന്നു. നെല്ല് സംഭരിച്ചതിന്റെ കേന്ദ്ര വിഹിതം ലഭിക്കാനുള്ളത് 1035 കോടി രൂപയാണ്. ടീ ബോർഡ്, റബ്ബർ ബോർഡ്, നാളികേര ബോർഡ്, സ്പൈസസ് ബോർഡ് എന്നിവയ്ക്കുള്ള സഹായത്തിൽ കുറവു വരുത്തിയതും കേരളത്തിന്റെ കാർഷിക മേഖലയെ ദോഷകരമായി ബാധിക്കുകയാണ്.

ഇന്നേവരെ ഉണ്ടായിട്ടില്ലാത്ത ഈ ക്രൂരനടപടികളുമായി ബിജെപി സർക്കാർ മുന്നോട്ടു പോകുന്നത് രാഷ്ട്രീയ പ്രേരിതമായാണ്. മോഡി സർക്കാർ കേരളത്തോടു കാട്ടുന്ന ക്രൂരമായ അവഗണനക്കും വിവേചനത്തിനുമെതിരെ ജനതയൊന്നാകെ രംഗത്തിറങ്ങണം. കേരളം ഒറ്റക്കെട്ടായി ഈ നിലപാടിനെ പൊരുതി തോൽപ്പിക്കണമെന്നും കൗൺസിൽ പ്രമേയത്തിൽ പറഞ്ഞു. കെ കെ വൽസരാജ് അധ്യക്ഷത വഹിച്ച. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, കേന്ദ്ര കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ, ദേശീയ എക്സിക്യൂട്ടീവ് അംഗം കെ ഇ ഇസ്മയിൽ, അസിസ്റ്റന്റ് സെക്രട്ടറിമാരായ അഡ്വ. കെ പ്രകാശ് ബാബു, സത്യൻ മൊകേരി എന്നിവർ സംബന്ധിച്ചു.

you may also like this video;