അസംസ്‌കൃത വസ്തുക്കളുടെ ഉപയോഗം നിയന്ത്രിക്കണം: മന്ത്രി ഇ ചന്ദ്രശേഖരന്‍

Web Desk
Posted on January 12, 2019, 9:19 pm
നവ കേരളത്തിന് പുതിയ ഭവന സാക്ഷരത എന്ന വിഷയത്തില്‍ സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ നേതൃത്വത്തില്‍ കോഴിക്കോട്ട് സംഘടിപ്പിച്ച ഏകദിന ശില്‍പശാല മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യുന്നു,

കോഴിക്കോട്: ഭവന നിര്‍മ്മാണത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ ഉപയോഗം നിയന്ത്രിക്കേണ്ടത് അനിവാര്യമാണെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍. സമ്പത്തുള്ളവര്‍ ആവശ്യത്തിലധികം അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിക്കുമ്പോള്‍ പാവപ്പെട്ടവനാണ് ദുരിതം അനുഭവിക്കുന്നത്. എല്ലാവര്‍ക്കും ലഭ്യമാകുന്ന സമീപനമാണ് സ്വീകരിക്കേണ്ടത്. കേരളപുനര്‍നിര്‍മ്മിതിയില്‍ നിര്‍മ്മിക്കുന്ന വീടുകള്‍ ഒരപകടത്തിലും പോറലേല്‍ക്കാതെ നില്‍ക്കുമെന്ന് ഉറപ്പു വരുത്തണം. പുനര്‍നിര്‍മ്മിതിയെ കുറിച്ച് പുതിയൊരു കാഴ്ചപ്പാട് ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.

നവകേരളത്തിന് പുതിയ ഭവന സാക്ഷരത എന്ന വിഷയത്തില്‍ സംസ്ഥാന ഭവന നിര്‍മാണ വകുപ്പും നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജിയും സംയുക്തമായി സംഘടിപ്പിച്ച ഏകദിന ശില്‍പ്പശാല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ കലക്ടര്‍ സീറാം സാമ്പശിവ റാവു, എന്‍ ഐ ടി ഡയറക്ടര്‍ ഇന്‍ ചാര്‍ജ്ജ് മാധവന്‍ പിള്ള, വാര്‍ഡ് കൗണ്‍സിലര്‍ പൊറ്റങ്ങാടി കിഷന്‍ചന്ദ് എന്നിവര്‍ പങ്കെടുത്തു.

കേരളത്തിന്റെ പാര്‍പ്പിട പ്രശ്നങ്ങളും ലൈഫ് മിഷനും എന്ന വിഷയത്തില്‍ ഐ എം ജി റീജിയണല്‍ ഡയറക്ടര്‍ ഡോ. അദീല അബ്ദുള്ള, പ്രകൃതി സൗഹൃദ നിര്‍മാണങ്ങള്‍-വെല്ലുവിളികളും സാധ്യതകളും എന്ന വിഷയത്തില്‍ പ്രൊഫ. ടി പി കുഞ്ഞിക്കണ്ണന്‍, കേരളത്തിന്റെ പുനര്‍നിര്‍മാണവും പാര്‍പ്പിട ഭൂവിനിയോഗത്തിന്റെ പരിപ്രേഷ്യവും എന്ന വിഷയത്തില്‍ എന്‍ ഐ ടി പ്രൊഫ.ഡോ. പി പി അനില്‍കുമാര്‍, ഭവനനിര്‍മാണത്തിലെ ബദല്‍രീതികള്‍ എന്ന വിഷയത്തില്‍ യു എല്‍ സി സി സീനിയര്‍ പ്രൊജക്ട് മാനേജര്‍ ഡോ. ഷിന്റോ പോള്‍, പാര്‍പ്പിടങ്ങളും പ്രകൃതി ദുരന്തനിവാരണ മാര്‍ഗങ്ങളും എന്ന വിഷയത്തില്‍ ബി ഐ ആര്‍ ഡി ഡയറക്ടര്‍ രഞജിത്ത് നെടുങ്ങാടി എന്നിവര്‍ വിഷയം അവതരിപ്പിച്ചു.
സംസ്ഥാന ഭവനനിര്‍മാണ ബോര്‍ഡ്, സംസ്ഥാന നിര്‍മിതി കേന്ദ്രം, ജില്ലാ നിര്‍മിതി കേന്ദ്രം എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ശില്‍പ്പശാലയില്‍ പരമ്പരാഗത വാസ്തുശില്‍പ്പ മാതൃകയില്‍ നിര്‍മ്മിച്ച വീടുകളുടെ പ്രദര്‍ശനവും ദുരന്ത പ്രതിരോധ നിര്‍മ്മാണ ആശയങ്ങളുടെ പോസ്റ്റര്‍ മത്സരവും നടത്തി.