പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ എരഞ്ഞോളി മൂസ അന്തരിച്ചു

Web Desk
Posted on May 06, 2019, 1:42 pm

തിരുവനന്തപുരം; പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനും പിന്നണി ഗായകനുമായ എരഞ്ഞോളി മൂസ്സ അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 75വയസായിരുന്നു. കേരളത്തിലെ കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിക്കടുത്തുള്ള എരഞ്ഞോളിയിലാണ് ഇദ്ദേഹത്തിന്റെ നാട്. എരഞ്ഞോളി വലിയകത്തെ ആസിയയുടെയും അബ്ദുവിന്റെയും മകനായ ഇദ്ദേഹം ‘വലിയകത്ത് മൂസ’ എന്നായിരുന്നു ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത്.

കാപ്പിരിത്തുരുത്ത്, ഗ്രാമഫോണ്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.  അരിമുല്ലപ്പൂമണം ഉള്ളോളെ അഴകിലേറ്റം ഗുണമുള്ളോളെ.. എന്നു തുടങ്ങുന്ന ഗാനത്തോടെയാണ് എരഞ്ഞോളി മൂസ പാട്ടുജീവിതം തുടങ്ങുന്നത്. ഗ്രാമീണ കലാസമിതികളിലൂടെയാണ് അദ്ദേഹം വളര്‍ന്നത്. ശരത്ചന്ദ്ര മറാഠെയുടെ കീഴില്‍ രണ്ടുവര്‍ഷം സംഗീതവും പഠിച്ചു. മുന്നൂറിലേറെ തവണ ഗള്‍ഫ് രാജ്യങ്ങളില്‍ മാപ്പിളപ്പാട്ട് അവതരിപ്പിക്കാനും അവസരം ലഭിച്ചിട്ടുണ്ട്. കുഞ്ഞാമിയാണ് ഭാര്യ, മക്കള്‍; നസീറ, നിസാര്‍, സാദിഖ്, സമീം, സാജിദ