November 30, 2023 Thursday

ജീവിതയാഥാർഥ്യങ്ങളുടെ ‘എരി’ അരങ്ങിലേക്ക്

കെ കെ ജയേഷ്
കോഴിക്കോട്
March 6, 2022 12:50 pm

വർത്തമാനകാല ഇന്ത്യൻ പശ്ചാത്തലത്തിൽ ’ എരി’ എന്ന നോവൽ ഒരു ഓർമ്മപ്പെടുത്തലാണ്. പ്രതിരോധത്തിനുള്ള ആഹ്വാനമാണ്. എന്റെ കുടിലിൽ എന്റെ പരമ്പരയുടെ ദുരിതവും അവരുടെ നിലവിളിയുമുണ്ടെന്ന് വ്യക്തമാക്കുന്ന എഴുത്തുകാരന്റെ ആത്മാഖ്യാനമെന്നതിനൊപ്പം ഒരു കാലത്തിന്റെ സാമൂഹിക ചരിത്രാഖ്യാനം കൂടിയായി നോവൽ മാറുന്നു. മലബാറിന്റെ സാമൂഹിക ജീവിതത്തെ കുറുമ്പ്രനാടിന്റെ പശ്ചാത്തലത്തിൽ രേഖപ്പെടുത്തുകയാണ് ഈ നോവൽ. അകാലത്തിൽ ഒരപകടത്തിലൂടെ ഓർമ്മയായി മാറിയ പ്രശസ്ത നാടകകൃത്തും സാഹിത്യ നിരൂപകനും പ്രഭാഷകനുമായ ഡോ. പ്രദീപൻ പാമ്പിരിക്കുന്നിന്റെ അവസാന രചനയായ ‘എരി’ എന്ന നോവൽ നാടക രൂപത്തിൽ കാണികളിലേക്കെത്താനൊരുങ്ങുകയാണ്. സംസ്കൃത സർവകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിലെ അദ്ദേഹത്തിന്റെ സഹപ്രവർത്തകനും സുഹൃത്തും പ്രശസ്ത നാടക സംവിധായകനുമായ എം കെ സുരേഷ് ബാബുവാണ് എരി സംവിധാനം ചെയ്യുന്നത്. ‘എരി’ എഴുതുന്ന സമയത്ത് നോവലിനെക്കുറിച്ച് എല്ലാ ദിവസവും തങ്ങൾ തമ്മിൽ സംസാരിക്കാറുണ്ടായിരുന്നെന്ന് എം കെ സുരേഷ് ബാബു പറയുന്നു. പൂർത്തീകരിക്കാത്ത നോവലിന്റെ അവസാന ഭാഗത്തെക്കുറിച്ചുപോലും തങ്ങൾ സംസാരിച്ചിട്ടുണ്ടെന്നും തന്റെ ജീവിതത്തിലൂടെയും എഴുത്തിലൂടെയും കുറഞ്ഞകാലം കൊണ്ട് വ്യക്തമാക്കാൻ ആഗ്രഹിച്ച കാര്യങ്ങളെല്ലാം എരിയിൽ പൂർണ്ണമാകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ പ്രദീപന്റെ തുന്നൽക്കാരൻ, പ്രവാസി ഉൾപ്പെടെയുള്ള നാടകങ്ങൾ താൻ സംവിധാനം ചെയ്തിട്ടുണ്ട്. രണ്ടു കഥാപാത്രങ്ങൾ മാത്രമുള്ള തുന്നൽക്കാരൻ ഉൾപ്പെടെയുള്ള നാടകങ്ങൾ രാജ്യത്തിനകത്തും വിദേശത്തുമായി നിരവധി വേദികളിലാണ് അവതരിപ്പിച്ചിട്ടുള്ളത്. എഴുത്തുകാരനുമായുണ്ടായിരുന്ന മാനസിക അടുപ്പവും പാർശ്വവത്ക്കരിക്കപ്പെട്ട ജനതയുടെ ശബ്ദം ഉയർത്തുന്ന കരുത്തുമാണ് എരി എന്ന നോവലിലേക്ക് തന്നെ എത്തിച്ചത്. ഒരു നോവൽ എന്നതിനപ്പുറം ഒരു നാടിനെയും ആ നാട്ടിൽ ജീവിച്ചു മരിച്ച മനുഷ്യരുടെ ജീവിതവും സംസ്ക്കാരവും വിശ്വാസവും എല്ലാം രേഖപ്പെടുത്തിയ അസാധാരണ രചനയാണ് എരിയെന്നും എം കെ സുരേഷ് ബാബു പറഞ്ഞു.

അപൂർണ്ണമായെങ്കിലും ഇത്രയും ഗംഭീരമായ ഒരു അവസാനം തനിക്ക് സങ്കൽപ്പിക്കാനാവുന്നില്ലെന്നാണ് നോവലിനെക്കുറിച്ച് കൽപ്പറ്റ നാരായണൻ എഴുതിയത്. പറയ സമുദായത്തിന്റെ ജീവിത ദൈന്യവും അതിജീവനവുമാണ് നോവൽ. പറയ സമുദായത്തെക്കുറിച്ച് ഗവേഷണം നടത്തുന്ന പ്രദീപനീലൂടെ ആരംഭിക്കുന്ന നാടകം എരി എന്ന അമാനുഷിക ശക്തിയുള്ള കഥാപാത്രത്തിലൂടെ സമുദായത്തിന്റെ ഉയർത്തെഴുന്നേൽപ്പിന്റെ ചിത്രം മുന്നിലെത്തിക്കുന്നു. തോറ്റുപോയ മനുഷ്യരുടെ കൂടി വേദനകളിൽ നിന്നാണ് ചരിത്രമുണ്ടാകുന്നതെന്ന യാഥാർഥ്യവും നോവൽ പങ്കുവെക്കുന്നു.

നാടകങ്ങളുമായി സഞ്ചരിക്കുന്നതിനിടയിൽ നാട്ടിലെ നാടകങ്ങൾ ശ്രദ്ധിക്കാൻ സമയം കിട്ടിയിരുന്നില്ലെന്ന് സംവിധായകൻ പറയുന്നു. അതോടെ തനിക്കൊപ്പം നേരത്തെ ഉണ്ടായിരുന്നവരെല്ലാം പല വഴിക്ക് വിട്ടുപോയി. കോവിഡ് കാലത്ത് എല്ലാവരെയും തിരിച്ചുകൊണ്ടുവരാൻ സാധിച്ചു. പ്രദേശത്തെ കലാകാരൻമാരെ ഉൾപ്പെടുത്തിയാണ് നാടകം ഒരുക്കിയിട്ടുള്ളത്. ഭാസ അക്കാദമിയുടെ നേതൃത്വത്തിലാണ് നാടകം ഒരുക്കുന്നത്. നാടക് കൊയിലാണ്ടിയുടെയും റാന്തൽ നാടക കൂട്ടായ്മയുടെയും സഹായത്തോടെയായിരുന്നു മൂന്നു മാസത്തോളമായി കീഴരിയൂര്‍ ബോംബ് കേസ് സ്മാരക ഹാളിൽ നാടക റിഹേഴ്സൽ ക്യാമ്പ് സംഘടിപ്പിച്ചത്. രണ്ടേ കാൽ മണിക്കൂർ ദൈർഘ്യമുള്ള നാടകം മാർച്ച് 11,12,13 തിയ്യതികളിലായി സർവകലാശാല ക്യാമ്പസിൽ ക്ഷണിക്കപ്പെട്ട സദസ്സിനു മുന്നിൽ അരങ്ങേറും. പിന്നീട് സംസ്ഥാനത്തിനകത്തും പുറത്തും നാടകം അവതരിപ്പിക്കും. സജീവ് കീഴരിയൂരാണ് ഗവേഷകനെയും എരിയേയും അവതരിപ്പിക്കുന്നത്. മുരളി നമ്പ്യാർ, മുഹമ്മദ് എവട്ടൂർ, കെ സി സുരേഷ്, ഡോ മഹിമ ശശിധരൻ, രഘുനാഥ് മേലൂർ, ഷീജ രഘുനാഥ്, കെ ടി ശ്രീകുമാർ, ഇ വിശ്വനാഥൻ, കിഷോർ മാധവൻ, ശിവദാസ് മനസ്, ഡെലീഷ്, ജയേഷ് ബാബു കല്ലറ, സുധീഷ് ജൈത്ര, ജിതിൻ, ഫറൂഖ് ബാവ, ബാലകൃഷ്ണൻ കാവും വട്ടം, ആരുഷ്, അർണവ്, അശ്വകേത് തുടങ്ങിയവർ മറ്റു കഥാപാത്രങ്ങൾക്കു ജീവൻ നൽകുന്നു. സംഗീതവും ആലാപനവും ടി നാരായണനാണ്. നാട്ടുഭാഷയുടെ ലാളിത്യവും ജീവിതാവസ്ഥകളുടെ എരിവും നിറയുന്ന നോവൽ സങ്കർഷഭരിതമായ നിമിഷങ്ങളിലൂടെ കടന്ന് അഗ്നിയായി വേദികളിൽ കത്തിപ്പടരുമെന്ന പ്രതീക്ഷയിലാണ് നാടകാസ്വാദകർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.