ഏണസ്റ്റ് ചെയിന്‍

1906 ജൂണ്‍ 19-നാണ് ഏണസ്റ്റ് ചെയിന്‍ ജനിച്ചത്. ജര്‍മനിയിലെ ബര്‍ലിനിലാണ് ജനനം. ജൂത വംശജനായിരുന്നു. 1930ല്‍ അദ്ദേഹം രസതന്ത്രത്തില്‍ ബിരുദം നേടി. നാസി ജര്‍മനിയില്‍ ജൂതനായ താന്‍ സുരക്ഷിതനല്ലെന്നു മനസിലാക്കി 1933 ഏപ്രില്‍ 2ന് അദ്ദേഹം ഇംഗ്ലണ്ടിലേക്ക് കുടിയേറി. ഇംഗ്ലണ്ടില്‍ കാലുകുത്തിയപ്പോള്‍ പത്ത് പൗണ്ട് മാത്രമാണ് സമ്പാദ്യമായി അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നത്. പ്രശസ്ത ജനിതക ശാസ്ത്രജ്ഞനും ശാസ്ത്രപ്രചാരകനുമായിരുന്ന ജെ ബി എസ് ഹല്ഡേയ്ന് ചെയിന്‍ യൂണിവേഴ്സിറ്റി കോളജ് ആശുപത്രിയില്‍ ജോലി തരപ്പെടുത്തി. താമസിയാതെ ഏണസ്റ്റ് ചെയിന്‍ കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ ഫ്രെഡറിക് ഗോലാന്സ് ഹോപ്കിന്സിന്റെ മാര്ഗനര്ദേശത്തില് ഗവേഷണത്തിന് ചേര്‍ന്നു. 1935ല്‍ അദ്ദേഹം ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയില്‍ പത്തോളജി ലക്ചററായി നിയമിതനായി. 1939ല്‍ ഏണസ്റ്റ് ചെയിന്‍ ബ്രിട്ടീഷ് പൗരനായി.
1939ല്‍ അദ്ദേഹം സുക്ഷ്മജീവികള്‍ ഉല്പാദിപ്പിക്കുന്ന ആന്റിബയോട്ടിക് സംയുക്തങ്ങളെക്കുറിച്ച് പഠനമാരംഭിച്ചു. ഒമ്പത് വര്‍ഷം മുമ്പ് അലക്സാണ്ടര്‍ ഫ്ളെമിങ് കണ്ടുപിടിച്ച പെന്‍സിലിന്റെ ഘടനയും ഔഷധ പ്രവര്‍ത്തനരീതിയും പഠന വിധേയമാക്കി. ഹൊവാര്‍ഡ് ഫ്ളോറേയായിരുന്നു അദ്ദേഹത്തിന്റെ മാര്‍ഗദര്‍ശി. പെന്സിലിന് കണ്ടുപിടിച്ചതിനും അതിന്റെ ഔഷധ വീര്യം നിര്‍ണയിച്ചതിനും അലക്സാണ്ടര്‍ ഫ്ളെമിങ്, ഏണസ്റ്റ് ചെയിന്‍, ഹൊവാര്‍ഡ് പ്ലോറെ എന്നിവര്‍ 1945-ലെ വൈദ്യശാസ്ത്ര നൊബേല്‍ സമ്മാനം പങ്കിട്ടു.
രണ്ടാം ലോകമഹായുദ്ധത്തില്‍ ചെയിന്‍ അമ്മയേയും സഹോദരിയേയും നഷ്ടപ്പെട്ടു. യുദ്ധ ശേഷം ചെയിന്‍ റോമില്‍ ജോലി ചെയ്തു. 1964ല്‍ ബ്രിട്ടനില്‍ തിരിച്ചെത്തിയ അദ്ദേഹം ഇമ്പീരിയല്‍ കോളജിലെ ജൈവരസതന്ത്ര വകുപ്പിന്റെ സ്ഥാപക തലവനായി. 1948 മാര്‍ച്ച് 17ന് അദ്ദേഹത്തെ റോയല്‍ സൊസൈറ്റി അംഗമായി നിയമിച്ചു. 1948-ല്‍ അദ്ദേഹം വിവാഹിതനായി. രണ്ടു കുട്ടികളുണ്ടായിരുന്നു. 1979 ആഗസ്റ്റ് 12ന് 73 വയസ് പ്രായമായപ്പോള്‍ അദ്ദേഹം അന്തരിച്ചു.
ഈ ലക്കത്തിലെ ചോദ്യം
പെന്സിലിന് ഘടന എക്സ്റേ ക്രിസ്റ്റലോഗ്രഫിയിലൂടെ കണ്ടെത്തിയതാരാണ്?