എറണാകുളം നിപ വിമുക്തം, വെല്ലുവിളികള്‍ നേരിടാന്‍ ആരോഗ്യരംഗം ജാഗ്രത തുടരണം: ആരോഗ്യമന്ത്രി

Web Desk
Posted on July 23, 2019, 5:06 pm

കൊച്ചി: എറണാകുളത്തെ നിപ വിമുക്ത ജില്ലയായി ആരോഗ്യമന്ത്രി കെ കെ ഷൈലജ ടീച്ചര്‍ പ്രഖ്യാപിച്ചു. നിപ ബാധിച്ച് ചികിത്സയിലായിരുന്ന യുവാവിനെ കൊച്ചി ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുന്ന വേളയിലാണ് ജില്ല നിപ വൈറസ് ബാധയില്‍ നിന്നും മോചനം നേടിയതായി മന്ത്രി ഔദ്യോഗികമായി അറിയിച്ചത്. നീണ്ട 54 ദിവസത്തെ ചികിത്സയ്ക്കു ശേഷമാണ് കോളജ് വിദ്യാര്‍ത്ഥി കൂടിയായ യുവാവ് ആശുപത്രി വിടുന്നത്.

ചികിത്സാരംഗത്ത് സര്‍ക്കാര്‍, സ്വകാര്യ മേഖലകള്‍ കൈകോര്‍ത്തു പിടിച്ചതിന്റെ വിജയമുഹൂര്‍ത്തമാണിതെന്ന് മന്ത്രി പറഞ്ഞു. രണ്ട് തവണയാണ് നിപ മൂലം സംസ്ഥാനം ഉത്കണ്ഠയിലായത്. എന്നാല്‍ സര്‍ക്കാര്‍ സംവിധാനത്തിന്റെ പിന്തുണയില്‍ സ്വകാര്യമേഖലയുമായി സഹകരിച്ച് ആവിഷ്‌കരിച്ച പ്രതിരോധനടപടികള്‍ ഫലം കണ്ടു. ലോകത്തിന്റെ തന്നെ പ്രശംസയ്ക്കും കേരളത്തിന്റെ ആരോഗ്യസംവിധാനം ഇതോടെ അര്‍ഹമായതായി മന്ത്രി ചൂണ്ടിക്കാട്ടി.

ദരിദ്രജനവിഭാഗത്തിന്റെ ചികിത്സ ഏറ്റെടുക്കല്‍സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. ആരോഗ്യ വകുപ്പിനെ ആധുനിക സംവിധാനങ്ങങ്ങള്‍ ഉയോഗിച്ച് പുഷ്ടിപ്പെടുത്താനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. കഴിഞ്ഞ വര്‍ഷം 23 സര്‍ക്കാര്‍ ആശുപത്രികള്‍ നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 58 ആശുപത്രികള്‍ ലിസ്റ്റിലുണ്ട്. ഗവണ്‍മെന്റും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വ്യക്തികളും സമൂഹവും ഒത്തൊരുമിച്ചാല്‍ ആശുപത്രികള്‍ക്ക് അക്രഡിറ്റേഷന്‍ നേടിയെടുക്കുന്നത് ജനകീയ പ്രവര്‍ത്തനം ആക്കി മാറ്റാന്‍ സാധിക്കും. രാജ്യത്തിന്റെ ജിഡിപിയുടെ രണ്ട് ശതമാനം മാത്രമാണ് ആരോഗ്യമേഖലയില്‍ ചെലവിടുന്നതെന്നിരിക്കെ നിലവാരമുള്ള ചികിത്സ ഉറപ്പാക്കുന്നതില്‍ സ്വകാര്യമേഖലയുടെ പങ്ക് വളരെ വലുതാണ്. ശിശുമരണനിരക്ക് കുറയ്ക്കുന്നതിനായി കുട്ടികളുടെ ഹൃദ്രോഗ ശസ്ത്രക്രിയ നടത്തുന്ന ഹൃദ്യം പദ്ധതി സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തത്തോടെയാണ് നടപ്പിലാക്കുന്നത്. മന്ത്രി ചുൂണ്ടിക്കാട്ടി.

നിപ വൈറസ് പകരാതിരിക്കാന്‍ വിദഗ്ദ ഡോക്ടര്‍മാരുടെ സേവനവും മുന്‍ കരുതലും ആരോഗ്യ വകുപ്പ് സ്വീകരിച്ചിരുന്നു. നിപ്പാ വൈറസിനെതിരെ പൊരുതാന്‍ യുദ്ധ സന്നാഹത്തിലായിരുന്നു ആരോഗ്യവകുപ്പ്. നിപ വൈറസ് ബാധ സംശയിച്ച 338 പേരെ നിരീക്ഷിച്ചു. ഇവരില്‍ 17 പേരെ ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. 58 പേരുടെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. നിപ പ്രതിരോധ യജ്ഞത്തില്‍ പങ്കാളികളായ എല്ലാ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രി ഡോക്ടര്‍മാരെയും ജീവനക്കാരെയും ആരോഗ്യവകുപ്പ് , മുന്‍ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള , മറ്റ് വകുപ്പ് ഉദ്യോഗസ്ഥരെയും മന്ത്രി അനുമോദിച്ചു.

കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ആരംഭിച്ച പ്രതിദിനം പ്രതിരോധം ക്യാമ്പയിന്‍ ഫലം കണ്ടു തുടങ്ങിയിട്ടുണ്ട്. രണ്ടുവര്‍ഷത്തിനിടെ പകര്‍ച്ചവ്യാധിയില്‍ കുറവ് വന്നിട്ടുണ്ട്. സര്‍ക്കാരിന്റെ ആര്‍ദ്രം മിഷന്‍ വഴി ആരോഗ്യ രംഗത്ത് വലിയ മാറ്റം തന്നെ കൈവരിക്കാന്‍ സാധിച്ചു. ക്യാന്‍സര്‍ കണ്‍ട്രോള്‍ ബോര്‍ഡ്, ക്യാന്‍സര്‍ രജിസ്ട്രി , ഗവ. സ്ഥാപനങ്ങളില്‍ സ്‌ട്രോക്ക് യൂണിറ്റ് , ടോമ കെയര്‍ പ്രോജക്ട് എന്നിവ രൂപീകരിക്കുന്നതിനുള്ള പ്രവര്‍ത്തനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഓഗസ്റ്റ് മാസം ആദ്യവാരത്തോടെ 100 ലൈഫ് സേവിങ് ആംബുലന്‍സുകള്‍ നിരത്തിലിറങ്ങും. ഒക്ടോബര്‍ മാസത്തോടെ 315 ആംബുലന്‍സുകളും നിരത്തിലിറങ്ങും. എയിംസ് മാതൃകയില്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജുകളില്‍ ടോട്ടല്‍ ട്രോമാകെയര്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. കൂടാതെ ബയോ സേഫ്റ്റി ലവല്‍ 3 ലാബുകള്‍ ആരംഭിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ഊര്‍ജിതമാക്കി. തിരുവനന്തപുരത്തെ ലാബ് ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. കോഴിക്കോട് ലാബ് ആരംഭിക്കാന്‍ സെന്‍ട്രല്‍ ഗവണ്‍മെന്റ് അനുവാദം നല്‍കിയിട്ടുണ്ട്. ആലപ്പുഴയില്‍ ലാബിനെ കൂടുതല്‍ ശക്തപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

ആഗസ്റ്റ് 4 ന് നിപക്കെതിരെ പ്രതിരോധ പ്രവര്‍ത്തനം നടത്തിയവരുടെ സംഗമം കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ സംഘടിപ്പിക്കും. ചടങ്ങില്‍ നിപ സമഗ്ര മെഡിക്കല്‍ ബുള്ളറ്റിന്‍ പ്രകാശനം ആസ്റ്റര്‍ മെഡിസിറ്റി ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍, മന്ത്രി ശൈലജ ടീച്ചര്‍ക്ക് നല്‍കി നിര്‍വ്വഹിച്ചു. കേരളത്തില്‍ സ്ഥാപിക്കുന്ന വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന് 50 ലക്ഷം രൂപയുടെ പരിശോധന ഉപകരണങ്ങള്‍ ഡോ. ആസാദ് മൂപ്പന്‍ വാഗ്ദാനം ചെയ്തു.

ജില്ലാ കളക്ടര്‍ എസ് സുഹാസ്, ആസ്റ്റര്‍ മെഡിസിറ്റി ഇന്ത്യ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ. ഹരീഷ് പിള്ള, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കമാന്‍ഡര്‍ ജെന്‍സണ്‍ എ കവലക്കാട്ട് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

You May Also Like This: