ഷാജി ഇടപ്പള്ളി

കൊച്ചി

July 14, 2021, 2:43 pm

എറണാകുളം സെന്റ് ആൽബർട്സ് കോളേജ് പ്ലാറ്റിനം ജൂബിലി നിറവിൽ

Janayugom Online

കൊച്ചി നഗരത്തിലെ ഒരു പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനമായ എറണാകുളം സെന്റ് ആൽബർട്സ് കോളേജ് (ഓട്ടോണമസ് ) പ്ലാറ്റിനം ജൂബിലി നിറവിൽ. കോളേജ് 75 വർഷങ്ങൾ പൂർത്തിയാകുന്ന ജൂലൈ 16 ന് വിവിധ പരിപാടികളോടെയാണ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ കൊണ്ടാടുന്നത്. രാവിലെ 9 മണിക്ക് കോട്ടപ്പുറം രൂപത മെത്രാൻ ഡോ ജോസഫ് കാരിക്കശ്ശേരിയുടെ മുഖ്യകാർമ്മികത്വത്തിൽ കൃതജ്ഞതാബലിയോടെ ആഘോഷങ്ങൾക്ക് തുടക്കമാവും. 

രാവിലെ 11 ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്‌ഘാടനം ചെയ്യും. വരാപ്പുഴ അതിരൂപത മെട്രോപൊളിറ്റൻ ആർച്ച് ബിഷപ്പ് ഡോ ജോസഫ് കളത്തിപ്പറമ്പിൽ അധ്യക്ഷത വഹിക്കും. ചടങ്ങിൽ മന്ത്രി ആൻറണി രാജു മുഖ്യപ്രഭാഷണം നടത്തും. ഹൈബി ഈഡൻ എം പി , ടി ജെ വിനോദ് എം എൽ എ, എം ജി സർവകലാശാല വൈസ് ചാൻസലർ പ്രഫ സാബു തോമസ്, പ്രിൻസിപ്പാൾ ഡോ എം എ സോളമൻ തുടങ്ങിയവർ പങ്കെടുക്കും. വൈകിട്ട് നാലിന് നടക്കുന്ന പൊതുസമ്മേളനം ഹൈക്കോടതി ജസ്റ്റിസ് സുനിൽ തോമസ് ഉദ്ഘടനം ചെയ്യും. വരാപ്പുഴ അതിരൂപത വികാരി മോൺസിഞ്ഞോർ മാത്യു കല്ലിങ്കൽ അധ്യക്ഷത വഹിക്കും.കോളേജ് അസോസിയേറ്റ് മാനേജർ ഡോ ആൻറണി തോപ്പിൽ ‚വിവിധ സംഘടനാ പ്രതിനിധികൾ പങ്കെടുക്കും. വൈകിട്ട് 5.30 ന് ആൽബെർഷ്യൻ കലാസദ്യ നടൻ ടിനി ടോം ഉദ്‌ഘാടനം ചെയ്യും. നടൻ ധർമ്മജൻ ബോൾഗാട്ടി മുഖ്യാതിഥിയാകും. വിവിധ കലാപരിപാടികളും അരങ്ങേറും.

കോവിഡ് മൂലം മാതാപിതാക്കൾ നഷ്ടമായ വിദ്യാർത്ഥികൾക്ക് ഏർപ്പെടുത്തിയിട്ടുള്ള സ്കോളർഷിപ്പ് പ്രഖ്യാപനം ചടങ്ങിൽ നടത്തും. ഒരു വർഷമായി നടത്താൻ തീരുമാനിച്ചിരുന്ന ആഘോഷ പരിപാടികൾ ഒരു ദിവസമായി ചുരുക്കിയതായും കോവിഡ് നിയന്ത്രണങ്ങൾ നിലവിലുള്ളതിനാൽ പരിപാടികളുടെ തത്സമയ സംപ്രേഷണം ഗൂഗിൾ മീറ്റിലും മറ്റു സമൂഹ മാധ്യമങ്ങളിലും ലഭ്യമാക്കുമെന്നും കോളേജ് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വാർത്താസമ്മേളനത്തിൽ ഡോ ആൻറണി തോപ്പിൽ, ഡോ എം എ സോളമൻ, ഡോ ജെ ജെയിംസൺ , ഷൈൻ ആൻറണി , നിഖിത ഷാജി തോമസ് എന്നിവർ പങ്കെടുത്തു.
eng­lish sum­ma­ry; Ernaku­lam St. Albert’s Col­lege com­pletes its plat­inum jubilee
you may also like this video;