Sunday
20 Oct 2019

എരഞ്ഞോളി മൂസ; മാപ്പിളപ്പാട്ടിനെ ജനകീയമാക്കിയ കലാകാരന്‍

By: Web Desk | Monday 6 May 2019 8:04 PM IST


പി പി അനില്‍കുമാര്‍

കോഴിക്കോട്: മാപ്പിളപ്പാട്ട് എന്ന കലാരൂപത്തെ ഇത്രമേല്‍ ജനകീയമാക്കിയ മറ്റേതൊരു കലാകരാനുണ്ട് മലയാളത്തില്‍? തന്റെ അനുഗ്രഹീതമായ ശബ്ദത്തില്‍ അദ്ദേഹം ആലപിക്കുമ്പോള്‍ ഏത് സദസ്സും നിശ്ശബ്ദമാകും. അതായിരുന്നു എരഞ്ഞോളി മൂസയുടെ സവിശേഷത. മലബാറും കടന്ന് കേരളത്തിലുടനീളം മാപ്പിളപ്പാട്ടിനെ നെഞ്ചേറ്റുന്ന കാഴ്ചയാണ് പില്‍ക്കാലത്ത് കണ്ടത്. അതിന് എരഞ്ഞോളി മൂസ നല്‍കിയ സംഭാവന ചെറുതല്ലതാനും.
സിനിമാപ്പാട്ടുകള്‍ കഴിഞ്ഞാല്‍ മലയാളത്തിന്റെ ജനകീയസംഗീതം മാപ്പിളപ്പാട്ടുകളാണ്. മലയാളിയെ പിന്തുടരുന്ന നൊസ്റ്റാള്‍ജിയകളില്‍ മാപ്പിളപ്പാട്ടുകളും പെടുന്നു. ജനഹൃദയങ്ങളിലാണ് ഈ പാട്ടുകളുടെയും പാട്ടുകാരുടെയും ഇടം. കേരളത്തിലെ ഏറ്റവും ജനപ്രിയനായ മാപ്പിളപ്പാട്ട് ഗായകനായിരുന്നു എരഞ്ഞോളി മൂസ. ശബ്ദത്തിന്റെയും ആലാപനത്തിന്റെയും വ്യത്യസ്തത ഈ ഗായകന് മറ്റു പാട്ടുകാരേക്കാള്‍ വലിയ ജനസമ്മതിയാണ് നേടിക്കൊടുത്തത്. മൂസയുടേതായ ഒരു വഴക്കവും മുഴക്കവും ആ പാട്ടുകളിലുണ്ടായിരുന്നു.
ആയിരത്തിലധികം മാപ്പിളപ്പാട്ടുകളാണ് അദ്ദേഹം തന്റെ സ്വതസിദ്ധമായ ശൈലിയിലൂടെ ആലപിച്ചത്.

തലശ്ശേരിക്കടുത്ത് എഞ്ഞോളി വലിയകത്ത് മൂസയാണ ്പിന്നീട് എരഞ്ഞോളി മൂസയെന്ന പേരില്‍ അറിയപ്പെട്ടത്. ഗ്രാമീണ കലാസമിതികളിലൂടെയാണ് അദ്ദേഹം തന്റെ പാട്ടു ജീവിതം ആരംഭിച്ചത്. ശരത്ചന്ദ്ര മറാഠെയുടെ കീഴില്‍ രണ്ടു വര്‍ഷം സംഗീതം അഭ്യസിച്ചു. ‘അരിമുല്ലപ്പൂമണുള്ളോളെ അഴകിലേറ്റം ഗുണമുള്ളോളെ’ എന്നു തുടങ്ങുന്ന മാപ്പിളപ്പാട്ടായിരുന്നു അദ്ദേഹത്തിന്റെ ആദ്യ മാപ്പിളപ്പാട്ട്. കെ രാഘവന്‍മാസ്റ്റര്‍ക്കൊപ്പം ആകാശവാണിയില്‍ പാടിയതോടെയാണ് എരഞ്ഞോളി മൂസ ശ്രദ്ധേയനാകുന്നത്.

എരഞ്ഞോളി വലിയകത്തെ ആസിയയുടെയും അബ്ദുവിന്റെയും മകനായി ജനിച്ച അദ്ദേഹം ഗ്രാമീണ കലാസമിതികളിലൂടെയാണ് വളര്‍ന്നത്. ശരത്ചന്ദ്ര മറാഠെയുടെ കീഴില്‍ രണ്ടുവര്‍ഷം സംഗീതം പഠിച്ചു. എം എം റോഡിലെ ടെലിച്ചറി മ്യൂസിക്കില്‍ നിത്യസന്ദര്‍ശകനായിരുന്ന കെ രാഘവന്‍ മാസ്റ്ററാണു മൂസയെ മാപ്പിളപ്പാട്ടില്‍ പ്രോത്സാഹിപ്പിച്ചത്.

ജാതി-മത ചിന്തകള്‍ക്കപ്പുറം മനുഷ്യനെ ഒന്നായിക്കാണുന്ന സര്‍ഗ സൗന്ദര്യമാണ് സംഗീതം എന്നതായിരുന്നു അദ്ദേഹത്തിന്റെ വാദം. വര്‍ഷങ്ങള്‍ക്കു മുമ്പ് ശ്രീനാരായണ ഗുരു ജയന്തിയോടനുബന്ധിച്ച് കോഴിക്കോട് ഒരു സംഗീത പരിപാടിക്കായി എത്തിയ എരഞ്ഞോളി മൂസ ഭക്തിഗാനങ്ങളും ഹിന്ദിഗാനങ്ങളും ആലപിച്ചപ്പോള്‍ സദസ്സ് അദ്ദേഹത്തോട് മാപ്പിളപ്പാട്ട് ആലപിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. സദസ്സില്‍ നിറഞ്ഞിരിക്കുന്ന ഭക്തജനങ്ങള്‍ക്കു മുമ്പില്‍ അദ്ദേഹം മാപ്പിളപ്പാട്ടുകള്‍ ആലപിച്ചപ്പോള്‍ അവര്‍ നിറഞ്ഞ കൈയ്യടിയോടെ അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുകയായിരുന്നു. ജീവിത്തതില്‍ താന്‍ മനസ്സ് നിറഞ്ഞ് പാടിയ വേദികളിലൊന്നായിരുന്നു അതെന്നാണ് അദ്ദേഹം പിന്നീട് വ്യക്തമാക്കിയത്.
പട്ടിണിയും പരിവട്ടവും നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ ബാല്യം. ഒന്നാം ക്ലാസില്‍വെച്ചു തന്നെ പഠിപ്പ് അവസാനിപ്പിച്ച അദ്ദേഹം 11 വയസ്സുമുതല്‍ വീട്ടിനടുത്ത കരിങ്കല്‍ ക്വാറിയില്‍ കല്ലു ചുക്കാനിറങ്ങി. തുടര്‍ന്ന് തീപ്പെട്ടിക്കമ്പനിയിലും ചുമടെടുത്തും കൈവണ്ടി വലിച്ചുമെല്ലാം അദ്ദേഹം അന്നത്തിന് വകതേടി.

പാട്ടിനോടുള്ള കമ്പം അദ്ദേഹത്തെ നാട്ടിലെ കല്ല്യാണ വീടുകളിലും മറ്റുമുള്ള സംഗീതപരിപാടികളിലെ സ്ഥിരം ഗായകനാക്കി. അവിടെനിന്നായിരുന്നു എരഞ്ഞോളി മൂസയെന്ന പാട്ടുകാരന്റെ ഉദയം.
കൊടുങ്ങല്ലൂര്‍ സ്വദേശിയായ പി എം എ അബ്ദുല്‍ ജബ്ബാര്‍ എഴുതിയ ‘മാണിക്യമലരായ പൂവ്’ എന്ന ഗാനം തലശ്ശേരി കെ റഫീഖിന്റെ ഈണത്തില്‍ എരഞ്ഞോളി മൂസ ആലപിക്കുന്നത് 40 വര്‍ഷങ്ങള്‍ക്കു മുമ്പാണ്. ഇന്നും മലയാളികള്‍ കേള്‍ക്കാന്‍ കൊതിക്കുന്ന ആ ഗാനം ഏത് വേദിയിലും അദ്ദേഹത്തിന് പാടേണ്ടി വരുമായിരുന്നു. അത്രയേറെയാണ് അതിനെ ആസ്വാദകര്‍ ഏറ്റെടുത്തത്.

കേരളത്തിലെ ഏറ്റവും പ്രതിഭാധനനായ മാപ്പിളപ്പാട്ടു ഗായകനാണ് എരഞ്ഞോളി മൂസ. ഗള്‍ഫ് നാടുകളില്‍ മുന്നൂറില്‍പ്പരം വേദികളിലാണ് അദ്ദേഹം മാപ്പിളപ്പാട്ട് അവതരിപ്പിച്ചിട്ടുള്ളത്. 1974 ല്‍ അബുദാബിയിലായിരുന്നു ആദ്യമായി പാടിയത്.
പില്‍ക്കാലത്ത് ‘മാണിക്ക്യ മലരായ പൂവി’ എന്ന ഗാനം വാര്‍ത്തകളില്‍ നിറഞ്ഞപ്പോള്‍ ആ പാട്ട് ജനഹൃദയങ്ങളില്‍ എത്തിച്ച എരഞ്ഞോളി മൂസ ഏറെ ചാരിതാര്‍ത്ഥ്യത്തിലായിരുന്നു. പാട്ടു പ്രശസ്തമായപ്പോള്‍ അവകാശികള്‍ പലരുമുണ്ടായി. എന്നാല്‍ ഈ പാട്ട് ആദ്യമായി ഓഡിയോ കാസറ്റിലൂടെ പുറത്തിറക്കിയത് എരഞ്ഞോളി മൂസയായിരുന്നു.
ശരത് ചന്ദ്ര മറാഠേയുടെ കീഴില്‍ ഹിന്ദുസ്ഥാനി സംഗീതവും തിരുവങ്ങാട് കുഞ്ഞിക്കണ്ണന്‍ ഭാഗവതരുടെ കീഴില്‍ കര്‍ണ്ണാടക സംഗീതവും അഭ്യസിച്ച മൂസ പാട്ടില്‍ സ്വന്തമായൊരിടം കണ്ടെത്തിയിരുന്നു.

അനുഭവങ്ങളുടെ തീച്ചൂളയില്‍ ഉയിരെടുത്ത സംഗീതജീവിതമാണ് എരഞ്ഞോളി മൂസയുടേതെന്ന് അദ്ദേഹത്തിന്റെ ആത്മകഥയായ ‘ജീവിതം പാടുന്ന ഗ്രാമഫോണ്‍’വെളിപ്പെടുത്തുന്നുണ്ട്.
‘മി അറാജ് രാവിലെ കാറ്റേ..’, ‘മൈലാഞ്ചി അരച്ചല്ലോ…’, ‘കെട്ടുകള്‍ മൂന്നും കെട്ടി..’ തുടങ്ങി നൂറുകണക്കിന് പ്രശസ്തമായ മാപ്പിളപ്പാട്ടുകളും ഒട്ടേറെ നാടക ഗാനങ്ങളും അദ്ദേഹത്തിന്റേതായിട്ടുണ്ട്.

Related News