August 9, 2022 Tuesday

അറിവിന്റെ പുതിയ മേഖലകള്‍ സമ്മാനിച്ച് എസ്സന്‍ഷ്യക്ക് സമാപനം

Janayugom Webdesk
January 1, 2020 6:17 pm

കൊച്ചി: ശാസ്ത്ര കുതുകികള്‍ക്ക് അറിവിന്റെ പുതിയ മേഖലകള്‍ സമ്മാനിച്ച് ശാസ്ത്ര- സ്വതന്ത്രചിന്താ പ്രസ്ഥാനമായ എസ്സന്‍സ് ക്ലബിന്റെ മൂന്നാം വാര്‍ഷികമായ എസ്സന്‍ഷ്യ ‑19 സമാപിച്ചു. കൊച്ചി ടൗണ്‍ ഹാളില്‍ നടന്ന സെമിനാറില്‍ 800ലധികം പേര്‍ പങ്കെടുത്തതായി സംഘാടകര്‍ അറിയിച്ചു.രാവിലെ 9 മണിക്ക് ആരംഭിച്ച പരിപാടിയിലെ ആദ്യ സെഷനില്‍ ധന്യ ഭാസ്‌ക്കരന്‍ ഐക്യുവിനെ കുറിച്ചാണ് സംസാരിച്ചത്. ഐക്യൂ കണ്ടെത്തുക എന്നത് പൂര്‍ണ്ണമായും ശാസ്ത്രീയമല്ലെന്നും ഐക്യൂവിന് അനുസരിച്ചല്ല കുട്ടികളുടെ കഴിവുകള്‍ എന്നും അവര്‍ ചൂണ്ടിക്കാട്ടി. ഓരോ കുട്ടികളും മള്‍ട്ടിപ്പിള്‍ ജീനിയസുകളാണ്. ഐക്യൂവിന്റെ അടിസ്ഥാനത്തില്‍ കുട്ടികളെ വിലയിരുത്താന്‍ കഴിയില്ല.അമേരിക്കയില്‍ ഐക്യൂ കുറവുള്ള ഇണകളുടെ കുട്ടികളെ പണ്ട് അബോര്‍ഷന്‍ ചെയ്യിപ്പിക്കുമായിരുന്നെന്നും ധന്യ കൂട്ടിച്ചേര്‍ത്തു. ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായം കുട്ടികളുടെ സമഗ്ര വികസനത്തിന് അപര്യാപ്തമാണെന്നും അവര്‍ നിരീക്ഷിച്ചു.

അതേസമയം പരിപാടിയുടെ ശ്രദ്ധേയമായ ഭാഗം ‘നിര്‍മതം’ എന്ന സെഷനാണ്. ജാമിദ ടീച്ചര്‍, അയൂബ് പി.എം, മുന്‍ ക്രൈസ്തവ പുരോഹിതനായ മാണി പറമ്പത്ത് എന്നിവര്‍ പങ്കെടുത്ത പരിപാടിയില്‍ ഷിബു ഈരിക്കലായിരുന്നു മോഡറേറ്റര്‍. ‘മതരഹിതമായ ഒരു ലോകം സാധ്യമാണോ’ എന്നതായിരുന്നു സംവാദ വിഷയം. ഇന്ത്യ പോലുള്ള രാജ്യത്ത് പൗരത്വ ബില്ലിനെക്കുറിച്ചുള്ള ആശങ്കകള്‍ ഉയരുന്ന സമയത്ത്, പൂര്‍ണ്ണമായും ഒരു മത രാഷ്ട്രമാവാന്‍ കഴിയില്ലെന്ന് പി എം, അയൂബ് ചൂണ്ടിക്കാട്ടി. കാരണം മതരാഷ്ട്രമാവണമെങ്കില്‍ നമ്മള്‍ വര്‍ഷങ്ങളോളം പിന്നോട്ട് പോകണം. ആധുനിക സമൂഹത്തിന്റെയും സമ്പത്തിന്റെയും അഭിവൃദ്ധിയുടെയും എല്ലാം കാതല്‍ ജനാധിപത്യമാണ്. അതുകൊണ്ടെല്ലാം തന്നെ ഒരു രാഷ്ട്രവും മതരാഷ്ട്രമാവാന്‍ ആഗ്രഹിക്കുന്നില്ലെന്നും അയൂബ് വാദിച്ചു.

you may also like this video;


ചെറുപ്പത്തിലെ തന്നെ മുസ്ലീം കുട്ടികളുടെ ഇടയിലും, പിന്നീട് മദ്രസയിലും, ദറസിലുമെല്ലാമായി മതം അടിച്ചേല്‍പ്പിക്കുന്നതാണ് അതിങ്ങനെ പ്രചരിക്കാനുള്ള കാരണമെന്ന് ജാമിദ ടീച്ചര്‍ പറഞ്ഞു. ഇങ്ങനെ ശക്തമായി അടിച്ചേല്‍പ്പിക്കപ്പെടുന്ന മതത്തില്‍ നിന്ന് പിന്നീട് അവര്‍ക്ക് മോചനം ഉണ്ടാവില്ല. യുക്തിയുടെയും ശാസ്ത്രബോധത്തിന്റെയും മേഖലകളെ അടിച്ച് ഒതുക്കി കളയുകയാണ് മതം ചെയ്യുന്നത്. ഇതിന് പരിഹാരമായി നമ്മള്‍ വീട്ടില്‍ യുക്തിബോധവും ശാസ്ത്രബോധവും വളര്‍ത്താനുള്ള പരിശീലനം രക്ഷിതാക്കള്‍ക്ക് കൊടുക്കുകയാണ് വേണ്ടത്. കുട്ടികളിലേക്ക് സ്വന്തം വിശ്വാസം അടിച്ചേല്‍പ്പിക്കുന്നതിന് പകരം കുട്ടികളെ ചിന്തിക്കാന്‍ പഠിപ്പിക്കുകയാണ് വേണ്ടത്. പുതിയ തലമുറ ഖുറാനൊന്നും കൊടുത്താല്‍ വായിക്കുകപോലുമില്ല. അവര്‍ക്ക് മതഗ്രന്ഥങ്ങളോടൊന്നും ആഭിമുഖ്യമില്ല. ഇത്തരം മതഗ്രന്ഥങ്ങളെക്കാള്‍ അവര്‍ക്ക് താല്‍പര്യം ഡോക്യുമെന്ററികളോ, സിനിമകളോ ആണെന്നാണ് ജാമിദ ടീച്ചറുടെ അഭിപ്രായം. കാലം മാറുമെന്നും ഇന്ത്യയും ഒരു മതരഹിത സമൂഹമാവുന്ന കാലം വിദൂരമല്ലെന്നുമാണ് ജാമിദ ടീച്ചറുടെ പ്രവചനം.

അതേസമയം ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൂരതകള്‍ കാണിച്ചത് മതവും ദൈവവും തന്നെയാണെന്നാണ് മുന്‍ പുരോഹിതന്‍ മാണി പറമ്പത്ത് പറഞ്ഞത്. ‘യൂറോപ്യന്‍ രാജ്യങ്ങളിലെല്ലാം ഉയര്‍ന്ന് വന്നിട്ടുള്ള മതരഹിത സമൂഹങ്ങള്‍ എന്ന് പറയുന്നത് ഈ ക്രൂരതകള്‍ക്ക് എതിരായുള്ള ഒരു പ്രചാരണമായിരുന്നു. അവിടെയെല്ലാം സമൂഹങ്ങളില്‍ മതത്തിന് യാതൊരു വിലയുമില്ല. അങ്ങനെ ഒന്ന് ഇന്ത്യയില്‍ സാധ്യമാവാത്തത് ചെറുപ്പം മുതലുള്ള മതത്തിന്റെ ഒരു പിടികൊണ്ടാണ്. അതുകൊണ്ട് തന്നെ മതമാണ് സമൂഹത്തിലെ ഏറ്റവും വലിയ ക്രൂരത. ആ മതത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള സംവിധാനങ്ങള്‍ ചെറുപ്പം മുതലേ ശീലിക്കണം. ഇന്ത്യയിലെ മതേതരത്വം കപടമാണ്. ഇവിടെയുളളത് മതസൗഹാര്‍ദമാണ്. മതേതരത്വം എന്ന് പറഞ്ഞാല്‍ ഒരുമതത്തെയും രാഷ്ട്ര ശരീരത്തിലേക്ക് ഇടപെടാന്‍ സമ്മതിക്കാതിരിക്കുക എന്നതാണ്.

you may also like this video;

എന്നാല്‍ ഇവിടെ നടക്കുന്നത് ഒരു സംഭവം ഉണ്ടായാല്‍ ഒരു പള്ളീലച്ചനും, മൗലവിയും, പൂജാരിയും ചേര്‍ന്ന് നില്‍ക്കുന്ന ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റിടും. ഇതൊരു വ്യാജസംഭവമാണ്. മതേതരത്വം എന്ന് പറഞ്ഞാല്‍ മതത്തിന് പരിഗണന കൊടുക്കാതെയിരിക്കുകയാണ്. നമ്മുടെ നാട്ടില്‍ നടക്കുന്നത് മത സൗഹാര്‍ദമാണ്. അതുകൊണ്ടാണ് ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ മതത്തിന് ഇത്ര പ്രാധാന്യം ലഭിക്കുന്നതെന്നും മാണി പറമ്പത്ത് പറഞ്ഞു. സംവാദശേഷം അംഗങ്ങളിമായ സംവാദവുമുണ്ടായിരുന്നു. മതരഹിത സമൂഹത്തില്‍ ജീവിക്കുമ്പോള്‍ നമ്മള്‍ ഒറ്റപ്പെട്ട് പോവില്ലേ? കുട്ടികള്‍ക്ക് എന്ത് പേരിടും എന്നെല്ലാമായിരുന്നു ഒട്ടുമിക്കവരുടെയും സംശയം. എന്ത് പേരിടും എന്നതില്‍ പ്രാധാന്യം ഒന്നുമില്ലെന്നും നമ്മുടെ ചിന്താഗതി മാറുക എന്നതാണ് പ്രധാനമെന്നാണ് പാനലിലുള്ളവരുടെ മറുപടി.

എസ്സന്‍ഷ്യയിലെ ഏറ്റവും ശ്രദ്ധേമായ മറ്റൊരു സെഷന്‍ മാസ്റ്റര്‍ മൈന്‍ഡ് ക്വിസ് മല്‍സരം ആയിരുന്നു. ഡോ വൈശാഖന്‍ തമ്പിയുടെ നേതൃത്വത്തില്‍ നടന്ന ലൈവ് ക്വിസ് അറിവിന്റെ പുതിയ മേഖലകളാണ് സമ്മാനിച്ചത്. കാളപെറ്റാല്‍ കയര്‍ എടുക്കുന്ന സമൂഹത്തിന്റെ മനശാസ്ത്രത്തെക്കുറിച്ച് പ്രതിപാദിക്കുന്ന സി രവിചന്ദ്രന്റെ ‘കാളയും കയറും’ എന്ന പ്രഭാഷണത്തോടെയാണ് പരിപാടി സമാപിച്ചത്.

Eng­lish Sum­ma­ry: Essen­tia con­cludes by pre­sent­ing new areas of knowl­edge.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.