Web Desk

December 27, 2019, 5:50 pm

ശാസ്ത്ര‑സ്വതന്ത്രചിന്താ സെമിനാറായ എസ്സ്യൻഷ്യയ്ക്ക് ഒരുങ്ങി കൊച്ചി

Janayugom Online

കോഴിക്കോട്: ‘ഫ്രീഡം ഇസ് മൈ റിലീജിയൻ’ എന്ന മുദ്രാവാക്യം ഉയർത്തി, എസ്സൻസ് ക്ലബ് എന്ന ശാസ്ത്ര ‑സ്വതന്ത്രചിന്താ പ്രസ്ഥാനത്തിന്റെ വാർഷിക സമ്മേളനമായ ‘എസ്സൻഷ്യ‑19’ ന് കൊച്ചി ഒരുങ്ങി. ഡിസംബർ 31 എറണാകുളം ടൗൺഹാളിൽ രാവിലെ 9 മണിമുതൽ രാത്രി 8 മണിവരെ നടക്കുന്ന ‘എസ്സൻഷ്യ’ ഉള്ളടക്കം കൊണ്ടും പങ്കാളിത്തം കൊണ്ടും കേരളത്തിലെ ഏറ്റവും വലിയ ശാസ്ത്ര- സ്വതന്ത്രചിന്താ സെമിനാർ ആവുകയാണ്.

മതത്തെ എതിർക്കേണ്ടതില്ല, പൗരോഹിത്യത്തെ മാത്രം എതിർത്താൽ മതിയെന്ന് കേരളത്തിൽ നന്നായി പ്രചരിപ്പിക്കുന്ന പൊതുബോധത്തെ എതിർത്തുകൊണ്ടാണ് എസ്സൻസ് തങ്ങളുടെ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകുന്നത്. മതവും മതാധിഷിഠിത യുക്തിയും തന്നെയാണ്, മനുഷ്യസമൂഹത്തെ പിറകോട്ട് അടുപ്പിക്കുന്നതെന്നും, ആധുനികതക്കും, നാഗരികതയ്ക്കും ഏറ്റവും കൂടുതൽ വിലങ്ങ് നിൽക്കുന്നതെന്നും സ്വതന്ത്ര ചിന്തകർ ചൂണ്ടിക്കാട്ടുന്നു. ‘പാരതന്ത്ര്യത്തിന്റെയും വിലക്കുകളുടെയും കേന്ദ്രമാണ് മതങ്ങൾ. മിക്കവാറും എല്ലാ മതങ്ങളും സ്ത്രീ വിരുദ്ധമാണ് താനും. ഈ സാഹചര്യത്തിൽ ജനാധിപത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും വിശാലമായ അർഥം ബോധ്യപ്പെടണമെങ്കിൽ നിങ്ങൾ മതത്തിൽ നിന്ന് പുറത്തു കടക്കണം. മറ്റൊരു രീതിയിൽ പറഞ്ഞാൽ സ്വാതന്ത്ര്യമാണ് നമ്മുടെ ‘മതം’. ഈ അർഥത്തിലാണ് ഫ്രീഡം ഈസ് മൈ റിലീജയൻ എന്ന മുദ്രാവാക്യം പരിപാടിക്ക് ഉപയോഗിക്കുന്നത്’- എസ്സൻസ് ഗ്ലോബൽ പ്രസിഡന്റ് ശ്രീലേഖ ചന്ദ്രശേഖർ പറയുന്നു.

you may also like this video;

‘പലരും തെറ്റിദ്ധരിക്കുന്ന പോലെ വിശ്വാസികൾക്ക് എതിരല്ല യുക്തിവാദവും സ്വതന്ത്ര ചിന്തയും. അത് വിശ്വാസികൾക്ക് വേണ്ടിയാണ്. വിശ്വാസികളെ മതത്തിന്റെ ഇരകൾ മാത്രമായാണ് സ്വതന്ത്രചിന്തകർ കാണുന്നത്’- എഴുത്തുകാരനും ശാസ്ത്ര പ്രചാരകനുമായ ഡോ വൈശാഖൻ തമ്പി ചൂണ്ടിക്കാട്ടുന്നു. മതം മാത്രമല്ല മതേതര അന്ധവിശ്വാസങ്ങളെയും എതിർക്കാനും എസ്സൻസ് ശ്രമിച്ചിട്ടുണ്ട്.

വ്യക്തിസ്വാതന്ത്ര്യം തന്നെയാണ് ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങൾ എന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടാണ് ഈമാസം 31ന് എറണാകുളം ടൗൺ ഹാളിൽ സ്വതന്ത്രചിന്തകർ ഒത്തുചേരുന്നത്. പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനും സി രവിചന്ദ്രൻ അടക്കം 25ലധികം പ്രഭാഷകർ ആണ് എസ്സൻഷ്യയിൽ പങ്കെടുക്കുന്നത്. ജാമിദ ടീച്ചർ, ഡോ കെ. എം ശ്രീകുമാർ, ധന്യ ഭാസ്കർ, ചന്ദ്രശേഖർ രമേഷ്, ഡോ രാഗേഷ്, ഡോ പ്രവീൺ ഗോപിനാഥ്, ഡോ സാബുജോസ്, മാവൂരാൻ നാസർ എന്നിവരടക്കം പ്രമുഖരായ ശാസ്ത്ര- സ്വതന്ത്രചിന്താ പ്രചാരകർ ഒക്കെയും ഇവിടെ പങ്കെടുക്കുന്നുണ്ട്. രാവിലെ 11 മണിക്ക് മതരഹിതരുടെ നിലപാടുകളും പ്രശ്നങ്ങളും ചർച്ച ചെയ്യുന്ന ‘നിർമതം19’ എന്ന പൊതു സമ്പർക്ക പരിപാടിയായിരിക്കും ഈ വർഷത്തെ ഹൈലൈറ്റ്. ജാമിത ടീച്ചർ, അയൂബ് പി. എം, മുൻ ക്രൈസ്തവ പുരോഹിതനായ മാണി എന്നിവർക്കൊപ്പം മോഡറേറ്ററായി ഷിബു ഈരിക്കലും പങ്കെടുക്കുന്നു.

you may also like this video;

മാസ്റ്റർ മൈൻഡ് ക്വിസ്

essentia’19 ലെ സുപ്രധാന പരിപാടിയാണ് എസ്സൻസ് മാസ്റ്റർ മൈൻഡ് ക്വിസ്. ഈ പരിപാടിയുടെ പ്രാഥമിക മത്സരങ്ങൾ തിരുവനന്തപുരം, ആലപ്പുഴ, കണ്ണൂർ എന്നിവിടങ്ങളിലും കേരളത്തിന് പുറത്തുള്ളവർക്ക് ഓൺലെൻ ആയും നടന്നു കഴിഞ്ഞു. പ്രാഥമിക മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്നവർ ഓരോ ടീമായി 2019 ഡിസംബർ 31 ന് എസ്സൻഷ്യക്ക് ഉച്ചയ്ക്കുശേഷം 3 മണിക്ക് നടക്കുന്ന ഫൈനൽ മത്സരത്തിൽ പങ്കെടുക്കും. ഇതിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് 50000 രൂപയും രണ്ടാം സ്ഥാനം നേടുന്നവർക്ക് 20000 രൂപയും മൂന്നാം സ്ഥാനം നേടുന്നവർക്ക് 10000 രൂപയും സമ്മാനമായി ലഭിക്കും. കേരളത്തിൽ തന്നെ ഏറ്റവും കൂടുതൽ പ്രൈസ് മണി ലഭിക്കുന്ന ക്വിസ് മൽസരങ്ങളിൽ ഒന്നാണിത്.

2019–20 അദ്ധ്യയനവർഷത്തിൽ 7 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് MaesSENS­Es­ter­mind Quiz’19 ൽ പങ്കെടുക്കുന്നത്. ക്വിസ് പ്രോഗ്രാമിൽ പങ്കെടുക്കുന്നതിന് രജിസ്ട്രേഷൻ ഫീസ് ഇല്ല. പ്രശസ്ത ശാസ്ത്ര പ്രചാരകരും എഴുത്തുകാരുമായ ഡോ. വൈശാഖൻ തമ്പി, ഡോ. പ്രവീൺ ഗോപിനാഥ്, അനുപമ രാധാകൃഷ്ണൻ എന്നിവരാണ് ക്വിസ് മൽസരം നയിക്കുന്നത്.

you may also like this video;