യുക്തിചിന്തയും ശാസ്ത്രബോധവും വളർത്തുന്ന വിദ്യാഭ്യാസ സമ്പ്രദായമാണ് വേണ്ടതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ആലപ്പുഴയിൽ എകെഎസ്ടിയു സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുയായിരുന്നു അദ്ദേഹം.
കെട്ടുകഥകൾ പ്രചരിപ്പിക്കുന്ന തരത്തിലേയ്ക്ക് വിദ്യാഭ്യാസ സമ്പ്രദായത്തെ മാറ്റുവാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. ഇതോടെ യുക്തിഭദ്രതയും പുരോഗമന ചിന്തയും ഇല്ലാതാകും.
മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നിർണ്ണയിക്കുന്ന തലത്തിലേയ്ക്ക് രാജ്യം മാറുന്നു. മതേതരത്വം സംരക്ഷിക്കുന്ന വിദ്യാഭ്യാസ സമ്പ്രദായം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാഭ്യാസ മേഖലയിൽ ഏറെ പ്രതിബദ്ധതയോടെയാണ് എൽഡിഎഫ് സർക്കാർ പ്രവർത്തിക്കുന്നത്. ആഗോളവൽക്കരണത്തിന്റെ തള്ളിക്കയറ്റം കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിലും സ്വകാര്യവൽക്കരണത്തിന് കാരണമായി. എന്നാൽ പൊതുവിദ്യാഭ്യാസം സംരക്ഷിക്കുന്നതിൽ ഏറെ മുന്നോട്ട് പോകാൻ കേരളത്തിനായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദ്യാഭ്യാസമേഖലയെ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിനുള്ള എൽഡിഎഫ് സർക്കാരിന്റെ ശ്രമങ്ങൾ മുന്നോട്ടുപോയിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കാൾ പൊതുവിദ്യാലയങ്ങളെ ആശ്രയിക്കുന്നവരുടെ എണ്ണം സംസ്ഥാനത്ത് വളരെയധികം വർധിച്ചിട്ടുണ്ട്. സർക്കാരിന്റെ ഇച്ഛാശക്തിയോടെയുള്ള നിലപാടുകൾക്കൊപ്പം അധ്യാപക സംഘടനകളുടെയും രക്ഷാ കർത്താക്കളുടെയും പങ്കാളിത്തത്തോടെ കൈവരിക്കാൻ സാധിച്ച ഈ നേട്ടം നിലനിർത്താൻ സാധിക്കേണ്ടതുണ്ട്. അതിന് അധ്യാപക സംഘടനകൾക്ക് സുപ്രധാനമായ പങ്ക് വഹിക്കാനുണ്ടെന്നും കാനം ചൂണ്ടിക്കാട്ടി. ഉദ്ഘാടന സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് ഒ കെ ജയകൃഷ്ണൻ അധ്യക്ഷനായി. സമ്മേളനത്തിന്റെ ഭാഗമായി നടന്ന വിദ്യാഭ്യാസ സമ്മേളനം വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥും യാത്രയയപ്പ് സമ്മേളനം റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനും ഉദ്ഘാടനം ചെയ്തു.
English summary: Essential to a science-conscious education system: Kanam
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.