Friday 6, August 2021
Follow Us
EDITORIAL Janayugom E-Paper
Web Desk

കൊച്ചി

March 05, 2021, 3:35 pm

ബിലീവേഴ്സ് ചര്‍ച്ചിന്റെ ചെറുവള്ളി എസ്റ്റേറ്റ് കണ്ടു കെട്ടി

Janayugom Online

ശബരിമല വിമാനത്താവള പദ്ധതി പ്രദേശമായ ചെറുവള്ളി എസ്റ്റേറ്റ് കേന്ദ്ര ആദായ നികുതി വകുപ്പ് താല്‍കാലികമായി കണ്ടു കെട്ടി. ബിലീവേഴ്‌സ് ചര്‍ച്ചിന്റെ അധീനതയിലാണ് ഈ സ്ഥലം.താല്‍കാലികമായി കണ്ടു കെട്ടിയത് രണ്ടായിരത്തോളം ഏക്കര്‍ ഭൂമി. ബിലീവേഴ്‌സ് ചര്‍ച്ചിനെതിരായ നികുതി കേസിലാണ് കണ്ടു കെട്ടല്‍. നികുതി അടച്ചില്ലെങ്കില്‍ വസ്തു നഷ്ടമാകും. അഞ്ഞൂറു കോടിയുടെ ഫെമാ കേസാണ് ഇതിന് കാരണം.

നഷ്ടപരിഹാരത്തുക കോടതിയില്‍ കെട്ടിവെച്ച്‌ ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിലെ വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കിയ സംഭവത്തില്‍ ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച്‌ സേവ് ഫോറം സുപ്രീം കോടതിയില്‍ തടസ്സഹര്‍ജി നല്‍കിയിരുന്നു. ഹൈക്കോടതി ഉത്തരവിനെതിരേ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയാല്‍ തങ്ങളുടെ ഭാഗം കൂടി കേള്‍ക്കണമെന്നാശ്യപ്പെട്ടാണ് തടസ്സഹര്‍ജി ഫയല്‍ ചെയ്തത്. ഇതിനിടെയാണ് നിര്‍ണ്ണായക നീക്കം ആദായ നികുതി വകുപ്പ് നടത്തിയത്.

ശബരിമല വിമാനത്താവള നിര്‍മ്മാണത്തിന് ചെറുവള്ളി എസ്റ്റേറ്റ് എറ്റെടുക്കാനുള്ള നടപടികളുമായി സംസ്ഥാന സര്‍ക്കാരിന് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഏറ്റെടുക്കല്‍ നടപടികള്‍ക്ക് ഏര്‍പ്പെടുത്തിയ സ്റ്റേ കോടതി നീക്കി, ഭൂമി ഏറ്റെടുക്കുന്നതിന് കലക്ടര്‍ ഇറക്കിയ ഉത്തരവിനെതിരെ കൈവശക്കാരായ അയന ചാരിറ്റബിള്‍ ട്രസ്റ്റ് സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കോടതി ഇടപെടല്‍. . ഇതിനിടെയാണ് ഈ ഭൂമി തന്നെ ആദായ നികുതി വകുപ്പ് കണ്ടുകെട്ടുന്നത്

ജൂണില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലായിരുന്നു ശബരിമലയില്‍ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളവുമായി മുന്നോട്ടു പോകുന്നതിനായി സര്‍ക്കാര്‍ തീരുമാനിച്ചത്. ആകെ 2263.13 ഏക്കര്‍ ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കുന്നത്. 2013‑ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരമാണ് എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോയത്. ശബരിമല തീര്‍ത്ഥാടകര്‍ക്കുള്ള വിമാനത്താവളം കോട്ടയം ജില്ലയിലെ ചെറുവള്ളി എസ്റ്റേറ്റില്‍ സ്ഥാപിക്കുന്നതിന് 2017 ലാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. അന്നത്തെ അഡീ.ചീഫ് സെക്രട്ടറി പിഎച്ച്കുര്യന്‍ അധ്യക്ഷനായ സമിതിയുടെ തീരുമാനം സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. ഈ പദ്ധതിക്കാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം വിനയാകുന്നത്.

ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ചിന്റെ വിവിധ സ്ഥാപനങ്ങളില്‍ ആദായനികുതി വകുപ്പ് അഞ്ച് ദിവസമായി നടത്തിയ പരിശോധനയില്‍ സാമ്പത്തീക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകള്‍ തുടര്‍പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. നേരിട്ടുള്ള പരിശോധന പൂര്‍ത്തിയായെങ്കിലും രേഖകളുടെ വിശദപരിശോധന തുടരുമെന്നും ഇതിനു രണ്ട് മാസത്തോളമെടുക്കുമെന്നും ഉദ്യോഗസ്ഥര്‍ സഭാനേതൃത്വത്തെ അറിയിച്ചു. 350 കോടി രൂപയുടെ ക്രമവിരുദ്ധ ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ കണ്ടെത്തിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്. നിരോധിത നോട്ടുകള്‍ ഉള്‍പ്പെടെ 15 കോടി രൂപയുടെ കറന്‍സി വിവിധ സ്ഥലങ്ങളില്‍ നിന്നു കണ്ടെടുത്തു.

3.85 കോടിയുടെ കറന്‍സി ഡല്‍ഹിയിലെ ആരാധനാകേന്ദ്രത്തില്‍ നിന്നാണു ലഭിച്ചത്. കേരളം, തമിഴ്‌നാട്, ബംഗാള്‍, കര്‍ണാടക, പഞ്ചാബ്, തെലങ്കാന, ചണ്ഡിഗഡ് എന്നിവിടങ്ങളിലെ 66 കേന്ദ്രങ്ങളിലായിരുന്നു പരിശോധന. ഹവാല വഴി പണം കടത്താന്‍ സഹായിച്ച ചിലരുടെ സ്ഥാപനങ്ങളിലും പരിശോധന നടത്തി. വില്‍പനക്കരാറുകളും സഭയുടെ പ്രധാന ചുമതലക്കാരുടെ മൊബൈല്‍ ഫോണുകളും പരിശോധനയ്ക്കായി പിടിച്ചെടുത്തു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ വിദേശത്തുനിന്നു സ്വീകരിച്ച സംഭാവനകള്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ക്കു വിനിയോഗിച്ചതിനു തെളിവു ലഭിച്ചതായി ആദായ നികുതി വകുപ്പിന്റെ വാര്‍ത്തക്കുറിപ്പില്‍ പറയുന്നു. സഭയുടെ കീഴില്‍ 30 ട്രസ്റ്റുകള്‍ രാജ്യത്തു പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും പലതും കടലാസ് സംഘടനകളാണെന്ന് വകുപ്പു കരുതുന്നു.

വിദേശ സംഭാവന നിയന്ത്രണ നിയമപ്രകാരമുള്ള ലൈസന്‍സ് ബിലീവേഴ്സ് ചര്‍ച്ചിനു പുതുക്കി നല്‍കിയിട്ടില്ല. അതുകൊണ്ട് വിദേശത്തുനിന്നു സംഭാവന സ്വീകരിക്കാന്‍ നിയമപരമായ തടസ്സവും ഉണ്ട്. ഇതിനൊപ്പം സ്വത്തുക്കള്‍ മരവിപ്പിക്കുക കൂടി ചെയ്യുന്നത് സഭയെ വലിയ പ്രതിസന്ധിയിലാക്കും. ക്രമക്കേടിന്റെ പേരില്‍ എല്ലാ സ്വത്തും ഏറ്റെടുക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ 6000 കോടി രൂപ വിദേശത്ത് നിന്ന് ലഭിച്ചുവെന്നും, കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ലഭിച്ച ഈ തുക ഉപയോഗിച്ച്‌ അനധികൃതമായി സ്വത്തുക്കള്‍ വാങ്ങിക്കൂട്ടിയെന്നും റെയ്ഡില്‍ കണ്ടെത്തിയിരുന്നു.

Eng­lish sum­ma­ry: Cheru­val­ly estate been tem­porar­i­ly closed
You may also like this video: