പള്ളിച്ചൽ രാജമോഹനൻ

October 10, 2021, 5:37 am

നിത്യവസന്തം

Janayugom Online

“കാർത്തിക് ഞാൻ പറഞ്ഞതൊന്നും തമാശയല്ല. ”

“നിത്യാ… നീ ഇത് എത്രാമത്തെ പ്രാവശ്യമാണ് എന്നോട് പറയുന്നത്. എന്റെ അമ്മയെക്കുറിച്ച് അറിയാത്തതുകൊണ്ടാണ് നീ ഇങ്ങനെ ആവർത്തിക്കുന്നത്. ”

“അങ്ങനെയല്ല കാർത്തിക്. എന്റെ ഇപ്പോഴത്തെ സാഹചര്യം അതാണ്. നീ അത് ആദ്യം മനസ്സിലാക്ക്. ”

മ്യൂസിയത്തിലെ ഒഴിഞ്ഞ പാർക്കിൽ ബോഗൻവില്ലയുടെ ചുവട്ടിലായി അവന്റെ മടിയിൽ തലചായ്ച്ചു കിടന്ന അവളുടെ തലയിൽ തലോടി കാർത്തിക് പറഞ്ഞു.

“അതൊന്നും സാരമില്ല. ഇന്നലത്തെ കാര്യം ഞാൻ പറഞ്ഞില്ലല്ലോ? പെങ്ങളെ കാണാൻ ഒരു കൂട്ടർ വന്നിരുന്നു. അഞ്ചക്ക ശമ്പളം, സുമുഖൻ. പെങ്ങൾക്കും അയാളെ നന്നായി ബോധ്യപ്പെട്ടു. ”

അയാളോടൊപ്പം വന്ന കാരണവരുടെ മുഖത്തു നോക്കി അമ്മ പറഞ്ഞതെന്താണന്നറിയാമോ?

“വിൽക്കാനിവിടെ ചരക്കില്ല. അവൾ എന്റെ മോളാ… അവളെ ഞാൻ വിൽക്കാൻ ഉദ്ദേശിക്കുന്നില്ല. ”

ക്ഷോഭം അടങ്ങി മനസ്സ് ശാന്തമായപ്പോൾ അമ്മ എന്നോടു പറഞ്ഞു.

“അവളുടെ മനസ്സ് വിഷമിച്ചിട്ടുണ്ടാകും എന്നെനിക്ക് അറിയാം. അവർ ചോദിച്ചതിന്റെ പത്തു മടങ്ങ് കൊടുക്കാനുള്ള ശേഷി ഇപ്പോൾ നമുക്കുണ്ട്… പക്ഷെ സ്ത്രീധനം എന്ന വാക്കുമായി ആരും ഈ പടികടന്നു വരരുത്. നിന്റെ കാര്യത്തിലായാലും അത് അങ്ങനെ തന്നെയായിരിക്കണം. ”

“എനിക്ക് അഭിമാനമേയുള്ളു എന്റെ അമ്മയെക്കുറിച്ച്. ഇതുകേട്ടപ്പോൾ നിനക്ക് എന്തു തോന്നുന്നു. ”

“കാർത്തിക് അതല്ല… ”

അവൾ സംസാരിക്കാൻ തുടങ്ങിയ സമയം അവന്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകളെ കവർന്ന് വാക്കുകൾ വികൃതമായി.

നിത്യ എച്ച് എസ് എ റാങ്ക് ലിസ്റ്റിൽ മൂന്നാം റാങ്കുകാരിയാണ്. മാർക്കറ്റിൽ ഇറച്ചിവെട്ടിയാണ് ആകുലതയുടെ നാളുകൾ അവൾ തള്ളിനീക്കുന്നത്.

കാർത്തിക്കിന്റെ ചുണ്ടുകൾ നിമിഷനേരത്തെ വിശ്രമത്തിനായി അടർന്ന നിമിഷം അവൾ ചോദിച്ചു.

“ഏറിയാൽ ഒരു മാസം. അതിനുള്ളിൽ എനിക്കു ജോലി കിട്ടും. അതിനുശേഷം പോരേ ഈ പെണ്ണുകാണൽ. ”

“പോരാ.. അതിനുശേഷമാണ് നിന്നെ വിവാഹം കഴിക്കുന്നതെങ്കിൽ അമ്മ ചിന്തിക്കും നിന്റെ ജോലികണ്ടാവും ഞാൻ നിന്നെ കൂടെ കൂട്ടിയതെന്ന്. ”

സായാഹ്ന സവാരിക്കായി അവരുടെ മുമ്പിലൂടെ ഒന്നുരണ്ടുപേർ നടന്നുപോയി.

അവൾ വീണ്ടും എന്തോ പറയാനായി ആരംഭിച്ചപ്പോൾ ദാഹാർദ്രമായ അവന്റെ ചുണ്ടുകൾ വീണ്ടും അവളുടെ വാക്കുകളെ മുറിച്ചു.

അവനെ തള്ളി മാറ്റി അവൾ ഉച്ചത്തിൽ പറഞ്ഞു.

“എനിക്കെന്തോ വല്ലാത്ത ആശങ്ക തോന്നുന്നു… ”

അവനപ്പോൾ ദേഷ്യം വന്നു.

“നിന്റെ ആശങ്കയ്ക്ക് ഒരു അർത്ഥവുമില്ല. നീ എഴുന്നേൾക്ക് നമുക്ക് വീട്ടിൽ പോകാം. ഇനി സംസാരിച്ചാൽ ശരിയാകില്ല. ”

“അല്ല കാർത്തിക് ഞാൻ… എന്റെ… ”

അവളുടെ വാക്കുകൾ മുഴുവൻ കേൾക്കാൻ നിൽക്കാതെ കാർത്തിക് ബൈക്കിരിക്കുന്ന ഭാഗത്തേയ്ക്കു നടന്നു.

തിരികെ വീട്ടിലേയ്ക്കു പോകുന്ന നേരം സെക്രട്ടറിയേറ്റു നടയിൽ ബൈക്കു നിറുത്തി അകലെയുള്ള സമരപന്തലിലേയ്ക്ക് വിരൽ ചൂണ്ടി അവൻ പറഞ്ഞു.

“ദേ… ആ സമരത്തിന്റെ മുൻ നിരയിൽ രണ്ടാമതു നിൽക്കുന്നതാണ് എന്റെ അമ്മ. എന്റെ പെങ്ങൾക്കോ ബന്ധുക്കൾക്കോ വേണ്ടി മാത്രമല്ല അമ്മയുടെ ഈ സമരം. നിന്നെപ്പോലെയുള്ള ലക്ഷക്കണക്കിനു പെൺകുട്ടികൾക്കും അവരുടെ മാതാ പിതാക്കൾക്കും കുടുംബങ്ങൾക്കും വേണ്ടിയാണ്. ”

കാർത്തിക് പറയുന്നതെല്ലാം നിത്യയ്ക്കു മനസ്സിലാകുന്നുണ്ട് എങ്കിലും ഞായറാഴ്ച അമ്മയോടൊപ്പം വീട്ടിൽ വരും എന്നുള്ള അവന്റെ വാക്കുകൾ അവളുടെ മനസ്സിൽ വല്ലാത്ത ആധി പടർത്തിയിരുന്നു.

അച്ഛനു സംഭവിച്ച ആക്സിഡന്റിനു ശേഷം ഇറച്ചിക്കട അവൾ തനിച്ചാണ് നടത്തിയിരുന്നത്.

കടയിൽ തൂക്കിയിട്ടിരിക്കുന്ന മാംസം മൂർച്ചയേറിയ കത്തികൊണ്ട് അറുത്തുമാറ്റി ചെറു കഷ്ണങ്ങളായി അരിഞ്ഞ്, തൂക്കി നൽകുമ്പോഴും അവളുടെ ചിന്ത ഞായറാഴ്ച എന്ന ദിവസത്തെക്കുറിച്ചായിരുന്നു.

രാത്രി അച്ഛന്റെ അടുത്തിരുന്ന് വിതുമ്പലോടെ വളരെ പതിഞ്ഞ ശബ്ദത്തിൽ അവൾ ചോദിച്ചു.

“കാർത്തിക്കിന്റെ അമ്മയ്ക്ക് എന്നെ ഇഷ്ടമാകും അല്ലേ അച്ഛാ… ”

മൗനമായ് കിടക്കുന്ന അച്ഛനെ നോക്കി അവൾ വീണ്ടും ഏങ്ങി.

“എന്തെങ്കിലും പറയൂ അച്ഛാ… ഞാൻ എന്താണ് ചെയ്യേണ്ടത്. അച്ഛൻ പറയുന്നതുപോലെ അനുസരിക്കാം. ”

ഇരുട്ടിന് കട്ടി കൂടി. അവളുടെ ഏങ്ങലുകൾ ശുഷ്കിച്ച് അവൾ നിശബ്ദനായി കിടക്കുന്ന പിതാവിനോടൊപ്പം ഉറക്കത്തിലേയ്ക്ക് വഴുതിവീണു.

ഞായറാഴ്ചക്കിനി നാലു ദിവസങ്ങൾ. ഓരോ ദിവസവും ഓരാണ്ടിന്റെ ദൈർഘ്യം അവൾക്കനുഭവപ്പെട്ടു.

ഓരോ രാത്രിയിലും അവൾ അച്ഛനോട് പലപ്രാവശ്യം ചോദ്യം ആവർത്തിച്ചു.

നിത്യയുടെ അമ്മ കുട്ടിക്കാലത്തേ മരിച്ചു പോയി. പിന്നെ അവൾക്കു വേണ്ടിയാണ് അച്ഛൻ ജീവിച്ചത്. അച്ഛൻ പലവട്ടം ഉപദേശിച്ചിട്ടും അവളുടെ നിർബന്ധപ്രകാരമാണ് പഠനത്തോടൊപ്പം അച്ഛനെ സഹായിക്കാൻ അവളും ഇറച്ചിക്കടയിൽ കയറിയത്.

തലമുറിച്ചു മാറ്റി, തൊലി ഉരിച്ച് തൂക്കിയിട്ടിരിക്കുന്ന പോത്തിന്റേയും, കാളയുടേയും മാംസഭാഗം അരിഞ്ഞെടുക്കുമ്പോൾ അവൾക്ക് ആദ്യം വിഷമം തോന്നിയിരുന്നു. കാലക്രമേണ പച്ചമാംസത്തിന്റെ ഗന്ധവുമായി അവൾ പൊരുത്തപ്പെട്ടു.

“അച്ഛാ.. ഈ മൗനം വെടിഞ്ഞ് ഇന്നെങ്കിലും മറുപടി തരൂ… അവർ നാളെ ഇങ്ങെത്തും. ”

നിശബ്ദനായ ആ പിതാവിനെ നോക്കി പതിവുപോലെ അന്നും അവൾ തേങ്ങി.

ആ രാത്രി അവൾ ഉറങ്ങിയില്ല. തിരിഞ്ഞും മറിഞ്ഞും കിടന്ന് ചോദ്യങ്ങൾ കൊണ്ടവൾ അച്ഛന് ശല്യപ്പെടുത്തി.

ഞായറാഴ്ച പത്തുമണിയായപ്പോൾ കാർത്തിക്കും, അമ്മയും വന്നു.

ഒന്നരസെന്റ് വസ്തുവിനുള്ളിൽ മറച്ചു കെട്ടിയ വീട്ടിലേയ്ക്ക് തലകുനിച്ചു കയറിയ കാർത്തിക്കിന്റെ അമ്മയുടെ മുഖത്തായിരുന്നു അവളുടെ ശ്രദ്ധമുഴുവൻ.

പുഞ്ചിരി നിറഞ്ഞുനിൽക്കുന്ന അവരുടെ മുഖം കണ്ടപ്പോൾ നിത്യയുടെ ഉള്ളു തണുത്തു. എങ്കിലും ചായ പകർന്നു നൽകിയപ്പോൾ കൈ വിറച്ചു.

ഇടറിയ ശബ്ദത്തിൽ അവരുടെ ചോദ്യത്തിന് മറുപടി നൽകി.

“ഞാനും… അച്ഛനും മാത്രമേയുള്ളു. എനിക്ക് വേറെ ബന്ധുക്കളാരുമില്ല. ”

“അച്ഛൻ…? ”

“അകത്തു കിടക്കുകയാണ്. ആക്സിഡന്റിനു ശേഷം എഴുന്നേറ്റിട്ടില്ല. ”

തുണികൊണ്ടു മറച്ച ചുവരുകൾ കടന്ന് കാർത്തിക്കിന്റെ അമ്മയോടൊപ്പം നിത്യ അച്ഛനരികിലെത്തി.

“അച്ഛാ… അവർ വന്നു. ”

കാർത്തിക്കിന്റെ അമ്മയുടെ മുഖത്തെ പുഞ്ചിരി നഷ്ടപ്പെടുന്നതു കണ്ടു.

മുറിയിലെ ഒരു മൂലയിൽ മണ്ണുകൊണ്ട് കെട്ടി ഒതുക്കി അതിനു മുകളിലായി തുണികൊണ്ട് വിരിച്ചിരിക്കുന്ന ഭാഗം ചൂണ്ടി വിതുമ്പലോടെ അവൾ പറഞ്ഞു.

“അച്ഛനെ അടക്കാൻ എനിക്ക് വേറെ സ്ഥലമില്ലായിരുന്നു. എന്റെ എല്ലാമായിരുന്നു അച്ഛൻ. ഒരു വർഷമായി അച്ഛൻ എന്നെോടൊപ്പം ഇവിടെയാണ് ഉറങ്ങുന്നത്. ”

“തുണികൊണ്ടു മറച്ച ഈ കുടിലിനുള്ളിൽ ഞാൻ പേടിയില്ലാതെ രാത്രി കഴിച്ചുകൂട്ടുന്നതും അതുകൊണ്ടു മാത്രമാണ്. ”

നിത്യയുടെ വാക്കുകളിൽ വിറയൽ അനുഭവപ്പെട്ടു.

“അച്ഛന് സന്തോഷമാകും ഈ വിവാഹം. ”

കാർത്തിക്കിന്റെ അമ്മ മറുപടിയൊന്നും പറഞ്ഞില്ല.

തിരിഞ്ഞു നോക്കാതെ അമ്മയോടൊപ്പം നടന്നകലുന്ന കാർത്തിക്കിനെ അവൾ പലവട്ടം പ്രതീക്ഷയോടു നോക്കി.

ചുറ്റും ഇരുട്ടു പരക്കുന്നതായി അവൾക്കു തോന്നി. കാലുകൾക്ക് ബലക്ഷയം സംഭവിച്ച് ആ കുഴിമാടത്തിനരികിലേയ്ക്ക് അവൾ കുഴഞ്ഞു വീണു.

“പ്രതീക്ഷിച്ചതുപോലെ സംഭവിച്ചു അച്ഛാ… ” അവളുടെ ചുണ്ടുകൾ അപ്പോഴും മന്ത്രിക്കുന്നുണ്ടായിരുന്നു. ക്രമേണ അതും നേർത്ത് പതിവുപോലെ ആ മൺകൂനയെ കെട്ടിപ്പിടിച്ച് അവൾ അച്ഛനോടൊപ്പം കിടന്നു…

തുറവൂർ എച്ച് എസിൽ അദ്ധ്യാപികയായി നിയമനം ലഭിച്ച് ആദ്യത്തെ ശമ്പളവും വാങ്ങി കാർത്തിക്കിന്റെ തോളിൽ തല ചായ്ച്ച് ബസിന്റെ സൈഡ് സീറ്റിൽ ഇരുന്ന് നാട്ടിലേയ്ക്കു വരുന്ന നിത്യയുടെ മനസ്സ് വീണ്ടും പിന്നിലേയ്ക്കു സഞ്ചരിച്ചു.

കാറ്റിലുലയുന്ന അവളുടെ അനുസരണയില്ലാത്ത മുടിയിഴകൾ അപ്പോഴും കാർത്തിക്കിനെ ശല്യം ചെയ്തുകൊണ്ടിരുന്നു.

കാർത്തിക്കിന്റെ അമ്മ വന്നു പോയതിനു ശേഷം ഒരാഴ്ച നിത്യയ്ക്ക് കാർത്തിക്കിനെ കാണാൻ സാധിച്ചില്ല.

അവസാനം രണ്ടും കൽപ്പിച്ചാണ് അവൾ കാർത്തിക്കിന്റെ വീട്ടിലേയ്ക്കു പോയത്.

ഗേറ്റു തുറന്ന് അകത്തു കയറിയ നിത്യയെ കാർത്തിക് മുറിക്കകത്തു നിന്നും കണ്ടു. വിളറിയ അവന്റെ മുഖത്തു നിന്നും നിത്യയ്ക്ക് എല്ലാം മനസ്സിലായിരുന്നു. പക്ഷെ അത് അവനിൽ നിന്നു കേൾക്കണം അതിനായി അവൾ ക്ഷമയോടെ നിലകൊണ്ടു.

കാർത്തിക് അവളെ വിളിച്ച് അവന്റെ റൂമിലേയ്ക്കു കൊണ്ടുപോയി.

അവരുടെ സംസാരം കേട്ടിട്ടാകണം അമ്മ മുറിയിൽ വന്ന് എത്തി നോക്കി ഒന്നും മിണ്ടാതെ തിരികെപ്പോയി.

“നിത്യ നീ ഇവിടെ ഇരിക്ക് ഞാനിപ്പോൾ വരാം. ”

അടുത്ത മുറിയിൽ നിന്നും ഒഴുകിയെത്തുന്ന അമ്മയുടേയും കാർത്തിക്കിന്റെയും വാക്കുകൾ അവളെ വലയം ചെയ്ത് തുറന്നു കിടന്ന ജനാല വഴി പുറത്തേയ്ക്കു പോയി.

“കാർത്തിക് വിവാഹം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് വെറും സാമ്പത്തികം മാത്രമല്ല. നമുക്കു കിട്ടുന്ന ബന്ധു ബലം കൂടിയാണ്. അവൾക്കതിനായി എന്തുണ്ട്… ”

“അമ്മേ പതുക്കെ… ” കാർത്തിക്കിൻറെ ശബ്ദം ശോഷിച്ചിരുന്നു.

അമ്മയുടെ വാക്കുകൾ വീണ്ടും കേട്ടു.

“സ്ത്രീധനം എന്ന വാക്ക് എന്റെ മക്കളുടെ കാര്യത്തിൽ ഉണ്ടാകരുതെന്ന് ഞാൻ ആഗ്രഹിച്ചു. പക്ഷെ കാർത്തിക് ബന്ധുബലമെങ്കിലും നമുക്ക് വേണ്ടേ? ”

“ബന്ധുബലത്തിനു വേണ്ടിയായിരിക്കും അമ്മ ഒറ്റമകളായ ഡോക്ടറേയും, എൻജിനീയറേയും അന്വേഷിച്ച് നാടുനീളെ കഷ്ടപ്പെടുന്നത്. ”

കാർത്തിക്കിന്റെ ശോഷിച്ച ശബ്ദം ഉയർന്നുവരുന്നത് അവളറിഞ്ഞു.

നിത്യയുടെ മനസ്സ് വല്ലാതെ തേങ്ങി. അവൾ ആരുടേയും സമ്മതം വാങ്ങാൻ നിന്നില്ല. മുറിയിൽ നിന്നുമിറങ്ങി നടന്നു. ഗേറ്റുകടക്കാൻ തുടങ്ങിയപ്പോൾ ഒരു തണുത്ത കരസ്പർശം തോളിൽ അനുഭവപ്പെട്ടു.

“വരൂ… ”

കാർത്തിക് അവളേയും കൂട്ടി അമ്മയുടെ മുമ്പിൽ ചെന്നു. അവളെ ചേർത്തു പിടിച്ചുകൊണ്ടു പറഞ്ഞു.

ഇവളാണ് എന്റെ പെണ്ണ്. ഒന്നര സെന്റിൽ ആരോരുമില്ലാതെ ജീവിക്കുന്ന ഇവൾക്കാണ് ഇപ്പോൾ ബന്ധുബലം വേണ്ടത്. അത് നൽകാൻ ഞാൻ തീരുമാനിച്ചു.

“സ്ത്രീധനം എന്ന പേരുപറഞ്ഞ് സെക്രട്ടറിയേറ്റു മുതൽ ഈ നാടുമുഴുവൻ ദുർവ്യായാമം ചെയ്യേണ്ട ആവശ്യമില്ല. ഓരോ അമ്മമാരും മകൾക്കു വേണ്ടിയെടുക്കുന്ന തീരുമാനങ്ങൾ മകന്റെ വിവാഹത്തിലും പാലിക്കാൻ ശ്രമിച്ചാൽ മാത്രം മതി. എന്റെ അമ്മയിൽ നിന്നും ഞാനത് പ്രതീക്ഷിക്കുന്നു. ”

“എനിക്കിപ്പോൾ ഇവളെ സംരക്ഷിച്ചേ മതിയാകൂ… അമ്മയുടെ തീരുമാനങ്ങൾ മകളെപ്പോലെ മരുമക്കൾക്കും ഉള്ളതാകട്ടെ എന്നു ഞാൻ പ്രർത്ഥിക്കുന്നു. ”

കുറച്ചുനേരത്തെ നിശബ്ദതയ്ക്കൊടുവിൽ കാർത്തിക് പറഞ്ഞു.

“അമ്മയുടെ തീരുമാനം എന്തു തന്നെയായാലും ഞാനും, നിത്യയും ഇറങ്ങുകയാണ്. ആ ഒന്നര സെന്റിലേയ്ക്ക്. മരിച്ചിട്ടും മരിക്കാതെ മകളുടെ കാവലാളായി നിലകൊള്ളുന്ന ആ അച്ഛന്റെ സമീപത്തേയ്ക്ക്. മകളെയോർത്ത് ഇനിയെങ്കിലും ആ മനുഷ്യൻ സമാധാനമായി ഉറങ്ങട്ടെ. ”

നിത്യ ദീർഘനിശ്വാസം ഉതിർത്ത് ചുറ്റും നോക്കി.

പറന്നുയർന്ന് കാർത്തിക്കിനെ ശല്യം ചെയ്യുന്ന മുടിയിഴകൾ ഒതുക്കി അവൻറെ കൈ ചേർത്തു പിടിച്ച് കരുതലോടെ അവൾ പറഞ്ഞു.

“എഴുന്നേൽക്ക് സ്ഥലം എത്താറായി. ”

കയറിട്ടു കെട്ടിയ വാതിൽ തുറന്ന് മുറിയ്ക്കുള്ളിൽ കയറിയ നിത്യ അച്ഛന്റെ കുഴിമാടത്തിനരികിൽ ദീർഘനേരമിരുന്നു. ഒലിച്ചിറങ്ങുന്ന കണ്ണുനീർ തുടച്ചുകൊണ്ട് അവൾ മെല്ലെ പറഞ്ഞു.

അച്ഛാ… ഇതാ എന്റെ ആദ്യത്തെ ശമ്പളം. അച്ഛൻ ആഗ്രഹിച്ചതുപോലെ എനിക്കതു സാധിച്ചു. ഞാനിപ്പോൾ തനിച്ചല്ല. എന്നോടൊപ്പം ബന്ധുക്കളായി ആരെല്ലാമോ ഉണ്ടെന്നു തോന്നുന്നു.

ആ സമയം അവളെ തഴുകി തലോടി കടന്നുപോയ കാറ്റിന് അച്ഛന്റെ ഗന്ധം അവൾക്ക് അനുഭവപ്പെട്ടു.