26 March 2024, Tuesday

അഭ്രപാളിയിലെ നിത്യവിസ്മയങ്ങൾ; ചരിത്രം തൊട്ട ചലച്ചിത്രം

ഡോ. പി കെ സബിത്ത്
October 2, 2022 7:10 am

രീക്ഷണ സിനിമകളിലൂടെ മലയാളിയുടേതടക്കം ഭാവുകത്വ പരിണാമത്തെ നിർണയിച്ച ചലച്ചിത്രകാരൻ ഗൊദാർദ് വിടവാങ്ങിയിട്ട് അധിക നാളായിട്ടില്ല. സാംസ്കാരികവും കലാപരവുമായ മുന്നേറ്റങ്ങൾക്ക് എന്നും വലിയ പ്രാധാനം കൊടുത്ത ദേശമാണ് ഫ്രാൻസ്. ഫ്രഞ്ച് നവതരംഗത്തിന്റെ വക്താക്കളിൽ ഒരാളായ ഗൊദാർദിന്റെ ആദ്യത്തെ ചിത്രമാണ് ബ്രത്ത് ലെസ്. 1960 ൽ ഇറങ്ങിയ പ്രഥമ ചിത്രം തന്നെ പരമ്പരാഗതമായ എല്ലാ സിനിമാസങ്കല്പങ്ങളെയും തച്ചുടച്ചു കൊണ്ടാണ് ഗൊദാർദ് അവതരിപ്പിച്ചത്. കഥാവസ്തുവിനെ ഒരു തന്തുവിൽ മാത്രം ഒതുക്കി നിർത്തി കഥയിൽ നിന്നും ഒട്ടും വഴിമാറി പോകാതെയുള്ള ശൈലിയിൽ നിന്നും വ്യതിചലിച്ചുകൊണ്ടുള്ള ആവിഷ്കാരം പ്രേക്ഷകർക്കെല്ലാം പുതുമയായിരുന്നു. ചലച്ചിത്രത്തിന്റെ ഭാഷ ദൃശ്യമാണെന്നും ദൃശ്യങ്ങളുപയോഗിച്ച് കാഴ്ചയുടെതായ വ്യാകരണം സൃഷ്ടിക്കാൻ കഴിയുമെന്നും ബ്രെത്ത് ലെസ് എന്ന ചിത്രം നമ്മെ ബോധ്യപ്പെടുത്തുന്നു. ആധുനിക സിനിമയുടെ ആരംഭദശയായി ഗൊദാർദിന്റെ ബ്രെത്ത് ലെസ് എന്ന ചിത്രത്തെ കാണാൻ സാധിക്കും. കാരണം 1960 കളിൽ ഇറങ്ങിയ ഈ ചിത്രത്തിന്റെ സ്വാധീനം മറ്റ് ഹോളിവുഡ് ചിത്രങ്ങൾക്കെല്ലാം ഉണ്ടായിരുന്നു. ഹോളിവുഡ് സിനിമകളെ മാറ്റങ്ങൾക്ക് വിധേയമാക്കാനും പിന്നീട് അവയെ ഒരു സുവർണകാലഘട്ടത്തിലൂടെ സഞ്ചരിപ്പിക്കുവാനും ബ്രെത്ത് ലെസ് എന്ന ചിത്രത്തിന് സാധിച്ചു എന്നത് സിനിമയുടെ ചരിത്രപരമായ പ്രാധാന്യത്തെയാണ് കാണിക്കുന്നത്.


യഥാതഥമായി അവതരിപ്പിക്കപ്പെടുന്ന ചിത്രങ്ങൾക്കെല്ലാം അതിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് ഒരു നൈസർഗികമായ പശ്ചാത്തലമുണ്ടായിരിക്കും. ബ്രെത്ത് ലെസ് എന്ന ചിത്രത്തിനും ഇത്തരമൊരു സവിശേഷത അവകാശപ്പെടാൻ കഴിയും. ത്രുഫോ കഥയൊരുക്കി സംവിധാനം ചെയ്യാൻ ഉദ്ദേശിച്ച ഒരു കഥാചിത്രമായിരുന്നു ബ്രെത്ത് ലെസ്. എന്നാല്‍ ചിത്രീകരണം പൂർത്തിയാക്കാതെ പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് സഹയാത്രികനായ ഗൊദാർദ് ഇത് ഏറ്റെടുക്കുകയായിരുന്നു. കഹേദു സിനിമയിലെ ക്ലോദ് ഷാബ്രോളിന്റെ സാങ്കേതികമായ ഉപദേശത്തോടെയായിരുന്നു ഗൊദാർദ് സിനിമയുടെ ചിത്രീകരണങ്ങൾ നിർവഹിച്ചത്. ത്രുഫോയ്ക്കായിരുന്നു സിനിമയുടെ നിർമ്മാണ ചുമതല. കൃത്യമായ ഒരു തിരക്കഥ പോലുമില്ലാതെ, ചിത്രീകരണത്തിൽ പോലും നൂതനത്വം പലർത്തിക്കൊണ്ടാണ് ഇവർ സിനിമ നിർമ്മിച്ചത്. സാഹചര്യങ്ങൾക്കനുസരിച്ച് സംഭാഷണങ്ങൾ എഴുതിയുണ്ടാക്കുന്ന രീതി അന്നത്തെ തികച്ചും അപരിചിതമായ ശൈലിയായിരുന്നു. ഫ്രഞ്ച് നവതരംഗ ചിത്രങ്ങളുടെ ലബ്ധ പ്രതിഷ്ഠ നേടിയ സംവിധാന ശൈലിയായി പിൽക്കാലത്ത് ഇത് രൂപപ്പെട്ടു. ഒരു കഥാചിത്രത്തെ വിവിധ വീക്ഷണങ്ങളിൽ അവതരിപ്പിക്കുമ്പോൾ സിനിമ ഹൃദ്യവും വൈകാരികവുമായ അനുഭൂതിയായി മാറുന്നത് കാണാം.

അരാജകവാദിയായ കാർ മോഷ്ടാവ് മൈക്കേൽ പോയ്ക്കാർഡാണ് സിനിമയിലെ നായക കഥാപാത്രം. നിരന്തരമായി പുക വലിച്ചുകൊണ്ട് പ്രത്യക്ഷപ്പെടുന്ന ഈ കഥാപാത്രം പരമ്പരാഗതമായ കാഴ്ചകളെ അപ്രസക്തമാക്കുന്നതായിരുന്നു. നിയമത്തിന്റെ പിടിയിൽ നിന്ന് വളരെ ആസൂത്രിതമായി രക്ഷപ്പെടുന്ന രണ്ട് പ്രണയിനികളുടെ കഥയായിട്ടാണ് ചിത്രം അവതരിപ്പിക്കപ്പെടുന്നത്. ഒരു മോഷണ ശ്രമത്തിനിടയിൽ പിൻതുടർന്നുവന്ന പോലീസിനെ മൈക്കൽ വെടിവെച്ച് കൊല്ലുന്നു. ഈ സംഭത്തെ തുടർന്ന് പോലീസുകാർ മൈക്കിലിനെ പിടികൂടാനായി അന്വേഷണം ആരംഭിക്കുന്നു. പാരീസിൽ ഒളിവുജീവിതം നയിക്കുന്ന അയാൾ തന്റെ അമേരിക്കൻ പെൺ സുഹൃത്തായ പട്രീഷ്യ ഫ്രാൻ ചീനിയോടൊപ്പം കൂടുന്നു. ശേഷം ഇവർ ഒരു അധോലോക ഇടപാടിലൂടെ വലിയ സമ്പത്ത് സ്വരൂപിച്ചതിനു ശേഷം ഇറ്റലിയിലേക്ക് കടക്കാനായി പെൺ സുഹൃത്തിനെ മൈക്കൽ ക്ഷണിക്കുകയാണ്. പക്ഷെ അവൾ തന്ത്രപൂർവം അയാളെ പൊലീസിന് ഒറ്റികൊടുക്കുകയായിരുന്നു. പക്ഷെ ഏറെ ശ്രദ്ധേയമായ ഈ ചിത്രത്തിന്റെ പരിണാമമെന്നത് പൊലീസ് എത്തുന്നതിന് മുമ്പ് പട്രീഷ്യ ഇക്കാര്യം അവനോട് വെളിപ്പെടുത്തുന്നു എന്നതാണ്. ചിത്രത്തിന്റെ അവസാനം പൊലീസിന്റെ വെടിയേറ്റ് വീഴുന്ന മൈക്കിലിനെയാണ് നാം കാണുന്നത്. ജീവിതത്തിന്റെ പല നിഗൂഢതകളിലൂടെയും സഞ്ചരിക്കുന്ന ചിത്രം ഒരിക്കലും സാമൂഹിക അരാജകത്വത്തിലേക്ക് നയിക്കുന്ന കാഴ്ചപ്പാട് സൃഷ്ടിക്കുന്നില്ല.

 

സിനിമയുടെ ദൃശ്യങ്ങളുടെ ചിത്രീകരണത്തിന് ഒരു യഥാത്ഥ ഭാവം സൃഷ്ടിക്കുന്നതിന് വേണ്ടി ആദ്യകാല ക്ലാസിക് ചിത്രങ്ങളുടെ ഒരു മാതൃകയാണ് സ്വീകരിച്ചത്. 1948 ൽ ഇറങ്ങിയ ഇറ്റാലിയൻ ചിത്രമായ ബൈസിക്കിൾ തീവ്സിന്റെ ചിത്രീകരണത്തിൽ പുലർത്തിയ ഒരു ഡോക്യുമെന്റെറി ശൈലി ഇവിടെയും കണ്ടെത്താൻ കഴിയും. കഥാനായകൻ കാറിൽ സഞ്ചരിക്കുമ്പോഴും സുഹൃത്ത് പെട്രീഷ്യയോടൊപ്പം നഗരഹൃദയത്തിലൂടെ സഞ്ചരിക്കുമ്പോഴും ഇക്കാര്യം പ്രേക്ഷകന് നേരിട്ട് ബോധ്യപ്പെടുന്ന വസ്തുതയാണ്. ഒരു തരത്തിലുമുള്ള അതിഭാവുകത്വവുമില്ലാതെ നഗരത്തെ അതിന്റെ സ്വാഭാവികതയോടെയാണ് ഇവിടെ ചിത്രീകരിച്ചിട്ടുള്ളത്.
ഗൊദാർദ് സിനിമകളുടെ തനത് സ്വത്വമായി വാഴ്ത്തപ്പെടുന്ന ജംബ് കട്ട് ശൈലി ആദ്യമായി പരീക്ഷിച്ച് വിജയിച്ച ചിത്രമാണ് ബ്രെത്ത് ലെസ്. സിനിമയിലുടനീളം സംവിധായകൻ ഈ ശൈലി നിരന്തരമായി പ്രയോഗിക്കുന്നു. തുടർച്ചയായ ചലനത്തിനോ സംഭാഷണത്തിനോ വേണ്ടിയുള്ള ബോധപൂർവ്വമായ ഒരു ഇടം സൃഷ്ടിക്കുന്നതിനുപകരം അത്തരം പശ്ചാത്തലത്തെ തന്നെ ചിത്രത്തിൽ നിന്നും ഒഴിവാക്കി ആവശ്യമായതിനെ മാത്രം ഉൾപ്പെടുത്തി. ഇങ്ങനെയൊരു സാങ്കേതികമായ പരിഷ്കാരം രാഷ്ട്രീയത്തെക്കാൾ ഉപരി ഒരു യാദൃച്ഛികതയായിരുന്നുവെന്ന് അന്നത്തെ നിരൂപകർ അഭിപ്രായപ്പെടുന്നു. സിനിമ എക്കാലത്തും ദൃശ്യങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നതു കൊണ്ട് തന്നെ വിരസമായ ദൃശ്യങ്ങളെ ഗൊദാർദ് അതിന്റെ സ്വാഭാവികതയോടെ വെട്ടിമാറ്റി. ഇത് വാസ്ത വത്തിൽ കാഴ്ചയുടെതായ പുതിയ അർത്ഥതലങ്ങളിലേക്ക് പ്രേക്ഷകരെ നയിച്ചു.

ചിത്രത്തിലെ ഗോദാർദിനൊപ്പമുണ്ടായിരുന്ന പ്രധാനഛായാഗ്രാഹകൻ റൗൾ കൗതാർഡ് ആയിരുന്നു, അദ്ദേഹത്തോടൊപ്പം നിരവധി തവണ ഗൊദാർദ് പ്രവർത്തിച്ചിട്ടുണ്ട്. ഇത് കൗ താർഡിന്റെ നാലാമത്തെ സിനിമയാണ്. ഇവിടെ ചിത്രീകരണത്തിനായി അദ്ദേഹം സ്വീകരിച്ച രീതികൾ ഇതിഹാസമായി. ട്രാക്കിംഗ് ഷോട്ടിന് ട്രാക്കുകൾ വാങ്ങാൻ അവർക്ക് കഴിയാതെ വന്നപ്പോൾ, അവൻ ക്യാമറ പിടിച്ച് സ്വയം വീൽചെയറിൽ തള്ളി. റിയലിസ്റ്റിക് ആയി തോന്നാൻ ആഗ്രഹിക്കുന്ന മറ്റ് പല ഫിക്ഷൻ സിനിമകളെയും സ്വാധീനിക്കുന്ന തരത്തിൽ അദ്ദേഹം ചിത്രത്തിൽ വിസ്മയം സൃഷ്ടിച്ചു. ഭാരം കുറഞ്ഞ ക്യാമറകൾ ലഭ്യമാകുന്നതിന് മുമ്പുതന്നെ അദ്ദേഹം ഹാൻഡ്-ഹെൽഡ് ടെക്നിക്കുകൾ സമർത്ഥമായി ഉപയോഗിച്ചു. ഇന്നത്തെ ഡിജിറ്റൽ കാലത്ത് ഇത്തരം കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ വലിയ അത്ഭുതമൊന്നും തോന്നാനിടയില്ല. എന്നാൽ സിനിമ നിർമ്മിക്കാൻ അഭ്രപാളികളെ ആശ്രയിക്കുന്ന കാലഘട്ടത്തിൽ ഇതൊരുവിസ്മയം മാത്രമല്ല ചരിത്രം കൂടിയാണന്ന് ഓർക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.