ധനമന്ത്രി ഡോ. ടി എം തോമസ് ഐസകിന് എതിരായി നല്കിയ അവകാശലംഘനപരാതിയും ഇതിന് മന്ത്രി നല്കിയ മറുപടിയും നിയമസഭയുടെ പ്രിവിലേജസ് ആന്റ് എത്തിക്സ് കമ്മിറ്റി പരിശോധിക്കും. വെള്ളിയാഴ്ച ചേരുന്ന എത്തിക്സ് കമ്മിറ്റിയോഗം പരിശോധിച്ച് സ്പീക്കർക്ക് റിപ്പോർട്ട് നൽകും. പരാതി എത്തിക്സ് കമ്മിറ്റിക്ക് വിട്ടത് വിഷയത്തിന്റെ രണ്ട് വശവും കേൾക്കാൻ വേണ്ടിയാണെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ അറിയിച്ചു. വി ഡി സതീശൻ നല്കിയ പരാതിയും അതിന് ധനമന്ത്രി നൽകിയ വിശദീകരണത്തിലും കഴമ്പുള്ളതിനാലാണ് എത്തിക്സ് കമ്മിറ്റിക്ക് വിട്ടതെന്നും സ്പീക്കർ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
കിഫ്ബിക്കെതിരായ സിഎജി റിപ്പോർട്ട് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് പരസ്യപ്പെടുത്തിയെന്ന് ആരോപിച്ച് വി ഡി സതീശനാണ് സ്പീക്കർക്ക് പരാതി നൽകിയത്. സിഎജി റിപ്പോർട്ടുമായി ബന്ധപ്പെട്ടും അതിന്റെ ക്രമത്തെ സംബന്ധിച്ചും അത് സഭയിൽ സമർപ്പിക്കുന്നതിന് മുമ്പ് സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ചും അടിസ്ഥാനപരമായ പ്രശ്നങ്ങളും വിമർശനങ്ങളും ധനമന്ത്രി വിശദീകരണത്തിൽ ഉന്നയിച്ചിട്ടുണ്ട്. അവകാശലംഘനം ഉന്നയിച്ച അംഗത്തിന്റെ പരാതിയും എത്തിക്സ് കമ്മിറ്റി വിശദമായി പരിശോധിക്കും. ഇത് കേവലം അവകാശലംഘനവുമായി മാത്രം ബന്ധപ്പെട്ട പ്രശ്നമല്ല. അസാധാരണ സാഹചര്യം ഉയർന്നു വന്നിട്ടുണ്ട്. സിഎജി റിപ്പോർട്ടിന്റെ ക്രമത്തിൽ തന്നെ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. ജനാധിപത്യ സംവിധാനത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്താനുള്ള തീരുമാനമാണ് എടുത്തതെന്നും സ്പീക്കർ പറഞ്ഞു.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്കും, വി എസ് ശിവകുമാറിനും എതിരായുള്ള ബാർ കോഴക്കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട വിഷയത്തിൽ സ്വാഭാവികമായ നടപടിക്രമം മാത്രമാണ് ഉണ്ടായതെന്നും സ്പീക്കർ അറിയിച്ചു.
English summary: Ethics committe will check Infringement of rights
You may also like this video: