ഏതോ ജന്മകല്‍പനയില്‍

Web Desk
Posted on June 30, 2019, 7:50 am

ഡോ. എം ഡി മനോജ്

സിനിമയിലെ ഏറ്റവും ലാവണ്യാത്മക നിമിഷം പാട്ടായിത്തീരുന്ന സന്ദര്‍ഭങ്ങള്‍ നിരവധിയാണ്. പാട്ടിന്റെ ഹൃദയത്തിലേക്ക് അഭിനയം, ആഖ്യാനം, സാങ്കേതികത എന്നിവ കൃത്യമായി നിക്ഷിപ്തമാകുമ്പോള്‍ സിനിമയില്‍ അതിന് പ്രാതിനിധ്യമേറുന്നു. ഇവിടെ അനുഭവത്തേക്കാള്‍ അനുഭൂതിയുടെ മുദ്രകള്‍ പതിഞ്ഞുകിടക്കുന്ന ഗാനങ്ങള്‍ക്കായിരിക്കും ആസ്വാദകഹൃദയത്തെ ആദ്യം കീഴടക്കാനാകുക. അത്തരമൊരു പാട്ടിലെ ആസ്വാദന അനായാസതയെക്കുറിച്ചു പറയുമ്പോള്‍ മുന്നിലേക്ക് വരുന്ന ഒന്നാണ് ‘ഏതോ ജന്മകല്‍പന’യില്‍. വിലമതിക്കാനാവാത്ത ഓര്‍മ്മകള്‍ക്ക് നടുവില്‍ നിന്നുകൊണ്ടാണ് നമുക്ക് ഒരു പാട്ടിനെക്കുറിച്ചു പറയേണ്ടിവരിക. നമ്മുടെ വിശകലനങ്ങള്‍ക്ക് പിന്നിലെപ്പോഴും അദൃശ്യമായൊരു അനുഭവതലമുള്ളതുപോലെ. അത് പൂര്‍ണമായും വെളിപ്പെടുത്താനാവില്ല. അതൊരു വാക്കാകാം, ദൃശ്യാനുഭവ ബിംബമാകാം, ആഞ്ഞുകൊത്തുന്ന ഒരനുഭവമോ അനുഭൂതിയോ ആകാം. പാട്ടിന്റെ കേള്‍വിക്കും ആസ്വാദനത്തിനുമിടയ്‌ക്കൊരു അനുഭവം രൂപപ്പെടുന്നുണ്ട്. അത് നിമിഷങ്ങള്‍ക്കകം ശക്തിയാര്‍ജ്ജിക്കുന്നുമുണ്ട്. അതെന്താണെന്ന് വിവരിക്കാനാവില്ല. ഒരുപക്ഷെ, ഇതാവാം മഹത്തായ പാട്ടിന്റെയെല്ലാം മാന്ത്രികത. അത്തരമൊരു മാന്ത്രികത ‘ഏതോ ജന്മകല്‍പനയില്‍’ എന്ന പാട്ടിനുണ്ട്. മലയാളിയുടെ പ്രണയമനസിന്റെ ഛായകളുള്ള പാട്ടാണിത്. കഥാഗതിയെ വിശദീകരിക്കുകയും വഴിതിരിച്ചുവിടുകയും ദൃഡീകരിക്കുകയും ചെയ്യുന്ന ആത്മബലമുണ്ട് ഈ പാട്ടില്‍. ആസ്വാദകന്റെ കാല്‍പനിക മനസിന്റെ എല്ലാ അടരുകളെയും അഭിസംബോധന ചെയ്യുവാന്‍ കഴിയുന്നുണ്ട്. ഈ പാട്ടിന് പ്രണയത്തിന്റെ മൃദുലവേദനകളുണര്‍ത്തി നമ്മെ കണ്ണീരിന്റെ ആഴങ്ങള്‍ക്കും അപ്പുറത്തെത്തിക്കുന്ന പാട്ടാണിത്.
ഭരതന്റെ ‘പാളങ്ങള്‍’ എന്ന സിനിമയിലെ ഈ ഗാനത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ ആദ്യം വരുന്ന പേര് സംഗീതസംവിധായകന്‍ ജോണ്‍സന്റേതാണ്. പിന്നെ വാണിജയറാമിന്റെ നാദസൗഭാഗ്യം കൊണ്ട് ധന്യമായ ഈ ഗീതിയില്‍ താരുണ്യത്തിന്റെ ലാവണ്യസൗഖ്യം മുഴുവനുമുണ്ടല്ലോ. ഉണ്ണിമേനോന്റെ പ്രണയസ്വരം അതിനെ ആരാധനയോടെ അനുഗമിക്കുന്നു. ഹംസധ്വനിരാഗതരംഗങ്ങളുടെ പ്രശാന്തധാരയില്‍ അതിസൂക്ഷ്മമായ ഇളക്കങ്ങളെ തന്റെ നാദത്തിന്റെ മഹേന്ദ്രജാലത്തില്‍ സാക്ഷാത്കരിക്കുകയായിരുന്നു വാണിജയറാം.

”ഏതോ ജന്മകല്‍പനയില്‍
ഏതോ ജന്മവീഥികളില്‍
ഇന്നും നീവന്നു; ഒരു നിമിഷം
ഈ ഒരു നിമിഷം വീണ്ടും നമ്മളൊന്നായ്”

പാട്ടില്‍ പ്രകടമാകുന്ന പ്രധാനവികാരതലം ജന്മങ്ങള്‍കൊണ്ടുവരുന്നതാണ്. ജന്മപരമ്പരകളുടെ നൈമിഷിക ദളങ്ങള്‍ പ്രണയനിര്‍വൃതിയായി വിടരുകയാണീ പാട്ടില്‍. ജന്മമെന്ന സത്യത്തില്‍ നിന്ന് മാറിനില്‍ക്കുന്നില്ല മനുഷ്യജീവിതം. ജന്മത്തിന്റെ പടവുകളിലൂടെ സഞ്ചരിക്കുന്ന മനുഷ്യജീവിതത്തിന്റെ മേച്ചില്‍പ്പുറമായി ഈ പാട്ടിനെ കാണാനാകും. പ്രണയത്തിലേക്ക് തുറക്കുന്ന ജന്മജാലകമുണ്ടീ പാട്ടില്‍. പ്രണയജന്മങ്ങളുടെ കാല്‍പനിക നിമിഷങ്ങള്‍ ഏറ്റവും സാന്ദ്രമാണിവിടെ. ജന്മങ്ങള്‍ പരസ്പരം പകുത്തുനല്‍കുന്ന അനുരാഗികളുടെ ജീവിതസാഫല്യമാണ് ഈ ഗാനം. ജന്മങ്ങള്‍ പുല്‍കുന്ന അനാര്‍ഭാടമായ ഒരു ആത്മച്ഛായയുടെ അഭിലാഷത്തെയാണ് പൂവച്ചല്‍ ഖാദര്‍ ഈ ഗാനത്തില്‍ പകര്‍ത്തിയത്. വാക്കിന്റെ താളം വാചകത്തിന്റെ പ്രവാഹം, വര്‍ണപകിട്ടുകള്‍ അധികമില്ലാതെ നിര്‍മ്മിക്കുന്ന ലളിതസൗന്ദര്യം എന്നിവ ഈ പാട്ടിന്റെ മൗലികതയായി നിറയുന്നു.
പ്രണയം ഒരരുവിപോലെയൊഴുകി നിറയുന്ന ഒരനുപല്ലവിയുണ്ട് ഈ പാട്ടില്‍. മറ്റൊരര്‍ഥത്തില്‍ പ്രണയത്തിന്റെ നിര്‍വൃതിയും ഹര്‍ഷോന്മാദവും ഇത്രമാത്രം തീവ്രതരമായി മറ്റൊരു പാട്ടിലും നാമനുഭവിച്ചിട്ടുണ്ടാവില്ല.

”പൊന്നിന്‍ പാളങ്ങള്‍ എങ്ങോ ചേരും നേരം
നിന്നില്‍ മോഹങ്ങള്‍ മഞ്ഞായ് വീഴും നേരം
കേള്‍ക്കുന്നു നിന്‍ഹൃദയത്തില്‍ അതേ നാദമെന്നില്‍”

വരികളില്‍ ‘പ്രണയനേരങ്ങ’ളുടെ സുരഭിലസമന്വയം. ഹൃദയങ്ങളൊരുമിക്കുന്ന നാദം കേള്‍ക്കുകയാണീപാട്ടില്‍. ”ഒരു നിമിഷം, ഈ ഒരു നിമിഷം വീണ്ടും നമ്മളൊന്നായ്” എന്ന പല്ലവിയിലെ തുടര്‍ച്ചകൂടിയാണ് അനുപല്ലവിയിലെ ഈ ‘നിമിഷത്തുടര്‍ച്ചകള്‍.’ പാട്ടുകളില്‍ മിഴിദീപത്തെ തെളിയിച്ചുവരുന്ന ഒരു രീതി പൂവച്ചലിന്റെ മിക്ക ഗാനങ്ങളിലുമുണ്ട്. പ്രണയസംഗമത്തിന്റെ മനോജ്ഞമായ ഒരു നേരം വന്നെത്തുകയാണ് ഈ പാട്ടില്‍. മിഴികളുടെ സുന്ദരമായ ഇമേജറിയില്‍ വിരിയുന്ന അനുരാഗത്തിന്റെ ഒരിതള്‍. മിഴി എന്ന പ്രേമാര്‍ദ്രബിംബം പ്രകാശിച്ചുനില്‍ക്കുന്ന പാട്ടിന്റെ ഇടമുണ്ടിവിടെ. അനുരാഗത്തിന്റെ ഒരിതള്‍. മിഴി എന്ന പ്രേമാര്‍ദ്രബിംബം പ്രകാശിച്ചുനില്‍ക്കുന്ന പാട്ടിന്റെ ഇടമുണ്ടിവിടെ. അനുരാഗത്തിന്റെ അനുഭൂതിമുഹൂര്‍ത്തങ്ങളെ ബന്ധിപ്പിക്കുന്ന മിഴിയടയാളങ്ങള്‍. ആദ്യകാല പാട്ടുചിത്രീകരണങ്ങളില്‍ മിഴിപ്പീലികള്‍ വെറുതെ ചലിപ്പിക്കുന്ന രീതി മാത്രമായിരുന്നു വികാരകേളികള്‍ക്കായ്. എന്നാല്‍ കൂമ്പിയടയുകയും പാതി തുറക്കുന്നതുമായ മിഴികളുടെ സായൂജ്യം നാം ഈ പാട്ടില്‍ അനുഭവിക്കുന്നു. അത് ഭരതന്‍ എന്ന അനുഗ്രഹീത സംവിധായകന്റെ സ്‌നേഹസ്പര്‍ശമായിരുന്നു. പാട്ടിന്റെ ചരണത്തില്‍ ഇത്തരത്തില്‍ വാക്കിന്റെയും നോക്കിന്റെയുമൊരു പാരസ്പര്യം നാമറിയുന്നു.
”തമ്മില്‍ ചൊല്ലാതെ വീണ്ടും ഓരോ വാക്കും
കണ്ണില്‍ നിര്‍ത്താതെ പൊള്ളും ഓരോ നോക്കും
ഇടയുന്നു നാമൊഴുകുന്നു നിഴല്‍തീര്‍ക്കും ദ്വീപില്‍”

നമ്മളിലെ പ്രണയഭാവുകത്വത്തെ ജ്വലിപ്പിക്കുന്ന പാട്ടാണിത്. പങ്കിടലുകളുടെ ഏറ്റവും സൗമ്യമായ രൂപത്തില്‍ ഒരു പാട്ടിന് സഞ്ചരിക്കാനാവും എന്നതിന് തെളിവുകൂടിയാണിത്. എല്ലാവര്‍ക്കും പങ്കിടാനുള്ള പാട്ട് എന്ന ‘നെരൂദിയന്‍’ സങ്കല്‍പം പോലെയൊന്ന്. രൂപപരമായ ആര്‍ഭാടമില്ലായ്മയും വിശദാംശങ്ങളിലെ ഉചിതശ്രദ്ധയുമാണ് ഈ പാട്ടിന്റെ ആത്മാവ്. അതേസമയം പാട്ടെന്ന മാധ്യമബോധത്തെ ഉദ്ദീപിപ്പിക്കുന്ന ഒരു ജനപ്രിയധാരയുണ്ടിവിടെ. പ്രണയം ഗാനമായി മാറുന്ന നൈസര്‍ഗികതയുടെ സൗന്ദര്യമാണ് ഈ പാട്ടില്‍. മറ്റൊരര്‍ഥത്തില്‍ സരളമധുരമായ പ്രണയമൊഴികള്‍.
മുഹമ്മദ്മാനി എന്ന എഴുത്തുകാരന്റെ ‘കാട്ടുതീ’ നാടകത്തിന് ഭരതന്‍ ചലച്ചിത്രരൂപം നല്‍കാനൊരുങ്ങുമ്പോള്‍ അതിനിട്ട പേര് ‘ആല’ എന്നായിരുന്നു. പിന്നീട് അത് ”പാളങ്ങള്‍” ആകുകയായിരുന്നു. ഒരു സ്ത്രീക്കും രണ്ട് പുരുഷന്മാര്‍ക്കും ഇടയിലുള്ള ത്രികോണ പ്രണയമാണ് പാളങ്ങളിലെ പ്രമേയം. റയില്‍വേ ജീവനക്കാരുടെ ജീവിതം അതിന്റെ ബാക്ക് ഡ്രോപ്പ് ആയതിനാല്‍ തിരക്കഥയെഴുതാന്‍ താല്‍പര്യമുണ്ടായെന്ന് ജോണ്‍പോള്‍ ഓര്‍മ്മിക്കുന്നു. ഒളിമറ സ്വഭാവമായ ഒരാളുടെ (ഭരത് ഗോപി) ജീവിതമാണ് ഈ സിനിമ പറയുന്നത്. തികച്ചും നെഗറ്റീവ് ഷെയ്ഡുകളുള്ള കഥാപാത്രം. തുമ്പികള്‍ പാറിനടക്കുന്ന ഒരു ഫ്രെയിമില്‍ നിന്ന് നായികയിലേക്ക് (സറീനാ വഹാസ്) നീളുന്ന ക്യാമറയില്‍ നിന്നാണ് പാട്ടാരംഭിക്കുന്നത്. പിന്നെ കടല്‍ത്തീരസന്ധ്യയിലെ പ്രണയസംഗമം മരംചാരി പാതി മറഞ്ഞുനില്‍ക്കുന്ന നായികയുടെ വര്‍ണപ്പൊട്ടിന്റെ വലിയ ചന്തം, മലമുകളിലെ ഏകാന്തതയില്‍ ഒരു ഒരുക്കമുറിയില്‍ വലിയ നിലക്കണ്ണാടിക്ക് മുമ്പില്‍ ഒരുങ്ങുന്ന നായിക, ഓരോ വാക്കും നോക്കും പൂരിപ്പിക്കപ്പെടുന്ന നദീനേരങ്ങള്‍, നീണ്ടുകിടക്കുന്ന റയില്‍പാളങ്ങളുടെ സമീപദൃശ്യങ്ങള്‍, പാട്ടിനവസാനം പരസ്പരാശ്ലേഷത്താല്‍ പൂരിപ്പിക്കപ്പെടുന്നപോലെ, മുകളിലെ റയില്‍വേ പാലത്തില്‍ നില്‍ക്കുന്ന നായകന്‍ (നെടുമുടിവേണു) വലിയൊരു പൂമാല പാലത്തിന് താഴെ മണലില്‍ നില്‍ക്കുന്ന നായികയ്ക്ക് എറിഞ്ഞുകൊടുത്തു, അത് തിരിച്ചെത്തി നായിക അതിന്റെ പരിമളമേറ്റു സന്തോഷിക്കുന്ന രംഗങ്ങള്‍. ഇങ്ങനെയുള്ള പ്രണയസുവാസിത നേരങ്ങളില്‍ ഭരതനിലെ ചിത്രകാരനും ശില്‍പിയുമെല്ലാം ഒരുമിക്കുകയാണ്. പാട്ടിന് സ്‌ക്രിപ്റ്റ് ചെയ്തിരുന്ന സംവിധായകനായിരുന്നു ഭരതനെന്നതിന് വേറെ തെളിവുകള്‍ വേണ്ട. മലമുകളില്‍ കണ്ണാടിനോക്കുന്ന സറീനാവഹാബിന്റെ വലിയ പൊട്ടില്‍, നിറഞ്ഞ സ്‌ത്രൈണതയില്‍, വശ്യമോഹനമായ ചിരിയില്‍ എല്ലാം ജോണ്‍സന്റെ സംഗീതം അത്രമാത്രം ചേര്‍ന്നുനിന്നു. വാണിജയറാമിന്റെ ശബ്ദത്തില്‍ നാം കേട്ടത് പ്രണയസംഗീതമായിരുന്നു. ആ പാട്ടില്‍തന്നെയുണ്ടതിന്റെ ദൃശ്യഭാഷയും. ‘ചെന്നൈ വുഡ്‌സ്‌ലാന്റ്’ ഹോട്ടല്‍മുറിയില്‍ ജോണ്‍സന്റെ ഹാര്‍മോണിയത്തില്‍ പിറന്ന ഈണങ്ങള്‍ക്കൊത്ത് എഴുതിക്കൊടുത്ത വരികള്‍ വായിക്കുമ്പോള്‍ ഭരതന്റെ മുഖത്ത് വിരിഞ്ഞ പ്രണയാര്‍ദ്രഭാവമൊന്നു വേറെതന്നെ. പൂവച്ചല്‍ ഖാദറിന്റെ ഓര്‍മ്മകള്‍ സംഗീതമാകുമ്പോള്‍ ലാളിത്യമായിരുന്നു ഈ പാട്ടിന്റെ മുഖമുദ്ര. വരികളുടെ ആന്തരികലയം സംഗീതഭാവത്തിന്റെ സൂക്ഷ്മശ്രുതിയില്‍ വിന്യസിക്കപ്പെട്ടിരിക്കുന്നു.
‘പൂക്കള്‍ പറന്നുപോകുംപോലെ‘യാണ് ജോണ്‍സന്റെ ഈണങ്ങള്‍ എന്ന് ഒഎന്‍വി പറഞ്ഞതെത്ര ശരി!

പ്രണയത്തിന്റെ ഉന്മാദം നാം ജോണ്‍സന്റെ എത്രയെത്ര പാട്ടുകളില്‍ കേട്ടു. ആടിവാകാറ്റേ, പൊന്നുരുകും പൂക്കാലം, കണ്ണാടിക്കയ്യില്‍, ആകാശമാകെ, സുന്ദരിപ്പൂവിന് നാണം.… അങ്ങനെ പോകുന്നു ആ നീണ്ടനിര. ‘ഏതോ ജന്മകല്‍പനയില്‍’ എന്ന ഗാനം ഇതിന്റെയെല്ലാം ഉയരെ പ്രതിഷ്ഠിപ്പിക്കപ്പെടുന്നുണ്ട്. ചില സവിശേഷതകളില്‍ വ്യാഖ്യാനിക്കപ്പെടുമ്പോള്‍. വെസ്റ്റേണ്‍ സ്വരജതികളില്‍ വയലിനും ഗിറ്റാറും ഫ്‌ളൂട്ടും ഇടകലര്‍ന്നിട്ടുള്ള ഈണത്തിന്റെ ഇടവേളകള്‍ പാട്ടില്‍ പ്രണയത്തിന്റെ പുതിയ കല്‍പനകള്‍ കൊണ്ടുവരുന്നു. മലയാളികളുടെ മനസിന് എക്കാലവും സ്വകാര്യമായി മൂളാനും പ്രണയത്തിലുരുകാനും ആര്‍ദ്രതയില്‍ കുതിരാനും വാത്സല്യത്തില്‍ നിറയാനുമൊക്കെ ഒരു മെലഡി. പാട്ടിന്റെ കുന്നിമണിച്ചെപ്പില്‍ ഒളിപ്പിച്ചുവച്ച ഈണത്തിന്റെ പ്രജാപതിയാണ് ജോണ്‍സണ്‍. ജോണ്‍സന്റെ പാട്ടില്‍ തുളുമ്പുന്ന നാടോടിത്തവും കുസൃതിയുമെല്ലാം ഏതോ ജന്മകല്‍പനയിലുണ്ട്. ”മരിക്കാന്‍ കിടക്കുന്ന നേരത്ത് കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന, ലോകത്തെ പലതരത്തില്‍പ്പെട്ട നൂറുകണക്കിന് പാട്ടുകള്‍ക്കൊപ്പം ഞാന്‍ ജോണ്‍സണ്‍ മാഷിന്റെ ഒരു ഗാനം പ്രത്യേകം കരുതിവച്ചിട്ടുണ്ടാകും. അതിതാണ്.…. ഏതോ ജന്മകല്‍പനയില്‍” എന്ന് വലിയ പാട്ടുപ്രേമിയായ അനുഗ്രഹീത കഥാകാരന്‍ സുഭാഷ്ചന്ദ്രന്റെ വാക്കുകള്‍ (പൊന്നുരുകും പൂക്കാലം — മാതൃഭൂമി ബുക്‌സ്) ഈ പാട്ടിനുള്ള വിലമതിക്കാനാകാത്ത അംഗീകാരം കൂടിയാകുന്നു. പാട്ടിന്റെ ഈ തുഷാരധാര (മോഹങ്ങള്‍ മഞ്ഞായ് വീഴും നേരം) നമ്മുടെ മനസുകളെ നിര്‍വൃതിദായകങ്ങളായ തീര്‍ഥതീരങ്ങളാക്കിത്തീര്‍ത്തിരിക്കുന്നു.