Janayugom Online
yusufali-kechery

ഏതു സുന്ദരസ്വപ്ന യവനിക

Web Desk
Posted on March 17, 2019, 8:19 am

ഡോ. എം ഡി മനോജ്

വിവിധകലകളുടെ സമന്വയരൂപമായ സിനിമയില്‍ അവയുടെ പ്രമേയപരമായ മേളനം എന്തുകൊണ്ടും ശ്രദ്ധേയമാകുന്നു. സിനിമയെന്ന കലയുടെ സാകല്യത്തില്‍ മറ്റ് കലകളുടെ ശില്‍പമാതൃകകള്‍ കൂട്ടിവെച്ച് ഒരു മഹാശില്‍പമാക്കുകയായിരുന്നു സംവിധായകര്‍. സര്‍ക്കസ്, ശില്‍പകല, ചിത്രകല, സംഗീതകല, നടനകല, മാജിക് ഇങ്ങനെ വ്യത്യസ്തങ്ങളായ കലകളുടെ തനതായ സ്വത്വബോധങ്ങളെ സിനിമയില്‍ പ്രമേയപരമായി ഉപയോഗിക്കുകയായിരുന്നു അവര്‍. സിനിമയിലെ ഭാവമുദ്രകള്‍ വ്യത്യസ്ത കലകള്‍ തമ്മിലുള്ള ഭാവബന്ധങ്ങള്‍ സമ്മേളിച്ചുണ്ടായവയാണ്. ഇത്തരം കലകളെല്ലാം പലപ്പോഴും കഥാപാത്രങ്ങളുടെ ആത്മബോധത്തിന്റെ അടയാളങ്ങളായും ജീവിതസംസ്‌ക്യതിയായും പരിണമിക്കപ്പെട്ടു.
സര്‍ക്കസ് വിഷയമായി മലയാളത്തില്‍ വന്ന അപൂര്‍വ്വ സിനിമകളിലൊന്നായ ‘ജോക്കറിലെ’ ‘കണ്ണീര്‍മഴയത്ത്’ (യൂസഫലി കേച്ചേരി) എന്ന ഗാനത്തില്‍ ‘വിരുദ്ധതയുടെ സൗന്ദര്യം’ കാണാനാകും. മോഹന്‍സിതാരയുടേതായിരുന്നു ഈണം. കണ്ണീരും ചിരിയുമുണ്ട് ഒരേ വരിയില്‍. ചാപ്ലിന്റെ ഇമേജറികള്‍ മുഴുവനുമുണ്ട് ഈ പാട്ടില്‍ (ഞാന്‍ മഴയത്ത് നടക്കാന്‍ ആഗ്രഹിക്കുന്നു. കാരണം ഞാന്‍ കരയുന്നത് ആരും കാണില്ലല്ലോ). സര്‍ക്കസ് കൂടാരത്തിലെ കണ്ണീരും സ്വപ്നങ്ങളുമാണ് എം ടി — ഹരിഹരന്‍ ജോഡികളുടെ സാക്ഷാത്കാരത്തില്‍ വന്ന ‘വളര്‍ത്തുമൃഗങ്ങള്‍’ എന്ന സിനിമയില്‍ പ്രതിഫലിക്കുന്നത്. ‘നായരു പിടിച്ച പുലിവാല്’ മുതല്‍ ”മേള” വരെ നമുക്ക് ഒരു പാട് സര്‍ക്കസ് ചിത്രങ്ങള്‍ ഉണ്ടായി. എം ടി യായിരുന്നു വളര്‍ത്തുമൃഗങ്ങളിലെ ഭാവഗാനങ്ങള്‍ എഴുതിയത്. എം ബി ശ്രീനിവാസന്‍ ഈണം നല്‍കിയ ‘കാക്കാലകളിയച്ഛന്‍’ എന്ന പാട്ടിന്റെ ചലച്ചിത്രാവിഷ്‌കാരം ശ്രദ്ധേയമായിരുന്നു. ‘ശുഭരാത്രി’ എന്ന യേശുദാസ് പാടിയ പാട്ടാണ് എം ടി — എംബിഎസ് ഗീതങ്ങളില്‍ മികച്ചുനിന്നത്.
സംഗീതം, സാഹിത്യം, നൃത്തം, ചിത്രകല, ശില്‍പകല എന്നിങ്ങനെ സര്‍ഗാത്മകതയുടെ ഒരു സമാന്തരലോകം ഒഎന്‍വി തന്റെ ഗാനങ്ങളില്‍ സന്നിവേശിപ്പിച്ചു. പാട്ടുസന്ദര്‍ഭങ്ങളില്‍ കവി പല ആത്മങ്ങളുടെ ഉടമയായിത്തീരുന്നു. കാല്‍പനികമായ ഇത്തരം ‘കള്‍ച്ചറല്‍ പെര്‍ഫോമന്‍സ്’ ഒഎന്‍വി ഗാനങ്ങളിലെ ലാവണ്യാത്മക പരിണതികള്‍ ആകുന്നു. കലകളുടെ സൂക്ഷ്മതലത്തില്‍ നിന്ന് പാട്ടിന്റെ ആസ്വാദന സാധ്യതകളിലേക്കാണ് ഒഎന്‍വി നമ്മുടെ മനസ്സിനെ നയിച്ചത്. ‘ആത്മാവിന്റെ ആഴത്തില്‍ ചുംബിക്കുന്നതാണ് പ്രണയമെന്ന് മാര്‍കേസിനെപ്പോലെ അദ്ദേഹവും വിശ്വസിച്ചു. പാട്ടില്‍ കലകളുടെ ജുഗല്‍ബന്ദി സൃഷ്ടിക്കുകയായിരുന്നു ഒഎന്‍വി. പാട്ടില്‍ അദ്ദേഹം നിര്‍മ്മിച്ചുവെക്കുന്ന കാവ്യകലാലാവണ്യം ആരെയും ആകര്‍ഷിക്കുന്നു.

‘രാജശില്‍പി’ യിലെ ‘പൊയ്കയില്‍’ എന്ന രവീന്ദ്രഗീതം പ്രണയിനിയുടെ മുമ്പില്‍ ആരാധനയോടെ നില്‍ക്കുന്ന ശില്‍പിയുടെ മനസാകുന്നു. നീലാകാശം നൃത്തമണ്ഡപമാക്കി കൈലാസപതിയുടെ മുമ്പില്‍ ചന്ദ്രരശ്മി ചാര്‍ത്തി നില്‍ക്കുന്ന അവള്‍ ദേവിയും പാതിമെയ്യുമായി സ്വയം പരിചയപ്പെടുത്തുന്നു. പ്രണയത്തെ ധ്വനിസാന്ദ്രമാക്കുന്ന സര്‍ഗാത്മക സ്വാതന്ത്ര്യത്തിന്റെ പുഷ്പവ്യഷ്ടികള്‍ നമുക്കിവിടെ കാണാം. കല്‍പ്പടവേറി നില്‍ക്കുന്ന നായികയുടെ ഭംഗികള്‍ എത്രമാത്രം ദൃശ്യസാന്ദ്രമാണ്. പാട്ടില്‍ ഒഎന്‍വി കൊണ്ടാടുന്ന ഭാവോത്സവങ്ങള്‍ കലകളുടെ സമഗ്രാനുഭൂതികളാകുന്നു. കലകളുടെ അനുഭവകാന്തിയിലേക്കുള്ള തീര്‍ത്ഥാടനങ്ങള്‍ ആയിരുന്നു ഒഎന്‍വി ഗീതങ്ങള്‍. സ്‌നാനകേളീലോലയെ മറ്റാര്‍ക്കും ഇത്ര മിഴിവോടെ ഒരു ദൃശ്യസംഗീതമാക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല.
നവീകൃതമായ ഒരു സൗന്ദര്യ സംഹിതയുടെ നിരവധി മുഖങ്ങള്‍ പാട്ടെഴുത്തില്‍ കൊണ്ടുവന്ന കവിയാണ് രമേശന്‍നായര്‍, ‘രാഗം’ എന്ന സിനിമയിലെ ‘വനശ്രീ’ എന്ന ഗാനത്തില്‍ (കെ വി മഹാദേവന്‍)പുരാവൃത്തത്തിലും പാരമ്പര്യത്തിലും മാറിമാറി നിമജ്ജിതമാകാനുള്ള വ്യഗ്രത കാണുന്നുണ്ട്. ‘ബാലേ’ എന്ന കലാരൂപത്തിന്റെ ചില മട്ടുകള്‍ അനുസിരിക്കു ഭാവനിര്‍മ്മിതികള്‍ ഈ പാട്ടു ലോകത്തിന്റെ ഭാഗമാണ്. ‘പ്രേമത്തില്‍ താളിയോല, നോക്കി പ്രകൃതി ഒരു പ്രണയിനിയെ ഒരുക്കുകയാണ് പാട്ടില്‍. സംഘസാഹിത്യസ്വാധീനം ഈ പാട്ടിലുമുണ്ട്. നൃത്തമെന്ന കലയാണ് ഈ സിനിമയുടെ കേന്ദ്രം ക്ലാസ്സിക്കല്‍ നൃത്തം രംഗത്തിന്റെ ഇതിവൃത്തമായി.
പ്രൊഫഷണല്‍ നാടകക്കാലം വരച്ചുകാട്ടുകയാണ് കമല്‍ ‘നടന്‍’ എന്ന സിനിമയില്‍. പ്രഭാവര്‍മ്മയുടെ വരികള്‍ക്ക് ഔസേപ്പച്ചന്റെ സംഗീതം.‘ഏതുസുന്ദര സ്വപ്ന യവനിക’ എന്ന നജീം അര്‍ഷാദ് ആലപിച്ച ഗാനം അത്രമാത്രം ആര്‍ദ്രമാണ്. എഴുതി ഈണമിട്ട ഗാനമായതിനാല്‍ മെലഡിയുടെ അംശം കൂടുതലുണ്ടായിരുന്നു. ദേവദാസ് സര്‍ഗവേദി എന്ന നടന്‍ അയാള്‍ക്ക് പരമ്പരാഗതമായി കിട്ടിയ നാടകട്രൂപ്പ് നടത്തുവാന്‍പെടുന്ന സംഘര്‍ഷങ്ങളാണ് സിനിമയുടെ ഇതിവൃത്തം. ‘ആയിരം രമ്യചന്ദ്രോദയം’ എന്ന് ജയറാമിന്റെ നായകന്‍ രമ്യാനമ്പീശന്റെ നായികയില്‍ അനുരക്തനാവുകയാണ്. യാഥാര്‍ഥ്യവും ഭാവനയും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ഈ പാട്ടില്‍ നന്നായി ദൃശ്യവത്കരിക്കപ്പെടുന്നു. സിനിമയ്ക്കുള്ളിലെ സിനിമ (മെറ്റാസിനിമ)യായ ”ഉദയനാണ് താരം” സിനിമാ നിര്‍മ്മാണമെന്ന കലയെ തിരശീലയില്‍ കൊണ്ടുവരുന്നു. ദീപക്‌ദേവ് — കൈതപ്രം ടീമിന്റെ ‘പറയാതെ അറിയാതെ’ എന്ന ഗാനം എല്ലാ മേന്‍മകളോടും കൂടി ജനഹൃദയമേറ്റെടുത്തു. വേര്‍പിരിയലിന്റെയും വിരഹത്തിന്റെയും തീവ്രവേദനകള്‍ ചാലിച്ചെഴുതിയതാണ് ഈ ഗാനം.
2013 ല്‍ പുറത്തിറങ്ങിയ കമല്‍ സിനിമ ‘സെല്ലുലോയ്ഡ്’ മലയാള സിനിമാ പിതാവായ ജെ സി ഡാനിയലിന്റെ ജീവിതകഥയെ ആസ്പദമാക്കിയിട്ടുള്ള ബയോപ്പിക് ആയിരുന്നു. വിഗതകുമാരന്‍ എന്ന സിനിമയുടെ നിര്‍മ്മാണവും അതില്‍ അഭിനയിച്ച റോസിയുടെ ജീവിത കഥയും കൂടി ഈ സിനിമ പറയുന്നു. ‘കാറ്റേ കാറ്റേ നീ’ എന്ന ഗാനം ഏറെ പോപ്പുലര്‍ ആയി. സിനിമയ്ക്കുള്ളിലെ സിനിമയാണ് സെല്ലുലോയ്ഡ്.

റഫീഖ് അഹമ്മദ്- എം ജയചന്ദ്രന്‍ ടീമിന്റെ ഒത്തുചേരല്‍ കിട്ടപ്പഭാഗവരുടെ ദേവാമൃത വര്‍ഷിണി രാഗത്തിലുള്ള ‘എവരണി’ എന്ന കൃതിയെ ആധാരമാക്കിയാണ് ഈ പാട്ട്. വൈക്കം വിജയലക്ഷ്മിയും ശ്രീറാമും ചേര്‍ന്നുള്ള ആലാപനം. ഹാര്‍മോണിയം, ക്ലാരനറ്റ്, സോളോവയലിന്‍ എന്നിവയുടെ ലാളിത്യമായിരുന്നു ഓര്‍ക്കസ്‌ട്രേഷനില്‍. ഇങ്ങനെ മാറി മാറി പ്രത്യക്ഷപ്പെടുന്ന കലകളുടെ ബിംബങ്ങള്‍, ആ കലകളുടെ സ്വത്വബോധം, കലകളോടുള്ള സമര്‍പ്പണം, അത് ജീവിതത്തില്‍ പുലര്‍ത്തുന്ന പങ്ക് എന്നിവയെല്ലാം സിനിമയെ നിരൂപിക്കാനുള്ള വഴികളായിത്തീര്‍ന്നു. പാട്ടുകളിലെ കലകളുടെ ഹാര്‍മണി അവയെ അത്രമാത്രം ജനകീയമാക്കിത്തീര്‍ക്കാനുള്ള സാമഗ്രികൂടിയായിത്തീരുന്നു എന്നതും ശ്രദ്ധേയമാണ്.