വേറിട്ട വഴിയിലൂടെ കരിമീന്‍ കുഞ്ഞുല്പാദനം

Web Desk
Posted on December 17, 2017, 9:06 pm

 എസ് സന്തോഷ്‌കുമാര്‍      
അസി.ഡയറക്ടര്‍
ഫിഷറീസ് ഡിപ്പാര്‍ട്ടുമെന്റ്
(പ്രോജക്ട്)
ഡയറക്ടറേറ്റ് ഓഫ് ഫിഷറീസ്, വികാസ് ഭവന്‍, തിരുവനന്തപുരം
ഫോണ്‍: 9496007043, 8547570091
[email protected]
[email protected]

ദൈവത്തിന്റെ സ്വന്തം നാടായ നമ്മുടെ കൊച്ചു കേരളത്തിലേയ്ക്ക് ഏറെ വിദേശികളെ എത്തിക്കുന്നതില്‍ എന്നും ഒരു അനൗദ്യോഗിക അംബാസിഡറായി കണക്കാക്കുന്ന ഒരു മത്സ്യമാണ് കരിമീന്‍. വംശനാശ ഭീഷണി നേരിടുന്നതും അലങ്കാരമത്സ്യ വിപണിയിലും ഏറെ പ്രാധാന്യമുള്ള ഈ മത്സ്യത്തെ 2010 വര്‍ഷത്തില്‍ നമ്മുടെ സംസ്ഥാന മത്സ്യമായി പ്രഖ്യാപിച്ചു. നമ്മുടെ നാവിന്‍ തുമ്പില്‍ രുചി വൈവിധ്യമേറി നിന്ന ഈ മത്സ്യത്തിന്റെ സംരക്ഷണത്തിനും കൃഷി വ്യാപനത്തിനും ഇത് കൂടുതല്‍ സഹായകമായി. വളരെ വിചിത്രമെന്നു പറയട്ടെ ഇതര മത്സ്യകൃഷിയില്‍ നിന്നും വ്യത്യസ്തമായി മലയാളികള്‍ സ്വന്തം മാറോട് ചേര്‍ത്ത് നടപ്പാക്കി വിജയഗാഥ കുറിച്ച ഒന്നായിരുന്നു കരിമീന്‍ കൃഷി പദ്ധതി. നല്ല രുചി, ഉയര്‍ന്ന പോഷകമൂല്യം, ശുദ്ധജലത്തിലും ഓരുജലത്തിലും ഒരു പോലെ വളരുവാനും പ്രജനനം നടത്തുന്നതിനുമുള്ള കഴിവ്, കൃത്രിമ തീറ്റ സ്വീകരിച്ച് ശരീര ഭാരം വര്‍ദ്ധിപ്പിക്കുന്നതിനുള്ള കഴിവ്, എല്ലാ കാലയളവിലുള്ള പ്രജനന സാധ്യത, കാലാവസ്ഥയിലുണ്ടാകുന്ന ചെറിയ വ്യതിയാനങ്ങളെ അതിജീവിക്കുവാനുള്ള കഴിവ്, വിപണിയിലെ വന്‍ ഡിമാന്റ്, അലങ്കാര മത്സ്യ വിപണിയിലെ സാധ്യത എന്നിവയെല്ലാം ഇവയെ വളര്‍ത്തുന്നതിന് മലയാളികളെ പ്രേരിപ്പിച്ച ഘടകങ്ങളാണ.് കര്‍ഷകരില്‍ നിന്നുള്ള നിരന്തരമായ ആവശ്യം കണക്കിലെടുത്താണ്  സിമന്റ് ടാങ്കുകളില്‍ കരിമീന്‍ പ്രജനനം നടത്തുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്.

കരിമീന്‍ പ്രത്യേകതകള്‍

ഏതാണ്ട് ദീര്‍ഘവൃത്താകൃതിയില്‍ പാര്‍ശ്വങ്ങളില്‍ നിന്ന് പതിഞ്ഞ ശരീരമാണ് കരിമീനിന്റേത്.  കീഴ്ത്താടിയേക്കാള്‍ അല്പം മുന്നോട്ട് തള്ളിനില്‍ക്കുന്ന മേല്‍ത്താടി, മുതുച്ചിറകിലെ നീണ്ടു മൂര്‍ച്ചയുള്ള പതിനെട്ട് മുള്ളുകള്‍, ഒലിവ് പച്ച കലര്‍ന്ന തവിട്ടു നിറമുള്ള ശരീരം, ശല്‍ക്കങ്ങളിലും ചിറകുകളിലും സ്വര്‍ണ്ണനിറത്തില്‍ കാണുന്ന പുള്ളികള്‍, മുതുകില്‍ നിന്നും വയര്‍വരെ കുറുകനെ കറുത്ത് വീതികൂടിയ എട്ടു പാളികള്‍. ഇതില്‍ ആദ്യ പാളി ചെകിളയുടെ അടുത്തും അവസാനത്തേത് വാല്‍ ചിറകിലുമാണ്. ശരീരത്തിലാകെ മുത്തു മണികള്‍ പോലെ കാണുന്ന വെളുത്ത ബിന്ദുക്കള്‍ ഇവയുടെ പേള്‍സ്‌പോട്ട് എന്ന പേര്  അന്വര്‍ത്ഥമാക്കുന്നു. സിക്ലിഡേ കുടുംബത്തില്‍പ്പെട്ട കരിമീനിന്റെ ശാസ്ത്രനാമം എട്രോപ്ലസ് സുറാറ്റന്‍സിസ് (etro­plus surateni­sis) എന്നാണ്.  കരിമീന്‍ കുടുംബത്തിലെ മറ്റംഗങ്ങളാണ് എട്രോപ്ലസ് മാക്കുലേറ്റസും എട്രോപ്ലസ് കനാറെന്‍സിസും.

ആണ്‍ പെണ്‍ തരം തിരിക്കല്‍

കരിമീനിന്റെ പ്രജനന രീതികള്‍ വളരെ രസകരമാണ്. എട്ടൊന്‍പത് മാസം പ്രായവും 10–15 സെന്റീമീറ്റര്‍ വലുപ്പവും എത്തുന്നതോടെ കരിമീന്‍ ലൈംഗിക പക്വത കൈവരിക്കുന്നു.  ആണ്‍ പെണ്‍ മത്സ്യങ്ങളെ തിരിച്ചറിയുക ഏറെ ബുദ്ധിമുട്ടാണ്.  എന്നാല്‍ പ്രജനന കാലമാകുമ്പോള്‍ ജനനേന്ദ്രിയത്തില്‍ വരുന്ന വ്യത്യാസവും നിറവ്യത്യാസവും ഇവയെ തിരിച്ചറിയുന്നതിന് സഹായിക്കുന്നു.  പ്രജനന സമയത്ത് പെണ്‍ മത്സ്യങ്ങള്‍ കൂടുതല്‍ വര്‍ണാഭമാകുകയും, സ്വര്‍ണ്ണ നിറത്തിലും ആയിരിക്കും.  എന്നാല്‍ ആണ്‍ മത്സ്യങ്ങള്‍ കൂടുതല്‍ ഇരുണ്ട നിറം കാണിക്കുകയും ശൗര്യ സ്വഭാവമുള്ളവയും  ആകും. ലവണ ജലത്തിലും ശുദ്ധജലത്തിലും ഒരു പോലെ പ്രജനനം നടത്തുന്ന ഇവ സന്താന വാത്സല്യത്തിന്റെ ഉദാത്ത മാതൃകയാണ്.  കൂടാതെ ഒരു ഇണചേരല്‍ കാലത്തേക്കെങ്കിലും ഏക ഭാര്യാ ഭര്‍ത്തൃ വൃതക്കാരായി കഴിയുകയും ചെയ്യുന്നു.

കരിമീന്‍ കുടുംബജീവിതം മാതൃക

കരിമീനുകളുടെ കുടുംബ ജീവിതം സന്താനവാത്സല്യത്തിന്റെ ഉത്തമ മാതൃകയാണ്. മാതാപിതാക്കള്‍ ഭക്ഷണംപോലും ഉപേക്ഷിച്ച് മൂട്ടകള്‍ക്ക് കാവല്‍ നില്‍ക്കുന്നു.  ഏതെങ്കിലും കഠിന പ്രതലത്തില്‍  മുട്ടകള്‍ഒട്ടിച്ചു വയ്ക്കുന്ന പ്രക്രൃതക്കാരാണിവ.  ആദ്യം പെണ്‍ മത്സ്യം മുട്ടയിടുന്നു. തുടര്‍ന്ന് ആണ്‍മത്സ്യം അതിന് മുകളില്‍ ബീജം വര്‍ഷിച്ച് ബീജസംയോഗം സാധ്യമാക്കുന്നു.  ബീജസംയോഗം നടന്ന മുട്ടകള്‍ വിരിയുവാന്‍ 72 മുതല്‍ 84 മണിക്കൂര്‍ വരെ ആവശ്യമാണ്. അതുവരെ തള്ള മത്സ്യങ്ങള്‍ പാര്‍ശ്വചിറകുപയോഗിച്ച് വീശിയും ഊതിയും മുട്ടകള്‍ക്ക് പ്രാണവായു നല്‍കുന്നു.  മുട്ടകള്‍ വിരിഞ്ഞ ശേഷം ഏതാണ്ട് ഒരു മാസക്കാലം കുഞ്ഞുങ്ങള്‍ മാതാപിതാക്കളുടെ സംരക്ഷണത്തിലായിരിക്കും ഇതാണ് കരിമീനിന്റെ പ്രജനനത്തില്‍ ആവാസ വ്യവസ്ഥയില്‍ നടന്ന് വരുന്നത്. ഈ രീതിയില്‍ നിന്നും ചെറിയ വ്യതിയാനങ്ങള്‍ വരുത്തിയും കരിമീന്‍ ദമ്പതികളെ കബളിപ്പിച്ചും, മുട്ട ഒട്ടിച്ചു വയ്ക്കുന്നതിനുള്ള കൃത്രിമ പ്രതലങ്ങള്‍ കൂടുതലായി ക്രമീകരിച്ചും കരിമീനിന് തടങ്ങളുണ്ടാക്കി കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതിന് മണല്‍തിട്ടകള്‍ തീര്‍ത്തുമാണ് ഹാച്ചറിയില്‍ കരിമീന്‍ കുഞ്ഞുല്പാദനം സാധ്യമാക്കുന്നത്.

സിമന്റ് ടാങ്ക് സജ്ജീകരിക്കല്‍

കരിമീന്‍ പ്രജനനത്തിനായി 8000 ലിറ്റര്‍ സംഭരണ ശേഷിയുള്ളതും (4മീറ്റര്‍ 2 മീറ്റര്‍   1 മീറ്റര്‍) വലുപ്പത്തിലുമുള്ള ടാങ്കുകളാണ് സജ്ജീകരിക്കുക.  ഇതിന്റെ വിസ്തൃതിയുടെ 1/3 ഭാഗത്ത് 5 സെന്റീമീറ്റര്‍ കനത്തില്‍ മണല്‍ നിറയ്ക്കുന്നു.  ഇങ്ങനെ മണല്‍ നിറച്ച ഭാഗത്തും അല്ലാതെയും കരിമീന്‍ മുട്ടകള്‍ ഒട്ടിച്ച് വയ്ക്കുന്നതിന് അനുകൂല സാഹചര്യമൊരുക്കുന്നതിനായി ഓടിന്‍ കഷണം, ആസ്ബറ്റോസ് ഷീറ്റ്, കല്ല്, പൈപ്പ് എന്നിവ ക്രമീകരിക്കുന്നു.  തുടര്‍ന്ന് 60 മുതല്‍ 75 സെ.മീറ്റര്‍ വരെ ഉയരത്തില്‍ വെള്ളം നിറയ്ക്കുന്നു.  അതിന് ശേഷം  രണ്ട് അല്ലെങ്കില്‍  മൂന്ന് ജോഡി ആരോഗ്യമുള്ള കരിമീനിനെ നിക്ഷേപിക്കുന്നു.  തുടര്‍ന്ന് ദിവസവും മത്സ്യത്തിന്റെ ശരീരഭാരത്തിന്റെ മൂന്ന് ശതമാനത്തില്‍ അധികരിക്കാത്ത രൂപത്തില്‍ കടല പിണ്ണാക്ക്, തവിട് എന്നിവയുടെ മിശ്രിതമോ പെല്ലറ്റ് തീറ്റകളോ ദിവസത്തില്‍ രണ്ട് പ്രാവശ്യം എന്ന ക്രമത്തില്‍ നല്‍കുന്നു.  തീറ്റയോടൊപ്പം 30 മി.ഗ്രാം/കി.ഗ്രാം എന്ന ക്രമത്തില്‍ വിറ്റാമിന്‍ ഇ യും നല്‍കി വരുന്നു.  ആഴ്ചയില്‍ ഒരിക്കല്‍ പൈപ്പ് ഉപയോഗിച്ച് ടാങ്കിന്റെ അടിത്തട്ടില്‍ നിന്നും മത്സ്യവിസര്‍ജ്ജ്യങ്ങളും ആഹാരാവശിഷ്ടങ്ങളും മറ്റ് മാലിന്യങ്ങളും സൈഫണിംഗ് പ്രക്രീയയിലൂടെ നീക്കം ചെയ്യുകയും ആവശ്യമുള്ള പക്ഷം 30 ശതമാനം വരെ വെള്ളം മാറ്റുകയും ചെയ്യുന്നു.  ടാങ്കില്‍ നിക്ഷേപിച്ച മത്സ്യങ്ങള്‍ ഇണകളാകുന്നതിനും അവയ്ക്ക് മുട്ടയിടുന്നതിനും വേണ്ടി ടാങ്കുമായി പൊരുത്തപ്പെട്ട് വരുന്നതിന് ഏകദേശം ഒരുമാസം വരെ സമയം എടുക്കുന്നു.  ഇതിനുള്ളില്‍ തന്നെ ഇണകളായ മത്സ്യങ്ങള്‍ മുട്ടയിടാനുള്ള പ്രതലം ഒരുക്കുന്നതും മുട്ട വിരിഞ്ഞ് വരുന്ന കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതിനാവശ്യമായ കുഴികള്‍ തയ്യാറാക്കുന്നതിനുള്ള ശ്രമങ്ങളും നടത്തുന്നത് നമുക്ക് കാണുവാന്‍ കഴിയും. ഇങ്ങനെ വൃത്തിയാക്കിയ പ്രതലത്തില്‍ ആദ്യം പെണ്‍ കരിമീന്‍ മുട്ടകള്‍ ഒട്ടിച്ചു വയ്ക്കുന്നു. തുടര്‍ന്ന് ആണ്‍ മത്സ്യം അതിനു മേല്‍ ബീജങ്ങള്‍ വര്‍ഷിച്ച് ബീജ സംയോഗം സാധ്യമാകുന്നു.  ഇങ്ങനെ ബീജ സംയോഗം നടന്ന മുട്ടകള്‍ 72 മുതല്‍ 84 മണിക്കൂറിനുള്ളില്‍ വിരിഞ്ഞ് കുഞ്ഞുങ്ങള്‍ പുറത്ത് വരുന്നു.  ആദ്യം ഇളം മഞ്ഞ നിറത്തോട് കൂടിയ മുട്ടകള്‍ ഭ്രൂണ വളര്‍ച്ച നടക്കുന്നതിന്റെ ഭാഗമായി തവിട്ടും തുടര്‍ന്ന് കടും തവിട്ട് നിറത്തിലേയ്ക്കും എത്തുന്നു.  മുട്ട വിരിഞ്ഞ് പുറത്തു വരുന്ന ചെറു നൂല്‍ കഷണം പോലുള്ള കുഞ്ഞുങ്ങള്‍ മുട്ട ഒട്ടിച്ചു വച്ചിരുന്ന പ്രതലത്തില്‍ തന്നെ പറ്റിപ്പിടിച്ച് തൂങ്ങി നില്‍ക്കുന്നതായി കാണാം.  ഏകദേശം രണ്ടു ദിവസം വളരെ  ഈ രൂപത്തില്‍ കാണുന്ന കുഞ്ഞുങ്ങള്‍ ആഹാരത്തിനായി യോക്കിനെ ആശ്രയിക്കുന്നു.  തുടര്‍ന്ന് ഈ കുഞ്ഞുങ്ങളെ മാതാപിതാക്കള്‍ ശേഖരിച്ച് നേരത്തെ തയ്യാറാക്കിയിട്ടുള്ള തടത്തില്‍ നിക്ഷേപിക്കുന്നു. മൂന്ന് മുതല്‍ അഞ്ച് ദിവസം വരെ  ഈ തടത്തില്‍ വളരുന്ന കുഞ്ഞുങ്ങള്‍ മുട്ട വിരിഞ്ഞ് അഞ്ച് മുതല്‍ ഏഴ് ദിവസം പ്രായമാകുമ്പോള്‍ ചെറു തീറ്റകള്‍ എടുക്കുന്നതിന് തയ്യാറാകുകയും തടത്തില്‍ ചെറിയ കറുത്ത ഉറുമ്പുകള്‍ സഞ്ചരിക്കുന്നത് പോലെ സഞ്ചരിക്കുന്നതായും കാണുവാന്‍ കഴിയും. ഈ സമയം ടാങ്കിലെ ജലനിരപ്പ് കുറച്ച് 100 മൈക്രോണ്‍ വലകള്‍ ഉപയോഗിച്ച് ഇവയെ കൂട്ടത്തോടെ ശേഖരിച്ച്  4മീറ്റര്‍ 2മീറ്റര്‍ 1മീറ്റര്‍ വലുപ്പമുള്ള മറ്റൊരു ടാങ്കിലേക്ക് മാറ്റുന്നു. (റിയറിംഗ് ടാങ്ക്). ഈ സമയത്ത് കുഞ്ഞുങ്ങള്‍ കൂട്ടമായി സഞ്ചരിക്കുന്ന സ്വഭാവം പ്രകടിപ്പിക്കും.  ഇവയുടെ സഞ്ചാരം കണ്ടാല്‍ ഒരു പന്ത് ചലിക്കുന്നത് പോലെയെ നമുക്ക് തോന്നുകയുള്ളു. റിയറിംഗ് ടാങ്കില്‍ ഇവയ്ക്ക് തീറ്റയായി ചെമ്മീനിന്റെ ലാര്‍വല്‍ തീറ്റയും, സ്‌പൈറുലൈനയും ആദ്യ രണ്ട് ആഴ്ചകളിലും തുടര്‍ന്ന് പിഎല്‍ ഫീഡുകള്‍/ മത്സ്യതീറ്റ എന്നിവ ചെറു കഷണങ്ങളാക്കിയുമാണ് നല്‍കി വരുന്നത്.  റിയറിംഗ് ടാങ്കില്‍ പ്ലവക വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനായി ആവശ്യമെങ്കില്‍ ചെറിയ തോതില്‍ രാസവള പ്രയോഗവും നടത്താവുന്നതാണ്. 35 മുതല്‍ 45 ദിവസത്തിനുള്ളില്‍ 20 മി.മീറ്റര്‍ വലുപ്പമെത്തുന്ന കുഞ്ഞുങ്ങളെ കര്‍ഷകര്‍ക്ക് കൃഷിക്കായി നല്‍കാവുന്നതാണ്.  ആരോഗ്യമുള്ള ഒരു കരിമീനില്‍ നിന്നും 1000 മുതല്‍ 2000 വരെ കുഞ്ഞുങ്ങളെ ഇങ്ങനെ ഉല്പാദിപ്പിച്ച് വിതരണം ചെയ്യുന്നതിന്  കഴിയും. വളരെ ശ്രദ്ധാപൂര്‍വ്വം പരിചരിക്കുകയാണെങ്കില്‍ ഒരു ജോഡി കരിമീനില്‍ നിന്നും വര്‍ഷത്തില്‍ ആറ് മുതല്‍ എട്ടു വരെ പ്രജനനം സാധ്യമാകും.അധികം സാങ്കേതികതകളില്ലാതെ കര്‍ഷകര്‍ക്ക് തന്നെ സ്വന്തം കൃഷിക്കാവശ്യമായ കരിമീന്‍ കുഞ്ഞുങ്ങളെ കൃഷിയിടത്തോട് ചേര്‍ന്ന് ഉല്പാദിപ്പിക്കുന്നതിനും  അധികമുള്ളവയെ ആവശ്യക്കാരായ കര്‍ഷകര്‍ക്ക് നല്‍കി അധികവരുമാനം കണ്ടെത്തുന്നതിനും കഴിയുമെന്നതിനാല്‍ ഈ മാതൃക അവലംബിച്ച് മത്സ്യക്കുഞ്ഞുല്പാദനത്തിനായി ധാരാളം കര്‍ഷകര്‍ മുന്നോട്ട് വന്നിട്ടുണ്ട്.  കരിമീന്‍ കുഞ്ഞുല്പാദനത്തില്‍ ഓരോ ജില്ലയും സ്വയംപര്യാപ്തത കൈവരിക്കുക എന്ന സര്‍ക്കാര്‍ ലക്ഷ്യത്തോടൊപ്പം നിന്ന് വിജയഗാഥ രജിച്ച കര്‍ഷകരാണ് തിരുവനന്തപുരം ജില്ലയിലെ സലിം, സുനില്‍ തൃശ്ശൂര്‍ ജില്ലയിലെ രാജന്‍, കോട്ടയം ജില്ലയിലെ രാജു തുടങ്ങിയവര്‍. ചെറിയ മുതല്‍ മുടക്കും ആത്മാര്‍ത്ഥതയും ഉണ്ടെങ്കില്‍ ആര്‍ക്കും കൃഷിയിടത്തില്‍ പരീക്ഷിച്ച് വിജയിപ്പിക്കാവുന്ന ഒരു രീതിയാണ് ഇത്.  സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ കീഴിലുള്ള അഴീക്കോട് മേഖല ചെമ്മീന്‍ വിത്തുല്പാദന കേന്ദ്രത്തിലും ആയിരം തെങ്ങ് ഫിഷ് ഫാമിലുമെല്ലാം ഇത്തരത്തില്‍ കരിമീന്‍ കുഞ്ഞുല്പാദനം നടന്നുവരുന്നുണ്ട്.   20 മി.മീറ്റര്‍ വലുപ്പമുള്ള കരിമീന്‍കുഞ്ഞുങ്ങള്‍ക്ക് ആറ് രൂപയും 30 മി.മീറ്റര്‍ വലുപ്പമുള്ളവയ്ക്ക് എട്ട് രൂപയും ആണ് സര്‍ക്കാര്‍ വില. മേഖല ചെമ്മീന്‍ വിത്തുല്പാദന കേന്ദ്രം അഴീക്കോട്, തൃശ്ശൂര്‍ — 0480–2819698, 8301002117