പൗരത്വ ഭേദഗതി നിയമത്തിനെതിരെ യൂറോപ്യൻ യൂണിയൻ ഇന്ന് പ്രമേയം ചർച്ചയ്ക്കെടുക്കും. ആഗോളതലത്തിൽ ഇന്ത്യയ്ക്ക് വൻ തിരിച്ചടിയാകുന്ന പ്രമേയം ചർച്ചയ്ക്കെടുക്കുന്നത് ഒഴിവാക്കാൻ അവസാനനിമിഷം വരെയും മോഡി സർക്കാർ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.
പ്രമേയം ചർച്ച ചെയ്യാനുള്ള യൂറോപ്യൻ യൂണിയൻ പാർലമെന്റിന്റെ തീരുമാനം ദേശാന്തര തലത്തിൽ ഇന്ത്യക്ക് ഏറെ നാണക്കേട് സൃഷ്ടിക്കുമെന്നാണ് നയതന്ത്ര വിദഗ്ധർ വിലയിരുത്തുന്നത്. ലോകത്തിലെ 52 കോടി ജനങ്ങളെയാണ് 751 അംഗങ്ങളുള്ള യൂറോപ്യൻ യൂണിയൻ പാർലമെന്റ് പ്രതിനിധീകരിക്കുന്നത്. 751ൽ 662 അംഗങ്ങളാണ് പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രമേയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെടുന്നത്.
ഇന്ന് ബ്രസൽസിൽ ആരംഭിക്കുന്ന പ്ലീനറി സമ്മേളനത്തിലാണ് പ്രമേയങ്ങൾ ചർച്ച ചെയ്യുന്നത്. നാളെ ഇതുമായി ബന്ധപ്പെട്ട വോട്ടെടുപ്പും നടന്നേക്കും. മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നിർണയിക്കുക എന്ന ലക്ഷ്യത്തോടെ മോഡി സർക്കാർ പാസാക്കിയ പൗരത്വ ഭേദഗതി നിയമം രാജ്യത്തെ കൂടുതൽ അരക്ഷിതാവസ്ഥയിലേയ്ക്ക് നയിക്കുമെന്ന് യൂറോപ്യൻ യൂണിയൻ പാർലമെന്റ് അംഗങ്ങൾ നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രമേയങ്ങൾ പാസായാൽ കേന്ദ്ര സർക്കാർ, പാർലമെന്റ്, യൂറോപ്യൻ കമ്മിഷൻ അധ്യക്ഷൻമാർ എന്നിവർക്ക് തീരുമാനം അയച്ചുകൊടുക്കും.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആറ് പ്രമേയങ്ങളാണ് യൂറോപ്യൻ യൂണിയന്റെ പരിഗണനയ്ക്കെത്തുക. പ്രൊഗ്രസീവ് അലയൻസ് ഓഫ് സോഷ്യലിസ്റ്റ്സ് ആന്റ് ഡെമോക്രാറ്റ്സ് (154 എംപിമാർ), യുറോപ്യൻ പീപ്പിൾസ് പാർട്ടി(182 ), ഗ്രൂപ്പ് ഓഫ് ദി ഗ്രീൻസ്-യുറോപ്യൻ ഫ്രീ അലയൻസ്(75), യൂറോപ്യൻ കൺസർവേറ്റീവ്സ് ആന്റ് റീഫോമിസ്റ്റ്(66), റിന്യൂ യുറോപ്പ് ഗ്രൂപ്പ്(108) യുറോപ്യൻ യുണൈറ്റഡ് ലെഫ്റ്റ്(41) എന്നിവരാണ് പ്രമേയങ്ങൾ അവതരിപ്പിക്കുന്നത്.
അതേസമയം പ്രമേയങ്ങൾ ചർച്ച ചെയ്യാനുള്ള യൂറോപ്യൻ യൂണിയൻ പാർലമെന്റിന്റെ തീരുമാനം അനുചിതമാണെന്ന് ലോക്സഭാ സ്പീക്കർ ഓം ബിർള പറഞ്ഞു. ഇക്കാര്യം ആവശ്യപ്പെട്ട് ഓം ബിർള യുറോപ്യൻ യൂണിയൻ പാർലമെന്റ് പ്രസിഡന്റ് ഡേവിഡ് സസോലിക്ക് കത്തയച്ചിരുന്നു. ഒരു രാജ്യം പാസാക്കിയ നിയമത്തിന് മേൽ പ്രമേയം ചർച്ച ചെയ്യാനുള്ള യൂറോപ്യൻ യൂണിയൻ പാർലമെന്റിന്റെ തീരുമാനം അംഗീകരിക്കാൻ കഴിയില്ലെന്നും കത്തിൽ പറയുന്നു.
English summary: EU against CAA; The resolution will be debated in parliament today
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.