Friday
20 Sep 2019

സംസ്ഥാനത്ത് യൂറോപ്യന്‍ മാതൃകയില്‍ വികസനം കുതിക്കും

By: Web Desk | Monday 20 May 2019 10:36 PM IST


തിരുവനന്തപുരം: കേരളത്തിലെ എല്ലാവിഭാഗം ജനങ്ങള്‍ക്കും ഐശ്വര്യ പൂര്‍ണ്ണമായ ഭാവിക്കും സമഗ്രമായ വികസനത്തിനും അടിത്തറ ഒരുക്കാന്‍ ഉതകുന്ന യൂറോപ്യന്‍ മോഡലിലുള്ള നിരവധി പദ്ധതികള്‍ സംസ്ഥാനത്ത് ആവിഷ്‌ക്കരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന് ഏറെ പ്രയോജനകരമായിരുന്നു യൂറോപ്യന്‍ സന്ദര്‍ശനം. കേരളത്തിന്റെ ഭാവിക്ക് പ്രയോജനപ്പെടുന്ന പദ്ധതികള്‍ ഇതിന്റെ ഭാഗമായി നടപ്പാക്കും. ഓരോ പദ്ധതിയുടേയും തുടര്‍നടപടി സ്വീകരിക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക ചുമതല നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. യൂറോപ്യന്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വെള്ളപ്പൊക്കം നിയന്ത്രിക്കുന്ന റൂം ഫോര്‍ റിവര്‍ എന്ന ഡച്ച് പദ്ധതിയുടെ ഗുണവശങ്ങള്‍ പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിന്റെ ഭാഗമായി കേരളത്തില്‍ നടപ്പാക്കും. നെതര്‍ലന്റ്് സന്ദര്‍ശനത്തിന്റെ ഭാഗമായി വെള്ളപ്പൊക്കം അതിജീവിക്കാനുള്ള ഡച്ച് മാതൃക നേരിട്ട് വിലയിരുത്തി. സമുദ്രനിരപ്പില്‍ നിന്ന് താഴ്ന്ന് കിടക്കുന്ന കുട്ടനാട് പോലുള്ള പ്രദേശങ്ങള്‍ക്ക് ഈ പദ്ധതി ഏറെ പ്രയോജനപ്പെടും. കേരളത്തില്‍ ഇത് ഏറെ പ്രസക്തമാണ്. പ്രളയാനന്തര ആവശ്യകത വിലയിരുത്തല്‍ സംബന്ധിച്ച റിപ്പോര്‍ട്ടിന്മേലുള്ള (പിഡിഎന്‍എ) തുടര്‍ നടപടികള്‍ ഉടന്‍ സ്വീകരിക്കും. ഇതിനായി ബന്ധപ്പെട്ട എല്ലാവരുടെയും യോഗം അഡീഷണല്‍ ചീഫ് സെക്രട്ടറി വിളിച്ചു ചേര്‍ക്കും. റിപ്പോര്‍ട്ടിലെ ശുപാര്‍ശകളും ഇന്റഗ്രേറ്റഡ് വാട്ടര്‍ റിസോഴ്‌സസ് മാനേജ്‌മെന്റുമായി ബന്ധപ്പെട്ട കാര്യങ്ങളും നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടാണ് യോഗം. നെതര്‍ലന്റ്‌സിന്റെ ജലമാനേജ്‌മെന്റ് മാര്‍ഗങ്ങള്‍ മാതൃകാപരമാണ്. കേരളത്തിന് ഈ മാതൃക പ്രയോജനപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഉണ്ടാകും.

പ്രിസിഷന്‍ ഫാമിങ്, വിളവൈവിധ്യവല്‍ക്കരണം, കോള്‍ഡ് സ്റ്റോറേജ്, കടല്‍നിരപ്പിന് താഴെയുള്ള കൃഷി, ഉപ്പുവെള്ളത്തിലെ കൃഷി എന്നീ മേഖലകളെ സംബന്ധിച്ച് വാഗ്‌നിന്‍ഗെന്‍ സര്‍വകലാശാല അധികൃതരുമായി ചര്‍ച്ച നടത്തി. പ്രളയ നിയന്ത്രണത്തിനും കാര്‍ഷികോല്‍പാദനത്തിനും ഉതകുന്ന ചില മാതൃകകള്‍ നെതര്‍ലന്റ്‌സില്‍ നിന്ന് കേരളത്തിന് പകര്‍ത്താന്‍ കഴിയും.

വാഗ്‌നിന്‍ഗെന്‍ സര്‍വകലാശാലയുടെ കാര്‍ഷിക ഗവേഷണ പരീക്ഷണ കേന്ദ്രം സന്ദര്‍ശിച്ചതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ വാഴപ്പഴത്തിന്റെ ഷെല്‍ഫ് ലൈഫ് വര്‍ധിപ്പിക്കുന്നതിനും കാര്‍ഷിക വൈവിധ്യവല്‍ക്കരണം സാധ്യമാക്കുന്നതിനും വേണ്ട നടപടികള്‍ കൈക്കൊള്ളും. ഇക്കോ ടൂറിസത്തിന്റെ സാധ്യതകള്‍ കേരളത്തില്‍ മെച്ചപ്പെടുത്താനും ശ്രമിക്കും. ചീഫ് സെക്രട്ടറിക്കായിരിക്കും ഇതുമായി ബന്ധപ്പെട്ട തുടര്‍ നടപടികളുടെ ചുമതല.

നെതര്‍ലന്റ്‌സിലെ കൃഷി സെക്രട്ടറി ജനറലുമായി നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ അവരുടെ സഹകരണത്തോടെ കേരളത്തില്‍ പുഷ്പഫല മേഖലയില്‍ ഒരു സെന്റര്‍ ഓഫ് എക്‌സലന്‍സ് ആരംഭിക്കുന്നതിനെക്കുറിച്ച് ആലോചിക്കും. ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിന് കൃഷിമന്ത്രാലയവുമായും ഡല്‍ഹിയിലുള്ള ഡച്ച് എംബസിയുമായും ബന്ധപ്പെടുന്നതിന് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.
കേരളത്തിലെ കയര്‍ മേഖലയുടെ വളര്‍ച്ചയ്ക്ക് ഉതകുന്ന വിധത്തില്‍ ഡച്ച് പ്ലാന്റിന്‍ ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ കേരളത്തിലേക്കു കൂടി വ്യാപിപ്പിക്കുന്നതിന് വേണ്ട ചര്‍ച്ചകള്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
460 മില്ല്യണ്‍ ടണ്‍ വാര്‍ഷിക ചരക്ക് നീക്കമുള്ള യൂറോപ്പിലെ ഏറ്റവും വലിയ റോട്ടര്‍ഡാം തുറമുഖത്തിന്റെ പ്രതിനിധികളെ കേരളത്തിലേക്ക് ക്ഷണിക്കും. മാരിടൈം രംഗത്തെ സഹകരണം സംബന്ധിച്ച ചര്‍ച്ചകള്‍ ജൂലൈയില്‍ നടക്കും. 2019 ഒക്‌ടോബറോടു കൂടി ധാരണാപത്രം ഒപ്പിടാന്‍ കഴിയുംവിധം റോട്ടര്‍ഡാം തുറമുഖ അധികൃതരുമായി ബന്ധപ്പെടുന്നുണ്ട്. ഇതുസംബന്ധിച്ച് ബന്ധപ്പെട്ടവരുടെ യോഗം സംസ്ഥാന ഗവണ്‍മെന്റ് വിളിച്ചുകൂട്ടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ ഇളങ്കോവന്‍, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ആര്‍ മോഹന്‍ എന്നിവരും സംബന്ധിച്ചു.

YOU MAY ALSO LIKE THIS:

Related News