Web Desk

ന്യൂഡല്‍ഹി

April 21, 2021, 11:47 am

ആരാധകരുടെ പ്രതിഷേധം, ഇംഗ്ലീഷ് ക്ലബുകള്‍ പിന്മാറി; യൂറോപ്യന്‍ സൂപ്പര്‍ ലീഗിന് അവസാന വിസിലും മുഴങ്ങി

Janayugom Online

ഫിഫയെയും യുവേഫയെയും വെല്ലുവിളിച്ച് ചാമ്പ്യൻസ് ലീഗിന് ബദലായി യൂറോപ്യന്‍ സൂപ്പര്‍ ലീഗ് നടത്താനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി. ഔദ്യോഗികമായി പ്രഖ്യാപിച്ച് 48 മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ തന്നെ ആരാധകരുടെ കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് ആറ് ഇംഗ്ലീഷ് ക്ലബുകള്‍ യൂറോപ്യന്‍ സൂപ്പര്‍ ലീഗില്‍ നിന്ന് പിന്മാറി. ഇതിനെ തുടര്‍ന്ന സൂപ്പര്‍ ലീഗ് തത്കാലം നടത്തുന്നില്ലെന്നും ‍ പ്രശ്‌നങ്ങള്‍ പരിഹരിച്ച് സൂപ്പര്‍ ലീഗ് തിരിച്ചുവരുമെന്നും അധികൃതര്‍ അറിയിച്ചു.

മാഞ്ചസ്റ്റര്‍ സിറ്റി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ലിവര്‍പൂള്‍, ചെല്‍സി, ടോട്ടന്‍ഹാം, ആഴ്‌സണല്‍ ക്ലബ്ബുകളാണ് പിന്മാറുന്നതായവ്യക്തമാക്കിയത്. ഇതിനായുള്ള നിയമനടപടികള്‍ ക്ലബ്ബുകള്‍ തുടങ്ങി. ഇവര്‍ക്ക് പിന്നാലെ തന്നെ ഇറ്റാലിയന്‍ ക്ലബ്ബുകളായ എസി മിലാനും ഇന്റര്‍മിലാനും പിന്മാറി. ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസും സ്പാനിഷ് ക്ലബ്ബുകളായ റയല്‍ മാഡ്രിഡ്, ബാഴ്‌സലോണ, അത്‌ലറ്റിക്കോ മാഡ്രിഡ് എന്നിവര്‍ മാത്രമാണ് യൂറോപ്യന്‍ സൂപ്പര്‍ ലീഗില്‍ ശേഷിക്കുന്നത്.

ആഴ്‌സണല്‍ ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറിയെന്ന് വ്യക്തമാക്കിയതിന് പിന്നാലെ ആരാധകരോട് ക്ഷമ ചോദിച്ചു. ക്ലബിന് തെറ്റു പറ്റി. ആരാധകരോട് ക്ഷമ ചോദിക്കുന്നുവെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി. ലിവര്‍പൂള്‍ ആരാധകരുടെ കൂട്ടായ്മയായ സ്പിരിറ്റ് ഓഫ് ഷാങ്ക്ലിയും ക്ലബ്ബിനെതിരെ കഴിഞ്ഞ ദിവസം തന്നെ രംഗത്തെത്തിയിരുന്നു. ചെല്‍സിയുടെ ഹോം ഗ്രൗണ്ടായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ ആയിരക്കണക്കിന് ആരാധകര്‍ ഒത്തുകൂടി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഫുട്ബോളിന് വിടയെന്ന് എഴുതിയ പ്ലക്ക് കാര്‍ഡുകള്‍ ഉയര്‍ത്തിക്കാട്ടിയാണ് പ്രതിഷേധം അറിയിച്ചത്.

നേരത്തെ ജര്‍മ്മന്‍ മുന്‍നിര ക്ലബ്ബായ ബൊറൂസിയ ഡോര്‍ട്ട്മുണ്ട്, പോര്‍ച്ചുഗീസ് ക്ലബ്ബ് പോര്‍ട്ടോ എന്നിവര്‍ സൂപ്പര്‍ലീഗില്‍ ചേരാനുള്ള വാഗ്ദാനം നിരസിച്ചിരുന്നു. യൂറോപ്യന്‍ ഫുട്ബോളിന് സൂപ്പര്‍ ലീഗ് ഗുണംചെയ്യുമെന്ന് കരുതുന്നില്ലെന്ന് ബയേണ്‍ മ്യൂണിക് പരിശീലകന്‍ ഹാന്‍സി ഫ്ളിക് പറഞ്ഞു. സൗത്താംപ്ടന്‍, എവര്‍ട്ടണ്‍, ലീഡ്സ് തുടങ്ങിയ ഇംഗ്ലീഷ് ക്ലബ്ബുകളും ലീഗിനെതിരെ രംഗത്തെത്തി. പ്രീമിയര്‍ ലീഗ് മാനേജര്‍മാരുടെ അസോസിയേഷനും സൂപ്പര്‍ലീഗിനെതിരെ പ്രസ്താവന പുറത്തിറക്കി. ഫുട്ബോളിന് ചേരാത്ത നടപടിയെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പ്രതികരിച്ചു. വിമതലീഗില്‍ ചേരുകയില്ലെന്ന നിലപാടെടുത്ത ഫ്രഞ്ച് ക്ലബ്ബുകളെ പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ അഭിനന്ദിച്ചു.

വിലക്ക് നേരിടേണ്ടിവരുമെന്ന് ഫിഫ

കൂടുതൽ സാമ്പത്തിക നേട്ടം പ്രതീക്ഷിച്ചാണ് സൂപ്പർ ലീഗ് തുടങ്ങുന്നതെന്നും ഫിഫ മുന്നോട്ടുവയ്ക്കുന്ന ഐക്യം, അവസരസമത്വം, സാമ്പത്തിക, ഭരണ രംഗത്തെ സുതാര്യത തുടങ്ങിയ ആശയങ്ങള്‍ക്ക് വിരുദ്ധമാണ് ക്ലബ്ബുകളുടെ നടപടിയെന്നും ലോക ഫുട്ബോള്‍ സംഘടന വിലയിരുത്തുന്നു. പുതിയ ലീഗ് ഫുട്ബോളിന്റെ മുഖത്ത് തുപ്പുന്നതിന് തുല്യമാണെന്ന് യുവേഫ പ്രസിഡന്റ് ജോസഫ് സെഫറിന്‍ പറഞ്ഞു. 60000 ത്തിലേറെ പ്രൊഫഷണല്‍ ഫുട്ബോളര്‍മാരുടെ സംഘടനയായ ഫിഫ്പ്രൊയും ക്ലബുകളുടെ നീക്കത്തെ അപലപിച്ചു.

ബദല്‍ ലീഗില്‍ കളിക്കുന്നവര്‍ക്ക് ഫിഫ, യുവേഫ മത്സരങ്ങളില്‍ വിലക്ക് നേരിടേണ്ടിവരുമെന്ന് ജനുവരിയില്‍ തന്നെ ഫിഫ പ്രഖ്യാപിച്ചിരുന്നു. ആഭ്യന്തര, യുവേഫ, ദേശീയ മത്സരങ്ങള്‍ ക്ലബ്ബുകള്‍ക്കും കളിക്കാര്‍ക്കും നഷ്ടമാകും. അതേസമയം പുതിയ ലീഗ് ഔദ്യോഗികമായി ക്ലബ്ബുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഫിഫയും യുവേഫയും ഒത്തുതീര്‍പ്പിനും ശ്രമിക്കുന്നുണ്ട്.

Eng­lish summary:European Super League In Ruins As All Six Eng­lish Clubs Pull Out

You may also like this video: