അതിഥി തൊഴിലാളികളുടെ പലായനം അനുവദിക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍

നിയമം ലംഘിച്ചാല്‍ 14 ദിവസം നിര്‍ബന്ധിത ക്വാറന്റീന്‍
Web Desk

ന്യൂഡൽഹി

Posted on March 29, 2020, 3:36 pm

ലോക്ക് ഡൗണിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനിടയില്‍ കൂട്ടപലായനത്തിനൊരുങ്ങുന്ന അതിഥിതൊഴിലാളികളെ അതിന് അനുവദിക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍. നിയമം ലംഘിച്ചാല്‍ 14 ദിവസം നിര്‍ബന്ധിത ക്വാറന്റീന്‍ വേണ്ടി വരും.സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പുതിയ മാര്‍ഗനിര്‍ദ്ദേങ്ങള്‍ കൈമാറി. അതിഥി തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കണമെന്ന് നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു. ഇവര്‍ക്ക് ഭക്ഷണവും ശമ്പളവും ഉറപ്പാക്കണമെന്നും വ്യക്തമാക്കുന്നു.

നിലവിലെ സാഹചര്യത്തില്‍ തൊഴിലാളികളോട് മടങ്ങിപ്പോകാന്‍ ആവശ്യപ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. അ​തി​ഥി തൊഴിലാളികൾക്ക് ആവശ്യമായ ഭക്ഷണം, താമസ സൗകര്യങ്ങൾ എന്നിവ ഏർപ്പാടാക്കണമെന്നും കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർ നിർദേശിച്ചു.

കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല എന്നിവർ വിവിധ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുമായും പൊലീസ് മേധാവിമാരുമായും നടത്തിയ ചർച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായതോടെ തൊഴിലാളികള്‍ കൂട്ടത്തോടെ പലായനം ചെയ്യുന്ന നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതിന് പിന്നാലെയാണ് ഈ നിര്‍ദ്ദേശം.

Eng­lish Sum­ma­ry: Evac­u­a­tion of migrant work­ers not allowed

You may also like this video