24 April 2024, Wednesday

ഷഹീന്‍ബാഗില്‍ മനുഷ്യമതില്‍: ഷഹീൻ ബാഗിൽ ഒഴിപ്പിക്കൽ നടപടി നിർത്തിവച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
May 9, 2022 2:17 pm

റെജി കുര്യന്‍ ന്യൂഡല്‍ഹി: ജനങ്ങള്‍ ശക്തമായ പ്രതിരോധവുമായി രംഗത്തെത്തിയതോടെ സൗത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്റെ ബുള്‍ഡോസറുകള്‍ ഷഹീന്‍ബാഗില്‍ നിന്നും മടങ്ങി. ശക്തമായ പൊലീസ് വിന്യാസമുണ്ടായിട്ടും പ്രദേശവാസികള്‍ക്കൊപ്പം ബിജെപി ഇതര രാഷ്ട്രീയ പ്രവര്‍ത്തകരും ബുള്‍ഡോസറുകള്‍ക്ക് മുന്നില്‍ നിലയുറപ്പിച്ചു. പ്രദേശവാസികളും സിപിഐ ഉള്‍പ്പെടെ ഇടതുപക്ഷത്തിന്റെയും ആം ആദ്മി, കോണ്‍ഗ്രസ് പാര്‍ട്ടികളുടെയും പ്രവര്‍ത്തകര്‍ ചേര്‍ന്ന് ഇടച്ചു നിരത്തലിനെത്തിയ ബുള്‍ഡോസറിനു ചുറ്റും രാവിലെ തന്നെ മനുഷ്യമതില്‍ തീര്‍ത്തു.

രാവിലെ ജിഡി ബിര്‍ളാ മാര്‍ഗിലെ കടകള്‍ക്ക് സമീപമാണ് ബുള്‍ഡോസറെത്തിയത്. ഇവിടെ നിന്നും ഒരിഞ്ചു മുന്നോട്ടു നീങ്ങിയപ്പോഴേക്കും മനുഷ്യവലയം കൂടുതല്‍ ശക്തമായി. എഎപി എംഎല്‍എ അമാനുള്ള ഖാന്‍, കോണ്‍ഗ്രസ് നേതാവ് പര്‍വേസ് ആലം തുടങ്ങിയവര്‍ മുന്നില്‍ നിന്നു. സമാധാനപരമായി മുന്നേറിയ പ്രതിഷേധത്തിനിടയില്‍ പര്‍വേസ് ആലത്തെ പൊലീസ് വാഹനത്തില്‍ കയറ്റിക്കൊണ്ടു പോയി. തുടര്‍ന്നു സുരക്ഷാ സേന വഴിയൊരുക്കിയതോടെ ബുള്‍ഡോസര്‍ വീണ്ടും മുന്നോട്ടു നീങ്ങി. ഒരു കടയുടെ മുന്‍വശത്ത് പെയിന്റിങ്ങിനായി താല്‍ക്കാലികമായി സ്ഥാപിച്ചിരുന്ന പണിത്തട്ടുകള്‍ പൊളിക്കാന്‍ ബുള്‍ഡോസര്‍ മുന്നോട്ടു നീങ്ങി. എന്നാല്‍ പ്രദേശവാസികള്‍ താല്‍ക്കാലിക സംവിധാനം പൊളിച്ചു മാറ്റിയതോടെ ബുള്‍ഡോസറും ഒഴിപ്പിക്കല്‍ നടപടിക്കായി എത്തിയ പൊലീസുകാരും സ്ഥലത്തു നിന്നും മടങ്ങി.

ഇതിനിടെ ഷഹീന്‍ബാഗിലെ ഇടിച്ചു നിരത്തല്‍ നിര്‍ത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ (എം) സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ജസ്റ്റിസ് എല്‍ നാഗേശ്വര റാവു, ബി ആര്‍ ഗവായി എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഇടിച്ചു നിരത്തലിന്റെ ഇരകളല്ലേ ഇക്കാര്യത്തില്‍ കോടതികളെ സമീപിക്കേണ്ടതെന്ന് കോടതി ആരാഞ്ഞു. ഹര്‍ജി തള്ളുമെന്ന് ബെഞ്ച് വ്യക്തമാക്കിയതോടെ ഹര്‍ജിക്കാര്‍ തന്നെ പിന്‍വലിച്ചു.

Eng­lish summary;evacuation process stopped in Sha­heen bagh

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.