പി വസന്തം

April 05, 2020, 4:10 am

നിര്‍ഭയ വിധിക്കുശേഷവും സ്ത്രീസുരക്ഷാ പോരാട്ടം തുടരണം

Janayugom Online

ഏഴു വര്‍ഷവും മൂന്ന് മാസവും നാലു ദിവസവും നീണ്ട നിയമപോരാ‍ട്ടമാണ് നിര്‍ഭയ കേസിലെ നാലു പ്രതികളെ തൂക്കിലേറ്റിയതോടെ അവസാനിച്ചത്. ‘സ്ത്രീസുരക്ഷ’ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട സംഭവമായിരുന്നു നിര്‍ഭയ കേസ്. ഓടിക്കൊണ്ടിരുന്ന ബസില്‍വച്ച് വിദ്യാര്‍ഥിനിയെ അതിക്രൂരമായി പീഡനത്തിനിരയാക്കുകയായിരുന്നു. 2012 ഡിസംബര്‍ 12ന് രാത്രി ഒമ്പത് മണിക്ക് സുഹൃത്തിനൊപ്പം ബസില്‍ യാത്ര ചെയ്യുമ്പോഴാണ് ഈ സംഭവം അരങ്ങേറിയത്. ഡിസംബര്‍ 29ന് പെണ്‍കുട്ടി മരണപ്പെട്ടു. ഈ സംഭവം ഡല്‍ഹിയില്‍ പ്രതിഷേധങ്ങളുടെ വേലിയേറ്റം സൃഷ്ടിച്ചു. ദേശവ്യാപകമായി ഇത് അതിശക്തമായ പ്രക്ഷോഭമായി വളര്‍ന്നുവന്നു.

ഇന്ത്യയിലെ ധൈഷണിക സമൂഹം ഇതിനെതിരെ തീവ്രമായി പ്രതികരിച്ചു. ഇന്ത്യ മരിച്ചിട്ടില്ല എന്ന് നമ്മെ ഓര്‍മ്മപ്പെടുത്തിക്കൊണ്ട് ഡിസംബറിലെ ശീതക്കാറ്റിനെയും കോടമഞ്ഞിനെയും അവഗണിച്ച് പതിനായിരങ്ങള്‍ പ്രതിഷേധിക്കാനായി തെരുവിലിറങ്ങി. ഇന്ത്യാഗേറ്റും ജന്ദര്‍മന്ദറും റെയ്സിന ഹില്‍സും പ്രക്ഷോഭകരാല്‍ നിറഞ്ഞു. ഇന്ത്യന്‍ യുവതയുടെ രോഷം അണപൊട്ടി. ദേശീയ മഹിളാ ഫെഡറേഷനും ഇടതുപക്ഷ പ്രസ്ഥാനങ്ങളും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും പുരോഗമന പ്രസ്ഥാനങ്ങളും വ്യക്തികളും എല്ലാം ഈ പ്രക്ഷോഭത്തില്‍ അണിനിരന്നു. നിര്‍ഭയ കേസ് ഇന്ത്യന്‍ നീതിന്യായ സംവിധാനത്തിലെ ഒരു വഴിത്തിരിവാണ്. ഇന്ത്യന്‍ ശിക്ഷാനിയമത്തെയും ക്രിമിനല്‍ നടപടിക്രമത്തെയും ഉടച്ചുവാര്‍ക്കാന്‍ ഈ കേസ് കാരണമായിട്ടുണ്ട്.

ഇന്ത്യന്‍ ഭരണാധികാരികള്‍ നിസാരമായി കണ്ടിരുന്ന പല അതിക്രമങ്ങളും ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യങ്ങളായി മാറിയത് നിര്‍ഭയ കേസിന്റെ ഭാഗമായി നിയമിച്ച ജസ്റ്റിസ് വര്‍മ്മ കമ്മിഷന്റെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു. ലോകത്തിന് മുമ്പില്‍ അഭിമാനം വീണ്ടെടുക്കാന്‍ അതിവേഗ നടപടികള്‍ വേണമെന്ന് ബോധ്യപ്പെട്ടതിന്റെ ഭാഗമായാണ് കേന്ദ്ര സര്‍ക്കാര്‍ 2012 ഡിസംബര്‍ 24ന് ജെ എസ് വര്‍മ്മയുടെ നേതൃത്വത്തില്‍ മൂന്നംഗ കമ്മിറ്റിയെ നിയോഗിക്കുന്നത്. ജസ്റ്റിസ് ലീലസേത്ത്, മുന്‍ സോളിസിറ്റര്‍ ജനറല്‍ സുബ്രഹ്മണ്യം എന്നിവരാണ് മറ്റംഗങ്ങള്‍. സ്ത്രീകള്‍ക്കെതിരെ ലൈംഗിക കുറ്റകൃത്യം നടത്തുന്നവര്‍ക്കെതിരെ കര്‍ശന ശിക്ഷ നടപ്പാക്കുന്നതിനും വിചാരണ വേഗത്തില്‍ നടപ്പാക്കുന്നതിനുമാവശ്യമായ ശുപാര്‍ശകള്‍ നല്കുക എന്നതായിരുന്നു കമ്മിഷന്റെ ചുമതല. ഈ കമ്മിറ്റിക്ക് മുമ്പാകെ രണ്ടാഴ്ചക്കുള്ളില്‍ 70,000 പ്രതികരണങ്ങള്‍ വന്നു. 2013 ജനുവരി 23ന് 630 പേജ് ദൈര്‍ഘ്യമുള്ള റിപ്പോര്‍ട്ട് കമ്മിഷന്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചു. സ്ത്രീകളുടെ പ്രശ്നങ്ങള്‍ ഗഹനമായി അപഗ്രഥിക്കുകയും പരിഹാരമാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നതുമായിരുന്നു അത് എന്ന് പൊതുവെ വിലയിരുത്തുന്നു. കാതലായ പല നിര്‍ദ്ദേശങ്ങളും സര്‍ക്കാര്‍ അവഗണിച്ചിട്ടുണ്ട്. വര്‍മ്മ കമ്മിഷന്‍ കൃത്യമായി പറഞ്ഞിട്ടുള്ള കാര്യമായിരുന്നു വിശാഖ കേസിലെ തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ (തടയല്‍, നിരോധിക്കല്‍, സങ്കടനിവൃത്തിയുണ്ടാക്കല്‍) നിയമവുമായി ബന്ധപ്പെട്ട് പരാതികള്‍ സ്വീകരിക്കുന്നതിനും തീരുമാനമെടുക്കുന്നതിനും നിലവിലുളള ആഭ്യന്തരമായി രൂപീകരിച്ച ഒരു കമ്മിറ്റിയല്ല വേണ്ടത്, മറിച്ച് ഒരു ട്രിബ്യൂണല്‍ ആയിരിക്കണം എന്നത്. കാരണം ആഭ്യന്തരമായി രൂപീകരിക്കുന്ന കമ്മിറ്റി പലപ്പോഴും ബലപ്രയോഗം നടത്തുന്ന പുരുഷന് തന്നെ സ്വാധീനമുള്ള ഇടമാണ്. അതില്ലാതാക്കാനാണ് എംപ്ലോയ്മെന്റ് ട്രിബ്യൂണല്‍ ശുപാര്‍ശ ചെയ്തത്.

ഇതിന് ഉദാഹരണമാണ് കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 19ന് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ്‌ക്കെതിരെ ലൈംഗിക ആരോപണങ്ങള്‍ ഉന്നയിച്ച് സുപ്രീം കോടതി മുന്‍ ജീവനക്കാരി രംഗത്തെത്തിയത്. അന്ന് സുപ്രീം കോടതിയിലെ തന്നെ ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ മൂന്നംഗ കമ്മിറ്റി യുവതിയുടെ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് ചൂണ്ടിക്കാട്ടി പരാതി തള്ളിയതും പരാതിക്കാരി പരാതിയില്‍ ഉറച്ചുനിന്നതും പിന്നീട് അത് ഒത്തുതീര്‍ത്തതുമെല്ലാം വലിയ ചര്‍ച്ചകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഇട നല്കിയിരുന്നു. ഇതില്‍ നിന്നും വ്യക്തമാകുന്നത് എംപ്ലോയ്‌മെന്റ് ട്രിബ്യൂണല്‍ എന്ന സംവിധാനം കുറേക്കൂടി തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നീതി ലഭ്യമാക്കാന്‍ ഉതകുന്നു എന്നതാണ്. 2013 ല്‍ വര്‍മ്മ കമ്മിഷന്റെ ശുപാര്‍ശയുടെ ഭാഗമായാണ് ക്രിമിനല്‍ നിയമം ഭേദഗതി ചെയ്ത് ശിക്ഷകള്‍ കര്‍ശനമാക്കിയത്. ഇതിന്റെ ഭാഗമായി ബലാല്‍സംഗക്കേസില്‍ ഇരകളെ കൊല്ലുകയോ ജീവച്ഛവമാക്കുകയോ ചെയ്താല്‍ വധശിക്ഷ ലഭിക്കുമെന്ന് നിയമം ഉറപ്പാക്കി. സ്ത്രീകളെ പിന്തുടരുന്നതും ലൈംഗിക ചുവയോടെ സംസാരിക്കുന്നതും നഗ്നത കാണിക്കുന്നതുമെല്ലാം കുറ്റകൃത്യമായി കണക്കാക്കി. അനുവാദമില്ലാതെ സ്ത്രീയുടെ ശരീരത്തില്‍ തൊടുക, ലൈംഗിക വിക്ഷേപങ്ങള്‍, ലൈംഗിക വേഴ്ചയ്ക്ക് നിര്‍ബന്ധിക്കുക, സ്ത്രീകളുടെ അനുവാദമില്ലാതെ അശ്ലീലചിത്രങ്ങള്‍ കാണിക്കുക എന്നിവയും കുറ്റകൃത്യമായി വ്യവസ്ഥ ചെയ്തു. കൂട്ട ബലാല്‍സംഗക്കേസുകളില്‍‍ പത്തു വര്‍ഷമായിരുന്ന തടവ് ശിക്ഷ ഇരുപത് വര്‍ഷമായി വര്‍ധിപ്പിച്ചു. ആസിഡ് ആക്രമണ കേസുകളില്‍ തടവ് ശിക്ഷ പത്തു വര്‍ഷമാക്കി ഉയര്‍ത്തി. 2018 ലെ ഭേദഗതിയോടെ 12 വയസിന് താഴെയുള്ള പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്താല്‍ വധശിക്ഷ ഉറപ്പുവരുത്തി. കുറ‍ഞ്ഞ ശിക്ഷ ഇരുപത് വര്‍ഷം തടവാക്കി. പതിനാറ് വയസില്‍ താഴെയുള്ള കുട്ടികളെ ബലാല്‍സംഗം ചെയ്താല്‍ ഇരുപത് വര്‍ഷം മുതല്‍ ജീവിതകാലം മുഴുവനും തടവ് ശിക്ഷ ഉറപ്പാക്കി. ഇതനുസരിച്ച് എവിഡന്‍സ് ആക്ടിലും ഭേദഗതി വരുത്തി. നിയമം കര്‍ശനമാക്കിയത് കൊണ്ടു മാത്രം സ്ത്രീകള്‍ക്ക് നിര്‍ഭയമായി രാജ്യത്ത് ജീവിക്കാന്‍ കഴിയില്ലെന്ന് സമകാലീന സംഭവങ്ങള്‍ വ്യക്തമാക്കുന്നു. ദേശീയ ക്രൈം റിക്കോര്‍ഡ് ബ്യൂറോ പുറത്തുവിട്ട കണക്കുകളില്‍ രാജ്യത്ത് 32.3 ശതമാനം കേസുകളില്‍ മാത്രമാണ് ബലാല്‍സംഗത്തിന് ശിക്ഷ ലഭിച്ചത്. ദളിത് വിഭാഗത്തില്‍പ്പെട്ട സ്ത്രീകള്‍ ഇരയായ കേസുകളില്‍ പത്തു ശതമാനത്തിന് താഴെയാണ് ശിക്ഷാ നിരക്ക്. പ്രതികള്‍ക്കാണ് താന്‍ കുറ്റക്കാരനല്ലെന്ന് തെളിയിക്കേണ്ട ബാധ്യത. ഇതിന്റെ ഭാഗമായി കുറ്റകൃത്യത്തിന് ശേഷം ഇരയെകൊണ്ട് തെളിവില്ലാതാക്കുക എന്ന തന്ത്രവും പ്രതികള്‍ ഉപയോഗിക്കുന്നു. രാജ്യത്ത് എന്തു കുറ്റകൃത്യം നടത്തിയാലും ശിക്ഷിക്കപ്പെടില്ലാ എന്ന പൊതുബോധം വളര്‍ന്നുവരുന്നുണ്ട്. നിര്‍ഭയാ കേസ് ഏഴു വര്‍ഷം ശിക്ഷ നടപ്പിലാക്കുന്നതിനായി വേണ്ടിവന്നു എന്നതുതന്നെ നമ്മുടെ നിയമ സംവിധാനങ്ങളിലെ പോരായ്മ വെളിപ്പെടുത്തുന്നു. സ്ത്രീകള്‍ക്ക് ഇന്നാവശ്യം സുരക്ഷയാണ്. അത് നടപ്പിലാക്കാനുള്ള നിശ്ചയദാര്‍ഢ്യം ഭരണാധികാരികള്‍ക്ക് ആവശ്യമാണ്. കോടതികളെ അതിവേഗത്തില്‍ വിചാരണ നടത്തി തീരുമാനമെടുക്കുന്ന നിയമ സംവിധാനമാക്കി പരിവര്‍ത്തനപ്പെടുത്തണം. ആവശ്യത്തിന് രാജ്യമെമ്പാടും ഫാസ്റ്റ്ട്രാക്ക് കോടതികള്‍ അനുവദിക്കണം. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സ്ത്രീ പക്ഷ സമീപനമുണ്ടാക്കുന്നതിന് വിദഗ്ധ പരിശീലനം നല്കണം.

കേസ് രജിസ്റ്റര്‍ ചെയ്തു കുറ്റപത്രം സമര്‍പ്പിക്കുന്നത് വരെ കേസന്വേഷണം പഴുതുകളടച്ച അന്വേഷണമെന്ന് ഉറപ്പാക്കുന്നതിനായി വനിതാ ഐപിഎസ് ഉദ്യോഗസ്ഥകള്‍ ഉള്‍പ്പെടെ കേസന്വേഷണത്തിന് മോണിറ്ററിംഗ് നടത്തണം. സ്ത്രീകളുടെ കേസ് നടത്തിപ്പിനായി വനിതാ പ്രോസിക്യൂട്ടര്‍മാരെ നിയമിക്കണം. സ്ത്രീകള്‍ പരാതി നല്കിയിട്ടും സാമ്പത്തികവും രാഷ്ട്രീയവുമായി സ്വാധീനമുള്ള പ്രതിയെ സഹായിക്കാന്‍ കേസെടുക്കാതിരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടികള്‍‍ സ്വീകരിക്കാനും ഭരണാധികാരികള്‍‍ തയ്യാറാവണം. 2013 ലെ പൊതു ബജറ്റില്‍ യുപിഎ ധനമന്ത്രിയായിരുന്ന പി ചിദംബരമാണ് നിര്‍ഭയ ഫണ്ട് പ്രഖ്യാപിച്ചത്. സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി പദ്ധതികള്‍ രൂപീകരിക്കാനാണ് നിര്‍ഭയ ഫണ്ട് രൂപീകരിച്ചത്. ഗുരുതരമായ വീഴ്ചയാണ് സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തു നിന്ന് ഈ തുക വിനിയോഗിക്കുന്ന കാര്യത്തില്‍ ഉണ്ടാവുന്നത്. ‘നിര്‍ഭയ ഫണ്ട് വേണ്ട രീതിയില്‍ വിനിയോഗിച്ചില്ലെങ്കില്‍ നമ്മള്‍ ഒന്നും നേടാന്‍ പോകുന്നില്ലെന്ന് സുപ്രീം കോടതിക്ക് തന്നെ ഉന്നാവോ പെണ്‍കുട്ടിയുടെ കേസ് വിചാരണ സമയത്ത് പറയേണ്ടിവന്നു. ആറു വര്‍ഷങ്ങള്‍ക്കുശേഷം 2019 ല്‍ പാര്‍ലമെന്റില്‍ കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി വച്ച കണക്കിലാണ് ഫണ്ട് ചെലവഴിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരുകളുടെ ഗുരുതരമായ വീഴ്ച പുറംലോകമറിയുന്നത്. മഹാരാഷ്ട്രയും മേഘാലയ, ത്രിപുര, സിക്കിം തുടങ്ങിയ സംസ്ഥാനങ്ങള്‍ ഒരു പൈസപോലും ചെലവഴിച്ചിട്ടില്ല. ആഭ്യന്തര മന്ത്രാലയം സ്ത്രീ സുരക്ഷയ്ക്കായി ഏറ്റവും കൂടുതല്‍ ഫണ്ട് നല്കിയിരുന്നത് ഡല്‍ഹിക്കായിരുന്നു. 390 കോടി രൂപയില്‍ അഞ്ചു ശതമാനം മാത്രമേ (19.41) ചെലവഴിച്ചിട്ടുള്ളു. യുപിയില്‍ 119.39 കോടി രൂപ നല്കിയെങ്കില്‍ 3.9 ശതമാനം മാത്രമാണ് ചെലവാക്കിയത്. മഹാരാഷ്ട്രയ്ക്ക് 150 കോടി നല്‍കുകയുണ്ടായി. തെലങ്കാന നാല് ശതമാനമാണ് ചെലവഴിച്ചത്.

ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളുടെയും സ്ഥിതിയാണിത്. കേരളവും ഇക്കാര്യത്തില്‍ ജാഗ്രതക്കുറവ് കാണിച്ചിട്ടുണ്ട്. സ്ത്രീ സുരക്ഷയ്ക്കായി അടിയന്തരമായി ഉപയോഗിക്കേണ്ട ഫണ്ടില്‍ അമ്പത് ശതമാനം മാത്രമാണ് വിനിയോഗിച്ചത്. ലൈംഗിക പീഡനത്തിന് ഇരയായവര്‍ക്ക് നല്‍കുന്ന 760 ലക്ഷം രൂപയുടെ സെന്‍ട്രല്‍ വിക്റ്റിം കോമ്പന്‍സേഷന്‍ ഫണ്ടില്‍ നിന്ന് ഒരു രൂപപോലും ചെലവഴിച്ചിട്ടില്ല. സൈബര്‍ അതിക്രമം തടയാനുള്ള 435 ലക്ഷം രൂപയുടെ ഫണ്ടും ലാപ്സായി. 2015–2020 വരെയുള്ള സ്ത്രീ ഹെല്‍പ് ലൈന്‍ ഫണ്ട് 174.94 ലക്ഷം രൂപയാണ്. പക്ഷേ ചെലവാക്കിയത് 72.71 ലക്ഷം മാത്രമാണ്. വണ്‍ സ്റ്റോപ്പ് സെന്റര്‍ സ്കീമില്‍ 515.85 ലക്ഷം രൂപയുണ്ടെങ്കിലും 41 ലക്ഷമാണ് ചെലവഴിച്ചത്. സംസ്ഥാനങ്ങളുടെ ഫണ്ട് വിനിയോഗത്തില്‍ കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പിന്റെ കൃത്യമായ മേല്‍നോട്ടം ഇല്ല എന്നതും ഒരു പോരായ്‌മയാണ്. വധശിക്ഷ നല്കിയതുകൊണ്ട് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെ പ്രതിരോധിക്കാന്‍ കഴിയില്ല. പ്രതികള്‍ക്ക് വധശിക്ഷ നല്‍കിയപ്പോള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആഹ്ലാദമുണ്ടായി. ഇത് മനുഷ്യന്റെ സ്വാഭാവിക പ്രകടനമായേ കാണേണ്ടതുള്ളു. ആധുനിക കാലത്ത് വധശിക്ഷയെ മ്ലേച്ഛമായേ കാണാന്‍ കഴിയുകള്ളു. സമൂഹത്തിന്റെ മനോഭാവത്തിലാണ് കാലോചിതവും പുരോഗമനപരവുമായ മാറ്റങ്ങള്‍ ഉണ്ടാവേണ്ടത്. പുരുഷ മേല്‍ക്കോയ്മ നിലനില്‍ക്കുന്ന ഏത് വ്യവസ്ഥയ്ക്ക് കീഴിലും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് സാധ്യതയുണ്ട്. ആധുനിക മുതലാളിത്തം ബലാല്‍ക്കാര സംസ്കാരം ശക്തിപ്പെടുത്തുന്നുണ്ട്. മതാധിഷ്ഠിതവും ഫ്യൂഡലുമായ സാമൂഹ്യക്രമത്തിലും ഉദാരവല്‍കൃത മുതലാളിത്ത സാമൂഹ്യ ക്രമത്തിലുമാണ് പിതൃകേന്ദ്ര അധികാരഘടന നിലനില്‍ക്കുന്നത്. നിലവിലുള്ള സാമൂഹികാവസ്ഥയ്ക്ക് മാറ്റം വരുത്തിക്കൊണ്ടല്ലാതെ ബലാല്‍സംഗ സംസ്കാരത്തെ പൂര്‍ണമായി ഒഴിവാക്കാനാവില്ല എന്ന വസ്തുത തിരിച്ചറിയണം. കമ്പോളവല്‍ക്കരണം സ്ത്രീയെ ഒരു ലൈംഗിക വസ്തുവും ചരക്കുമായി കാണുന്നു. ബലാല്‍ക്കാരങ്ങള്‍ സാധ്യമാക്കുന്ന ഈ മൂല്യ വ്യവസ്ഥയ്ക്കെതിരെയുള്ള സന്ധിയില്ലാ പോരാട്ടങ്ങളാണ് നടക്കേണ്ടത്.