മത്സ്യബന്ധനം നടക്കുന്നില്ലെങ്കിലും മീന്‍ സുലഭം; അഴുകിയ മത്തിക്കുപോലും വന്‍ വില

Web Desk
Posted on June 14, 2019, 1:44 pm

സ്വന്തം ലേഖിക

ആലപ്പുഴ: ജില്ലയിലെ വിപണികളില്‍ പഴകിയ മീനുകള്‍ സുലഭം.കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പുള്ളതിനാല്‍ പരമ്പരാഗത വള്ളങ്ങള്‍ക്കും കടലില്‍ പോകാന്‍ സാധിക്കുന്നില്ല. ഈ സാഹചര്യത്തില്‍ കേരളത്തിലെ ഹാര്‍ബറുകളിലേയ്ക്ക് തമിഴ്‌നാട്ടില്‍ നിന്നും വന്‍ തോതില്‍ മത്സ്യങ്ങള്‍ എത്തിത്തുടങ്ങിയത്. മത്തിയാണ് കൂടുതലും എത്തുന്നത്.കേരളത്തില്‍ ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തിയതോടെ വന്‍തോതില്‍ മത്സ്യം എത്തുന്നത് തമിഴ്‌നാട്ടിലെ കടലൂര്‍, നാഗപട്ടണം, രാമേശ്വരം എന്നീ പ്രദേശങ്ങളില്‍ നിന്നുമാണ്. പൊതുവെ മീനിന്റെ വില ഉയരുകയായിരുന്നു അപ്പോഴേക്കും ട്രോളിംഗ് നിരോധനവും പ്രഖ്യാപിച്ചു. പിന്നെ വില കുത്തനെ കൂടി. മത്തിയാണ് കൂടുതലും ഇപ്പോള്‍ എത്തുന്നത്. അവയ്ക്ക് ദിവസങ്ങളോളം പഴക്കമുണ്ടെന്ന് പരാതി ഉയരുന്നു. ഇന്നലെ അമ്പലപ്പുഴ വളഞ്ഞവഴി മാര്‍ക്കറ്റില്‍ ഇത്തരത്തിലുള്ള മത്തി വില്‍പ്പനയ്ക്ക് എത്തിയിരുന്നു.

കാഴ്ചയ്ക്ക് പഴക്കം തോന്നുകയില്ലെങ്കിലും ഉപയോഗിക്കുമ്പോഴാണ് മത്സ്യത്തിന്റെ പഴക്കം മനസിലാകുന്നതെന്നാണ് വീട്ടമ്മമാര്‍ പറയുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പേ പിടികൂടി ഫ്രീസറില്‍ സൂക്ഷിച്ചിരുന്ന മത്സ്യങ്ങള്‍ രണ്ടു ദിവസമായി മത്സ്യവിപണികളില്‍ ഇടം പിടിക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. കഴിഞ്ഞ വര്‍ഷവും ട്രോളിംഗ് നിരോധനം ആരംഭിച്ചപ്പോള്‍ രാസവസ്തുക്കള്‍ ചേര്‍ത്ത ടണ്‍ കണക്കിന് മത്സ്യങ്ങള്‍ കേരളത്തിലെത്തിയിരുന്നു. ഇവ മീനില്‍ ചേര്‍ത്താല്‍ എത്ര നാള്‍ വരെ വേണമെങ്കിലും കേടു കൂടാതിരിക്കും.

സംസ്ഥാനത്തിന് പുറത്തുനിന്നാണ് ഇത്തരത്തില്‍ മത്സ്യം എത്തിക്കുന്നത്. ദിവസേനെ 150 ലോഡ് മത്സ്യമാണ് കേരളത്തിലെത്തുന്നത്. സാധാരണ രീതിയില്‍ ഐസിട്ട് സൂക്ഷിക്കുന്ന മീനുകള്‍ മൂന്നു ദിവസമേ കേടാകാതിരിക്കും. പക്ഷെ കൂടിയ തോതിലുളള രാസവസ്തു ഉപയോഗം ഇവയെ ദിവസങ്ങളോളം കേടാകാതെ സൂക്ഷിക്കും. അലിഞ്ഞുപോകാതിരിക്കാനായുള്ള രാസപദാര്‍ത്ഥങ്ങള്‍ ഐസില്‍ ചേര്‍ത്ത് അതില്‍ മീനിട്ട് സൂക്ഷിക്കുന്നതാണ് ഇപ്പോഴത്തെ രീതി. ദൂരെയുള്ള സ്ഥലങ്ങളിലേക്ക് മത്സ്യം കൊണ്ടുപോകുന്നതിനു ഒട്ടുമിക്കയിടങ്ങളിലും ഈ രീതിയാണ് പിന്തുടരുന്നത്. വാണിജ്യനേട്ടത്തിനു വേണ്ടി നടപ്പാക്കുന്ന ഇത്തരം പ്രവണതകള്‍ ഉപഭോക്താക്കളിലുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ചെറുതല്ല. കരള്‍, കുടല്‍ എന്നിവയില്‍ കാന്‍സര്‍ ഉള്‍പ്പെടെയുള്ള ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളാണ് ഇത്തരം മത്സ്യങ്ങള്‍ കഴിക്കുന്നതുകൊണ്ട് ഉണ്ടാകുകയെന്ന് ആരോഗ്യവിദഗ്ദരും മുന്നറിയിപ്പു നല്‍കുന്നു.

YOU MAY ALSO LIKE THIS