23 July 2024, Tuesday
KSFE Galaxy Chits Banner 2

ലോകശ്രദ്ധയാകര്‍ഷിച്ച കളിപ്പാട്ട ഗ്രാമങ്ങളുള്ള ഇന്ത്യയിലും ഇറക്കുമതി ചെയ്യുന്നത് 80 ശതമാനത്തിലധികം ചൈനീസ് പാവകള്‍

രമ്യ മേനോന്‍
ന്യൂഡല്‍ഹി
June 1, 2022 7:44 pm

കളിപ്പാട്ട ഗ്രാമങ്ങള്‍ ഏറെയുണ്ട് ഇന്ത്യയില്‍. നിത്യവൃത്തിയ്ക്ക് പാടുപെടുന്ന ചെറുകിടമേഖലയിലെ തൊഴിലാളികള്‍ ഏറെ പ്രയാസപ്പെട്ടുണ്ടാക്കുന്ന ചെറു കളിപ്പാട്ടങ്ങളുള്ള ഏട്ടുക്കൊപ്പക ഗ്രാമം ഇന്ത്യയുടെ കളിപ്പാട്ട നിര്‍മ്മാണശാലയാണ് എന്നുവേണമെങ്കില്‍ പറയാം. ബാറ്ററിയിട്ടുള്ള പാവകള്‍ ഇന്ത്യയില്‍ പ്രചാരത്തിലാകുന്നതിനുമുമ്പ് തന്നെ ധനികരായ വീടുകളിലെ കുട്ടികള്‍ കളിക്കാനുപയോഗിച്ചിരുന്നത് ഇത്തരം കളിപ്പാട്ടങ്ങളാണ്. ആ സ്ഥാനത്താണ് തീരെ ഗുണമേന്മയില്ലാത്തതും ഒട്ടും പ്രകൃതി സൗഹാര്‍ദ്ദമല്ലാത്തതുമായ പ്ലാസ്റ്റിക് കളിക്കോപ്പുകള്‍ ഇടംപിടിച്ചത്. ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനയിലുളള കളിപ്പാട്ടങ്ങളില്‍ 20 ശതമാനം മാത്രമേ ആഭ്യന്തര ഉല്‍പ്പാദകരുടേതായുള്ളൂ. ബാക്കി 80 ശതമാനവും രാജ്യത്തേക്ക് ഇറക്കുമതി ചെയ്യപ്പെടുന്നവയാണ്.

 

ഇന്ത്യയിലെ പ്രധാന കളിപ്പാട്ട ഗ്രാമങ്ങള്‍

പേര് സൂചിപ്പിക്കുന്നതുപോലെ കളിപ്പാട്ടനിര്‍മ്മാണം പ്രധാന തൊഴില്‍ മേഖലയായ ഗ്രാമങ്ങളെയാണ് കളിപ്പാട്ട ഗ്രാമങ്ങള്‍ എന്നറിയപ്പെടുക. ആന്ധ്രപ്രദേശിലും കര്‍ണാടകയിലുമാണ് പ്രധാന കളിപ്പാട്ട നിര്‍മ്മാണശാലകളുള്ളത്. പ്രത്യക്ഷത്തില്‍ ഫാക്ടറികളല്ലെങ്കിലും ഇവിടങ്ങളിലുള്ള ഒരോ വീടുകളും ഫാക്ടറികളാണ്. ജീവനക്കാരും ഉടമയും എല്ലാം അവരവര്‍ തന്നെ.

ഏട്ടുക്കൊപ്പക ഗ്രാമം

ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തുനിന്ന് 65 കിലോ മീറ്റര്‍ അകലെ വരാഹ നദിക്കരയിൽ പൂർവഘട്ട മലനിരകളുടെ സമീപത്തായി സ്ഥിതിചെയ്യുന്നു. തലമുറകളിലൂടെ കൈമാറി വരുന്ന ശില്പവൈദഗ്ധ്യം കാത്തുസൂക്ഷിക്കുന്ന ഈ ഗ്രാമം ഇന്ത്യയെത്തന്നെ ലോകശ്രദ്ധക്ഷണിക്കുന്ന ഒന്നാക്കി മാറ്റിയതില്‍ പ്രധാന പങ്കുവഹിക്കുന്നു. നാലു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് ഏട്ടുക്കൊപ്പ ഗ്രാമത്തിന്റെ കഥകള്‍ക്ക്. കൃത്രിമ രാസപദാർഥങ്ങൾ ചേർക്കാതെ സ്വാഭാവിക വസ്തുക്കൾ മാത്രം ഉപയോഗിക്കുന്ന സർഗസൃഷ്ടിക്ക് പ്രകൃതിയോടുള്ള കരുതലുണ്ട്. 2017ൽ ഭൗമസൂചിക പദവി ലഭിച്ചതോടെ ഒട്ടേറെ സഞ്ചാരികൾ ഗ്രാമക്കാഴ്ച തേടി ഏട്ടുക്കൊപ്പയില്‍ എത്തുന്നുണ്ട്.

400 വർഷം പഴക്കമുണ്ട് ഏട്ടുക്കൊപ്പകയിലെ കളിപ്പാട്ട നിർമാണത്തിന്. ഗ്രാമത്തിൽ സുലഭമായി വളരുന്ന ‘അങ്കുഡു’ എന്ന വൃക്ഷത്തിന്റെ തടിയാണ് പാവ നിർമാണത്തിന് ഉപയോഗിക്കുന്നത്. ദന്തപ്പാല എന്നാണ് അങ്കുഡുവിന്റെ മലയാളം പേര്. കോലരക്ക്, കടുക്ക, കാവിമണ്ണ്, ഇലച്ചാർ തുടങ്ങിയ പ്രകൃതിദത്തമായ വസ്തുക്കൾ ഉപയോഗിച്ചാണ് പാവകൾക്ക് നിറം നൽകുന്നത്. ഉരുണ്ട രൂപവും തിളങ്ങുന്ന നിറങ്ങളുമാണ് അവയുടെ സവിശേഷത. പീരങ്കി, കാളവണ്ടി, ഗണപതി, പമ്പരം, വാദ്യക്കാർ, സ്ത്രീപുരുഷ രൂപങ്ങൾ, പുരാണകഥാപാത്രങ്ങൾ, വീട്ടുപകരണങ്ങളുടെ ചെറുപതിപ്പുകള്‍ ഗ്രാമജീവിതത്തിലെ നിത്യകാഴ്ചകളായ പലതും ഇവരുടെ കരവിരുതില്‍ കുഞ്ഞന്‍രൂപങ്ങളായി ഒരുങ്ങുന്നു. വീട്ടമ്മമാരുടെ ആവശ്യത്തിന് സിന്ദൂരച്ചെപ്പ്, മഞ്ഞൾ‌ചെപ്പ് തുടങ്ങിയവയും ഇവിടെ നിർമിച്ചിരുന്നു.

 

‘ലക്കപിഡത്താലു’

ആധുനിക കാലത്ത് ചൈനീസ് നിർമിത ‘കിച്ചൻ സെറ്റ്’ കളിപ്പാട്ടം കുട്ടികളുടെ കയ്യിൽ എത്തുന്നതിന് ഒരുപാടു മുൻപു തന്നെ ‘ലക്കപിഡത്താലു’ എന്നു വിളിച്ചിരുന്ന അടുക്കളപാത്ര സെറ്റ് ഈ ഗ്രാമത്തിലെ ശിൽപികളുടെ കരവിരുതിൽ ഉടലെടുത്തിരുന്നു. പുതിയ കാലത്തിനു പരിചിതമായ രീതിയിൽ തീവണ്ടിയും മോട്ടോർ ബൈക്കും ഫോണും പുതു തലമുറയിലെ വിദഗ്ധർ മെനഞ്ഞെടുക്കുന്നുണ്ട്. ഏട്ടിക്കൊപ്പക ബൊമ്മകൾ പനയോലകൊണ്ട് നെയ്തെടുക്കുന്ന വട്ടകളിൽ വച്ച് അടപ്പിട്ട് വള്ളികൊണ്ട് കെട്ടി കൊടുക്കുന്നതാണ് പരമ്പരാഗതമായ രീതി. 12000 ആളുകൾ വസിക്കുന്ന ഗ്രാമത്തിൽ 300 പേരാണ് ഇപ്പോൾ ഏട്ടുക്കൊപ്പക ബൊമ്മലുവിന്റെ നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്നത്. ഇടക്കാലത്ത് വിപണിയിൽ ആവശ്യക്കാർ കുറഞ്ഞിരുന്നു.

Lakkidi

പലരും പരമ്പരാഗത കൈത്തൊഴിൽ രംഗം ഉപേക്ഷിച്ചതും ഈ പാരമ്പര്യത്തെ സാരമായി ബാധിച്ചു. ഗ്രാമവാസിയായ സി.വി. രാജു പാരമ്പര്യ ശൈലിയിലുള്ള നിർമാണത്തെ രക്ഷിച്ചെടുക്കാനും വെല്ലുവിളികളെ മറികടക്കുന്നതിൽ ഗ്രാമീണരെ സഹായിക്കാനും മുന്നോട്ടു വന്നതോടെ ഏട്ടുക്കൊപ്പകയുടെ നല്ലകാലം തെളിഞ്ഞു. തുണിത്തരങ്ങൾക്കു നിറം നൽകുന്ന സ്വാഭാവിക ചായക്കൂട്ടുകൾ ഉപയോഗിക്കാൻ ആരംഭിച്ചതോടെ നിറത്തിനു വൈവിധ്യമായി. വനം വകുപ്പിന്റെ സഹായത്തോടെ അങ്കുഡു നട്ടു വളർത്താനുള്ള പദ്ധതി നടപ്പിലായപ്പോൾ തടിയുടെ ദൗർലഭ്യം മാറി. ഇന്ന് ഗുണനിലവാരത്തിനും പ്രകൃതി സൗഹൃദ വസ്തു എന്ന നിലയ്ക്കും പാരമ്പര്യ മൂല്യംകൊണ്ടും ലോകമെമ്പാടും ഏട്ടിക്കൊപ്പക പാവകൾ പ്രശസ്തമാണ്. 2017 ൽ ജിയോഗ്രഫിക്കല്‍ ഇൻഡിക്കേഷൻ പദവി ലഭിച്ചതോടെ ഇന്ത്യയിലും ഏറെ ശ്രദ്ധേയമായി ഈ ഗ്രാമീണ കല. ആന്ധ്ര വിനോദസഞ്ചാര വകുപ്പിന്റെ നേതൃത്വത്തിൽ ഗ്രാമീണ ടൂറിസത്തിൽ ഏട്ടുക്കൊപ്പക പ്രോത്സാഹിപ്പിക്കുന്നുണ്ട്. പാവകള്‍ മാത്രമല്ല, അവയുടെ നിര്‍മ്മാണം കാണാനും ഒരു പ്രത്യേക സൗന്ദര്യമാണ്. ഇതുകാണാനും ഇവിടെ വിനോദസഞ്ചാരികള്‍ എത്തുന്നത് പതിവാണ്.

ചെന്നപ്പട്ടണം

 

ചെന്നപ്പട്ടണത്തിന്റെ കളിപ്പാട്ട നിർമാണത്തിന്റെ പാരമ്പര്യം തുടങ്ങുന്നത് ഇന്നും ഇന്നലെയുമൊന്നുമല്ല. നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് ആ നിർമാണകഥയ്ക്ക്. ടിപ്പുവിന്റെ ഭരണക്കാലത്ത്, അദ്ദേഹം പേർഷ്യയിൽ നിന്നും കളിപ്പാട്ട നിർമാണത്തിൽ  വൈദഗ്ധ്യമുള്ളവരെ വിളിച്ചുവരുത്തി, ഗ്രാമീണരെ അത് പഠിപ്പിക്കുകയായിരുന്നു എന്നാണ് ചരിത്രം പറയുന്നത്. എന്തായാലും കളിപ്പാട്ട നിർമാണത്തിൽ അന്താരാഷ്ട്രത്തലത്തിൽ വരെ പ്രശസ്തമാകാൻ ഈ നാടിനു കഴിഞ്ഞു എന്നതാണ് പിന്നീടുള്ള കാലം സാക്ഷ്യപ്പെടുത്തുന്നത്.
മണ്‍പാത്രങ്ങളും മണ്‍ചട്ടി നിര്‍മ്മാണവുമെല്ലാമാണ് ചെന്നപ്പട്ടണത്തിലെ ജനങ്ങളുടെ മറ്റ് ഉപജീവന മാര്‍ഗ്ഗങ്ങള്‍.

 

ബാംഗ്ലൂർമൈസൂർ ദേശീയ പാതയരികിലാണ് ഈ കളിപ്പാട്ട ഗ്രാമം സ്ഥിതി ചെയ്യുന്നത്. സ്ത്രീകളാണ് കൂടുതലും ഈ തൊഴിലിലേർപ്പെട്ടിരിക്കുന്നത്. അവർക്കിതു കുടിൽവ്യവസായവും വരുമാനമാർഗവും കൂടിയാണ്. കളിപ്പാട്ട നിർമാണങ്ങൾ മരങ്ങൾ കൊണ്ടായതിനാൽ, ധാരാളം ചെറുഫാക്ടറികൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഏകദേശം അഞ്ഞൂറിന് മുകളിൽ ഫാക്ടറികൾ ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കളിപ്പാട്ടങ്ങൾ മാത്രമല്ല, മരങ്ങൾ കൊണ്ടുള്ള പേനകളും ട്രേകളും  തുടങ്ങി നിരവധി ഉൽപന്നങ്ങളും ഇവിടെ നിർമ്മിക്കുന്നുണ്ട്.

 

Eng­lish Sum­ma­ry: Even in India, which has world-renowned toy vil­lages, more than 80 per cent of Chi­nese dolls are imported

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.