ചെറിയ വീഴ്ചകൾപോലും വലിയ വിപത്താകും

റെജി കുര്യൻ

ന്യൂഡൽഹി

Posted on October 20, 2020, 10:43 pm

കോവിഡിനുള്ള വാക്സിൻ ലഭ്യമാകും വരെ ചെറിയ വീഴ്ചകൾപോലും വലിയ വിപത്താകും സൃഷ്ടിക്കുകയെന്നും മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, വ്യക്തിശുചിത്വം ഉറപ്പാക്കുക എന്നീ മുൻകരുതലുകളിൽ നിന്നും പിന്നാക്കം പോകരുതെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡി.

കൊറോണ പോയിട്ടില്ല. അതിനെ ഭയക്കേണ്ടതില്ല. എന്നാൽ മുൻ കരുതലുകളിൽ വീഴ്ചവരുത്തുന്നത് സ്വന്തം ജീവനുമാത്രമല്ല കുടുംബത്തിനും സമൂഹത്തിനും രാജ്യത്തിനും ഭീഷണിയാണ്. ഇന്നലെ രാഷ്ട്രത്തോടു നടത്തിയ അഭിസംബോധനയിലാണ് മോഡി ഇക്കാര്യം വ്യക്തമാക്കിയത്. ഇത് ഏഴാം തവണയാണ് കോവിഡുമായി ബന്ധപ്പെട്ട് മോഡി രാജ്യത്തോട് സംസാരിക്കുന്നത്.

ആഘോഷങ്ങളിൽ കോവിഡ് ചട്ടങ്ങൾ കർശനമായി പാലിക്കണമെന്ന മുന്നറിയിപ്പും പ്രധാനമന്ത്രി നല്കി. മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും കാണുന്ന വീഡിയോകളിൽ ജനങ്ങൾ ഇക്കാര്യത്തിൽ വേണ്ടത്ര ജാഗ്രത പുലർത്തുന്നില്ലെന്നത് വ്യക്തമാണ്. മരുന്നു കണ്ടെത്തുംവരെ ഇക്കാര്യത്തിൽ ഉണ്ടാകുന്ന വീഴ്ചകൾ വലിയ പ്രത്യാഘാതം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ ബോധവൽക്കരിക്കാൻ മാധ്യമങ്ങൾ കൂടുതലായി മുന്നോട്ടു വരണമെന്ന അഭ്യർത്ഥനയും അദ്ദേഹം നടത്തി. ഇത് സംബന്ധിച്ച നിയമങ്ങൾ കൂടുതൽ കർശനമാക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങളോടു നിർദ്ദേശിച്ചേക്കും. നിയമങ്ങൾ കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പു വരുത്താൻ കേന്ദ്ര സംഘത്തെയും നിയോഗിക്കുമെന്നാണ് വിലയിരുത്തൽ.

ശൈത്യത്തിന്റെ കടന്നു വരവ് വടക്കേ ഇന്ത്യയിൽ ആഘോഷങ്ങൾക്കു തുടക്കം കൂടിയാണ്. ഒക്ടോബർ മുതൽ മാർച്ചു വരെയാണ് ഇവിടെ ശൈത്യകാലമായി കണക്കാക്കുന്നത്. ഒമ്പതു ദിവസം നീളുന്ന നവരാത്രി ഉത്സവം ശൈത്യത്തിന്റെ തുടക്കമാണ്. വടക്കേ ഇന്ത്യ തണുപ്പിന്റെ ആഘോഷങ്ങളിലേക്കു നീങ്ങുന്ന സാഹചര്യത്തിലാണ് കോവിഡിനെതിരെയുള്ള മുൻകരുതലുകൾ കൃത്യമായി പാലിച്ചില്ലെങ്കിൽ കാര്യങ്ങൾ കൈവിടുമെന്ന മുന്നറിയിപ്പുമായി മോഡി എത്തിയത്.

കോവിഡ് വ്യാപനവും മരണ നിരക്കും സംബന്ധിച്ച ആഭ്യന്തര, അന്താരാഷ്ട്ര കണക്കുകളും മോഡി ഉദ്ധരിച്ചു. കോവിഡ് പോരാട്ടത്തിൽ ഇന്ത്യക്ക് മുന്നേറാൽ കഴിഞ്ഞത് നിസ്വാർത്ഥ സേവനം നൽകിയ കോവിഡ് പോരാളികളുടെ ശ്രമഫലമായാണെന്ന് അദ്ദേഹം പറഞ്ഞു. നവരാത്രി, ദസറ, ഈദ്, ഛട്ട് പൂജ, ഗുരുനാനാക്ക് ജയന്തി എന്നീ ആഘോഷങ്ങൾക്ക് എല്ലാ ഭാവുകങ്ങളും പ്രധാനമന്ത്രി നേർന്നു.

കോവിഡ് പശ്ചാത്തലത്തിൽ ജനതാ കർഫ്യൂ എന്ന നിർദ്ദേശവുമായാണ് മോഡി പതിവുകൾ തെറ്റിച്ച് രാജ്യത്തെ അഭിസംബോധന ചെയ്തത്. പിന്നീട് ലോക്ഡൗണും അനുബന്ധ കോവിഡ് മുന്നറിയിപ്പുകളുമായി ആറു തവണ പ്രധാനമന്ത്രി രാജ്യത്തോടു നേരിട്ടു സംവദിച്ചു.

you may also like this video