കോര്‍പ്പറേറ്റുകള്‍ പോലും കുത്തുപാളയെടുക്കുന്നു; റവന്യു വരുമാനം 40,000 കോടി കുറയും

Web Desk
Posted on September 06, 2019, 10:50 pm

ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധിയുടെ ആക്കംകൂട്ടി കേന്ദ്ര സര്‍ക്കാരിന്റെ റവന്യു വരുമാനത്തില്‍ ഗണ്യമായ കുറവുണ്ടെന്ന് റിപ്പോര്‍ട്ട്. നടപ്പ് സാമ്പത്തിക വര്‍ഷം ജിഎസ്ടി വരുമാനത്തില്‍ 40,000 കോടി രൂപയുടെ കുറവുണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. രാജ്യത്തെ വ്യാപാര വ്യാവസായിക രംഗത്തുണ്ടായ തകര്‍ച്ചയാണ് ഇതിനുള്ള മുഖ്യകാരണമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍.

സംസ്ഥാന സര്‍ക്കാരുകളുടെ നികുതി വിഹിതം 14 ശതമാനം അധികം നല്‍കാമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഇതൊക്കെ അവതാളത്തിലാകുമെന്നും സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു. നടപ്പ് പാദത്തില്‍ ജിഎസ്ടി വരുമാനത്തില്‍ പത്ത് ശതമാനം വര്‍ധനയുണ്ടാകുമെന്നാണ് നേരത്തെ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ അത് 6.5 ശതമാനമായി ചുരുങ്ങി. ഗതാഗതം, വിവരസാങ്കേതിക വിദ്യ, ഇന്‍ഷുറന്‍സ്, റിയല്‍എസ്റ്റേറ്റ് തുടങ്ങിയ സുപ്രധാന മേഖലകളില്‍ നിന്നുള്ള വരുമാനത്തില്‍ 52.1 ശതമാനം കുറവുണ്ടായെന്ന് പ്രമുഖ കമ്പോള അനലിസ്റ്റായ ഐഎച്ച്എസ് മാര്‍ക്കിറ്റിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

സമ്പദ്ഘടനയുടെ തകര്‍ച്ചയും കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക നയവൈകല്യവും വലിയ വിമര്‍ശനങ്ങള്‍ക്കാണ് പാത്രമായിരിക്കുന്നത്. നരേന്ദ്ര മോഡിയുടെ രണ്ടാം വരവിനും പണം വാരിവിതറിയ രാജ്യത്തെ കോര്‍പ്പറേറ്റ് മേഖലയും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്നത് കേന്ദ്രത്തിന് വെല്ലുവിളിയാണ്. റിലയന്‍സ് ഉള്‍പ്പെടെയുള്ള വന്‍കിട കോര്‍പ്പറേറ്റുകളാണ് കൂടുതല്‍ സാമ്പത്തിക ബാധ്യതകളിലേയ്ക്ക് നീങ്ങുന്നത്. കഴിഞ്ഞ സാമ്പത്തിക പാദത്തില്‍ റിലയന്‍സ് ജിയോയുടെ വായ്പാ കുടിശിക 1.5 ലക്ഷം കോടിരൂപയിലെത്തി.

ഭാരതി എയര്‍ടെല്ലിന് ഒരു ലക്ഷം കോടി രൂപയുടെ വായ്പാ കുടിശിക വന്നു. പ്രോവിഡന്റ് ഫണ്ടില്‍ നിന്നും എടുത്ത വായ്പകളുടെ പലിശപോലും സര്‍ക്കാര്‍ ഇനിയും നല്‍കിയിട്ടില്ല. കഴിഞ്ഞ ആറുമാസമായി ബിഎസ്എന്‍എല്ലില്‍ ജോലി ചെയ്യുന്ന ലൈന്‍മാന്‍ തസ്തികയിലുള്ളവരുടെ ശമ്പളം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കിയിട്ടില്ല. രാജ്യത്തെ 30 നഗരങ്ങളിലായി 13 ലക്ഷം അപ്പാര്‍ട്ടുമെന്റുകള്‍ വാങ്ങാന്‍ ആളില്ലാത്ത അവസ്ഥയിലാണ്. പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി, ടാറ്റാ മോട്ടോഴ്‌സ് എന്നീ കമ്പനികളുടെ നിര്‍മ്മാണ പ്ലാന്റുകള്‍ ഇടവേളകളില്‍ അടച്ചുപൂട്ടുന്നു. 56,000 കോടി രൂപയുടെ വാഹനങ്ങളാണ് വില്‍പ്പനയില്ലാതെ യാര്‍ഡുകളില്‍ കിടക്കുന്നത്. പതിനായിരക്കണക്കിന് വാഹന ഡീലര്‍മാര്‍ സ്ഥാപനം അടച്ചുപൂട്ടി.

ജനങ്ങളുടെ ഉപഭോഗക്ഷമത കുറഞ്ഞതിനെ തുടര്‍ന്ന് ട്രക്കുകളുടെ ഓട്ടം 50 ശതമാനത്തോളം കുറഞ്ഞു. ഇതിലൂടെ 13 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായി ട്രക്കേഴ്‌സ് അസോസിയേഷന്‍ പറയുന്നു. ഗാര്‍ഹിക ഉപകരണ നിര്‍മ്മാതാക്കളായ വീഡിയോക്കോണ്‍ സ്ഥാപനം അടച്ചുപൂട്ടി. സിഡികള്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ ഡാറ്റാ സ്റ്റോറേജ് ഉപകരണ നിര്‍മ്മാതാക്കളായ മോസര്‍ ബെയറിന്റെ ഉടമ വായ്പാ കുടിശിക വരുത്തിയതിന് ജയിലിലായി. എഫ്എംസിജി ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയില്‍ ഗണ്യമായ കുറവുണ്ടായതായി ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, കോള്‍ഗേറ്റ് പാമൊലീവ്, ഡാബര്‍ ഉള്‍പ്പെടെയുള്ള കമ്പനികള്‍ വ്യക്തമാക്കിയിരിക്കുന്നു. അപ്പോഴും രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി ചാക്രികമാണെന്ന് (സൈക്ലിക്കല്‍) പറഞ്ഞ് നിസാരവല്‍ക്കരിക്കാനാണ് മോഡി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിന് കുഴലൂതുന്ന അഭിപ്രായങ്ങളും സമീപനങ്ങളുമാണ് ആര്‍ബിഐയും സ്വീകരിക്കുന്നത്.

പലിശ നിരക്ക് കുറയ്ക്കുന്നതിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമെന്നാണ് കഴിഞ്ഞ ആര്‍ബിഐ ബോര്‍ഡ് യോഗത്തില്‍ മോഡി അനുകൂലികളായ അംഗങ്ങള്‍ വാദിച്ചത്. എന്നാല്‍ രാജ്യം ഇപ്പോള്‍ നേരിടുന്നത് ഘടനാത്മക പ്രതിസന്ധിയാണെന്നാണ് വിദഗ്ധര്‍ ആവര്‍ത്തിക്കുന്നത്. രാജ്യം ഗുരുതരമായ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് കശ്മീരില്‍ അനാവശ്യമായ പ്രതിസന്ധി സൃഷ്ടിച്ച് ആറ് ലക്ഷത്തിലധികം സൈനികരെ വിന്യസിച്ചത്. ഇതിലൂടെ ദിനംപ്രതി കോടികളാണ് പാഴാകുന്നത്. ആര്‍ബിഐയുടെ കരുതല്‍ ധനശേഖരത്തില്‍ നിന്ന് 1.76 ലക്ഷം കോടി രൂപ (24 ബില്യണ്‍ ഡോളര്‍) എടുക്കാനുള്ള മോഡി സര്‍ക്കാരിന്റെ തീരുമാനം സമീപഭാവിയില്‍ രാജ്യത്തെ കൂടുതല്‍ പാപ്പരാക്കുമെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു.