20 April 2024, Saturday

അഞ്ച് വർഷത്തിനിടെ കുടിയൊഴിപ്പിക്കല്‍; പത്ത് ലക്ഷം പേര്‍ വഴിയാധാരം

Janayugom Webdesk
ന്യൂഡൽഹി
September 22, 2022 10:54 pm

2021ൽ രാജ്യത്ത് 36,480 വീടുകൾ തകർക്കപ്പെടുകയും 2,07,106 പേരെ കേന്ദ്ര‑സംസ്ഥാന സർക്കാരുകള്‍ ബലം പ്രയോഗിച്ച് കുടിയൊഴിപ്പിക്കുകയും ചെയ്തതായി റിപ്പോര്‍ട്ട്. 2017 മുതൽ 21 വരെയുള്ള അഞ്ച് വർഷത്തിനിടെ ഏകദേശം 10 ലക്ഷത്തോളം ആളുകൾ കുടിയിറക്കപ്പെട്ടു. ഹൗസിങ് ആന്റ് ലാൻഡ് റൈറ്റ്സ് നെറ്റ്‍വർക്കിന്റെ(എച്ച്എൽആർഎൻ)താണ് ‘ഫോഴ്സ്ഡ് എവിക്ഷൻസ് ഇൻ ഇന്ത്യ: 2021’ എന്ന റിപ്പോർട്ട്.
2022 ജൂലൈ വരെ രാജ്യത്ത് 25,800 വീടുകൾ തകർത്തു. ഇത് 1,24,450 ആളുകളെ ബാധിച്ചതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതുവരെ കുടിയൊഴിപ്പിക്കപ്പെട്ടവരിൽ 59 ശതമാനം പേർക്കും കേന്ദ്ര‑സംസ്ഥാന സർക്കാരുകളില്‍ നിന്ന് പുനരധിവാസം ലഭിച്ചിട്ടില്ലെന്നും റിപ്പോർട്ട് പറയുന്നു. രാജ്യത്തുടനീളം ഏകദേശം 15 ദശലക്ഷം ആളുകൾ നിലവിൽ കുടിയൊഴിപ്പിക്കല്‍ ഭീഷണിയിലാണ്.
2021‑ൽ നദീതട സംരക്ഷണവും വനസംരക്ഷണവും ഉൾപ്പെടെയുള്ള ‘പരിസ്ഥിതി’ പദ്ധതികൾ കാരണമാണ് 57 ശതമാനം പേര്‍ കുടിയിറക്കപ്പെട്ടത്. ചേരി നിര്‍മാര്‍ജനം, കയ്യേറ്റം‘നീക്കം ചെയ്യൽ, നഗര സൗന്ദര്യവൽക്കരണം, വികസന’ പദ്ധതികൾ എന്നിവയും കുടിയൊഴിപ്പിക്കലിന് കാരണമായി. അടിസ്ഥാന സൗകര്യമൊരുക്കല്‍, വികസന പദ്ധതികള്‍ എന്നിവയുടെ ഫലമായാണ് 27.13 ശതമാനം കുടിയിറക്കലുകള്‍. വികസന പദ്ധതികൾക്കായി 11,432 വീടുകൾ തകരുകയും 56,190 പേര്‍ ഒഴിപ്പിക്കപ്പെടുകയും ചെയ്തു.
2022‑ൽ ആശങ്കാജനകമായ മറ്റൊരു പ്രവണതയുണ്ടായത് ഭരണകൂടങ്ങള്‍ ഒരു ശിക്ഷാ നടപടിയെന്ന നിലയില്‍ വീടുകൾ പൊളിച്ചതാണെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഇത്തരം നടപടികൾ മനുഷ്യാവകാശ നിയമങ്ങളുടെ കടുത്ത ലംഘനമാണെന്നും പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളെ പരിഗണിക്കുന്നില്ലെന്നും റിപ്പോർട്ടിലുണ്ട്.
2021‑ൽ സുപ്രീം കോടതി, ഹൈക്കോടതികൾ, ദേശീയ ഹരിത ട്രൈബ്യൂണൽ എന്നിവയിൽ നിന്നുള്ള കോടതി ഉത്തരവുകൾ ഒരു ലക്ഷത്തിലധികം ആളുകളെ ഒഴിപ്പിക്കാൻ കാരണമായി. അതില്‍ പട്ടികജാതി, പട്ടികവർഗം, മറ്റ് പിന്നാക്ക വിഭാഗങ്ങൾ, നാടോടി സമൂഹങ്ങൾ, കുടിയേറ്റ തൊഴിലാളികൾ, മതന്യൂനപക്ഷങ്ങൾ തുടങ്ങി പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിൽ നിന്നുള്ളവരാണ് 28 ശതമാനം. നിലവിലെ സാഹചര്യത്തില്‍ കുടിയൊഴിപ്പിക്കലിന് അടിയന്തര നിയന്ത്രണം ആവശ്യമാണെന്ന് എച്ച്എൽആർഎൻ ചൂണ്ടിക്കാട്ടി.അധികാരികൾ നാമമാത്ര സമുദായങ്ങൾക്കെതിരെയുള്ള ഒഴിപ്പിക്കലും പൊളിച്ചു നീക്കലും ശിക്ഷാമാർഗമായി ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശമുണ്ട്.

Eng­lish Sum­ma­ry: evic­tion over five years; 10 Lakh peo­ple are on the way

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.