19 April 2024, Friday

ഭൂപരിഷ്കരണ നിയമം അപ്രസക്തമാക്കുന്ന കുടിയൊഴിപ്പിക്കല്‍

ബിനോയ് ജോര്‍ജ് പി
തൃശൂര്‍
February 24, 2022 10:57 pm

സുപ്രീം കോടതിയടക്കം കോടതിവിധികളുടെ പിന്‍ബലത്തില്‍ പട്ടയഭൂമിയില്‍ നിന്ന് ഇരുപതില്‍പരം കുടുംബങ്ങളെ മുന്‍ ജന്മിമാര്‍ കുടിയൊഴിപ്പിക്കുന്നു. തൃശൂര്‍ ജില്ലയിലെ പീച്ചി വില്ലേജില്‍ നിന്നാണ് ഭൂപരിഷ്കരണ നിയമത്തിലെ പഴുതുകള്‍ ഉപയോഗിച്ച് നേടിയെടുത്ത കോടതിവിധിയുടെ വെളിച്ചത്തില്‍ കുടിയൊഴിപ്പിക്കലിന് കളമൊരുങ്ങുന്നത്. 75 വര്‍ഷം മുമ്പ് കുടിയാന്‍ കെെവശം വച്ചിരുന്നതും 1958ല്‍ രജിസ്റ്റര്‍ ചെയ്ത പാട്ടക്കരാറുള്ളതും ഭൂപരിഷ്കരണ നിയമത്തെ തുടര്‍ന്ന് 1976ല്‍ പട്ടയം ലഭിച്ചതുമായ ഭൂമിയില്‍ നിന്നുമാണ് ഇപ്പോള്‍ കുടിയിറക്കല്‍ നടപടി ആരംഭിച്ചിരിക്കുന്നത്.

ഭൂപരിഷ്കരണ നിയമം നിലവില്‍ വന്നതോടെ രജിസ്റ്റര്‍ ചെയ്ത പാട്ടശീട്ട്, വാര്‍ഷിക പാട്ടം നല്‍കിയതിന്റെ രസീത് തുടങ്ങിയ ആധികാരിക രേഖകള്‍ സമര്‍പ്പിച്ച കുടിയാന് തൃശൂര്‍, ഒല്ലൂക്കര ലാന്റ്-ട്രെെബ്യൂണല്‍ 1976ല്‍ പട്ടയം നല്കിയിരുന്നു. പട്ടയം ലഭിച്ച കുടിയാന്‍ തന്റെ മക്കള്‍ക്ക് ഭൂമി വീതിച്ചു നല്കുകയും അവശേഷിക്കുന്നത് പുറത്തുള്ളവര്‍ക്ക് നിയമാനുസൃതം കെെമാറ്റം ചെയ്യുകയുമായിരുന്നു. അങ്ങനെയുള്ള ആറേക്കറോളം ഭൂമിയില്‍ ചെറിയ പ്ലോട്ടുകളിലായി വീട് വച്ച് കഴിഞ്ഞ അരനൂറ്റാണ്ടോളമായി താമസിച്ചുവരുന്ന കുടുംബങ്ങളാണ് ഇപ്പോള്‍ കുടിയിറക്ക് ഭീഷണി നേരിടുന്നത്.

കുടിയാന്‍ പാട്ടക്കുടിയാനല്ലെന്നും തന്റെ കാര്യസ്ഥന്‍ മാത്രമായിരുന്നുവെന്നും വാദിച്ച ജന്മിക്ക് ജില്ലാ കോടതിയില്‍ നല്കിയ അപ്പീലിന്മേല്‍ അനുകൂല വിധി ലഭിച്ചു. അപ്പീലധികാരം അപ്പലറ്റ് അതോറിറ്റിക്കായിരിക്കെ തന്റെ സ്വാധീനത്തിലാണ് ജന്മി ജില്ലാ കോടതിയില്‍ നിന്നും വിധി നേടിയെടുത്തതെന്ന് കുടിയാന്റെ അനന്തരാവകാശികള്‍ പറയുന്നു. അനുകൂലവിധി നേടിയ ജന്മി പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം കുടിയൊഴിപ്പിക്കലിനായി കീഴ്‌കോടതിയെ സമീപിച്ചെങ്കിലും കുടിയാന്റെ അനന്തരാവകാശികള്‍ ഹെെക്കോടതിയില്‍ നിന്നും സ്റ്റേ നേടി.

1997 കാലഘട്ടത്തിൽ തലശേരി താലൂക്കിൽ വടക്കേക്കളം മിച്ചഭൂമി കേസിൽ 500 ലധികം കൈവശക്കാരെ ഒഴിപ്പിയ്ക്കണമെന്ന് ഹൈക്കോടതി വിധിയുണ്ടായിരുന്നു. ഈ വിധി മറികടക്കുന്നതിനായ് അന്നത്തെ നായനാർ സർക്കാർ കുടിയൊഴിപ്പിക്കൽ നിരോധന നിയമം പാസാക്കി. ഈ നിയമത്തിന്റെ ആനുകൂല്യം തങ്ങൾക്കും ബാധകമാക്കണമെന്നാവശ്യപ്പെട്ടായിരുന്നു കുടിയാന്മാരുടെ അനന്തരാവകാശികള്‍ ഹൈക്കോടതിയെ സമീപിച്ചത്. തൃശൂർ താലൂക്ക് ലാന്റ് ബോർഡ് അന്വേഷണത്തിൽ ജന്മിക്ക് 49 ഏക്കർ മിച്ചഭൂമിയുണ്ടെന്ന് കണ്ടെത്തി. തുടർന്ന്, 2005ൽ, ലാന്റ് ബോർഡ് ബന്ധപ്പെട്ട ജന്മിയുൾപ്പെടെയുള്ളവർക്ക് നോട്ടീസ് നൽകി.

എന്നാൽ, ഭൂമി ഇഷ്ടദാനമായി ലഭിച്ചതെന്ന് വാദിച്ച ജന്മിമാര്‍ അത് തെളിയിക്കുന്നതിനായി ലാൻഡ് ബോർഡിൽ സമർപ്പിച്ച ഭൂരേഖ തീറാധാരമായിരുന്നു. വസ്തുവിന് 1000 രൂപ വില നിശ്ചയിച്ചുറപ്പിച്ചുവെന്നതും ഭൂരേഖയിലുണ്ടെന്നതാണ് ഈ വസ്തുതയ്ക്ക് ആധാരം. ഇതിനവർ സ്റ്റാമ്പ് ഡ്യൂട്ടി അടച്ചിട്ടുമുണ്ട്. പക്ഷേ, നിശ്ചയിക്കപ്പെട്ട വില സ്നേഹവാത്സല്യത്താൽ വേണ്ടെന്നു വയ്ക്കുന്നുവെന്ന് ജന്മിയുടെ ഭൂരേഖയിലുണ്ട്. ഇഷ്ടദാനമായി കൊടുക്കുന്ന ഭൂമി, ധർമ്മസ്ഥാപനങ്ങൾക്ക് നൽകുന്ന ഭൂമി, തുടങ്ങിയവയൊന്നും മിച്ചഭൂമിയായി കണക്കാക്കാൻ പാടില്ലെന്നാണ് കേരളത്തിലെ ഭൂപരിഷ്കരണ നിയമത്തിലെ വ്യവസ്ഥ. (1963 ഭൂപരിഷ്കരണ നിയമം സെക്ഷന്‍ 85 വ്യവസ്ഥ ചെയ്തിട്ടുള്ളത്. ജന്മിമാരുടെ വാദം അംഗീകരിച്ച ഹൈക്കോടതി താലൂക്ക് ലാന്റ് ബോർഡ് ഉത്തരവ് അസാധുവാക്കി. ഇതിനെതിരെയുള്ള സർക്കാരിന്റെ പ്രത്യേകാനുമതി ഹർജി സുപ്രീം കോടതിയും അനുവദിച്ചില്ല. ഇതാണ് ഇപ്പോള്‍ കുടിയിറക്ക് നടപടിയില്‍ കലാശിച്ചിരിക്കുന്നത്.

ഭൂപരിഷ്കരണ നിയമത്തെ തന്നെ അപ്രസക്തമാക്കാവുന്ന സുപ്രീം കോടതി ഉത്തരവ് സർക്കാരിന്റെ മിച്ചഭൂമി ഏറ്റെടുക്കൽ പ്രക്രിയയെ പ്രതിസന്ധിയിലാക്കിയേക്കാം. ഭൂപരിഷ്കരണ നിയമപ്രകാരം ജന്മിമാരിൽ നിന്ന് പട്ടയം ലഭിച്ച ചെറിയ കുടിയാന്മാരുടെ ഭൂമി പതിറ്റാണ്ടുകൾക്ക് ശേഷം ജന്മിമാർതന്നെ തിരിച്ചുപിടിക്കുന്ന സമാനമായ കേസുകൾ സംസ്ഥാനത്ത് വർധിക്കുകയാണ്.

കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ ചരിത്രത്തിലിടം നേടിയിട്ടുള്ള ഭൂപരിഷ്കരണ നിയമത്തിൽ ജന്മിക്ക് അനുകൂലമായ ഇഷ്ടദാന വ്യാഖ്യാനം പഴുതുകളടച്ച് നിയമത്തെ കൂടുതൽ ശക്തിപ്പെടുത്തേണ്ടത് കുടിയാന്മാരുടെ മാത്രമല്ല, കാലഘട്ടത്തിന്റെ കൂടി ആവശ്യമാണെന്ന് ഇവർക്ക് നിയമസഹായങ്ങൾ നൽകുന്ന വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഭൂപരിഷ്കരണനിയമത്തിലെ ജന്മിയനുകൂല പഴുതുകൾ ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രിയുൾപ്പെടെയുള്ളവർക്ക് നല്കിയ നിവേദനത്തില്‍ അനുകൂല നടപടി ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് കുടിയിറക്കു ഭീഷണി നേരിടുന്ന കുടുംബങ്ങള്‍.

Eng­lish Sum­ma­ry: Evic­tions that make land reform law irrelevant

You  may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.