Wednesday
18 Sep 2019

ചിന്മയാന്ദിനെതിരെ സ്‌ഫോടനാത്മകമായ തെളിവുകളുണ്ടെന്ന് പെണ്‍കുട്ടി; പെന്‍ഡ്രൈവ് കൈമാറി

By: Web Desk | Wednesday 11 September 2019 7:27 PM IST


ന്യൂഡല്‍ഹി: പീഡനക്കേസില്‍ കുരുക്കിലായ മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ചിന്മയാനന്ദിനെതിരെ സ്ഫോടനാത്മകമായ വിഡിയോ തെളിവുകള്‍ ഉണ്ടെന്ന് ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടി. ഈ തെളിവുകള്‍ പെന്‍ ഡ്രൈവില്‍ പെണ്‍കുട്ടിയുടെ സുഹൃത്ത് അന്വേഷണ സംഘത്തിന് കൈമാറിയിയതായും പെണ്‍കുട്ടി പറഞ്ഞു. സുപ്രീം കോടതി നിയോഗിച്ച് പ്രത്യേക അന്വേഷണ സംഘമാണ് (എസ്.ഐ.ടി) കേസ് അന്വേഷിക്കുന്നത്. അന്വേഷണ സംഘം 15 മണിക്കൂറിലേറെ സമയം പെണ്‍കുട്ടിയെ ചോദ്യം ചെയ്തെന്നാണ് വിവരം. ഒരു വര്‍ഷത്തോളം തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ പരാതി. കണ്ണടയില്‍ ഘടിപ്പിച്ച രഹസ്യ ക്യാമറ ഉപേയാഗിച്ച് ചിന്മയാനന്ദിന്റെ പീഡനം പെണ്‍കുട്ടി ചിത്രീകരിച്ചിരുന്നുവെന്നാണ് റിപോര്‍ട്ട്.

ഉത്തര്‍ പ്രദേശിലെ ഷാജഹാന്‍പുരില്‍ ചിന്മയാനന്ദ് നടത്തുന്ന ലോ കോളേജില്‍ പ്രവേശനത്തിന് വേണ്ടിയാണ് 23-കാരിയായ യുവതി കഴിഞ്ഞ വര്‍ഷം ജൂണില്‍ ചിന്മയാനന്ദിനെ ആദ്യമായി ബന്ധപ്പെടുന്നത്. യുവതിയുടെ ഫോണ്‍ നമ്പര്‍ വാങ്ങിയ ചിന്മയാനന്ദ് അവര്‍ക്ക് അഡ്മിഷന്‍ ശരിയാക്കുകയും ചെയ്തു. തുടര്‍ന്ന് യുവതിക്ക് കോളേജ് ലൈബ്രറിയില്‍ അയ്യായിരം രൂപ പ്രതിഫലത്തിന് ജോലിയും വാഗ്ദാനം ചെയ്തു. ദരിദ്രപശ്ചാതലത്തില്‍നിന്ന് വരുന്നതായതിനാല്‍ യുവതി ജോലി സ്വീകരിച്ചു. കഴിഞ്ഞ ഒക്ടബോറില്‍ യുവതിയോട് ഹോസ്റ്റലിലേക്ക് മാറാന്‍ ചിന്മയാനന്ദ് ആവശ്യപ്പെട്ടു. പിന്നീട് ചിന്മയാനന്ദിന്റെ ആശ്രമത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു.

കോളേജ് ഹോസ്റ്റലില്‍ പെണ്‍കുട്ടി കുളിക്കുന്നതിന്റെ വീഡിയോ ദൃശ്യം കാണിച്ച് ഇത് ഓണ്‍ലൈനില്‍ പ്രചരിപ്പിച്ച് അപമാനിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ ബലാത്സംഗം ചെയ്തു. ചിന്മയാനന്ദിന്റെ സഹായികള്‍ തന്നെ തോക്കുമുനയില്‍ നിര്‍ത്തിയാണ് തന്നെ അയാള്‍ക്ക് മുന്നിലേക്ക് കൊണ്ടുപോയതെന്നും യുവതി ആരോപിക്കുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ യുവതി ഫെയ്സ്ബുക്കില്‍ ചിന്മയാനന്ദിനെതിരെ പോസ്റ്റിട്ട് ഹോസ്റ്റലില്‍നിന്ന് ഓടിപ്പോയി. തന്നെയും നിരവധി പെണ്‍കുട്ടികളെയും ചിന്മായാനന്ദ് നശിപ്പിച്ചതായി ആരോപിച്ചായിരുന്നു പെണ്‍കുട്ടി പോസ്റ്റിട്ടത്.

പെണ്‍കുട്ടിയെ കാണാതായതിനെ പറ്റി പരാതി നല്‍കിയിട്ടും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തുടക്കത്തില്‍ തയ്യാറായിരുന്നില്ല. പിന്നീട് ഇക്കാര്യം വിവാദമായപ്പോഴാണ് പോലീസ് ഉണര്‍ന്നത്. ഒരാഴ്ചക്ക് ശേഷം രാജസ്ഥാനില്‍നിന്നാണ് യുവതിയെ കണ്ടെത്തിയത്. തനിക്ക് യു.പി പോലീസില്‍ വിശ്വാസമില്ലെന്ന് ചൂണ്ടിക്കാട്ടി യുവതി ദല്‍ഹി പോലീസിലാണ് പരാതി പിന്നീട് നല്‍കിയത്. തെളിവുകള്‍ ആര്‍ക്ക് നല്‍കാനും മടിയില്ലെന്നും പക്ഷെ ആദ്യം കുറ്റാരോപിതരെ പിടികൂടണമെന്നും യുവതി ആവശ്യപ്പെട്ടു. എന്നാല്‍ തന്നെ തകര്‍ക്കാന്‍ രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള ആരോപണമാണെന്നാണ് ചിന്മയാനന്ദ് പ്രതികരിച്ചത്.
സ്വമി ചിന്മയാനന്ദ് മുമ്പും പീഡനക്കേസുകളില്‍ പ്രതിയായിട്ടുണ്ട്., ബദിയൂന്‍ ജില്ലക്കാരിയായ യുവതിയുടെ പരാതിയില്‍ 2011 നവംബറില്‍ ഷാജഹാന്‍പുരിലെ സദര്‍ പൊലീസ് സ്റ്റേഷനില്‍ സ്വാമിക്കെതിരെ ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇയാളും ഗുണ്ടകളും ചേര്‍ന്ന് തന്നെ ആശ്രമത്തില്‍ തടഞ്ഞുവെക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തു എന്നായിരുന്നു യുവതിയുടെ പരാതി. ഈ അതിക്രമം പുറംലോകം അറിയാതിരിക്കാന്‍ തന്നെ ആശ്രമത്തില്‍ തടവില്‍ പാര്‍പ്പിച്ചുവെന്നും പരാതിയില്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഈ കേസ് പിന്നീട് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ കഴിഞ്ഞവര്‍ഷം പിന്‍വലിക്കുകയായിരുന്നു.

Related News