15 February 2025, Saturday
KSFE Galaxy Chits Banner 2

Related news

February 11, 2025
February 9, 2025
February 8, 2025
February 8, 2025
February 5, 2025
February 5, 2025
January 28, 2025
January 26, 2025
January 7, 2025
December 21, 2024

ഇവിഎമ്മില്‍ കൃത്രിമം; ഇന്ത്യ സഖ്യം സുപ്രീം കോടതിയിലേക്ക്

Janayugom Webdesk
ന്യൂഡല്‍ഹി
December 11, 2024 10:55 pm

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷിനുകളില്‍ കൃത്രിമം നടന്നെന്ന് ആരോപിച്ച് സുപ്രീം കോടതിയെ സമീപിക്കാന്‍ പ്രതിപക്ഷ ഇന്ത്യ സഖ്യം. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി അധ്യക്ഷനുമായ അരവിന്ദ് കെജ്‌രിവാളും കോണ്‍ഗ്രസ് നേതാക്കളും പ്രമുഖ അഭിഭാഷകന്‍ അഭിഷേക് സിംഘ്‌വിയും നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ ഇവിഎമ്മില്‍ ക്രമക്കേടുണ്ടായെന്ന ആരോപണം തെരഞ്ഞെടുപ്പ് കമ്മിഷൻ തള്ളിയതിന് പിന്നാലെയാണ് നീക്കം. പൂനെയിലെ ഹഡപ്സര്‍ സീറ്റില്‍നിന്ന് മത്സരിച്ച് പരാജയപ്പെട്ട എന്‍സിപി(ശരദ് പവാര്‍) നേതാവ് പ്രശാന്ത് ജഗ്താപാണ് ഹര്‍ജിയുമായി കോടതിയെ സമീപിക്കുകയെന്നാണ് സൂചന. 

മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ എക്സിറ്റ് പോള്‍ പ്രവചനങ്ങളെയും പ്രതിപക്ഷത്തിന്റെ കണക്കുകൂട്ടലുകളെയും തെറ്റിച്ച് എന്‍ഡിഎ സഖ്യം വന്‍ ഭൂരിപക്ഷം നേടിയിരുന്നു. ഏറ്റവും വലിയ വിജയം പ്രതീക്ഷിച്ചിരുന്ന ശരദ് പവാറിന്റെ എന്‍സിപി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ സഖ്യത്തിന് വലിയ തിരിച്ചടിയുണ്ടായി. ഇവിഎമ്മിനെതിരായ ആരോപണങ്ങളെ പിന്തുണയ്ക്കാൻ ഞങ്ങളുടെ പക്കൽ തെളിവുകളും കണക്കുകളുമുണ്ടെന്ന് പ്രശാന്ത് ജഗ്താപ് പറഞ്ഞു.

പോള്‍ ചെയ്ത വോട്ടുകളുടെയും എണ്ണിയ വോട്ടുകളുടെയും കണക്കുകളില്‍ വൈരുധ്യമുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. തെരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കു പ്രകാരം മഹാരാഷ്ട്രയില്‍ 66.05 ശതമാനം വോട്ടുകളാണ് രേഖപ്പെടുത്തിയത്. അതായത് ആകെ പോള്‍ ചെയ്ത വോട്ടുകളുടെ എണ്ണം 6,40,88,195 ആണ്. എന്നാല്‍ എണ്ണിയ വോട്ടുകളുടെ ആകെ എണ്ണം 6,45,92,508 ആണ്. അതായത് 5,04,313 വോട്ടുകള്‍ അധികമുണ്ടെന്നാണ് കണ്ടെത്തല്‍. അതേസമയം ഇവിഎം ക്രമക്കേടും വോട്ടെണ്ണലിലെ പൊരുത്തക്കേടും സംബന്ധിച്ച ആരോപണങ്ങൾ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളുകയായിരുന്നു. അടുത്തിടെ ഹരിയാനയിലും പ്രവചനങ്ങള്‍ക്കും വിലയിരുത്തലുകള്‍ക്കും വിരുദ്ധമായി ബിജെപി സഖ്യം ജയം നേടിയിരുന്നു. മുമ്പും ഇവിമ്മിൽ ക്രമക്കേട് ആരോപിച്ച് പ്രതിപക്ഷം സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. എന്നാൽ അന്നെല്ലാം ഇവിഎം സുതാര്യമാണെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.