Web Desk

ന്യൂഡൽഹി:

February 02, 2021, 8:17 pm

ഇവിഎം; പരിശോധനാ മാനദണ്ഡങ്ങൾ പരിഷ്ക്കരിക്കണം: സിസിഇ

Janayugom Online

ഇലക്ട്രോണിക് വോട്ടിംഗ് മെഷിന്റെ (ഇവിഎം) പ്രവർത്തനങ്ങൾ കുറ്റമറ്റതും ജനാധിപത്യ തത്വങ്ങൾക്ക് അനുസൃതവുമായിരിക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മിഷൻ പരിശോധനാ മാനദണ്ഡങ്ങൾ പരിഷ്ക്കരിക്കണമെന്ന് സിറ്റിസൻസ് കമ്മിഷൻ ഓഫ് ഇലക്ഷൻ (സിസിഇ).

ഇവിഎം, വോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽ (വിവിപിഎടി) എന്നിവയുടെ വീഴ്ചകളും പരാജയങ്ങളും സംബന്ധിച്ച് പുറത്തിറക്കിയ റിപ്പോർട്ടിലാണ് വിരമിച്ച ജഡ്ജിമാർ, മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥർ, പ്രൊഫസർമാർ, മുതിർന്ന മാധ്യമപ്രവർത്തകർ എന്നിവരടങ്ങുന്ന സിവിൽ സൊസൈറ്റി ഗ്രൂപ്പായ സിസിഇ ഇക്കാര്യം ആവശ്യപ്പെടുന്നത്.

തെരഞ്ഞെടുപ്പ് പ്രക്രിയ സുഗമമാക്കുന്നതിനായി ഇലക്ഷൻ കമ്മിഷന്റെ ഭാഗത്തു നിന്നും കർശന പരിശോധനകളും സുരക്ഷാ മാനദണ്ഡങ്ങളും നിർബന്ധമാക്കണമെന്ന് റിപ്പോർട്ട് ആവശ്യപ്പെടുന്നു. നിലവിലുള്ള പരിശോധനാ രീതികൾ ഇവിഎംന്റെ സമഗ്രത പരിശോധിക്കുന്നതിന് ഉതകുന്നതല്ല എന്ന് വ്യക്തമാക്കുന്നതാണ് 2019ലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഭവങ്ങൾ. കുറ്റമറ്റതും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് പ്രക്രിയ നടപ്പാക്കുന്നതിന് ഇലക്ഷൻ കമ്മിഷൻ എൻഡ് ടു എൻഡ് വെരിഫയബിൾ സംവിധാനങ്ങൾ ഉറപ്പാക്കണമെന്നും വ്യാജവോട്ടുകൾക്കെതിരായ നിലപാട് പരസ്യമായി പ്രഖ്യാപിക്കണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു. ഇതുവരെ ഹാക്കിംഗുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഇവിഎംൽ ഉണ്ടായിട്ടിലെങ്കിലും അതിന് സാധ്യതകൾ ഇല്ലാതില്ല. അതുകൂടി പരിഗണിച്ചാവണം തെരഞ്ഞെടുപ്പ് കമ്മിഷൻ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളെ സമീപിക്കാൻ. തെരഞ്ഞെടുപ്പിന് ശേഷം ഇവിഎം, വിവിപാറ്റ് എന്നിവയുമായി ബന്ധപ്പെട്ട് കൃത്യമായ ഓഡിറ്റ് നടപ്പാക്കണമെന്നും സംഘടന ആവശ്യപ്പെടുന്നു.

വിരമിച്ച സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് മദൻ ലോക്കൂർ ആണ് സംഘടനയുടെ അധ്യക്ഷൻ. മുൻ ചീഫ് ഇൻഫർമേഷൻ കമ്മിഷണർ വജാത്ത് ഹബീബുള്ള, മുൻ മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഹരി പരന്തമാൻ, സാമ്പത്തിക വിദഗ്ധൻ അരുൺ കുമാർ, സിവിൽ സൊസൈറ്റി ആക്ടീവിസ്റ്റ് ജോൺ ദയാൽ, മുതിർന്ന മാധ്യമപ്രവർത്തക പമേല ഫിലിപ്പോസ്, ഐഐടി ഡൽഹിയിലെ കമ്പ്യൂട്ടർ സയൻസ് പ്രൊഫസർ ഡോ. സുഭാഷിസ് ബാനർജി എന്നിവരടങ്ങുന്ന എട്ടംഗ സമിതിയാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. 2019ലെ പാർലമെന്റ് തെരഞ്ഞെടുപ്പുമായി ബന്ധപെട്ട് തെരഞ്ഞെടുപ്പു കമ്മിഷനെതിരെ ഉയർന്ന ഗുരുതരമായ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ 2020 മാർച്ച് 5നാണ് സിറ്റിസൻസ് കമ്മിഷൻ രൂപീകരിച്ചത്. ഭരണകക്ഷിയായ ബിജെപി പാർലമെന്റ് തെരഞ്ഞെടുപ്പിൽ പെരുമാറ്റച്ചട്ടം ലംഘിച്ചതുമായി ബന്ധപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ നടപടി സ്വീകരിക്കാതിരുന്നത് വിവാദമായിരുന്നു.

വിവിപാറ്റ്, ഇവിഎം എന്നിവ ജനാധിപത്യപരമായ തെരഞ്ഞെടുപ്പിന് അനുയോജ്യമാണോ എന്നതിനെക്കുറിച്ചാണ് സമിതി പരിശോധിക്കുന്നത്. റിപ്പോർട്ട് തയാറാക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി തവണ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചെങ്കിലും പ്രതികരിച്ചില്ലെന്ന് സമിതിയിലെ അംഗങ്ങളെ ഉദ്ധരിച്ച് ദ വയർ റിപ്പോർട്ട് ചെയ്തു.
2019ലെ തെരഞ്ഞെടുപ്പിൽ വിവിപാറ്റും ഇലക്ട്രോണിക് വോട്ടിങ് മെഷീൻ രേഖപ്പെടുത്തിയ വോട്ടുകളും തമ്മിൽ പൊരുത്തക്കേടുകൾ ഉണ്ടായിരുന്നു. ഇത് അംഗീകരിക്കാനാകില്ല. വോട്ടർമാർക്ക് അവർക്ക് താല്പര്യമുള്ള സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യാനുള്ള സ്വാതന്ത്ര്യം ജനാധിപത്യ സംവിധാനത്തിൽ ഉണ്ടാകണം. ഇതിനായി തെരഞ്ഞെടുപ്പ് പ്രക്രിയയിൽ സമ്പൂർണ സുതാര്യത ഉണ്ടായിരിക്കണമെന്ന് സമിതി റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.

ഇന്ത്യയുടെ ജനാധിപത്യത്തിന് മേൽ അന്താരാഷ്ട്ര ശക്തികളുടെ കൈകടത്തൽ ഉണ്ടായിട്ടുള്ളതായി സമിതിയിലെ അംഗങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഈ അവസ്ഥയിൽ തെരഞ്ഞെടുപ്പ് പ്രക്രിയ വളരെ വെല്ലുവിളികൾ നിറഞ്ഞതാണെന്നും സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനാണ് തങ്ങൾ നിലകൊള്ളുന്നതെന്നും സിറ്റിസൻസ് കമ്മിഷൻ ഓഫ് ഇലക്ഷൻ അവകാശപ്പെടുന്നു. വോട്ടവകശം ഓരോ പൗരന്റെയും പരമാധികാരമാണെന്നും അതവരെ ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങൾ കമ്മിഷൻ ശക്തമാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

ENGLISH SUMMARY: EVM; Test­ing cri­te­ria should be revised: CCE

YOU MAY ALSO LIKE THIS VIDEO