വയനാട് ബ്യൂറോ

മാനന്തവാടി

December 23, 2020, 7:34 pm

ക്രിസ്തുമസ് ട്രീ നിര്‍മാണത്തില്‍ എവുലിന്റെ കരവിരുത്

Janayugom Online

ക്രിസ്തുമസ് ട്രീ വീട്ടില്‍ നിര്‍മ്മിച്ച് ശ്രദ്ധേയാവുകയാണ് വെള്ളമുണ്ട ഗവ: മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി എവുലിന്‍ അന്ന ഷിബു. ന്യൂസ് പേപ്പറും ഉപയോഗിച്ച പുസ്തക താളുകളും കൊണ്ടാണ്  മനോഹരങ്ങളായ ട്രീയും മറ്റ് അലങ്കാര വസ്തുക്കളും നിര്‍മ്മിക്കുന്നത്. ലോക്ക് ഡൗണ്‍ കാലത്ത് ബോട്ടില്‍ ആര്‍ട്ട് ചെയത് തുടങ്ങിയതാണ് എവുലിന്‍. ഉപയോഗശൂന്യമായ ബോട്ടിലുകള്‍, കയര്‍, മുട്ടതോട്, പിസ്ത തോട് എന്നിവ കൊണ്ട്  വാള്‍ ഹാങ്ങിംഗ് പോലുള്ളവ നിര്‍മ്മിച്ചു. പിന്നീടാണ് പേപ്പര്‍ കൊണ്ട് ക്രിസ്മസ് ട്രീ നിര്‍മ്മിക്കാന്‍ തുടങ്ങിയത്. ദിനപത്രങ്ങളും പുസ്തക താളുകളും കളര്‍ പേപ്പറും കൊണ്ട്  ഇതിനോടകം പല ഡിസൈനുകളില്‍ ട്രീ നിര്‍മ്മിച്ചു. പ്ലാസ്റ്റിക് ബോട്ടിലുകള്‍, മറ്റ് പാഴ്‌വസ്തുക്കള്‍ എന്നിവ ഉപയോഗിച്ച് വീട്ടിലേക്ക് ഈ ക്രിസ്തുമസിന് ആവശ്യമായ പലവിധ അലങ്കാര വസ്തുക്കള്‍  നിര്‍മ്മിച്ചു. ഇടവക ദേവാലത്തിന് താന്‍ നിര്‍മ്മിച്ച ട്രീ സമ്മാനമായി നല്‍കുമെന്ന് എവുലിന്‍ പറഞ്ഞു. ക്രിസ്തുമസ് രാവില്‍ തന്നെ 85-ാം പിറന്നാള്‍ ആഘോഷിക്കുന്ന തന്റെ മുത്തശ്ശിക്കും എവുലിന്‍ ക്രിസ്തുമസ് സമ്മാനം കരുതി വെച്ചിട്ടുണ്ട്. പുല്‍കൂടിന് മുകളിലുള്ള നക്ഷത്രങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത് ഐസ്‌ക്രീം സ്റ്റിക്കുകള്‍ കൊണ്ടാണ്.  വെറും 40 രൂപക്ക് ആര്‍ക്കും വീട്ടില്‍ ക്രിസ്മസ് ട്രീ നിര്‍മ്മിക്കാമെന്ന് എവുലിന്‍ പറയുന്നു. ശിശുദിനത്തോടനുബന്ധിച്ച് ശിശുക്ഷേമ സമിതി നടത്തിയ വീഡിയോ മത്സരത്തിലും മറ്റ് വിവിധ മത്സരങ്ങളിലും എവുലിന്‍ പങ്കെടുത്തിരുന്നു.