Friday
22 Feb 2019

പ്രധാനമന്ത്രിക്ക് മുന്‍ കേന്ദ്ര സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ തുറന്ന കത്ത്

By: Web Desk | Monday 16 April 2018 11:03 PM IST

ന്യൂഡല്‍ഹി: നമ്മുടെ ഭരണഘടനയാല്‍ വ്യവസ്ഥാപിതമാക്കപ്പെട്ടതും, മതേതരത്വത്തിലും ജനാധിപത്യത്തിലും ഉല്‍പതിഷ്ണുത്വത്തിലും ഊന്നിയതുമായ മൂല്യങ്ങള്‍ അടിപതറുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് കഴിഞ്ഞവര്‍ഷം ഒരുമിച്ചു കൂടിയ റിട്ടയേഡ് സിവില്‍ സര്‍വ്വീസ് ഓഫീസര്‍മാരാണ് ഞങ്ങള്‍. വെറുപ്പിന്റെയും ഭീതിയുടെയും അധാര്‍മികതയുടെയും വിഹ്വലമായ അന്തരീക്ഷം നമ്മുടെ ഭരണകൂട സംവിധാനത്തിലേക്ക് ഗൂഢമായി നുഴഞ്ഞു കയറിയതിനെതിരെ ഉയരുന്ന പോരാട്ടത്തിന്റെ ശബ്ദങ്ങളോട് ഐക്യദാര്‍ഢ്യപ്പെടുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ഭരണകൂടം ഉറപ്പു നല്‍കിയ പവിത്രമൂല്യങ്ങളോടല്ലാതെ ഏതെങ്കിലും രാഷ്ട്രീയ കക്ഷിയോടോ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തോടോ ബന്ധമോ കൂറോ പുലര്‍ത്താത്ത പൗരന്മാരായി നിലകൊണ്ടാണ് അന്നും ഇന്നും ഞങ്ങള്‍ പ്രതികരിച്ചുകൊണ്ടിരിക്കുന്നത്.
ഭരണഘടനയെ ഉയര്‍ത്തിപ്പിടിക്കാന്‍ പ്രതിജ്ഞാബദ്ധനായ ഒരാളെന്ന നിലയില്‍, താങ്കളുടെ സര്‍ക്കാരും താങ്കളുടെ പാര്‍ട്ടിയും ഈ അപായകരമായ പതനം തിരിച്ചറിഞ്ഞ് ഉണരുമെന്നും ചീഞ്ഞത് വെട്ടിനീക്കി എല്ലാവര്‍ക്കും, പ്രത്യേകിച്ച്, ന്യൂനപക്ഷങ്ങള്‍ക്കും അധഃസ്ഥിത വിഭാഗങ്ങള്‍ക്കും ജീവനും സ്വാതന്ത്ര്യവും നഷ്ടപ്പെടാതെ ജീവിക്കാമെന്ന് ഉറപ്പു നല്‍കുമെന്നും ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. ഈ പ്രതീക്ഷ തകര്‍ക്കപ്പെട്ടു. കത്വയിലും ഉന്നാവോയിലും നടന്ന ഭീകരമായ സംഭവങ്ങള്‍ കാണിക്കുന്നത് നിലവിലെ സര്‍ക്കാരിന് ജനങ്ങള്‍ ഏല്‍പ്പിച്ച അടിസ്ഥാനപരമായ ഉത്തരവാദിത്തങ്ങള്‍ പോലും നിറവേറ്റാനായില്ല എന്നാണ്. വംശീയവും ആത്മീയവും സാസ്‌കാരികവുമായ പൈതൃകങ്ങളില്‍ അഭിമാനം കൊള്ളുന്ന ഒരു ദേശീയത എന്ന നിലയ്ക്കും, സഹിഷ്ണുത, അനുകമ്പ, സഹവര്‍ത്തിത്വം തുടങ്ങിയ പരിഷ്‌കൃത മൂല്യങ്ങളെ സമ്പത്താക്കിയ ഒരു സമൂഹമെന്ന നിലയിലും നമ്മള്‍ പരാജയപ്പെടുകയാണുണ്ടായത്. മനുഷ്യന്‍ മനുഷ്യനോട് കാണിക്കുന്ന ക്രൂരതകളെ ഹിന്ദുക്കളുടെ പേരില്‍ പരിപാലിച്ച് വളര്‍ത്തുക വഴി മനുഷ്യരെന്ന നിലയിലും നമ്മള്‍ പരാജയപ്പെട്ടിരിക്കുന്നു.
ഒരു എട്ടുവയസ്സുകാരിയായ പെണ്‍കുട്ടിയെ കൊന്നതിലെ മൃഗീയത നമ്മള്‍ ഏതുതരം അധഃപതനത്തിലേക്കാണ് മുങ്ങിക്കൊണ്ടിരിക്കുന്നതെന്നത് വ്യക്തമാക്കുന്നു. ഈ സംഭവത്തോടുള്ള സര്‍ക്കാരിന്റെ പ്രതികരണത്തില്‍ നിന്നും മനസ്സിലാക്കാനാകുന്നത് സ്വാതന്ത്ര്യാനന്തര ഇന്ത്യ അതിന്റെ ഏറ്റവും കറുത്ത കാലത്തിലൂടെയാണ് കടന്നുപോകുന്നതെന്നും, രാഷ്ട്രീയകക്ഷികളും നേതാക്കളും ഈ സന്ദര്‍ഭത്തെ നേരിടാന്‍ തക്ക ശേഷിയില്ലാത്തവരായി മാറിയിരിക്കുന്നു എന്നുമാണ്. ഇവിടെ ഈ ഇരുണ്ട തുരങ്കത്തിലകപ്പെട്ട ഞങ്ങള്‍ വെളിച്ചത്തിന്റെ ഒരു ചെറിയ നാളം പോലും കാണാതെ നില്‍ക്കുകയാണ്. ആത്മനിന്ദയാല്‍ തല താഴ്ത്തുകയാണ്.
ഞങ്ങളുടെ ആത്മനിന്ദ അത്രയും തീവ്രമാകുന്നതിന് കാരണമുണ്ട്. ഇപ്പോഴും സര്‍വ്വീസിലുള്ള ഞങ്ങളുടെ യുവാക്കളായ പിന്‍ഗാമികളുടെ, പ്രത്യേകിച്ചും ജില്ലാതലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുടെ പരാജയമാണ്. ദുര്‍ബലര്‍ക്കും അധഃസ്ഥിതര്‍ക്കും നിയമപ്രകാരം സംരക്ഷണവും പരിചരണവും നല്‍കേണ്ട ആ യുവാക്കളും തങ്ങളുടെ ജോലി ചെയ്യുന്നതില്‍ പരാജയപ്പെട്ടിരിക്കുന്നു.
പ്രധാനമന്ത്രീ, ഇതെഴുതുന്നത് ഞങ്ങളുടെ ആത്മനിന്ദ പ്രകടിപ്പിക്കാന്‍ വേണ്ടി മാത്രമല്ല. ഞങ്ങളുടെ മനോവേദനയും വിലാപവും അറിയിക്കാനും, പരിഷ്‌കൃതമൂല്യങ്ങളുടെ മരണത്തില്‍ നിലവിളിക്കാനുമല്ല. മറിച്ച്, ഞങ്ങളുടെ രോഷം പ്രകടിപ്പിക്കാനാണ്. താങ്കളുടെ പാര്‍ട്ടിയും, അതിന്റെ എണ്ണമറ്റതും എണ്ണിയെടുക്കാനാകാത്തതും സമയാസമയങ്ങളില്‍ പൊട്ടിമുളയ്ക്കുന്നതുമായ നിരവധി ശാഖകളും നമ്മുടെ രാഷ്ട്രീയവ്യാകരണത്തിനകത്തേക്കും നമ്മുടെ സാമൂഹികവും സാസ്‌കാരികവുമായ ജീവിതത്തിലേക്കും ദൈനംദിന വ്യവഹാരങ്ങളിലേക്കും ഗൂഢമായി പടര്‍ത്തിയ വിഭാഗീയതയുടെയും വെറുപ്പിന്റെയും അജണ്ടയോടുള്ള രോഷം പ്രകടിപ്പിക്കാനാണ് ഞങ്ങളിതെഴുതുന്നത്. ഈ അജണ്ടയാണ് കത്വയിലും ഉന്നാവോയിലും നടന്ന സംഭവങ്ങള്‍ക്ക് സാമൂഹിക അംഗീകാരവും നിയമസാധുതയും നല്‍കുന്നത്.
ജമ്മുവിലെ കത്വയില്‍ സംഘപരിവാര്‍ തങ്ങളുടെ തലതിരിഞ്ഞ അജണ്ടകള്‍ നടപ്പാക്കാനായി വളര്‍ത്തിയെടുത്ത പേ പിടിച്ച ഭൂരിപക്ഷ വര്‍ഗീയക്കോമരങ്ങളുടെ കലാപ സംസ്‌കാരമാണ് നടപ്പാക്കുന്നത്. തങ്ങളുടെ പ്രവൃത്തികള്‍ ഹിന്ദുമുസ്ലിം ധ്രുവീകരണത്തിലൂടെ രാഷ്ട്രീയജീവിതം കെട്ടിപ്പടുത്ത രാഷ്ട്രീയശക്തികളാല്‍ മേലൊപ്പു ചാര്‍ത്തപ്പെടുമെന്ന് അവര്‍ക്കറിയാം. ഈ ഫ്യൂഡല്‍ മാഫിയാ തലവന്‍മാര്‍ തങ്ങള്‍ പിടിച്ചു കൊടുത്ത വോട്ടുകളുടെ പിന്‍ബലത്തിലും സ്വാതന്ത്ര്യത്തിലും ലഭിച്ച രാഷ്ട്രീയാധികാരം ബലാല്‍സംഗം ചെയ്യാനും കൊലപാതകം നടത്താനും വിനിയോഗിക്കുന്നതിന്റെ ചിത്രമാണ് ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ കണ്ടത്. എന്നാല്‍, ഈ അധികാര ദുര്‍വ്വിനിയോഗത്തെക്കാളെല്ലാം നിന്ദ്യമായ കാര്യം സംസ്ഥാന സര്‍ക്കാര്‍ ബലാല്‍സംഗ ഇരയെയും കുടുംബത്തെയും നായാടാന്‍ തുനിഞ്ഞതാണ്. പ്രതികള്‍ക്കെതിരെ നടപടിയെടുത്തത് ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്നാണ് എന്നത് വിഷയത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പുലര്‍ത്തുന്ന കാപട്യത്തെ തുറന്നു കാട്ടുന്നു.
ഈ രണ്ട് സംഭവങ്ങള്‍ നടന്നയിടങ്ങളിലും പ്രധാനമന്ത്രീ, താങ്കളുടെ പാര്‍ട്ടിയാണ് അധികാരത്തിലിരിക്കുന്നത്. പാര്‍ട്ടിക്കകത്ത് താങ്കള്‍ക്കും താങ്കളുടെ പാര്‍ട്ടി അധ്യക്ഷനുമുള്ള അപ്രമാദിത്വവും കേന്ദ്രീകൃത അധികാരവും പരിഗണിക്കുമ്പോള്‍ ഈ ഭീകരമായ അവസ്ഥകള്‍ക്ക് മറ്റാരെക്കാളും താങ്കള്‍ക്കാണ് ഉത്തരവാദിത്വം എന്ന് പറയേണ്ടി വരും. തെറ്റേറ്റു പറയാതെയും പശ്ചാത്തപിക്കാതെയും താങ്കള്‍ കഴിഞ്ഞദിവസം വരെ നിശ്ശബ്ദനായിരുന്നു. ഇന്ത്യയിലും അന്തര്‍ദ്ദേശീയ തലത്തിലും അവഗണിക്കാനാകാത്ത പ്രതിഷേധം ഉയര്‍ന്നുവന്നതിനു ശേഷം മാത്രമാണ് താങ്കള്‍ നിശ്ശബ്ദത വെടിഞ്ഞത്.
എന്നിട്ടും, സംഭവത്തെ അപലപിക്കുകയല്ലാത്തെ അതിനുത്തരവാദികളായവരെ അപലപിക്കാന്‍ താങ്കള്‍ തയ്യാറായില്ല. ആ സംഭവത്തിനു പിന്നിലെ വര്‍ഗീയ രോഗത്തെ അപലപിക്കാനോ, അത്തരം രോഗാവസ്ഥകള്‍ ഉള്‍കൊള്ളുന്ന സാമൂഹിക, രാഷ്ട്രീയ, ഭരണ സാഹചര്യങ്ങളെ പരിഹരിക്കാനോ മാറ്റം വരുത്താനോ താങ്കള്‍ തയ്യാറാവുകയുണ്ടായില്ല. സംഘപരിവാറിനുള്ളിലെ വിവിധ ശക്തികള്‍ അണ്ടാവുകളില്‍ വര്‍ഗീയതയുടെ വെള്ളം തിളപ്പിക്കുന്നതില്‍ നിന്ന് പിന്മാറാതിരിക്കുമ്പോഴും നീതി ലഭ്യമാക്കുമെന്ന വാചകക്കസര്‍ത്ത് നടക്കുന്നത് നമ്മളേറെ കേട്ടതാണ്.
പ്രധാനമന്ത്രീ, ഈ രണ്ട് സംഭവങ്ങള്‍ സാധാരണമായ കുറ്റകൃത്യങ്ങളല്ല. സാമൂഹ്യഘടനയിലും രാഷ്ട്രീയശരീരത്തിലും ഏറ്റ മുറിവുകള്‍ കാലപ്രവാഹത്താല്‍ ഉണങ്ങുകയും സാധാരണജീവിതം പുനസ്ഥാപിക്കപ്പെടുകയും ചെയ്യുന്ന തരം സാധാരണ കുറ്റകൃത്യങ്ങളെപ്പോലെയല്ല ഇവ. ഇതൊരു നിലനില്‍പ്പിന്റെ പ്രതിസന്ധിയായി ഉയര്‍ന്നിരിക്കുന്നു. ഇതൊരു നിര്‍ണ്ണായക ഘട്ടവുമാണ്. ഒരു രാജ്യമെന്ന നിലയിലും റിപ്പബ്ലിക് എന്ന നിലയിലും, ഭരണപരവും ധാര്‍മികക്രമപരവുമായ ഭരണഘടനാ മൂല്യങ്ങള്‍ക്ക് സംഭവിക്കുന്ന പ്രതിസന്ധി മറികടക്കാനുള്ള ശേഷി നമുക്കുണ്ടോ എന്നത് നിശ്ചയിക്കപ്പെടുക സര്‍ക്കാരിന്റെ പ്രതികരണത്തിന്റെ അടിസ്ഥാനത്തിലാണ്.
കത്വ കേസിലെ പ്രതികളെ വിചാരണ ചെയ്യാന്‍ അതിവേഗ വ്യവഹാര സംവിധാനം ഏര്‍പ്പാടാക്കുക. ഉന്നാവോ കേസില്‍ കൂടുതല്‍ ആശയക്കുഴപ്പങ്ങള്‍ക്കിട നല്‍കാതെ കോടതി മേല്‍നോട്ടത്തിലുള്ള പ്രത്യേകാന്വേഷണ സംഘത്തെ ഏര്‍പ്പാടാക്കുക.
ഈ നിഷ്‌കളങ്കരായ കുട്ടികളെയും, വെറുപ്പിന്റെ രാഷ്ട്രീയം കൊല ചെയ്ത മറ്റ് ഇരകളെയും ഓര്‍മയില്‍ നിറുത്തി മുസ്ലിങ്ങള്‍ക്കും ദളിതര്‍ക്കും മറ്റ് ന്യൂനപക്ഷ സമുദായങ്ങള്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക സംരക്ഷണം നല്‍കുമെന്ന് പ്രതിജ്ഞയെടുക്കുക. ഭരണകൂടത്തിന്റെ ശക്തമായ പിന്തുണ തങ്ങള്‍ക്കുണ്ടെന്ന തോന്നല്‍ അവര്‍ക്കിടയില്‍ വളര്‍ത്തി ഭയരഹിതമായും സ്വാതന്ത്ര്യത്തോടെയും ജീവിക്കാനുള്ള അവസരം സൃഷ്ടിക്കുക.
വിദ്വേഷ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരുമായി അഹിതമായ ബന്ധം പുലര്‍ത്തുന്നവരെ സര്‍ക്കാരില്‍ നിന്നും നീക്കം ചെയ്യുക.
വിദ്വേഷ കുറ്റകൃത്യങ്ങളെ സാമൂഹികമായും രാഷ്ട്രീയമായും ഭരണപരമായും കൈകാര്യം ചെയ്യുന്നതെങ്ങനെയെന്നത് ചര്‍ച്ച ചെയ്യാനായി ഒരു സര്‍വ്വകക്ഷിയോഗം വിളിക്കുക.
വളരെയെധികം വൈകിയിരിക്കാമെങ്കിലും ഇത്തരം നടപടികളിലൂടെ ക്രമസമാധാനം സ്ഥാപിക്കപ്പെട്ടെന്ന ബോധം സൃഷ്ടിക്കാനും അരാജകത്വം സൃഷ്ടിക്കുന്നവര്‍ അറസ്റ്റ് ചെയ്യപ്പെടുമെന്ന പ്രതീക്ഷ വളര്‍ത്താനും സാധിക്കും. പ്രതീക്ഷകളിലാണ് നമ്മള്‍ ജീവിക്കുന്നത്.
(നാല്‍പ്പത്തിയഞ്ച് മുന്‍ കേന്ദ്ര സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരാണ് കത്തില്‍ ഒപ്പ് വെച്ചിട്ടുള്ളത്)

Related News