Web Desk

 ന്യൂഡല്‍ഹി:

October 26, 2020, 10:39 pm

കൽക്കരി കുംഭകോണം: എൻഡിഎ മുൻ മന്ത്രിക്ക് മൂന്നുവർഷം തടവ്

Janayugom Online

കല്‍ക്കരി കുംഭകോണ കേസില്‍ വാജ്‌പേയി സര്‍ക്കാരില്‍ കല്‍ക്കരി സഹമന്ത്രിയായിരുന്ന ദിലീപ് റായിക്ക് മൂന്നു വര്‍ഷത്തെ തടവുശിക്ഷ. പ്രത്യേക സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്. ദിലീപ് റായിക്ക് പുറമേ കൽക്കരി മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരായിരുന്ന പ്രദീപ് കുമാര്‍ ബാനര്‍ജി, നിത്യ നന്ദ് ഗൗതം എന്നിവർക്കും മൂന്നുവർഷം തടവുശിക്ഷ വിധിച്ചിട്ടുണ്ട്. 1999ല്‍ ഝാര്‍ഖണ്ഡിലെ കല്‍ക്കരി ഖനികള്‍ അനുവദിച്ചതിലെ ക്രമക്കേടുകളിലാണ് ശിക്ഷ. മൂന്ന് പ്രതികളും 10 ലക്ഷം രൂപ വീതം പിഴയടയ്ക്കാനും കോടതി നിര്‍ദ്ദേശിച്ചു. കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് ഈ മാസം ആദ്യം കോടതി കണ്ടെത്തിയിരുന്നു. ജീവപര്യന്തം വരെ ലഭിക്കാവുന്ന ക്രിമിനല്‍ ഗൂഢാലോചന ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ദിലീപ് റായിക്കെതിരെ ചുമത്തിയിരുന്നത്.

കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് സിബിഐ കോടതിയില്‍ വാദിച്ചിരുന്നു. പ്രായവും നേരത്തേ കേസുകളില്‍ പ്രതിയാകാത്തതും പരിഗണിച്ച് ശിക്ഷ നല്‍കരുതെന്ന് പ്രതികള്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ദിലീപ് റായിയുടെ അഭിഭാഷകന്‍ അറിയിച്ചു. ബിജു ജനതാദൾ പ്രതിനിധിയായിരുന്ന ഇദ്ദേഹം 2018 ൽ രാഷ്ട്രീയം മതിയാക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.

ENGLISH SUMMARY: ex nda min­is­ter arrest

YOU MAY ALSO LIKE THIS VIDEO