ബേബി ആലുവ

കൊച്ചി

February 02, 2020, 9:54 pm

കേന്ദ്ര ഫണ്ടില്ല; വിമുക്തഭടന്മാരുടെ ചികിത്സാ പദ്ധതി മുടങ്ങി

Janayugom Online

കേന്ദ്ര സർക്കാർ ഫണ്ട് അനുവദിക്കാത്തതിന്റെ ഫലമായി വിമുക്തഭടന്മാരുടെ ചികിത്സ പദ്ധതി അവതാളത്തിലായി. സർവീസ് കാലയളവിൽ പിടിക്കുന്ന നിശ്ചിത തുകയും വിരമിച്ച ശേഷം മെഡിക്കൽ അലവൻസായി നൽകുന്ന തുകയും ചേർത്ത് രൂപം കൊടുത്തിട്ടുള്ളതാണ് വിമുക്ത ഭടന്മാരുടെ ചികിത്സാ പദ്ധതിയായ എക്സ് സർവീസ് മെൻ  കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്കീം (ഇസിഎച്ച്എസ് ).

വിരമിക്കുന്ന സൈനികർക്കും അവരുടെ കുടുബാംഗങ്ങൾക്കും വൈദ്യസഹായം നൽകുകയെന്ന ലക്ഷ്യമിട്ടാണ് 2003‑ൽ ഇ സിഎച്ച്എസ് തുടങ്ങിയത്. ഓഫീസർമാർ മുതൽ താഴോട്ട് വിവിധ റാങ്കിലുള്ളവരിൽ നിന്ന് 1,25000, 67000, 30000 എന്നീ ക്രമത്തിലാണ് പദ്ധതിയിൽ അംഗങ്ങളാകുന്നതിന് തുക ഈടാക്കിയിരുന്നത്. പദ്ധതിയിൽ നിന്ന് ആർക്കും ഒഴിഞ്ഞു നിൽക്കാനാവില്ല. സർവീസിൽ നിന്നു വിരമിക്കുമ്പോൾ നൽകുന്ന ആനുകൂല്യത്തിൽ നിന്ന് തുക നിർബന്ധമായി പിടിച്ചെടുക്കുകയാണ് രീതി. ഇതിനു പുറമെ, വിരമിച്ചതിനു ശേഷം മെഡിക്കൽ അലവൻസായി പ്രതിമാസം നൽകുന്ന 1000 രൂപയും പദ്ധതിയിലേക്ക് വസൂലാക്കിയിരുന്നു. മെഡിക്കൽ അലവൻസ് ഇനത്തിൽ മാത്രം ഒരു വർഷം 12000 രൂപ എന്ന കണക്കിൽ ഭീമമായ തുകയാണ് കേന്ദ്ര സർക്കാരിലേക്കെത്തുന്നത്.

ഓരോ വർഷവും 5000‑ത്തിലധികം പേർ സർവീസിൽ നിന്നു പിരിയുന്നുമുണ്ട്. നിലവിൽ രാജ്യത്ത് 50 ലക്ഷത്തോളം വിമുക്തഭടന്മാരുണ്ടെന്നാണ് കണക്ക്. ചികിത്സാർത്ഥം ജില്ലാ കേന്ദ്രങ്ങളിൽ പോളിക്ലിനിക്കുകൾ ആരംഭിച്ചതിനു പുറമെ, പ്രമുഖ സ്വകാര്യ ആശുപത്രികളെ പദ്ധതിയുടെ പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. ക്രമേണ, ഫണ്ട് കൈകാര്യം ചെയ്യുന്നതിലെ തിരിമറിയും കേന്ദ്ര സർക്കാരിന്റെ അനാസ്ഥയും മൂലം പദ്ധതിയാകെ താളം തെറ്റുകയായിരുന്നുവെന്ന് നാഷണൽ എക്സ് സർവീസ്മെൻ കോ-ഓർഡിനേഷൻ കമ്മിറ്റി കുറ്റപ്പെടുത്തുന്നു.

ചികിത്സാ പദ്ധതിക്കായി സൈനികരിൽ നിന്ന് ഈടാക്കുന്ന പണം അതിനായി വിനിയോഗിക്കുന്നതിൽ കേന്ദ്ര സർക്കാർ മുടക്കം വരുത്തിയതോടെ, ജില്ലാ കേന്ദ്രങ്ങളിലെ പോളിക്ലിനിക്കുകളിൽ മരുന്നില്ലാത്ത അവസ്ഥയായി. നിശ്ചിത തുകയ്ക്കുള്ളിൽ വരുന്ന മരുന്നുകൾ ലോക്കൽ പർച്ചേസ് ചെയ്യാൻ പോളിക്ലിനിക്കുകൾക്കുണ്ടായിരുന്ന അധികാരം കേന്ദ്രം റദ്ദാക്കി. വിമുക്തഭടന്മാർക്ക് നൽകിയ വൈദ്യ സഹായത്തിന്റെ പേരിൽ വൻസംഖ്യ കുടിശികയായതോടെപദ്ധതിയുടെ ലിസ്റ്റിലുണ്ടായിരുന്ന സ്വകാര്യ ആശുപത്രികളിൽ ഭൂരിഭാഗവും ചികിത്സ അവസാനിപ്പിച്ച് പിൻമാറി.

കൊച്ചി നഗരത്തിൽ മാത്രം ആറ് പ്രമുഖ സ്വകാര്യ ആശുപത്രികൾ പദ്ധതിയിലുണ്ടായിരുന്നു. അവയിൽ നാലും പദ്ധതിയുമായുള്ള ബന്ധം അവസാനിപ്പിച്ചു. പെൻഷൻ കാലത്തെ വൈദ്യസഹായത്തിനായി കാലേക്കൂട്ടി സർക്കാരിലേക്കു പണമടയ്ക്കുകയും പ്രതിമാസം മെഡിക്കൽ അലവൻസ് അടയ്ക്കുന്നത് തുടരുകയും ചെയ്യുന്ന വിമുക്ത ഭടന്മാരും അവരുടെ കുടുംബാംഗങ്ങളും ഇപ്പോൾ രോഗശാന്തിക്കായി പണം മുടക്കി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലായി.ചികിത്സാ പദ്ധതിയുടെ കാര്യത്തിൽ ഏറ്റവും കൂടുതൽ രൂക്ഷതയനുഭവപ്പെടുന്നത് കേരളത്തിലാണെന്ന് നാഷണൽ എക്സ് സർവീസ്മെൻ കോ-ഓർഡിനേഷൻ കമ്മിറ്റി ഭാരവാഹിയായ ബി മധുസൂദനൻ പിള്ള പറഞ്ഞു.

മാരകരോഗങ്ങൾ ബാധിച്ചവർ വിദഗ്ധ ചികിത്സയ്ക്കായി കേരളത്തിനു പുറത്തുള്ള ആശുപത്രികളെ ശരണം പ്രാപിക്കേണ്ട സ്ഥിതിയാണ്. പലവട്ടം നിവേദനം നൽകിയിട്ടും കൊച്ചി, തിരുവനന്തപുരം, കണ്ണൂർ എന്നിവിടങ്ങളിലെ സൈനിക കേന്ദ്രങ്ങൾക്കു മുമ്പിൽ പ്രക്ഷോഭങ്ങൾ നടത്തിയിട്ടും കേന്ദ്ര സർക്കാരിനു കുലുക്കമുണ്ടായിട്ടില്ല. കേരളത്തിൽ നിന്നുള്ള ലോകസഭാംഗങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും വിഷയം പാർലമെന്റിൽ ഉന്നയിക്കാൻ ആരും താത്പര്യമെടുത്തിട്ടുമില്ല.

ex ser­vice­men treat­ment plan