Web Desk

ന്യൂഡല്‍ഹി

March 17, 2021, 10:45 pm

മുൻ ലൈംഗികബന്ധം ബലാത്സംഗത്തിനുള്ള അനുമതിയല്ല: ഡല്‍ഹി കോടതി

Janayugom Online

മുന്‍പ് ലൈംഗികബന്ധം പുലര്‍ത്തിയിരുന്നു എന്നത് ബലാത്സംഗത്തിനുള്ള അനുമതി അല്ലെന്ന് ഡല്‍ഹി കോടതി. ബലാത്സംഗക്കേസില്‍ മാധ്യമപ്രവര്‍ത്തകനായ വരുണ്‍ ഹൈർമതിന്റെ (28) മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ പരാമർശം. കഴിഞ്ഞ ഫെബ്രുവരി 20 ന്​ ഡൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്​തുവെന്നായിരുന്നു യുവതിയുടെ പരാതി. എന്നാൽ യുവതിയു​മായി നേരത്തെ അടുപ്പമുണ്ടായിരുന്നുവെന്നും ലൈംഗികമായി ബന്ധപ്പെടാറുണ്ടായിരുന്നുവെന്നുമാണ്​ വരുൺ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതിയിൽ ​അറിയിച്ചത്​. 2017 മുതൽ യുവതിയുമായി അടുപ്പമുണ്ടായിരുന്നുവെന്നാണ്​ പ്രതി കോടതിയിൽ അറിയിച്ചത്​. എന്നാൽ മുന്‍പ് ലൈംഗികബന്ധം പുലര്‍ത്തി എന്നത് പിന്നീട് അനുമതിയില്ലാതെ ബന്ധപ്പെടുന്നതിനുള്ള അനുവാദമായി കണക്കാക്കാനാകില്ല എന്ന്​ പാട്യാല ഹൗസ്​ കോടതി അഡീഷനൽ സെഷൻസ്​ ജഡ്​ജ്​ സഞ്ജയ്​ കണഗ്​വാൾ പറഞ്ഞു.

വരുൺ തന്നെ ഹോട്ടലിലേക്ക് വിളിച്ചെന്നും അവിടെ വച്ച് ബലാത്സംഗം ചെയ്​തുവെന്നുമാണ്​ യുവതിയുടെ പരാതി. തനിക്ക് ആ സമയം ലൈംഗികബന്ധത്തിന് താല്പര്യമില്ലായിരുന്നെന്നും യുവതി പറഞ്ഞു. ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും യുവതി പരാതിയിൽ പറയുന്നു. സമ്മതമില്ലാത്ത ലൈംഗിക ബന്ധം, ബലാത്സംഗത്തിന്റെ പരിധിയിൽ ഉൾപ്പെടുന്നതിനാൽ കേസ്​ നിലനിൽക്കു​മെന്ന് ജാമ്യാപേക്ഷ തള്ളിക്കൊണ്ട്​ ​കോടതി വ്യക്തമാക്കി.

ENGLISH SUMMARY: Ex-sex is not allowed for rape: Del­hi court