Web Desk

ന്യൂഡല്‍ഹി

February 01, 2020, 6:30 am

സാമ്പത്തിക അവലോകന റിപ്പോർട്ടിൽ പെരുപ്പിച്ച കണക്കുകൾ

Janayugom Online

പെരുപ്പിച്ച കണക്കുകളും ഉട്ടോപ്യൻ പ്രതീക്ഷകളുമായി നടപ്പുവർഷത്തെ സാമ്പത്തിക അവലോകന റിപ്പോർട്ട്. ഐഎംഎഫ്, ലോക ബാങ്ക് ഉൾപ്പെടെ ആഗോള സാമ്പത്തിക ഏജൻസികളും രാജ്യത്തെ സാമ്പത്തിക സ്ഥാപനങ്ങളും വിദഗ്ധരും കുറഞ്ഞ വളർച്ചാ നിരക്ക് പ്രതീക്ഷിക്കുന്ന ഇന്ത്യൻ സമ്പദ്ഘടന അടുത്ത വര്‍ഷം 6–6.5 ശതമാനത്തിലേയ്ക്ക് എത്തുമെന്നാണ് മുഖ്യ സാമ്പത്തിക ഉപദേശകൻ കൃഷ്ണമൂർത്തി സുബ്രഹ്മണ്യൻ തയ്യാറാക്കി ധനമന്ത്രി നിർമ്മലാ സീതാരാമൻ ഇന്നലെ ലോക്‌സഭയില്‍വച്ച റിപ്പോർട്ടിൽ അവകാശപ്പെടുന്നത്. നടപ്പു സാമ്പത്തിക വർഷം ഏഴു ശതമാനം വളർച്ചാ നിരക്ക് കൈവരിക്കാനാകുമെന്ന മുൻവർഷത്തെ റിപ്പോർട്ട് തയ്യാറാക്കിയതും കൃഷ്ണമൂർത്തി സുബ്രഹ്മണ്യൻ തന്നെയായിരുന്നു. നടപ്പു വർഷത്തെ വളർച്ച സർക്കാർ തന്നെ പറയുന്നതനുസരിച്ച് അഞ്ച് ശതമാനമായി ഇടിഞ്ഞിരിക്കുകയാണ്.

സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ അനുസരിച്ച് നടപ്പു വർഷത്തെ യഥാർത്ഥ വളർച്ച 4.5 ശതമാനം മാത്രമാണ്. ഐഎംഎഫ്, ലോക ബാങ്ക് എന്നിവ 5.8, ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി ഇന്ത്യ 5.5, സ്റ്റേറ്റ് ബാങ്കിന്റെ മുഖ്യ സാമ്പത്തിക വിദഗ്ധ സൗമ്യ കാന്തി ഘോഷ് 5.5 ‑6 ശതമാനം വീതം വളർച്ചയാണ് അടുത്തവർഷത്തേയ്ക്ക് പ്രവചിച്ചിരിക്കുന്നത്. ഈ പശ്ചാത്തലം നിലനില്ക്കുമ്പോഴാണ് സാമ്പത്തിക അവലോകന റിപ്പോർട്ടിലെ അവകാശവാദമെന്നത് പ്രാധാന്യമർഹിക്കുന്നു. രൂക്ഷമായ തൊഴിലില്ലായ്മ, തൊഴിൽ നഷ്ടം, ചില്ലറ — മൊത്ത വിപണിയിലെ വിലക്കയറ്റം, നാണയപ്പെരുപ്പം എന്നിങ്ങനെ സമ്പദ്ഘടന കടുത്ത പ്രതിസന്ധിയിൽ നിൽക്കുമ്പോൾ വളർച്ച മുന്നേറുന്നതെങ്ങിനെയെന്നതിന് റിപ്പോർട്ടിൽ ഉത്തരമില്ല. എന്നാൽ ആഗോള സമ്പദ്ഘടനയില്‍ വളര്‍ച്ച പിന്നോക്കം പോയത് രാജ്യത്തെ സമ്പത്ഘടനയെയും ബാധിച്ചു, ഇതുമൂലം രാജ്യത്ത് നിക്ഷേപം വരുന്നതില്‍ സംഭവിച്ച കുറവാണ് നടപ്പു സാമ്പത്തിക വര്‍ഷം, 2019–20ല്‍ ആഭ്യന്തര വളര്‍ച്ചയെ അഞ്ച് ശതമാനത്തിലേക്കു താഴ്ത്തിയതെന്ന് കാരണം നിരത്തുകയാണ് ചെയ്യുന്നത്. സാമ്പത്തിക പരിഷ്‌കരണം വേഗത്തിലും കാര്യക്ഷമമായും നടപ്പിലാക്കണമെന്ന് സര്‍വേ നിര്‍ദ്ദേശിക്കുന്നു. ഇതിലൂടെ 2020–21 സാമ്പത്തിക വര്‍ഷം സമ്പത് മേഖലയ്ക്ക് കുതിപ്പുണ്ടാക്കണം.

നടപ്പു സാമ്പത്തിക വര്‍ഷം ജൂലൈ-സെപ്റ്റബര്‍ പാദത്തില്‍ ആഭ്യന്തര വളര്‍ച്ചാ നിരക്ക് 4.5 ശതമാനമായി താഴ്ന്നത് റിപ്പോര്‍ട്ട് അവഗണിക്കുന്നു. സമ്പദ്ഘടനയ്ക്ക് ഊര്‍ജ്ജം നല്‍കാനുള്ള സര്‍വേയിലെ നിര്‍ദ്ദേശങ്ങള്‍ പലതും പോരായ്മകള്‍ മാത്രമേ അവകാശപ്പെടാനുള്ളൂ എന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ വിലയിരുത്തല്‍. ധനകാര്യമാനേജ്മെന്റിന്റെ പരാജയവും സാമ്പത്തിക നയങ്ങളുടെ കോർപ്പറേറ്റ് ആഭിമുഖ്യവും മറച്ചുവച്ചാണ് അമിതമായ അവകാശവാദങ്ങളുമായി സാമ്പത്തിക അവലോകന റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്. നികുതി വരുമാനത്തിലുണ്ടായ ഭീമമായ കുറവ്, ഓഹരിവില്പനയിലൂടെ പ്രതീക്ഷിച്ച വരുമാനം നേടാനാകാത്തത് എന്നിവയെല്ലാം മറച്ചുവച്ചിരിക്കുന്നു. മറിച്ച് എല്ലാ കുറ്റവും ആഗോള സാമ്പത്തിക പ്രതിസന്ധിയോട് കൂട്ടിച്ചേർത്ത് തലയൂരാനാണ് ശ്രമിക്കുന്നതും. 2009ല്‍ ആഗോള സമ്പദ്ഘടനയ്ക്കുണ്ടായ തകര്‍ച്ചയില്‍നിന്നും ഇനിയും ലോകരാജ്യങ്ങള്‍ പൂര്‍ണ്ണതോതില്‍ കരകയറിയിട്ടില്ല. ഇതുമൂലം ആഗോള വളര്‍ച്ചാ നിരക്ക് 2.9ലേക്കു താഴ്‌ന്നു. ഇന്ത്യന്‍ സമ്പദ്ഘടനയെ പിന്നോട്ടടിച്ച നോട്ടു നിരോധനം, ചരക്കുസേവന നികുതി എന്നിവയെ കുറിച്ച് റിപ്പോര്‍ട്ട് മൗനം പാലിക്കുന്നതും ശ്രദ്ധേയമായി. ചൈനയും അമേരിക്കയും തമ്മില്‍ നിലനില്‍ക്കുന്ന കച്ചവട ശീതസമരങ്ങളും അമേരിക്കയും ഇറാനും തമ്മില്‍ നിലനില്‍ക്കുന്ന അസ്വാരസ്യങ്ങളുമെല്ലാം റിപ്പോർട്ടിൽ അക്കമിട്ട് നിരത്തുന്നുണ്ട്. സമ്പത്ത് ആര്‍ജ്ജിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ത്വരിതപ്പെടുത്തണം. അതിനായി ഈ ആശയത്തെ പിന്തുണച്ചുകൊണ്ട് നയങ്ങളും നടപടി ക്രമങ്ങളും മാറ്റി നിശ്ചയിക്കണം.

1991 ല്‍ നടപ്പാക്കിയ ഉദാരവല്‍ക്കരണം ഈ ആശയവുമായി ബന്ധപ്പെടുത്തുമ്പോള്‍ ഏറെ ഗുണകരമായ സംഗതിയാണെന്ന് പറയുന്ന റിപ്പോർട്ട് വീണ്ടും ഓഹരി വില്പനയും സബ്സിഡികൾ ഒഴിവാക്കലും നികുതിയേതര വരുമാന വർധനയുമൊക്കെയാണ് പ്രശ്നപരിഹാരമായി നിർദ്ദേശിക്കുന്നത്. ഇതെല്ലാംകൊണ്ടുതന്നെ റയിൽനിരക്കുൾപ്പെടെ ഇനിയും വർധിപ്പിക്കുമെന്നും സാധാരണക്കാർക്കും ചെറുകിടക്കാർക്കുമുള്ള സബ്സിഡികൾ ഒഴിവാക്കപ്പെടുമെന്നുമാണ് വിദഗ്ധർ വിലയിരുത്തുന്നത്. ഇതിന്റെ പ്രതിഫലനങ്ങൾ ധനമന്ത്രിയുടെ ഇന്നവതരിപ്പിക്കുന്ന ബജറ്റില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

സർക്കാർ ജോലി കിട്ടാക്കനിയാകും

സര്‍ക്കാര്‍ ജോലി ഇനി കിട്ടാക്കനിയാവുമെന്നാണ് സാമ്പത്തിക സര്‍വേ റിപ്പോർട്ടിലെ സൂചന. തൊഴില്‍ മേഖലയില്‍നിന്നും സര്‍ക്കാര്‍ പിന്‍വലിയും. തൊഴില്‍ സ്വന്തമായി കണ്ടെത്തണമെന്നാണ് നിര്‍ദ്ദേശം. റയില്‍വേ ഉള്‍പ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലും സംരഭങ്ങളിലും തൊഴിലാളികളെ നിയോഗിക്കാതെ സര്‍ക്കാര്‍ തിരിഞ്ഞു കളിക്കുകയാണ്. ഇതിന് അടിവരയിടുന്നതാണ് സാമ്പത്തിക സര്‍വേ റിപ്പോർട്ട്.

സ്വകാര്യ വല്‍ക്കരണം എന്ന ഗൂഢലക്ഷ്യമാണ് ഇതിനു പിന്നില്‍. ലക്ഷക്കണക്കിന് ഒഴിവുകള്‍ നിലനില്‍ക്കുമ്പോഴും സര്‍ക്കാര്‍ തലത്തില്‍ ഇനിയാര്‍ക്കും ജോലി നല്‍കേണ്ടെന്ന നിലപാടാണ് മോഡി സര്‍ക്കാര്‍ പുലര്‍ത്തുന്നത്. കോടിക്കണക്കിനു തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും എന്ന വാഗ്ദാനവുമായി ജനഹിതം തേടിയ മോഡി സര്‍ക്കാരിന്റെ വാഗ്ദാനമാണ് റിപ്പോർട്ട് ഇല്ലാതാക്കിയത്. ‘ഇന്ത്യയില്‍ നിര്‍മ്മിക്കൂ’ എന്ന സര്‍ക്കാരിന്റെ നയത്തെ ‘ഇന്ത്യയില്‍ കൂട്ടിയോജിപ്പിക്കൂ’ എന്നാക്കി മാറ്റിയാണ് സാമ്പത്തിക സര്‍വെ സര്‍ക്കാര്‍ പുറത്തിറക്കിയത്. രാജ്യത്തെ തൊഴില്‍ സൃഷ്ടിയും അതിന്റെ അനുബന്ധികളും വരും കാലത്ത് സ്വകാര്യ മേഖലയ്ക്ക് കൈമാറിക്കൊണ്ട് സര്‍ക്കാര്‍ കൈകഴുകുകയാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ആഗോള സാമ്പത്തിക ശക്തികളുടെ പട്ടികയില്‍പ്പെടുന്ന അമേരിക്കയും ചൈനയും. ഇവര്‍ തമ്മിലുള്ള കച്ചവട ശീതസമരം ഇന്ത്യ വിനിയോഗിക്കുക. ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ എന്നത് ‘അസംബിള്‍ ഇന്‍ ഇന്ത്യ’ എന്നാക്കി മാറ്റിയാല്‍ ഇന്ത്യയിലെ തൊഴിലവസരങ്ങള്‍ ഉയര്‍ത്താനാകുമെന്നാണ് സര്‍വേ പറയുന്നത്. പത്തു വര്‍ഷംകൊണ്ട് ഇത്തരത്തില്‍ 80 ദശലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാകുമെന്ന് ഇക്കണോമിക് സര്‍വേ വിലയിരുത്തുന്നു. ഇതുവഴി 2025ല്‍ അഞ്ച് ട്രില്യണ്‍ സമ്പദ്ഘടനയായി ഇന്ത്യക്കു മാറാനാകുമെന്നും സര്‍വേ അഭിപ്രായപ്പെടുന്നു.