Web Desk

മുംബൈ

October 26, 2020, 9:42 pm

ഫഡ്നാവിസ് സര്‍ക്കാരിന്റെ കാലത്ത് വൻ പരീക്ഷാ തട്ടിപ്പ് നടന്നു

Janayugom Online

ബിജെപിയുടെ നേതൃത്വത്തിലുള്ള ദേവേന്ദ്ര ഫഡ്നാവിസ് സര്‍ക്കാരിന്റെ കാലത്ത് മഹാരാഷ്ട്രയില്‍ മധ്യപ്രദേശിലെ വ്യാപത്തിന് സമാനമായ പരീക്ഷാ തട്ടിപ്പ് നടന്നുവെന്ന് റിപ്പോര്‍ട്ട്. ദ വയര്‍ ആണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുകൊണ്ടുവന്നത്. 2019ല്‍ റവന്യു വകുപ്പിലെ സി,ഡി തസ്തികകളിലേക്ക് നടന്ന നിരവധി നിയമനങ്ങളില്‍ വന്‍ അഴിമതി നടന്നുവെന്നാണ് കണ്ടെത്തല്‍. മഹാരാഷ്ട്രയിലെ പരീക്ഷാ തട്ടിപ്പിനെതിരെ വലിയ പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല.

കഴി‍ഞ്ഞ വര്‍ഷം നവംബറില്‍ അഹമ്മദ്നഗര്‍ ജില്ലാ കളക്ടര്‍ രാഹുല്‍ ദ്വിവേദി നടത്തിയ പരിശോധനയിലാണ് ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത 236 ഉദ്യോഗാര്‍ത്ഥികള്‍ ക്രമക്കേട് നടത്തിയതായി കണ്ടെത്തിയത്. ഇതുസംബന്ധിച്ച് ദ്വിവേദി റിപ്പോര്‍ട്ട് നല്‍കിയിരുന്നെങ്കിലും അദ്ദേഹത്തെ ആ സ്ഥാനത്ത് നിന്നും മാറ്റുകയായിരുന്നു. മഹാപരീക്ഷ പോര്‍ട്ടല്‍ സംഘടിപ്പിച്ച പരീക്ഷയില്‍ ഉയര്‍ന്ന റാങ്കുകളിലെത്തിയ ഭൂരിപക്ഷം ഉദ്യോഗാര്‍ത്ഥികള്‍ക്കും തങ്ങള്‍ ഏത് തസ്തികയിലാണ് ജോലി ചെയ്യാന്‍ പോകുന്നത് എന്നതിനെ കുറിച്ച് അറിവില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ പരീക്ഷകള്‍ എപ്പോള്‍ എവിടെ വച്ച് നടന്നു എന്നതിനെക്കുറിച്ചുപോലും ചില ഉദ്യോഗാര്‍ത്ഥികള്‍ക്ക് അറിയില്ലെന്നും ദ്വിവേദി പറയുന്നു.

അന്വേഷണത്തില്‍ അപേക്ഷാഫോമും ഹാള്‍ടിക്കറ്റും ബന്ധുക്കള്‍ ഒപ്പിട്ടു വാങ്ങുകയായിരുന്നു എന്നാണ് ചിലര്‍ കളക്ടറോട് പറഞ്ഞത്. എന്നാല്‍ വിശദമായ അന്വേഷണത്തില്‍ ഉദ്യോഗാര്‍ത്ഥികളില്‍ ചിലര്‍ പരീക്ഷ എഴുതിയിട്ട് പോലുമില്ലെന്നാണ് കളക്ടറുടെ കണ്ടെത്തല്‍. ചിലയിടത്ത് യഥാര്‍ത്ഥ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പകരം പരീക്ഷ എഴുതിയത് വ്യാജന്മാരാണെന്നും കണ്ടെത്തിയിട്ടുണ്ട്. ആയിരത്തിലധികം ഉദ്യോഗാര്‍ത്ഥികള്‍ പരീക്ഷയില്‍ ക്രമക്കേട് നടത്തിയതായി തെളിവുകളും ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ മറ്റ് ജില്ലകള്‍ തട്ടിപ്പില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ തയ്യാറായിട്ടില്ലെന്നും ദ്വിവേദി പറയുന്നു.

നിരവധി ഉദ്യോഗാര്‍ത്ഥികളുമായി സംസാരിച്ചതില്‍ നിന്നും മഹാരാഷ്ട്രയിലേതും മധ്യപ്രദേശ് പ്രൊഫഷണൽ എക്സാമിനേഷൻ ബോർഡില്‍ നടന്ന വ്യാപം അഴിമതിയുമായി വലിയ സാമ്യമുള്ളതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

2019 ജൂലൈ രണ്ടു മുതല്‍ 26 വരെ മഹാരാഷ്ട്രയിലെ 34 ജില്ലകളിലായാണ് പരീക്ഷ നടന്നത്. അതേവര്‍ഷം തന്നെ നിയമനം പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിച്ചായിരുന്നു പരീക്ഷ. റവന്യു ഉള്‍പ്പെടെ 11 വകുപ്പുകളിലെ സി, ഡി ക്ലാസ് തസ്തികളിലേക്കായാണ് പരീക്ഷ നടത്തിയത്.

മഹാഓൺലൈന്‍ പോര്‍ട്ടലിനു പകരമായി 2017ല്‍ ഫഡ്നാവിസ് സര്‍ക്കാരാണ് മഹാപരീക്ഷ പോര്‍ട്ടല്‍ ആരംഭിച്ചത്. മഹാരാഷ്ട്ര ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കോര്‍പ്പറേഷന്‍ ലിമിറ്റഡ് (മഹാഐടി) യാണ് മഹാപരീക്ഷ പോര്‍ട്ടല്‍ കൈകാര്യം ചെയ്തിരുന്നത്. സംസ്ഥാന സര്‍ക്കാരിലെ തസ്തികകളിലേക്കുള്ള നിയമനങ്ങള്‍ നടത്തുന്നതിനാണ് മഹാഐടി രൂപീകരിച്ചത്.

എന്നാല്‍ ഇതിന്റെ എല്ലാ ചുമതലകളും ഫഡ്നാവിസിന്റെ വലംകയ്യായ കൗസ്തുഭ് ദാവ്സേയെ ഏല്പിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. എച്ച്പി, ഫ്രോസ്റ്റ് ആന്റ് സളിവന്‍ കമ്പനികളില്‍ ജോലി നോക്കിയിരുന്ന ദാവ്സേയെ 2014ല്‍ ഫഡ്നാവിസ് തന്റെ ജോയിന്റ് സെക്രട്ടറിയായി നിയമിക്കുകയായിരുന്നു. ഇപ്പോള്‍ പ്രതിപക്ഷ നേതാവായ ഫഡ്നാവിസിന്റെ നിയമോപദേഷ്ടാവാണ് ദാവ്സേ.

മഹാഐടിയുടെ കൂടുതല്‍ ഡയറക്ടര്‍മാരും ഐഎഎസ് ഉദ്യോഗസ്ഥര്‍മാരാണെന്നിരിക്കെ ദാവ്സേമാത്രമാണ് സർക്കാരിതര സ്ഥാപനത്തില്‍ നിന്നുള്ള ഏക വ്യക്തി. 2017ലാണ് മഹാഐടിയ്ക്കു വേണ്ടി ടെന്‍ഡര്‍ വിളിച്ചത്. തുടര്‍ന്ന് പരീക്ഷാ നടത്തിപ്പ് ചുമതല യുഎസ് ആസ്ഥാനമായുള്ള കമ്പനിയായ യുഎസ്‌ടി ഗ്ലോബലിനും ഇന്ത്യന്‍ കമ്പനിയായ ആർസിയസ് ഇൻഫോടെക് പ്രൈവറ്റ് ലിമിറ്റഡിനും നല്‍കുകയായിരുന്നു. അപേക്ഷ അയക്കുന്നതുമുതല്‍ ഓണ്‍ലൈനില്‍ പരീക്ഷ നടത്തുന്നതുവരെയുള്ള നടപടി ക്രമങ്ങള്‍ക്ക് ഈ രണ്ട് കമ്പനികളുമാണ് മേല്‍നോട്ടം വഹിച്ചിരുന്നത്. ഇതില്‍ തന്നെ ഏറ്റവും കൂടുതല്‍ ചുമതല യുഎസ്‌ടി ഗ്ലോബലിനായിരുന്നു.

2019ല്‍ തന്നെ 25,000 ഒഴിവുകള്‍ നികത്താനാണ് ഫഡ്നാവിസ് സര്‍ക്കാര്‍ നിയമനം പുറപ്പെടുവിച്ചത്. അതും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിന് മൂന്നോ നാലോ മാസത്തിന് മുമ്പാണെന്നുള്ളതും ശ്രദ്ധേയമാണ്.

2017ല്‍ 250 രൂപയായിരുന്നു ഉദ്യോഗാര്‍ത്ഥികൾക്ക് ഒരു തസ്തികയിലേക്കുള്ള അപേക്ഷ ഫീസ് ആയി നല്‍കേണ്ടിയിരുന്നത്. തസ്തികകള്‍ക്കനുസരിച്ച് ഇത് 300 മുതല്‍ 500 വരെ ആയേക്കാം. എന്നാല്‍ അധിക തുക വാങ്ങുന്നതില്‍ വിശദീകരണങ്ങളൊന്നും ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്‍കിയിരുന്നുമില്ല. ഇതുകൂടാതെ ഓരോ ചോദ്യപേപ്പറിനും ചോദ്യത്തിനും മേല്‍ ഒരു രൂപ വീതം ഈടാക്കിയിരുന്നു. യുഎസ്‌ടി ഗ്ലോബലുമായി സഹകരിച്ച് 2017 മുതല്‍ 31 പരീക്ഷകള്‍ നടത്തിയിരുന്നുവെന്ന് മഹാഐടിയിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. 2019ല്‍ 35 ലക്ഷം അപേക്ഷകളാണ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ 2018ല്‍ ഇത് മൂന്ന് ലക്ഷവും 2017ല്‍ 50,000വും ആയിരുന്നു.

2019ല്‍ 11,000 തസ്തികകളില്‍ നിയമനം നടത്തി. ഉദ്യോഗാര്‍ത്ഥികള്‍ ആരോപണം ഉന്നയിച്ചതോടെ മറ്റ് നിയമനങ്ങള്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു. പരീക്ഷ നടത്തിപ്പില്‍ നിന്ന് ഒരു രൂപ പോലും യുഎസ്‌ടി ഗ്ലോബലിന് ലഭിച്ചിട്ടില്ലെന്നാണ് കമ്പനി വക്താവിന്റെ വാദം.

അഹമ്മദ്നഗര്‍ കളക്ടറുടെ അന്വേഷണത്തില്‍ സംശയാസ്പദമായി കണ്ടെത്തിയ 236 ഉദ്യോഗാര്‍ത്ഥികളുടെ പരീക്ഷ കേന്ദ്രങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ നല്‍കാന്‍ മഹാഐടിയോ യുഎസ്‌ടി ഗ്ലോബലോ ഇതുവരെ തയ്യാറായിട്ടില്ല. റവന്യു വകുപ്പ് തസ്തികയിലേക്കുള്ള പരീക്ഷയില്‍ 200ല്‍ 184 മാര്‍ക്ക് നേടിയ ഉദ്യോഗാര്‍ത്ഥിയെ കുറിച്ചുള്ള വിവരങ്ങള്‍ ചോദിച്ചപ്പോള്‍ ഇത് ലഭ്യമല്ലെന്നാണ് യുഎസ്‌ടി ഗ്ലോബല്‍ നല്‍കിയ മറുപടി.

ഏതെങ്കിലും മത്സരപരീക്ഷയില്‍ വിലക്ക് നേരിടേണ്ടി വന്നവര്‍ക്ക് എംപിപിയുടെ പരീക്ഷ എഴുതാന്‍ കഴിയില്ലെന്ന വ്യവസ്ഥ നിലനില്‍ക്കെതന്നെ മഹാരാഷ്ട്ര പബ്ലിക് സര്‍വീസ് കമ്മിഷൻ (എംപിഎസ്‌സി) എന്നന്നേക്കുമായി വിലക്കിയ ചില ഉദ്യോഗാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതായും കണ്ടെത്തിയിട്ടുണ്ട്.

34 ജില്ലകള്‍ നിരവധി ദിവസങ്ങളായാണ് പരീക്ഷ നടത്തിയത്. വിവിധ കേന്ദ്രങ്ങളിൽ ഒന്നിലധികം തവണ ഒരേ ഉദ്യോഗാര്‍ത്ഥി തന്നെ പരീക്ഷ എഴുതാന്‍ എത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരത്തിലുള്ള ഒരു ഉദ്യോഗാര്‍ത്ഥി ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുമുണ്ട്. ഔറംഗാബാദ്, ജല്‍ല,ദൂലെ ജില്ലകളില്‍ നിന്നാണ് സംശയാസ്പദമായി കൂടുതല്‍ ഉദ്യോഗാര്‍ത്ഥികള്‍ പരീക്ഷ എഴുതിയത്. അതേസമയം പരീക്ഷ അഴിമതിയ്ക്കെതിരെ പരാതി നല്‍കിയവര്‍ ഭീഷണി നേരിടുന്നതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

മഹാപരീക്ഷയ്ക്കെതിരെ 2018ല്‍ മാത്രം സംസ്ഥാനത്തൊട്ടാകെയായി രാഹുല്‍ കൗതേക്കര്‍ എന്ന ഉദ്യോഗാര്‍ത്ഥിയുടെ നേതൃത്വത്തില്‍ 55 സമരങ്ങള്‍ നടന്നിരുന്നു. നിരവധി രാഷ്ട്രീയ നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തിയെന്നും കൗതേക്കര്‍ പറയുന്നു. തെരഞ്ഞെടുപ്പിന് മുമ്പായി മഹാപരീക്ഷ റദ്ദാക്കണമെന്ന് കോണ്‍ഗ്രസ് നേതാവായ സതേജ് പാട്ടീല്‍, എന്‍സിപിയുടെ സുപ്രിയ സുലേ, പ്രഹര്‍ ജനശക്തി പാര്‍ട്ടിയുടെ ബച്ചു കഡു തുടങ്ങിയവര്‍ ആവശ്യപ്പെട്ടിരുന്നു. വിഷയത്തില്‍ അന്വേഷണം നടത്തണമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നതായും കൗതേക്കര്‍ പറയുന്നു.

ഒടുവിൽ മഹാപരീക്ഷ റദ്ദാക്കിയെങ്കിലും ക്രമക്കേട് നടത്തിയ ഉദ്യോഗാര്‍ത്ഥികള്‍ക്കോ ഉദ്യോഗസ്ഥർക്കോ എതിരെ ഒരു നടപടിയും ഉണ്ടായില്ല. കേസില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ മഹാഐടി വകുപ്പില്‍ ജോലി ചെയ്യുന്നില്ലെന്നും കൗതേക്കര്‍ പറഞ്ഞു.

Eng­lish sum­ma­ry: Exam fraud dur­ing the Fad­navis government

You may also like this video: