വാർഷിക പൊതു പരീക്ഷകളുടെ മാർച്ചുമാസം വീണ്ടും. ചുട്ടുപൊള്ളുന്ന വെയിലിനേക്കാൾ പരീക്ഷാ ചൂടിനെയാണ് രക്ഷിതാക്കളും കുട്ടികളും വേവലാതിയോടെ അനുഭവിക്കുന്നത്. ഓരോ പരീക്ഷാവിജയവും അത്ര മാത്രം ജീവിതത്തിന് പ്രധാനമാണ് എന്നതുകൊണ്ടാണ് പരീക്ഷകളെ ചുറ്റിപ്പറ്റി ആശങ്കകളും ഉൽക്കണ്ഠകളും വർധിക്കുന്നത്. മികച്ച കഴിവുകൾ ഉപയോഗപ്പെടുത്താൻ അധ്യാപകരും രക്ഷിതാക്കളും കുട്ടികൾക്കു മേൽ സമ്മർദ്ദം ചെലുത്തുന്നതിനും കാരണം ഇതു തന്നെ. ഉൽസാഹ പൂർണമായിരുന്ന പഠന ദിനങ്ങൾക്കുമേൽ പരീക്ഷകളുടെ കാർമേഘം മൂടിയ ഇരുണ്ട, കനം വച്ച ദിനങ്ങൾ വന്നണയുകയായി. നെഞ്ചിടിപ്പു കൂട്ടാതെ, സമചിത്തരായി പ്രിയ കുട്ടികളെ നിങ്ങൾ ഈ ദിനങ്ങളെ നേരിടുക, അതിജീവിക്കുക!
പരീക്ഷാ പരിഷ്ക്കരണ ചർച്ചകൾ ഈ പരീക്ഷാ ഭാരത്തെ ഒഴിവാക്കണമെന്നുള്ള ചിന്തകളുടെ തുടർച്ചയാണ്. പഠനം പോലെ പരീക്ഷയും രസകരമായിരിക്കണം, കുട്ടികൾ ആസ്വദിക്കണമെന്നതാണ് ഈ പരിഷ്ക്കരണ കാഴ്ചപ്പാട് മുന്നോട്ടു വയ്ക്കുന്നത്. എഴുത്തുപരീക്ഷയുടെ പ്രാധാന്യം കുറച്ചാലേ പരീക്ഷകളുടെ പൊതു അന്തരീക്ഷം കൂടുതൽ സൗഹൃദപൂർണ്ണമാകൂ. അപ്പോൾ പകരം എന്താണെന്ന ചോദ്യം ഉയരുന്നു. ക്ലാസ് മുറിയിലെ സ്വാഭാവിക അന്തരീക്ഷത്തിൽ നടക്കുന്ന പരീക്ഷകളിലേക്ക് ചർച്ചകൾ നീണ്ടതിന്റെ തുടർച്ചയാണ് നിരന്തര മൂല്യനിർണയമെന്ന പരീക്ഷ വിദ്യാഭ്യാസത്തിൽ ഇടം നേടിയത്. ഓരോ കുട്ടിയുടെയും പരമാവധി കഴിവുകൾ സ്വാഭാവികാന്തരീക്ഷത്തിൽ പ്രകടിപ്പിക്കാനും വിലയിരുത്താനും ഉതകുന്ന പരീക്ഷകളാണ് ഇത്. പക്ഷേ, ഇത്തരം പരീക്ഷകൾ മുഖ്യധാരാ എഴുത്തു പരീക്ഷകൾക്കു പകരമാവില്ലെന്ന യാഥാസ്ഥിതിക വിശ്വാസമാണ് പൊതുസമൂഹം, പക്ഷേ പുലർത്തുന്നത്.
നിരന്തരമൂല്യനിർണയം ശാസ്ത്രീയമായി ആവിഷ്ക്കരിക്കാൻ വിദ്യാഭ്യാസ രംഗത്തെ പoന ഗവേഷണ സ്ഥാപനങ്ങൾക്ക് സാധിക്കാതെ പോകുന്നതും ഒരു പരിധിവരെ ഇതിന്റെ വിശ്വാസ്യതക്ക് പോറൽ ഏൽപ്പിച്ചിട്ടുണ്ട്. ഏതായാലും നിരന്തര മൂല്യനിർണയത്തിന് വിദ്യാഭ്യാസ മണ്ഡലം നൽകുന്ന സ്ഥാനം ചെറുതല്ലെന്ന് നാം തിരിച്ചറിയാതെ പോകരുത്. എഴുത്തുപരീക്ഷ തന്നെയാണ് പൊതു പരീക്ഷകളെന്ന് ഉറപ്പിക്കുമ്പോഴും അത് കൂടുതൽ വിദ്യാർത്ഥി സൗഹൃദപരമാക്കാൻ ശ്രമിക്കുന്നുണ്ട്. ഒരു ദിവസം ഒരു പരീക്ഷ മാത്രം എന്ന തീരുമാനം, പരീക്ഷകൾ തമ്മിലുള്ള അകലം, 15 മിനിറ്റ് ആശ്വാസ സമയം തുടങ്ങിയ കാര്യങ്ങൾ പരീക്ഷാ സമ്മർദ്ദം കുറയ്ക്കാനായി രൂപീകരിച്ച മാർഗങ്ങളാണ്. എന്നാൽ അതിനുമപ്പുറം പരീക്ഷാ ഭാരം ലഘൂകരിക്കാൻ ഓർമ്മശക്തിയെ മാത്രം പരീക്ഷിക്കുന്ന ചോദ്യങ്ങൾ സാധ്യമാകുന്നിടത്തോളം ഒഴിവാക്കാനുള്ള തീരുമാനം സഹായിച്ചിട്ടുണ്ട്. കുട്ടിയുടെ സ്വതന്ത്ര ചിന്തകൾക്കും നിലപാടുകൾക്കും ഇടം ലഭിക്കുന്ന സ്വഭാവത്തിൽ ചോദ്യങ്ങൾ പരമാവധി വേണമെന്നാണ് നിഷ്ക്കർഷിച്ചിട്ടുള്ളത്. കുട്ടികളുടെ ചെറുതും വലുതുമായ ചിന്തകളെ അളക്കുന്ന വിധം ചോദ്യങ്ങൾ ഉണ്ടാകും. കുട്ടിക്ക് സ്വന്തം യുക്തിചിന്ത ഉപയോഗപ്പെടുത്താനവസരം ലഭിക്കുന്ന ചോദ്യങ്ങൾ. നമ്മുടെ ചോദ്യ കടലാസുകളിൽ ഇത്തരം ചോദ്യങ്ങളുടെ സാന്നിധ്യം പരമാവധിയുണ്ടാകട്ടെ.
പാoപുസ്തകത്തെ മുൻനിർത്തിയാകണം ഇത്തരം ചോദ്യങ്ങൾ എന്നുകൂടി തീരുമാനിച്ചാൽ നന്ന്. കുട്ടികളുടെ മനസ്സറിയുന്നവർ ചോദ്യങ്ങൾ നിർമ്മിക്കുമ്പോഴേ അത് സൗഹൃദമുള്ള നല്ല ചോദ്യങ്ങളാവൂ. നല്ല അധ്യാപകർ തന്നെയാണ് ഇപ്പോൾ ഈ ജോലി നിർവഹിക്കുന്നത്. ഗൈഡ് ലോബിയുടെ ഏജന്റൻമാർ ചോദ്യകർത്താക്കളായ കാലവും നാം മറക്കരുത്. ഇന്നത് സാധ്യമാകുന്നത്ര ഒഴിവാക്കി, നല്ല ചോദ്യങ്ങൾ നിർമ്മിക്കുന്നവർക്ക് ചോദ്യ നിർമ്മാണ ചുമതല കൊടുത്തിട്ടുണ്ടെന്ന് വിശ്വസിക്കാം. കുട്ടികളെ കുഴയ്ക്കുന്ന ചോദ്യങ്ങൾ നിർമ്മിച്ച് രസിക്കുന്നവരുടെ കാലം പോയി എന്നു കരുതാം. കുട്ടിയ്ക്ക് എന്ത് അറിയില്ല എന്ന് പരിശോധിക്കാനാകരുത്, എന്ത് അറിയാമെന്ന് പരീക്ഷിക്കാനാവണം പരീക്ഷകളെന്നാണ് നമ്മുടെ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് തന്നെ പറയുന്നു എന്നത് പ്രതീക്ഷ നൽകുന്നു. ഏതു തരത്തിലുള്ള ചോദ്യങ്ങളെയും നേരിടാനുള്ള ആത്മവിശ്വാസവുമായി വേണം പ്രിയപ്പെട്ട കുട്ടികളെ, നിങ്ങൾ പരീക്ഷാ ഹാളിലെത്താൻ!
എല്ലാ ചോദ്യങ്ങൾക്കും അറിയാവുന്നത്ര നന്നായി ഉത്തരമെഴുതാൻ തീരുമാനിക്കണം. നല്ല പ്രതീക്ഷയോടെ വേണം പരീക്ഷാ ഹാളിലേക്കു കടക്കാൻ. ഭയമോ ആശങ്കയോ ലവലേശം വേണ്ട. നിങ്ങൾക്കു പരിചിതമായ ചോദ്യങ്ങളെ ഉണ്ടാകൂ എന്ന് തീർച്ച. പരീക്ഷയ്ക്കു മുമ്പായി പാഠഭാഗങ്ങളിലൂടെ ഓട്ടപ്രദക്ഷിണം നടത്താനുള്ള കാലമേ ഇനിയുള്ളൂ. അത്യാവശ്യം വേണ്ടവ ഓർമ്മയിൽ സൂക്ഷിക്കണം. പഠിച്ചവ പരമാവധി ഉത്തരക്കടലാസിൽ ഉപയോഗപ്പെടുത്തണം. നിങ്ങളുടെ കഴിവുകളുടെ പരമാവധി ഉത്തരക്കടലാസിലേക്ക് ആവാഹിച്ചെടുക്കൂ. ! ചോദ്യങ്ങൾ മനസ്സിരുത്തി വായിക്കണം. ചോദ്യങ്ങൾ ആവശ്യപ്പെടുന്ന രൂപത്തിലാവണം ഉത്തരങ്ങൾ. ഒരു വാക്യത്തിലെഴുതുന്നതിനു പകരം ഒരു ഖണ്ഡിക വേണ്ട എന്നർഥം. പരീക്ഷത്തലേന്ന് രാത്രി നന്നായി ഉറങ്ങണം. കൃത്യമായ ഭക്ഷണം, രോഗവിമുക്തമായി ശരീരം സൂക്ഷിക്കൽ തുടങ്ങി പരീക്ഷയ്ക്കായി ശരീരവും മനസ്സും നല്ല കരുതലോടെ നിലനിർത്തണം. പരീക്ഷാവിജയത്തിനായി തീരുമാനിക്കുന്ന എല്ലാ കുട്ടികൾക്കും വിജയം ഉറപ്പെന്ന്, തീർച്ച. !
English summary: exam period again
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.