Web Desk

കോതമംഗലം

July 15, 2020, 8:58 pm

പ്ലസ് ടു പരീക്ഷ : ഉത്തർപ്രദേശിൽ നിന്നെത്തിയ തഹജീബക്ക് പത്തരമാറ്റ് വിജയം

Janayugom Online

കെ.എ സൈനുദ്ദീൻ

പ്ലസ്ടു പരീക്ഷയിൽ പത്തരമാറ്റ് വിജയതിളക്കവുമായി ഉത്തർപ്രദേശിൽ നിന്നെത്തിയ തഹജീബ സാജിദ് 100 ശതമാനം മാർക്ക് നേടി സ്കൂളിനും നാടിനും അഭിമാനമായി. ഉത്തർപ്രദേശിൽ നിന്നെത്തി കോതമംഗലം മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു ബയോളജി സയൻസിൽ വിദ്യാർത്ഥിയായ തഹജീബ ചരിത്രനേട്ടം കരസ്ഥമാക്കി എല്ലാവരുടെയും പ്രശംസ നേടി.

കോതമംഗലത്തു നിന്നും വിളിപ്പാടകലെ ഫർണിച്ചർ വ്യാപാരത്തിലൂടെ ഖ്യാതി നേടിയ നെല്ലിക്കുഴിയിൽ 12 വർഷം മുൻപ് എത്തിയ ഉത്തർപ്രദേശ് കാരനായ ഫർണിച്ചർ പോളിംഷിഗ് തൊഴിലാളിയായ സാജിദിന്റെ മകളാണ് തഹജീബ.മാതാവ് ഫരീദ. കോതമംഗലം മാർ ബേസിൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ സമീർ, നെല്ലിക്കുഴി അൽ അമൽ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയായ അദീബ എന്നിവരടങ്ങുന്നതാണ് തഹജീബയുടെ കുടുംബം.

പ്ലസ് ടുവിന് ഫുൾ എപ്ലസ് മാത്രമല്ല 1200 മാർക്കും നേടിയാണ് മിടുക്കി പട്ടം കരസ്ഥമാക്കിയത്.ശാസ്ത്രജ്ഞയാകണമെന്ന ആഗ്രഹം മനസിൽ താലോലിച്ച് രാജ്യത്തിന് കീർത്തി നേടാനാണ് ശ്രമം. നെല്ലിക്കുഴിയിൽ കുടുംബസമേതം വാടകയ്ക്ക് താമസിക്കുന്ന ഈ കുടുംബത്തിന്റെ സ്വപ്നമാണ് തഹജീബയിലുടെ സാധ്യമായത്.രണ്ട് വർഷം മുമ്പ് എസ്എസ്എൽസിക്ക് 9 എപ്ലസ് ‚ഒരു എ ഗ്രേഡും നേടിയ തഹജീബ വാശിയോടെ പഠിച്ചു പ്ലസ്ടു വിന് ഫുൾ എപ്ലസ് നേടി കണക്കു തീർത്തിരിക്കുകയാണ്.

കോതമംഗലം എംഎൽഎ ആൻറണി ജോൺ, ബ്ലോക്ക് പ്രസിഡന്റ് റഷീദ സലിം ബിആർസി കോഡിനേറ്റർ ജ്യോതിഷ് പി, മുൻ കോഡിനേറ്റർ എസ്.എം അലിയാർ, അധ്യാപിക എഇ ഷെമീദ, എന്നിവർ അഭിനന്ദനങ്ങൾ അറിയിക്കാൻ വീട്ടിലെത്തിയപ്പോൾ ഭാവി ശാസ്ത്രജ്ഞ തഹജീബ നിറഞ്ഞ സ്നേഹത്താൽ കൈകൾ കൂപ്പി സ്വീകരിച്ചു.

Eng­lish sum­ma­ry: Exam result story
You may also like this video: