അമിത ചാര്‍ജ് ഈടാക്കാത്ത ചിറ്റാറിലെ ഓട്ടോക്കാര്‍

Web Desk
Posted on December 22, 2018, 8:57 pm

ചിറ്റാര്‍: ചിറ്റാറില്‍ ഇനി ഓട്ടോറിക്ഷകള്‍ക്ക് അധിക ചാര്‍ജ് ഈടാക്കില്ല. എല്ലാ സവാരികള്‍ക്കും സര്‍ക്കാര്‍ നിരക്കില്‍ മാത്രം. ഇന്ന് മുതല്‍ സര്‍ക്കാര്‍ നിശ്ചയിച്ച കൂലിയില്‍ പ്രാബല്യത്തില്‍ വന്നു.

സംയുക്ത ഓട്ടോ തൊഴിലാളികളുടെ നേതൃത്വത്തില്‍ ഓട്ടോറിക്ഷാ തൊഴിലാളി യൂണിയനുകള്‍ ചേര്‍ന്നാണ് പുതിയ തീരുമാനമെടുത്തത്. അമിത കൂലി വാങ്ങുന്നവരെയും അനധികൃതമായി ഓടുന്നവരെയും ഓട്ടോ തൊഴിലാളികള്‍തന്നെ നിയമത്തിന് മുമ്പിലെത്തിക്കുകയും ചെയ്യും.
ഇവിടെ ഓട്ടോറിക്ഷകളുടെ കൂലി സംബന്ധിച്ച് തര്‍ക്കങ്ങളും പ്രശ്‌നങ്ങളും പതിവായതോടെയാണിത്.

ടൗണിലെ സ്റ്റാന്‍ഡില്‍നിന്ന് ടേണ്‍ വ്യവസ്ഥയിലേ ഇനി ഓട്ടോറിക്ഷകള്‍ ഓടുകയുള്ളൂ. ഇടിമണ്ണിക്കല്‍ ജൂവലറിയുടെ മുമ്പില്‍ നിന്ന് ഇന്‍ഡ്യന്‍ ഓയില്‍ പമ്പ് വരെയാണ് ഗ്രാമപ്പഞ്ചായത്ത് അംഗീകരിച്ച ഓട്ടോ സ്റ്റാന്‍ഡ്. നിയമം പാലിക്കാത്തവരെ കണ്ടെത്താന്‍ ഓട്ടോറിക്ഷാ തൊഴിലാളികള്‍തന്നെ മുന്‍കൈയെടുക്കും. ചിറ്റാര്‍ പഞ്ചായത്തിന്റെ ഉള്‍പ്രദേശങ്ങളിലേക്കെല്ലാം ഓട്ടോറിക്ഷകളെ ആശ്രയിച്ചാണ് പ്രധാനമായും ജനങ്ങള്‍ യാത്ര ചെയ്യുന്നത്.

അനധികൃതമായി ഓടുന്ന വാഹനങ്ങള്‍ ബഹിഷ്‌കരിക്കണമെന്നും അംഗീകൃത നിരക്കുകള്‍ മാത്രമേ സവാരികള്‍ക്ക് നല്‍കാവൂ എന്ന് പൊതുജനങ്ങളോടും ആവശ്യപ്പെട്ടിരിക്കുകയാണ്.