Web Desk

January 17, 2021, 5:51 pm

സംസ്ഥാനത്ത് മദ്യവില കുറയ്ക്കുന്നു; നികുതിയിളവ് നിര്‍ദ്ദേശം പരിഗണനയില്‍

Janayugom Online

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില കുറയുമെന്ന് സൂചന. മദ്യവില കുറക്കുന്നത് പരിഗണനയിലാണെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. നികുതിയിളവ് നിര്‍ദ്ദേശം പരിഗണിക്കുന്നതിലൂടെയാണ് വില കുറക്കാന്‍ ഉദ്ദേശിക്കുന്നത്. അസംസ്‌കൃത വസ്തുകളുടെ വില വര്‍ധനയാണ് മദ്യവില കൂട്ടാന്‍ കാരണം. അതുകൊണ്ടുതന്നെ മറ്റ് സംസ്ഥാനങ്ങളിലേക്കാള്‍ ഉയര്‍ന്ന മദ്യനികുതി കേളത്തിലാണ്. നികുതി കുറച്ചുകൊണ്ട് വില നിയന്ത്രിക്കുന്നത് പരിശോധിക്കാമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ മദ്യവില വര്‍ധനയില്‍ കഴിഞ്ഞ ദിവസം തീരുമാനമായിരുന്നു. നിലവില്‍ ബെവ്‌കോയുമായി കരാറുണ്ടായിരുന്ന വിതരണക്കാര്‍ക്ക് ഈ വര്‍ഷം അടിസ്ഥാനവിലയില്‍ 7 ശതമാനം വര്‍ധനയാണ് അനുവദിച്ചത്. ബിയറിനും വൈനും വില കൂടില്ല. മദ്യ ഉത്പാദനത്തിനുള്ള അസംസ്‌കൃത വസ്തുവായ എക്‌സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍ അഥവാ സ്പിരിറ്റിന്റെ വില വര്‍ധന കണക്കിലെടുത്ത് മദ്യത്തിന് വില കൂട്ടണമെന്ന് വിതരണ കമ്പനികള്‍ ആവശ്യപ്പെട്ടിരുന്നു. പോയവര്‍ഷം കമ്പനികള്‍ പുതിയ ടെണ്ടര്‍ സമര്‍പ്പിച്ചെങ്കിലും കോവിഡ് കണക്കിലെടുത്ത് തീരുമാനം നീട്ടിവെയ്ക്കുകയായിരുന്നു. പുതുക്കിയ മദ്യവില ഫെബ്രുവരി 1 ന് നിലവില്‍ വരും.